വിശ്വാസം-ലേഖനങ്ങള്‍

മൂന്നുതരം ഹൃദയങ്ങള്‍

സുരക്ഷിതമായ ഹൃദയം
ഒരു വ്യക്തിയെ തന്‍റെ സ്രഷ്ടാവിനെ സമാധാനപൂര്‍വം കണ്ടുമുട്ടാനും പരലോകവിചാരണയില്‍ വിജയംകൈവരിക്കാനും പ്രാപ്തനാക്കുന്നത് ഇത്തരം ഹൃദയമാണ്. അല്ലാഹു പറയുന്നു: ‘സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ ഹൃദയ(ഖല്‍ബുന്‍ സലീം)വുമായി അല്ലാഹുവിന്‍റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ'(അശ്ശുഅറാഅ് 88,89)
‘ഖല്‍ബുന്‍ സലീം’ എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് സുരക്ഷിതമായ ഹൃദയം എന്നാണ്. ആ വിശേഷണം പിറവിതൊട്ടേ ഹൃദയത്തിലുള്‍ച്ചേര്‍ന്ന സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. സത്യസന്ധതയും സത്യത്തോടൊട്ടിനില്‍ക്കുന്ന പ്രകൃതവും സുരക്ഷിതമായ ഹൃദയമുള്ളവരുടെ ലക്ഷണമാണ്. മരീദ്, സഖീം, അലീല്‍(രോഗി) എന്നതിന്‍റെ വിപരീതമാണ് സലീം എന്നവാക്ക്. അതെന്തായാലും സലീം എന്ന വാക്കിന്‍റെ ആശയവൈപുല്യത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങള്‍ ഉണ്ട്.

അല്ലാഹുവിന്‍റെ കല്‍പനകളെയും നിരോധനങ്ങളെയും എതിര്‍ക്കുന്ന ജഡികേച്ഛകളില്‍നിന്ന് സുരക്ഷിതമായ ഹൃദയമാണത്. അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ക്കെതിരില്‍ ഏതെങ്കിലുംവിധത്തിലുള്ള സംശയമോ സന്ദേഹമോ ആ ഹൃദയത്തിനുണ്ടാവില്ല. അവനല്ലാതെ മറ്റാര്‍ക്കും അത് വിധേയത്വം പ്രകടിപ്പിക്കുകയില്ല. ഏതുവിഷയത്തിലും അല്ലാഹുവിന്‍റെ മാത്രം നിയമങ്ങളേ അത് ആവശ്യപ്പെടുകയുള്ളൂ. അല്ലാഹുവില്‍നിന്നുള്ള പ്രീതിയും പ്രവാചകചര്യയും അത് കാംക്ഷിക്കുന്നു. അത് അല്ലാഹുവിനോടുള്ള ഭയം പ്രകടിപ്പിക്കുന്നു. അവനില്‍നിന്ന് തൃപ്തിയുദ്ദേശിക്കുന്നു. അവനില്‍ ഭരമേല്‍പിക്കുന്നു. അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു. അവനുമുന്നില്‍ വിനയാന്വിതമാകുന്നു. അവന്‍ വിലക്കിയതില്‍നിന്ന് വിട്ടുനിന്നും കല്‍പിച്ചത് ചെയ്തും വിധേയത്വം പ്രകടിപ്പിക്കുന്നു. അങ്ങനെ ആ ദാസ്യഭാവത്തിന്‍റെ എല്ലാം അല്ലാഹുവിനെ മാത്രം ലാക്കാക്കിയുള്ളതായിരിക്കും.
സുരക്ഷിതമായ ഹൃദയം ശിര്‍ക്കിന്‍റെ ചെറുകണികയെപ്പോലും പൊറുപ്പിക്കുകയില്ല. അത്യുന്നതനായ അല്ലാഹുവിന് മാത്രമാണ് അത് കീഴൊതുങ്ങുക.അത് സ്നേഹിക്കുന്നുവെങ്കില്‍ അല്ലാഹുവിന് വേണ്ടിമാത്രമാണ് സ്നേഹിക്കുക. വെറുക്കുന്നുവെങ്കില്‍ അല്ലാഹുവിന് വേണ്ടിമാത്രം. കൊടുക്കുകയാണെങ്കില്‍ അല്ലാഹുവിന് വേണ്ടി മാത്രം. പിടിച്ചുവെക്കുകയാണെങ്കിലും അങ്ങനെതന്നെ.

