ഇന്നിവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഈ ദൗത്യം എത്തിച്ചുകൊടുക്കട്ടെ.” ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പണ്ഡിതരായ സഹാബികളോട് പ്രവാചകന്‍ അറഫയില്‍വെച്ചു ചെയ്ത വിടവാങ്ങല്‍ പ്രസംഗത്തിന്റെ അവസാന ഭാഗമായിരുന്നു ഈ ആഹ്വാനം. ചരിത്രത്തിലെ വികാര നിര്‍ഭരമായ അപൂര്‍വ നിമിഷമായിരുന്നു ആ സംഗമം. ഇസ്‌ലാമിന്റെ വ്യാപകമായ വ്യാപരണത്തിനു സഹായകമായി തീര്‍ന്നത് ഈ ആഹ്വാനമായിരുന്നു. സയന്‍സിന്റെയും ടെക്‌നോളജിയുടെയും അതി വിസ്മയകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച നൂറ്റാണ്ടാണ് കടന്നുപോകുന്നത്. കാലിടറാന്‍മാത്രം അതി ദുര്‍ബലമായ പ്രത്യയശാസ്ത്രമല്ല നമ്മുടെ കൈയിലുള്ളത്.
ലോക ജനത നന്മക്ക് നിയുക്തരായ സമുദായമാണ് നിങ്ങളെന്ന് ഖുര്‍ആന്‍ മുസ്‌ലിം സമുദായത്തിന്റെ ബാധ്യത ഓര്‍മിപ്പിക്കുന്നു. നന്മ നിര്‍ദേശിച്ചു കൊടുക്കാനും തിന്മ നിരോധിക്കാനുമുള്ള ഈ ദൗത്യം ഏറ്റെടുത്തവരാണ് മുസ്‌ലിംകളെന്ന് ഖുര്‍ആന്‍ തീര്‍ത്ത് പറയുന്നു. അപ്പോള്‍ പ്രബോധന സമുദായമാണ് മുസ്‌ലിംകള്‍. അതുകൊണ്ടുതന്നെ തീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ അജണ്ടക്ക് പുറത്താണ്. പ്രബോധനം പ്രകോപനപരമാവരുത്. തത്വദീക്ഷയും സൗഹൃദ സമീപനവുമാവണം അതിന്റെ മുഖമുദ്ര. ”താത്വികവും ശാസ്ത്രീയവുമായ സമീപനവും സദ്ഭാഷണവും മുഖേന നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക” എന്ന ഖുര്‍ആനിന്റെ വെളിച്ചം പ്രബോധനനയം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
ന്യൂ ജനറേഷന്‍ ഇന്ന് സാംസ്‌കാരികമായി തകര്‍ന്നുകൊണ്ടിരിക്കുന്നു. ലക്ഷ്യം മനസിലാക്കാതെ യുവത സര്‍വ നാശത്തിലേക്ക് കുതിക്കുകയാണ്. സാമ്പത്തിക പുരോഗതി സമൂഹത്തിന്റെ സാംസ്‌കാരിക തകര്‍ച്ചക്ക് പ്രധാന കാരണമായി തീര്‍ന്നിട്ടുണ്ട്. സാമ്പത്തിക പുരോഗതിയോടൊപ്പം ധാര്‍മ്മിക പുരോഗതിയും ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ”എന്റെ സമുദായത്തില്‍ ദാരിദ്ര്യത്തെയല്ല സമ്പത്തിന്റെ പെരുപ്പവും അതിലുള്ള മാത്സര്യവും അതുകാരണമുണ്ടാകുന്ന നാശവുമാണ് ഞാന്‍ ഭയപ്പെടുന്നത്” എന്ന പ്രവാചകന്റെ മുന്നറിയിപ്പ് ഇവിടെ ചിന്തനീയമാണ്.
മദ്യവും മദിരാക്ഷിയും സര്‍വ വ്യാപകം. മനുഷ്യ ജീവന് തീരെ വിലയില്ല. പണത്തിനും സ്ഥാനമാനങ്ങളുടെ നിലനില്‍പിനും സ്വാര്‍ത്ഥ മോഹങ്ങളുടെ പൂര്‍ത്തീകരണത്തിനും എന്തും ചെയ്യാന്‍ മടിക്കാത്ത പ്രവണത നിലനില്‍ക്കുന്നു. ഹലാല്‍ ഹറാം തുടങ്ങിയവ എഴുതാനും പ്രസംഗിക്കാനുമുള്ള പദങ്ങള്‍ മാത്രം. പാരത്രിക പണ്ഡിതന്‍മാര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്നവരില്‍ ഗണ്യമായ വിഭാഗത്തിന്റെ സ്വഭാവം ഇമാം ഗസാലി (റ) വിവരിച്ചതാണ് സത്യം.
