ഇസ്‌ലാം-Q&A

786 ന് ഇസ്‌ലാമില്‍ മഹത്വമുണ്ടോ ?

ചോ: മുസ്‌ലിംകളുടെ സ്ഥാപനങ്ങളിലും അവരുടെ വാഹനങ്ങളിലും കത്തുകളിലും 786 എന്ന സംഖ്യ കാണാറുണ്ട്. ബിസ്മില്ലാഹി റഹ്മാനിര്‍റഹീം എന്നതിന് പകരമായാണേ്രത അങ്ങനെ എഴുതുന്നത് എന്നാണ് ചിലര്‍ പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം എന്താണ് ? ഇതിന് ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലമുണ്ടോ?

ഉത്തരം: പൗരാണിക സംഖ്യാശാസ്ത്രത്തിന്റെ ചുവടുപിടിച്ചാണ് ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നതിനുപകരമായി 786 മുസ്‌ലിംസമുദായത്തില്‍ ചിലര്‍ ഉപയോഗിക്കുന്നത്. സംഖ്യാശാസ്ത്രപ്രകാരം അവര്‍ അലിഫിന് 1 എന്നും യാഇന് 10 എന്നും ഖാഫിന് 100 ഗൈനിന് 1000 എന്നിങ്ങനെ സംഖ്യകള്‍ നിശ്ചയിച്ചിരിക്കുന്നു. അപ്രകാരം ബസ്മല (ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം)യില്‍ അക്ഷരങ്ങളുടെ സംഖ്യാവിലകള്‍ കൂട്ടിയാല്‍ 786 കിട്ടുമെന്നാണ് പറയപ്പെടുന്നത്. ഇതേപ്രകാരം അലി എന്ന പേരിന്റെ സംഖ്യാമൂല്യം 110 ആണത്രേ. ഈ രീതിയില്‍ പലഭാഷകളിലും അക്ഷരങ്ങള്‍ക്ക് സംഖ്യാമൂല്യം നല്‍കുന്ന സമ്പ്രദായം ക്രിസ്തുവിനും 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉര്‍ഗാര്‍തികയ്യെഴുത്ത് പ്രതികളിലാണ് ആദ്യമായി കണ്ടുകിട്ടിയിട്ടുള്ളത്.

എന്നാല്‍ അക്ഷരങ്ങള്‍ക്ക് സംഖ്യാമൂല്യം നല്‍കിക്കൊണ്ടുള്ള രീതിയെ പിന്തുണക്കുന്ന ആധികാരികമായ ഹദീസുകളോ പണ്ഡിതാഭിപ്രായമോ ദീനില്‍ കാണാനാകില്ല. സംഖ്യാമൂല്യം ഉപയോഗിക്കുന്നതിന് അതിന്റെ ആളുകള്‍ മുന്നോട്ടുവെക്കുന്ന ന്യായം അറബിവചനങ്ങള്‍ (പ്രത്യേകിച്ചും ഖുര്‍ആനില്‍ വന്നിട്ടുള്ളവ) അശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെട്ടേക്കാവുന്ന കടലാസിലോ മറ്റുള്ളവയിലോ എഴുതുന്നത് ഭൂഷണല്ലാത്തതിനാലാണ് എന്നാണ്. എന്നാല്‍, ‘ബിസ്മില്ലാഹ്’എന്നോ ‘ഇന്‍ ദ നെയിം ഓഫ് അല്ലാഹ് ദ മോസ്റ്റ് ഗ്രേഷ്യസ് ആന്റ് മോസ്റ്റ് മെഴ്‌സിഫുള്‍’ എന്നോ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ‘പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് മലയാളത്തിലോ എഴുതുന്നതില്‍ യാതൊരു കുഴപ്പവുമില്ലല്ലോ. ഇനി സംഖ്യാശാസ്ത്രം വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും അതില്‍ യുക്തിരാഹിത്യമുണ്ട്. പല ഭാഷകളുടെയും വാക്കുകള്‍ക്ക് സംഖ്യാശാസ്ത്രമനുസരിച്ചുള്ള തുക വിപരീതാര്‍ഥങ്ങള്‍ നല്‍കുന്നവയായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലീഷില്‍ 420 നല്ലതിനെ കുറിക്കാനുപയോഗിച്ചാല്‍ അറബിയില്‍ അതൊരുപക്ഷേ നാശത്തിനെ കുറിക്കുന്നതായിരിക്കാം. അതിനാല്‍ ദീനില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത സംഖ്യാമൂല്യം അവലംബിച്ച് കുറുക്കുവഴിയിലൂടെ അറബിവാചകങ്ങളും ശബ്ദങ്ങളും പ്രതീകവത്കരിക്കുന്നത് ഉപേക്ഷിക്കുകയാണ് വിശ്വാസിക്ക് ഭൂഷണമായിട്ടുള്ളത്.

അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍

Topics