അല്ലാഹുവല്ലാത്ത യാതൊന്നിലേക്കും തിരിയാതെ അവന് മാത്രം കീഴൊതുങ്ങി ജീവിക്കാന്‍ പ്രാപ്തമാക്കുന്ന ഹൃദയത്തിന് മേല്‍കാര്യങ്ങള്‍ മാത്രം മതിയാവില്ല. അതിന് അല്ലാഹുവിന്‍റെ ദൂതനെ പിന്‍പറ്റി ജീവിക്കാനുള്ള അതിയായ മോഹവും ഉണ്ടായിരിക്കും. ആ സ്നേഹപ്രകടനം റസൂലിന്‍റെ കര്‍മങ്ങളെ അപ്പാടെ നെഞ്ചേറ്റാന്‍ അവനെ സഹായിക്കുന്നു. അതെല്ലാം വാക്കുകളിലും പ്രവൃത്തികളിലും നിര്‍ദേശങ്ങളായി നല്‍കുന്നതിനാണ് ശഹാദത്ത് കലിമ. ആ ശഹാദത്തിന് ഹൃദയത്തിന്‍റെ ഭാഷയുണ്ട്. കര്‍മങ്ങള്‍ക്കും അതേ ഭാഷയുണ്ട്. അത് ആ കര്‍മങ്ങള്‍ ചെയ്യാന്‍ ഹൃദയം പ്രകടിപ്പിക്കുന്ന തീവ്രതരമായ ആഗ്രഹമാണ്. അതാണ് മറ്റവയങ്ങളും ചെയ്യുന്നത്.

അതിനാല്‍ നബിതിരുമേനി എത്തിച്ചുതന്ന ചെറുതുംവലുതുമായ എല്ലാ കാര്യങ്ങളെയും മറികടന്നുകൊണ്ട് ആ ഹൃദയം വിധിനടത്തുകയില്ല. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും മുന്‍കടന്ന് യാതൊന്നും ചെയ്യരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക'(അല്‍ഹുജുറാത് 1). അതായത്, അല്ലാഹുവിന്‍റെ ദൂതര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത കാര്യത്തില്‍ അദ്ദേഹം കല്‍പിക്കാത്തിടത്തോളം കാലം ഒരു വിഷയത്തെക്കുറിച്ചുംസംസാരിക്കാന്‍ പാടില്ലെന്ന് ചുരുക്കം.

പില്‍ക്കാല പണ്ഡിതന്‍മാര്‍പറയുന്നു: എന്തുകൊണ്ട്ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്ന ചോദ്യങ്ങള്‍ക്കുത്തരമില്ലാത്ത ഒരു കാര്യവും അതെത്രതന്നെ നിസ്സാരമായിക്കൊള്ളട്ടെ ദീനില്‍ ഇല്ല. പ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രചോദനവും ലക്ഷ്യവും എന്താണെന്ന് അന്വേഷിക്കുകയാണ് ഇതിലൂടെ. എന്തെങ്കിലും താല്‍ക്കാലികനേട്ടമോ ഭൗതികതാല്‍പര്യങ്ങളോ, ജനപ്രീതിയോ പ്രശംസയോ അതല്ല, ആളുകളുടെ ആക്ഷേപത്തെക്കുറിച്ച ഭയമോ നിര്‍ദ്ദിഷ്ടകര്‍മത്തിന് പിന്നിലുള്ളത് എന്ന അന്വേഷണമാണത്. അല്ലാഹുവിനോടുള്ള വിധേയത്വം ഊട്ടിയുറപ്പിച്ച്, അവനിലേക്ക് അടുക്കുകയെന്നതാണോ പ്രചോദനം?