”കാലം ദുഷിച്ചു. പണ്ഡിതന്‍മാരുടെ നിലവാരം മോശമായി. അവര്‍ സ്വാര്‍ത്ഥ തല്‍പരരായി. നന്മയെ തിന്മയായും തിന്മയെ നന്മയായും കണ്ടു. യഥാര്‍ത്ഥ ദൈവീക വിജ്ഞാനം അപ്രത്യക്ഷമായി. വിജ്ഞാനം മൂന്ന് കാര്യങ്ങളില്‍ ഒതുങ്ങി. ഭരണകൂടത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള ഫത്‌വയില്‍. പ്രതിയോഗിയുടെ മേല്‍ വിജയം നേടാനുള്ള വാദപ്രതിവാദത്തില്‍. സാധാരണക്കാരെ സ്വാധീനിക്കാനുള്ള പ്രാസനിബദ്ധമായ പ്രസംഗത്തില്‍.” (ഇഹ്‌യാ).
ജീവിതത്തിന്റെ അഖില മണ്ഡലങ്ങളും സദാചാരരാഹിത്യംകൊണ്ട് വിഷലിപ്തമായിരിക്കുന്നു. വ്യക്തിജീവിതത്തിന്റെ ചുരുളഴിയുമ്പോഴാണ് സമൂഹ നേതൃത്വത്തിന്റെ കരുവാളിച്ച മുഖം കാണാന്‍ കഴിയുന്നത്. ഈ സമുദായത്തിന്റെ തുടക്കത്തിലുള്ളവര്‍ പുരോഗതി പ്രാപിച്ചത് എന്തുകൊണ്ടാണോ ആ മാര്‍ഗം തന്നെയാണ് അവസാനത്തിലുള്ളവര്‍ക്കും പുരോഗതിയുടെ പാത ഒരുക്കുകയെന്ന് ഇമാം മാലിക് (റ) പ്രസ്താവിക്കുന്നു. സാമ്പത്തിക പുരോഗതി സമൂഹത്തിന്റെ നൈതിക നിരാസത്തിന് കാരണമായി തീര്‍ന്നിട്ടുണ്ട്.
പൈങ്കിളി സാഹിത്യങ്ങളുടെ ബുക്ക് ബേങ്കാണിന്ന് ഓരോ വീടും. കൊച്ചു കുട്ടികള്‍പോലും മയക്കുമരുന്ന് ലോബികളുടെ ഇരകളാണ്. ഗള്‍ഫ് പണത്തിന്റെയും നവ സംസ്‌കാരത്തിന്റെയും ഭാഗമായി ദൃശ്യ മാധ്യമങ്ങള്‍ അവശ്യ ഘടകമായി തീര്‍ന്നിരിക്കുന്നു. നിഷ്‌കളങ്ക മനസുകള്‍ അവ പ്രസരിപ്പിക്കുന്ന വിഭവങ്ങള്‍ നിമിത്തം മലിനമായി ചീഞ്ഞ് നാറുകയാണ്.
ക്രിക്കറ്റും ഫുട്‌ബോളും ജ്വരയായി ഒഴിയാബാധയായി തീര്‍ന്നിരിക്കുന്നു. ഗതകാല ചരിത്രത്തില്‍ അത്യുന്നതമായ പല നാഗരികതകളുടെയും നാശത്തിന് കാരണം സദാചാര തകര്‍ച്ചയായിരുന്നുവെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ഫിര്‍ഔനും ഖാറൂനും അവരെപോലെ അനേകം ജനങ്ങളും ദൈവീക ശിക്ഷയുടെ രുചിയനുഭവിച്ചത് ഖുര്‍ആനിന്റെ ശ്രദ്ധേയമായ താക്കീതാണ്. സുഖാസ്വാദനത്തിനുമാത്രം ജീവിച്ചവരായിരുന്നു അവര്‍.
അനേകലക്ഷം ആരാധകരുടെ മുമ്പില്‍വെച്ച് ഭൂമി അവരെ വിഴുങ്ങിയപ്പോള്‍ ചെങ്കടല്‍ ആഴത്തിലേക്കാഴ്ത്തിയപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ആകാശം ഇടിഞ്ഞു വീണില്ല. ഭൂമി കരഞ്ഞതുമില്ല. അവരുടെ ധൂര്‍ത്തും അഹങ്കാരവും കണ്ട് ചിരിച്ചവരാരും കരഞ്ഞില്ല. ആയിരക്കണക്കില്‍ ലലനാമണികളുടെ മധ്യത്തില്‍വെച്ചാണ് സ്ത്രീ ലമ്പടനായ ഖാറൂനെ ഭൂമി തന്റെ വയറ്റിലേക്ക് അണച്ചുകൂട്ടിയത്. അവര്‍ ജീവിച്ചു. സുഖിച്ചു. അതിനപ്പുറമുള്ള യാതൊരു വിചാരവും അവര്‍ക്കുണ്ടായിരുന്നില്ല. സ്രഷ്ടാവിനെപ്പോലും മറന്നു. അഹങ്കരിച്ചു.
മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം പരലോക വിജയമാണ്. ”പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. മനുഷ്യന്‍ പരലോകത്തിനുവേണ്ടിയും.” ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ഓരോ നിമിഷവും അല്ലാഹുവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഈ യാഥാര്‍ത്ഥ്യ ബോധത്തിലൂടെ ദിശാനിര്‍ണ്ണയം നടത്തുന്ന കാലിക ചിട്ടവട്ടങ്ങളാണ് പ്രബോധനരംഗത്തുണ്ടാവേണ്ടത്.
പത്ര മാസികകളും ശരീഅത്ത് കലാലയങ്ങളും സാംസ്‌കാരിക വേദികളും ഈ ദൗത്യം ഇന്ന് നിര്‍വഹിക്കുന്നുണ്ട്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ദീനിന്റെ അടിത്തറ ഇവിടെ കാണുമായിരുന്നില്ല. നമ്മുടെ പതിനായിരക്കണക്കിന് മദ്രസകള്‍ പ്രബോധന രംഗത്ത് സമുദായം കൈവരിച്ച നേട്ടങ്ങളുടെ മകുടോദാഹരണങ്ങളല്ലെന്ന് പറയാന്‍ സാധിക്കുമോ? ഇതിന്റെ നിര്‍മാണത്തിന്നു മില്യന്‍ കണക്കിനു സമ്പത്താണ് സമുദായം ചെലവഴിച്ചത്. നടത്തിപ്പിന് ഓരോ മാസവും കോടികളാണ് വിനിയോഗിക്കുന്നത്.
നൈതിക മൂല്യങ്ങളുടെ അവസാനത്തെ കണികപോലും അവശേഷിക്കാത്ത ഏഴാം നൂറ്റാണ്ടിനെയാണ് ഇസ്‌ലാം ഉത്തമ നൂറ്റാണ്ടാക്കി മാറ്റിയത്. പ്രവിശാലമായ കര്‍മലോകത്തെ ചൂഴ്ന്നു നില്‍ക്കുന്ന ജ്ഞാന സ്രോതസ്സായ ഖുര്‍ആന്‍ ദിശാനിര്‍ണ്ണയം നടത്തി. 23 വര്‍ഷം പ്രവാചകന്‍ നടന്നുപോയ പാതയുടെ തിളക്കമാര്‍ന്ന മാതൃക പിന്‍പറ്റിയപ്പോള്‍ ആ നൂറ്റാണ്ടുതന്നെ ഉത്തമ നൂറ്റാണ്ടായി മാറി. ആധുനിക യുഗത്തിലും നവോത്ഥാനത്തിന്റെ നാള്‍വഴികളില്‍ ഈ ഉത്തമ നൂറ്റാണ്ടുതന്നെയാണ് നമ്മുടെ മാതൃക. ഈമാനിന്റെ കരുത്തും വിവേകത്തിന്റെ വെളിച്ചവുമാണ് മുസ്‌ലിം ഉമ്മത്തിന്റെ യശസ്സുയര്‍ത്തിയത്. സദ്‌വിചാരങ്ങളും സല്‍കര്‍മ്മങ്ങളും രാജ സമൂഹത്തിന്റെ അലങ്കാരങ്ങളായിരുന്നു.
വിശ്വാസ സ്വാതന്ത്ര്യം, പീഡിതരുടെ മോചനം, രാജ്യസ്‌നേഹം, മാനവികതയുടെ മഹിതമായ സന്ദേശം, നൈതിക നിരാസത്തിനെതിരെയുള്ള പ്രതികരണം, ആത്മീയമായ ജീവിതം തുടങ്ങിയ മഹിതമായ മൂല്യങ്ങളാണ് ഇസ്‌ലാമിന്റെ കാതലായ സന്ദേശം. ഇതിന്റെ വരുതിയില്‍ ജീവിച്ചിരുന്നപ്പോള്‍ മാത്രമാണ് നാം മാതൃകാ സമുദായമായി തീര്‍ന്നത്. പണ്ഡിത ശ്രേഷ്ഠനും സൂഫിവര്യനുമായ ഹ: അബ്ദുല്ലാഹി ബ്‌നു മുബാറക് (റ) താമസിച്ച ഭൂമിയുടെ സമീപത്തുള്ള സ്ഥലത്തിനെല്ലാം പൊന്നുംവിലയായി മാറിയ സംഭവമുണ്ട്. ജാതി വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ അയല്‍പക്കത്തിന് വേണ്ടി മത്സരിച്ചതുകൊണ്ടായിരുന്നു ഈ വിലക്കയറ്റത്തിന്നു കാരണം.
Add Comment