ആധുനിക മുസ്‌ലിം സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആനോടുള്ള അവഗണന വളരെ പ്രകടമായ പ്രവണതയാണ്. വിശുദ്ധ ഖുര്‍ആന്റെ സ്ഥാനം മനസ്സിലാവാത്തതും അതിനായി ശ്രമിക്കാത്തതും പ്രസ്തുത അവഗണനയ്ക്ക് കാരണമായിട്ടുണ്ട്. ഖുര്‍ആന്‍ ഏറ്റവും പ്രയോജനകരമായ വിജ്ഞാനവും സുപ്രധാനമായ വിഷയവുമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
നാം എപ്പോഴാണ് ഈ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുക? വിശുദ്ധ ഖുര്‍ആനാണ് നമ്മുടെ പ്രതാപത്തിന്റെ രഹസ്യവും രക്ഷയുടെ മാര്‍ഗവും, വിജയത്തിന്റെ വഴിയുമെന്ന് നാം എപ്പോഴാണ് തിരിച്ചറിയുക? ജനങ്ങളേ, അശ്രദ്ധയില്‍ നിന്ന് നിങ്ങള്‍ ഉണരുക. മഹാന്മാരായ പ്രവാചക സഖാക്കള്‍ ഹൃദയവും കണ്ണുകളും, പട്ടണങ്ങളും നേടിയത് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടായിരുന്നു. അവരുടെ ഏക ഗ്രന്ഥം വിശുദ്ധ ഖുര്‍ആനായിരുന്നു.
അതിനാല്‍ അവര്‍ താല്‍പര്യത്തോടും ആഗ്രഹത്തോടും പ്രണയത്തോടും കൂടി വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ തുനിഞ്ഞിറങ്ങി. അപ്പോഴവരെ അല്ലാഹു ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്തു. അവരുടെ ചര്‍ച്ചകളും, പഠനങ്ങളും, ഗവേഷണങ്ങളും ഖുര്‍ആന്‍ കേന്ദ്രീകൃതമായിരുന്നു. അവര്‍ ആട്ടിടയന്മാരുടെ സ്ഥാനത്ത് നിന്ന് വിശുദ്ധ ഖുര്‍ആനിനാല്‍ ലോകത്തെ നയിക്കുന്നവരായി മാറി. ബിംബാരാധകരില്‍ നിന്ന് ഇസ്‌ലാമിന്റെ വാഹകരായി. ഒരുകാലത്ത് വിഡ്ഢികളായിരുന്ന അവര്‍ ചരിത്രത്തിലെ മഹാന്മാരായിത്തീര്‍ന്നു.
അല്ലാഹുവിന്റെ വേദം നാം അവഗണിക്കുന്ന പക്ഷം നാം ഭയത്തിനടിപ്പെടുകയും പരാജയപ്പെടുകയും ചെയ്യും. നമ്മുടെ പ്രതാപവും ഔന്നത്യവും നഷ്ടപ്പെടും. മുസ്‌ലിംകളായിരിക്കുന്ന കാലത്തോളം നമ്മുടെ ഉത്തരവാദിത്തം വിശുദ്ധ ഖുര്‍ആന്‍ പഠിക്കുക എന്നതുതന്നെയാണ്. നമുക്കുള്ള ഏറ്റവും വലിയ സന്ദേശമാണ് അത്. നാമതിനെ പാര്‍ശ്വവല്‍ക്കരിക്കുകയോ, രണ്ടാം സ്ഥാനത്തേക്ക് മാറ്റിവെക്കുകയോ ചെയ്യരുത്. കാരണം ലോകത്തിനുള്ള നമ്മുടെ സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍. നമ്മുടെ മഹത്തായ വൃത്താന്തമാണ് അത്. വിശുദ്ധ ഖുര്‍ആന്റെ കണക്കില്‍ വന്നുചേര്‍ന്ന വിജ്ഞാന പ്രഭയില്‍ വഞ്ചിതരാവുകയല്ല നാം വേണ്ടത്. യാതൊരു വിഷയത്തിനും നാം ഖുര്‍ആനേക്കാള്‍ പ്രാധാന്യം നല്‍കാന്‍ പാടുള്ളതല്ല. ഖുര്‍ആന്‍ പ്രഭാഷണം അവഗണിക്കാനോ, ഖുര്‍ആന്‍ പഠനം പിന്തിപ്പിക്കാനോ നമുക്ക് അനുവാദമില്ല. നാം നമ്മെ നാശത്തിലേക്ക് നയിക്കുന്നുവെന്നാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും കഥ കഴിക്കുകയും മഹത്ത്വം മായ്ചുകളയുകയും ചെയ്യുക എന്നതാണ് അതിന്റെ ഫലം. അല്ലയോ മുസ്‌ലിംകളേ, നിഷ്‌കളങ്കമനസ്സോടെ മുന്നിട്ടിറങ്ങുക എന്നതുതന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതിലേക്കുള്ള ആദ്യചുവട്. വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുക, പാരായണം ചെയ്യുക, ചിന്തിക്കുക, വ്യാപിക്കുക, അതിലേക്ക് പ്രബോധനം ചെയ്യുക തുടങ്ങിയവയെല്ലാം ഖുര്‍ആനുമായുള്ള ബന്ധത്തിനുള്ള മാര്‍ഗങ്ങളാണ്.
ഇസ്‌ലാമിക വിജ്ഞാനം ആര്‍ജ്ജിക്കുന്നവരെ കൂടാതെ, വൈദ്യ-സാമ്പത്തിക-രാഷ്ട്രീയ-സാഹിത്യ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പഠനം തുടങ്ങുകയും അതിനോട് സഹവസിക്കുകയും ചെയ്യേണ്ടതുണ്ട്. അതിലെ വിജ്ഞാനവും, വിശ്വാസവും, സ്വഭാവവും, നിര്‍ദ്ദേശവും സ്വാംശീകരിക്കേണ്ടതുണ്ട്. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയിലെ വഴിതെറ്റിയ മറ്റുസമൂഹങ്ങളെപ്പോലെ നാമും ആയിത്തീരുന്നതാണ്. ‘അല്ലാഹു വഴികേടിലാക്കിയവരെ പിന്നെ ആരാണ് നേര്‍വഴിയിലാക്കുക?’
Add Comment