രണ്ടാമത്തെ ചോദ്യം, ആരാധനരീതികളെല്ലാം ദൈവദൂതനായ മുഹമ്മദ് നബി പഠിപ്പിച്ചതുപോലെ തന്നെയാണോ അനുഷ്ഠിക്കുന്നത് എന്നതിനെക്കുറിച്ചാണ്. ഏതെങ്കിലും കര്‍മങ്ങള്‍ നബി നിഷ്കര്‍ഷിക്കാത്തതോ വിലക്കിയതോ ആയ പട്ടികയിലുള്ളവയാണോ എന്ന് ഉറപ്പുവരുത്തണം.
അല്ലാഹുവിന്‍റെ മാത്രം പ്രീതിയും തൃപ്തിയും ലക്ഷ്യമിട്ടാണ് ഏത് കര്‍മവും എന്ന ഉദ്ദേശ്യശുദ്ധിക്കാണ് ആദ്യത്തേതില്‍ പ്രാധാന്യമുള്ളത്. അതുപോലെ നമ്മുടെ പ്രവൃത്തികളെല്ലാം നബിതിരുമേനിയെ പിന്‍പറ്റുകയെന്ന കല്‍പനയുടെ പൂര്‍ത്തീകരണമാണ് എന്ന പ്രചോദനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്കും അതുവഴിയുള്ള വിജയങ്ങള്‍ക്കും കാരണമാകുന്ന, സുരക്ഷിതവും സത്യസന്ധവുമായ ഹൃദയത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്.

നിര്‍ജ്ജീവഹൃദയം

യാതൊരു ജീവനുമില്ലാത്ത ഹൃദയമാണിത്. അത് ദൈവത്തെ തിരിച്ചറിയുകയോ അവന്‍റെ കല്‍പനകളെ അനുസരിക്കുകയോ ചെയ്യുകയില്ല. അല്ലാഹുവിന്‍റെ തൃപ്തിയും ഇഷ്ടവും അത് കാംക്ഷിക്കുന്നേയില്ല.. അത് അവന്‍റെ അതൃപ്തിയും കോപവും ക്ഷണിച്ചുവരുത്തുന്ന ശാരീരികേഛകള്‍ക്ക് വഴിപ്പെടുന്നു. അല്ലാഹുവിന്‍റെ വെറുപ്പും ശാപവും പിടിച്ചുപറ്റുന്ന ഭൗതികമോഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ അത് വെമ്പല്‍കൊള്ളുന്നു. അതിനെ സംബന്ധിച്ചിടത്തോളം എല്ലാം ശരീരബന്ധിതമാണ് . അതായത്, ശരീരത്തെ തൃപ്തിപ്പെടുത്താനാണ് അതിന്‍റെ ശ്രമങ്ങളും ആഗ്രഹങ്ങളും സ്നേഹവും പ്രകടിപ്പിക്കുക.നങ്ങളും നടത്തുക. ആരെയെങ്കിലും വെറുക്കുന്നുവെങ്കില്‍ ശരീരകാമനകളുടെ പേരില്‍ മാത്രമായിരിക്കും ആ വെറുപ്പ് . എല്ലാ സംഗതികളിലും അതിന്‍റെ പ്രതികരണം തന്‍റെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി മാത്രമായിരിക്കും. അങ്ങനെ യജമാനന്‍റെ സന്തോഷമായിരിക്കും അതിന്‍റെ ലക്ഷ്യം.

ശരീരകാമനകള്‍ ആ ഹൃദയത്തിന്‍റെ നേതാവായിരിക്കും. ആഗ്രഹപൂര്‍ത്തീകരണമാണ് അതിന്‍റെ കമാന്‍റര്‍. അജ്ഞതയായിരിക്കും അതിന്‍റെ ഗതികോര്‍ജം. അവഗണനയാണതിന്‍റെ കപ്പല്‍. ജഡികേച്ഛകളും സ്വാര്‍ഥമോഹങ്ങളും അതിനെ ചൂഴ്ന്നുനില്‍ക്കും. നൈമിഷികാസ്വാദനങ്ങളില്‍ മതിമറന്ന് അത് വന്യമായി മുന്നോട്ടുപോകും. അല്ലാഹുവിന്‍റെ വിളിയും പരലോകത്തെക്കുറിച്ച മുന്നറിയിപ്പും അനതിവിദൂരതയില്‍നിന്ന് കേള്‍ക്കുമെങ്കിലും ഗുണകാംക്ഷികളോട് അത് പ്രതികരിക്കുകയില്ല. ഈ ലോകമാണ് സംഘര്‍ഷത്തിന്‍റെയും സന്തോഷത്തിന്‍റെയും ഹേതുവെന്ന പൈശാചികമന്ത്രണം അത് പിന്തുടരുന്നു. കാമനകള്‍ അതിനെ അസത്യമായതിനെയെല്ലാം കണ്ണുംകാതുംപൂട്ടി വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. അബൂലൈല പാടി:

ശത്രുവിനോട് അവള്‍ ശത്രുതയും സ്നേഹിതനോട് അവള്‍ ഇഷ്ടവും പ്രകടിപ്പിക്കുന്നു
അവള്‍ തന്നിലേക്കടുപ്പിക്കുന്നതാരെയാണോ അവന്‍ അവളെ സ്നേഹിക്കുകയും തന്നോട് ചേര്‍ക്കുകയുംചെയ്യുന്നു.
ഇത്തരം ഹൃദയങ്ങളുള്ളവരുമായി ഇടപഴകുന്നതും അവരുമായി ഇരിക്കുന്നതും സമ്പൂര്‍ണനാശത്തിലാണ് കലാശിക്കുക.

രോഗാതുരഹൃദയം

ജീവനുണ്ടെങ്കിലും ചില രോഗങ്ങള്‍ ഉള്ള ഹൃദയമാണിത്. അത് രണ്ടുതരത്തില്‍ പ്രതികരിക്കുന്നു. ചില സാഹചര്യത്തില്‍ ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍ മറ്റുചിലപ്പോള്‍ മരണത്തിലേക്ക് കാലടികള്‍ എടുത്തുവെക്കുന്നു.
അതിന് സ്തുത്യര്‍ഹനും പ്രതാപവാനുമായ അല്ലാഹുവിനോട് സ്നേഹമുണ്ട്. അവനില്‍ വിശ്വാസമുണ്ട്. തന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവില്‍നിന്നുള്ള സഹായത്തെ അവന്‍ ആശ്രയിക്കുന്നുണ്ട്. പക്ഷേ, ഇതെല്ലാം ഉള്ളതോടൊപ്പം തന്നെ ഭൗതികമോഹങ്ങളുടെ തടവറയിലുമാണ് ആ ഹൃദയം. അവയുടെ ആഗ്രഹസാഫല്യത്തിന് അത് മുന്നിട്ടിറങ്ങുന്നു. അസൂയ, കോപം, ആത്മപ്രശംസ, സ്ഥാനമാനങ്ങളോടുള്ള പ്രതിപത്തി എന്നിവ അതില്‍ കുടികൊള്ളുന്നു. ഇതെല്ലാം തന്നെ പ്രസ്തുത ഹൃദയത്തെ തകര്‍ത്തുകളയുന്നവയാണ്.

രണ്ട് ക്ഷണിതാക്കളെയും അത് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കും. ഈ രണ്ടു ക്ഷണിതാക്കളില്‍ ആരാണോ സ്വാധീനംചെലുത്തി രംഗത്തുള്ളത് അതിന് വിധേയപ്പെടുകയുംചെയ്യും.
അപ്പോള്‍ വിനയവും ചേതനയും നൈര്‍മല്യവും അനുസരണവുമുള്ള ഹൃദയമുണ്ട്. രണ്ടാമത് വിവരിച്ച വരണ്ട മൃതമായ ഹൃദയമുണ്ട്. അവസാനമായി വിവരിച്ച ചിലപ്പോള്‍ ആത്മനിയന്ത്രണവും മറ്റുചിലപ്പോള്‍ നാശത്തിലേക്ക് കൂപ്പുകുത്തുംവിധം പ്രലോഭനങ്ങള്‍ക്കു ദാസ്യവും പ്രകടിപ്പിക്കുന്ന രോഗാതുരമായ ഹൃദയവുമുണ്ട്.
അല്ലാഹു ഈ 3 തരം ഹൃദയങ്ങളെക്കുറിച്ചും ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്.

‘നിനക്ക് മുമ്പ് നാമൊരു ദൂതനെയും പ്രവാചകനെയും അയച്ചിട്ടില്ല; അദ്ദേഹത്തിന്‍റെ പാരായണവേളയില്‍ പിശാച് അതില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ അല്ലാഹു പിശാചിന്‍റെ എല്ലാ ഇടപെടലുകളെയും തുടച്ചുമാറ്റുന്നു. അങ്ങനെ തന്‍റെ വചനങ്ങളെ ഭദ്രമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്. മനസ്സില്‍ ദീനം ബാധിച്ചവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും പിശാചിന്‍റെ ഇടപെടലിനെ അല്ലാഹു ഒരു പരീക്ഷണമാക്കുകയാണ്. ഉറപ്പായും അക്രമികള്‍ ധിക്കാരപരമായ മാത്സര്യത്തില്‍ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്‍റെ നാഥനില്‍നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിന് കീഴ്പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്'(അല്‍ഹജ്ജ് 52-54)

മേല്‍ മൂന്ന് സൂക്തങ്ങളില്‍ സര്‍വശക്തനും പ്രതാപിയുമായ അല്ലാഹു പരീക്ഷണവിധേയമാകുന്ന രണ്ട് ഹൃദയങ്ങളെക്കുറിച്ചും വിജയംനേടുന്ന ഒരു ഹൃദയത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. രോഗാതുരവും മൃതവുമായ ഹൃദയങ്ങളാണ് പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന രണ്ട് ഹൃദയങ്ങള്‍. അല്ലാഹുവിന് മുമ്പില്‍ സദാ വിനയവും കീഴ്വണക്കവും പ്രകടിപ്പിക്കുന്ന വിശ്വാസത്തിന്‍റെതായ ഹൃദയമാണ് വിജയംവരിച്ച ഹൃദയം.
ഹൃദയവും ശരീരാവയവങ്ങളും ആരോഗ്യമുള്ളതും സുരക്ഷിതവും ആയിരിക്കണമെന്ന് ഹൃദയംതന്നെ ആഗ്രഹിക്കുന്നു. അതിന് യാതൊരു കേടുപാടുംസംഭവിക്കുന്നത് അവയ്ക്കിഷ്ടമേയല്ല. അതിനാല്‍ സൃഷ്ടിപ്പിന്‍റെ ഉദ്ദേശ്യവും പ്രകൃതിതാല്‍പര്യവും മനസ്സിലാക്കി അതിന് വിധേയപ്പെടാന്‍ അവയ്ക്ക് കഴിയും. എന്നാല്‍ പാരുഷ്യവും ഊഷരതയും ഉള്ള ഹൃദയം ദൃഢവിശ്വാസത്തില്‍നിന്ന് പലപ്പോഴും തെന്നിമാറി അതിര്‍ലംഘിക്കുന്നു. അല്ലാഹുവിനായി സമര്‍പ്പിക്കുന്ന ആരാധനാകര്‍മങ്ങളില്‍ മനസ്സാന്നിധ്യം ഇല്ലാത്തതാണ് അതിന് കാരണം. വിശ്വാസം ദുര്‍ബലമാകുന്നതിന്‍റെ ഫലമായി രോഗാതുരമാകുന്ന ഹൃദയത്തോടൊപ്പം ഭക്തിസാന്ദ്രമായ കര്‍മങ്ങളില്ലാതാക്കുംവിധം നിശബ്ദമായ നാവും അന്ധമായ കണ്ണും അത്തരക്കാര്‍ക്കുണ്ടാകുന്നു.
ഇക്കാരണത്താലാണ് ഹൃദയം 3 തരമായി വിഭജിക്കപ്പട്ടിരിക്കുന്നത്:

സത്യം സ്വീകരിക്കുന്നതില്‍ യാതൊരു തടസ്സവും ഉള്ളിലില്ലാത്ത സുരക്ഷിതവും അരോഗവത്തുമായ ഹൃദയം ഭൂമിയിലുള്ള മറ്റെല്ലാജീവികളെക്കാളും സത്യം അറിയാനും പുല്‍കാനും താല്‍പര്യംകാട്ടുന്നു. അതിനാല്‍ അത് സത്യത്തിന് നല്‍കുന്ന അംഗീകാരം കറപുരളാത്തതായിരിക്കും. എന്നുമാത്രമല്ല, എല്ലാ വിധ ബഹുമാനാദരവുകളോടെ അത് സത്യത്തിന് കീഴ്പ്പെടുകയുംചെയ്യും.

അതേസമയം, മൃതവും പരുഷവും ഊഷരവുമായ ഹൃദയം സത്യം അംഗീകരിക്കുകയോ അതിന് വഴിപ്പെടുകയോ ഇല്ല.
രോഗാതുരമായ ഹൃദയം അതിനെ ബാധിച്ച രോഗം കലശലാകുമ്പോള്‍ മൃതവും ഊഷരവുമായ ഹൃദയത്തിന്‍റെ അവസ്ഥയിലേക്ക് തരംതാഴുന്നു. എന്നാല്‍ അത് നല്ല അവസ്ഥയിലായിരിക്കുമ്പോള്‍ അത് സത്യസന്ധവും സുരക്ഷിതവുമായ ഹൃദയത്തിന്‍റെ പട്ടികയില്‍ ചേരുന്നു.
പിശാചിനാല്‍ സ്വാധീനിക്കപ്പെട്ട ഒരു വ്യക്തിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുകയോ സംശയാലുവാക്കുന്ന പ്രവൃത്തികളില്‍ ചേരുകയോ ചെയ്താല്‍ അത് ഊഷരവും മൃതവുമായ ഹൃദയങ്ങള്‍ക്കും രോഗാതുരമായ ഹൃദയങ്ങള്‍ക്കും ശക്തമായ ഒരു പരീക്ഷണമാണെന്ന് തിരിച്ചറിയുക. അതേസമയം അത്തരമൊരു സാഹചര്യത്തില്‍ സത്യസന്ധവും സുരക്ഷിതവുമായ ഹൃദയം വിശ്വാസപരമായി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്യുക. സത്യത്തെ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഇത്തരം ഹൃദയങ്ങള്‍ അകറ്റിനിര്‍ത്തുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായ ഹൃദയങ്ങള്‍ പിശാച് വഴിനടത്തിക്കുന്ന സംഗതികളില്‍ സദാ സംശയവും ആശയക്കുഴപ്പവും വെച്ചുപുലര്‍ത്തുന്നു. ഹുദൈഫത്തുല്‍ യമാനി(റ)ല്‍നിന്ന് നിവേദനം : റസൂല്‍ തിരുമേനി (സ) പറഞ്ഞു: ഒരു പരവതാനിയിലെ ഊടുംപാവും എപ്രകാരമാണോ അടുത്തുനില്‍ക്കുന്നത് അവ്വിധം ഹൃദയങ്ങള്‍ക്ക് പരീക്ഷണങ്ങളും പ്രയാസങ്ങളും തുടരെ നല്‍കപ്പെടുന്നു. അത്തരം പരീക്ഷണങ്ങള്‍ക്ക് കീഴടങ്ങുന്നവരുടെ ഹൃദയത്തില്‍ കറുത്ത പാട് വീഴുന്നു. അവയെ തിരസ്കരിക്കുന്ന ഹൃദയങ്ങളില്‍ വെണ്‍മയുടെ സ്ഫുലിംഗങ്ങള്‍ ഉണ്ടാകുന്നു. കറുത്ത പാടുകളാല്‍ മൂടിയഹൃദയം നന്മയെന്തെന്ന് അറിയാത്തതിനാല്‍ തിന്മയെ തിരസ്കരിക്കാന്‍ അശക്തനാകുന്ന, സന്ദേഹത്തിലുലയുന്ന, കീഴ്മേല്‍മറിഞ്ഞ നൗകയെപ്പോലെയാണ്. എന്നാല്‍ ആകാശഭൂമികളുള്ളിടത്തോളം കാലം സുരക്ഷിതമായ ഹൃദയം പരീക്ഷണങ്ങളിലുലയുകയില്ല.
പരീക്ഷണങ്ങളോട് പ്രതികരിക്കുന്ന ശൈലി അനുസരിച്ച് ഹൃദയങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു:

1. പരീക്ഷണത്തിനുമുന്നില്‍ പതറുന്ന ഹൃദയം വെള്ളം വലിച്ചെടുക്കുന്ന സ്പോഞ്ചുപോലെയാണ്. തദ്ഫലമായി ഒരു കറുപ്പ് അടയാളം അവിടെ പതിയുകയും ഓരോ പരീക്ഷണങ്ങളും ആ അടയാളത്തെ ശക്തിപ്പെടുത്തുകയും ക്രമേണ അത് ഹൃദയമൊട്ടാകെ വ്യാപിക്കുകയുംചെയ്യും. ഇതാണ് കീഴ്മേല്‍ മറിഞ്ഞ നൗക എന്ന് പറഞ്ഞതിന്‍റെ സാംഗത്യം. അങ്ങനെ കറുത്തതും തലകീഴായിമറിഞ്ഞതും ആകുമ്പോള്‍ രണ്ട് മാരകരോഗങ്ങള്‍ അതിനെതകര്‍ച്ചയിലേക്ക് നയിക്കും.
മ. നന്‍മയും തിന്‍മയും സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പത്തിലായതിനാല്‍ അതിന് നന്മ മനസ്സിലാക്കി സ്വീകരിക്കാനോ തിന്‍മയെ അകറ്റിനിര്‍ത്താനോ കഴിയില്ല. എന്നല്ല , ഹൃദയത്തെ ബാധിച്ചിരിക്കുന്ന മാരകരോഗം കാരണമായി നന്‍മയെ തിന്മയായും നേരെ തിരിച്ചും ഗണിക്കുന്ന അവസ്ഥ സംജാതമാകും. ചുരുക്കത്തില്‍, സുന്നത്തും ബിദ്അത്തും വേര്‍തിരിച്ചറിയാന്‍ കഴിയാതാകും. അല്ലാഹുവിന്‍റെ പ്രവാചകന്‍ അറിയിച്ചുതന്ന ദിവ്യസന്‍മാര്‍ഗം പിന്തുടരുന്നതിനുപകരം ജഢികേച്ഛകള്‍ക്ക് പിന്നാലെ പോകുകയാണ് അത്തരം ഹൃദയങ്ങളുള്ളവരുടെ സ്വഭാവം. അവര്‍ ഭൗതികകാമനകള്‍ക്ക് വിധേയപ്പെടുന്നു.

2. ധവളശോഭയുള്ള ഹൃദയം വിശ്വാസത്തിന്‍റെ പ്രകാശംതെളിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒരു പരീക്ഷണം അതിന്‍റെ നേര്‍ക്കുവന്നാല്‍ അത് തള്ളിക്കളയുകയും കൂടുതല്‍ പ്രകാശദീപ്തിയോടെ വിളങ്ങുകയുംചെയ്യും.
ഹൃദയം നേരിടുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും അതിനെ രോഗാതുരമാക്കാറുണ്ട്. ഭൗതികമോഹങ്ങളും സന്ദേഹങ്ങളും ആണ് ആ പരീക്ഷണങ്ങള്‍. ലക്ഷ്യബോധമില്ലാതെയും വഴിയറിയാതെയും അലയാന്‍ വിടുന്ന പരീക്ഷണങ്ങള്‍. പാപങ്ങളുടെയും അതിക്രമത്തിന്‍റെയും അജ്ഞതയുടെയും പേരിലറിയപ്പെടുന്ന പരീക്ഷണങ്ങള്‍.
ഭൗതികശാരീരികമോഹങ്ങള്‍ അന്യായമായമാര്‍ഗത്തിലൂടെ പൂര്‍ത്തീകരിക്കാനുള്ള വാഞ്ചയെ തീവ്രതരമാക്കുന്നു. സംശയങ്ങള്‍ അറിവിനെയും വിശ്വാസത്തെയും മലിനമാക്കുന്നു.

പ്രവാചകാനുയായികള്‍ ഹൃദയത്തെ നാലുതരത്തില്‍ വിഭജിച്ചിരിക്കുന്നു:
1.ശക്തമായ പ്രകാശത്താല്‍ സദാ പ്രദീപ്തമായ ഹൃദയം. അതാണ് വിശ്വാസിയുടെ ഹൃദയം.
2. മൂടപ്പെട്ട ഹൃദയം. അത് അവിശ്വാസിയുടെ ഹൃദയമാണ്.
3. കീഴ്മേല്‍ മറിക്കപ്പെട്ട ഹൃദയം. അതാണ് കപടന്‍മാരുടെ ഹൃദയം. അവന്‍ സത്യം മനസ്സിലാക്കിയശേഷം അതിനെ തള്ളിക്കളയുന്നു. അന്ധനാകാന്‍ വേണ്ടിമാത്രം കാണുന്നവനാണവന്‍.
4. രണ്ട് ചോദനകളോടെയുള്ള ഹൃദയം ഒരു ഘട്ടത്തില്‍ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു, മറ്റുചിലപ്പോള്‍ കാപട്യത്തിലേക്കും ക്ഷണിക്കുന്നു. ഏത് ക്ഷണത്തിനാണോ ഉത്തരംചെയ്യുന്നത് അതായിരിക്കും ഹൃദയത്തിന്‍റെഅവസ്ഥ.
അല്ലാഹുവിനെയും അവന്‍റെ ദൂതനെയും ഒഴിച്ചുള്ള സംഗതികളോടെല്ലാം വിരക്തിയും അകല്‍ച്ചയും പുലര്‍ത്തുന്ന ഹൃദയം എല്ലാ വിധ രോഗങ്ങളില്‍നിന്ന് മുക്തമായിരിക്കും. സത്യം അതിനെ എല്ലാ ആപത്തുകളില്‍നിന്നും അതിനെ സംരക്ഷിക്കും. വഴിനടത്തുന്ന പ്രകാശത്തിന്‍റെ വിവക്ഷ ഈമാനാണ്.

മൂടപ്പെട്ട ഹൃദയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് സത്യനിഷേധികളുടെ ഹൃദയമാണ്. ഒരു മറയിട്ടുകൊണ്ട് അറിവിന്‍റെയും വിശ്വാസത്തിന്‍റെയും പ്രകാശത്തെ അവര്‍ തടഞ്ഞിരിക്കുകയാണ്. യഹൂദസമൂഹത്തിന്‍റെ നിലപാടിനെ വിശദീകരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘അവര്‍ പറയുന്നു: ഞങ്ങളുടെ ഹൃദയം മൂടപ്പെട്ടിരിക്കുകയാണ്.’
അവരുടെ സത്യനിഷേധത്തിന്‍റെ ശിക്ഷയെന്നോണം അല്ലാഹു ഹൃദയങ്ങളുടെ മേല്‍ മൂടുപടം ഇട്ടിരിക്കുകയാണ്. അത് ഹൃദയത്തെ മൂടിപ്പൊതിഞ്ഞിരിക്കുന്നു. കാതുകളെ അടച്ച് മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് ആന്ധ്യം ബാധിച്ചിരിക്കുന്നു. അതാണ് ഖുര്‍ആന്‍ പറഞ്ഞത്:

‘നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ നാം അദൃശ്യമായ മറയിടുന്നു. അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്ക് നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്‍റെ നാഥനെ മാത്രം ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു.’
(അല്‍ഇസ്റാഅ്-45,46)
ഇത്തരം ഹൃദയങ്ങള്‍ക്കുടയവരായ ആളുകളോട് അവരുടെ ഏകദൈവവിശ്വാസം ശുദ്ധീകരിക്കാനും നബിതിരുമേനിയെ പിന്‍പറ്റാനും ആവശ്യപ്പെടുമ്പോള്‍ അവരത് കേള്‍ക്കാത്തമട്ടില്‍ പിന്തിരിഞ്ഞോടുന്നു.

Topics