വിശ്വാസം-ലേഖനങ്ങള്‍

മനസ്സ് ചെയ്യുന്ന വന്‍പാപങ്ങള്‍

ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബാഹ്യമായ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏറെ ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമെന്നതു പോലെ പാപങ്ങളില്‍ ഹൃദയത്തിന്റെ പാപം തന്നെയാണ് ഏറ്റവും കഠിനവും അപകടകരവും.
ലോകത്ത് ആദ്യമായി സംഭവിച്ച രണ്ട് പാപങ്ങളെക്കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന ലംഘിച്ച് വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന് പഴം ഭക്ഷിച്ചുവെന്നതാണ് ആദ്യ പാപം.

ബാഹ്യമായ തിന്‍മയുടെ ഒരുദാഹരണമാണത്. മറവിമൂലവും നിശ്ചയദാര്‍ഢ്യം ഇല്ലാതിരുന്നതുകൊണ്ടും  സംഭവിച്ചതാണ് ഈ പാപം. പ്രസ്തുത സംഭവം അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്.’നാം ആദമിനോട് മുമ്പ് കരാര്‍ ചെയ്തിരുന്നു. എന്നിട്ട് അദ്ദേഹം മറന്നു പോയി. അദ്ദേഹത്തിന് ഇച്ഛാശക്തിയുണ്ടായിരുന്നില്ല ‘(ത്വാഹാ 115) 
ശപിക്കപ്പെട്ട പിശാച് ആദമിനെ മറപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യം ഇല്ലാതെ പോയത്. അങ്ങനെ അദ്ദേഹത്തിനും ഭാര്യക്കും ആ പഴം തിന്നാല്‍ കൊള്ളാമെന്നു തോന്നി. അവര്‍ രണ്ടു പേരും വഞ്ചിക്കപ്പെടുകയായിരുന്നു. എന്നാല്‍ തെറ്റ് മനസ്സിലായ ആദമും ഹവ്വയും ഉടനടി പിന്തിരിഞ്ഞു. അവരുടെ ഹൃദയത്തിലെ ഈമാന്‍ ഉണര്‍ന്നു. തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി അല്ലാഹുവോട് മാപ്പിരന്നു. അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിച്ചു:’ഞങ്ങളുടെ നാഥാ ഞങ്ങള്‍ സ്വയം അക്രമം പ്രവര്‍ത്തിച്ചു. നീ ഞങ്ങള്‍ക്കു പൊറുത്തു തരികയും നീ ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നഷ്ടകാരികളില്‍ പെട്ടുപോകും'(സൂറതുല്‍ അഅ്‌റാഫ് 23) ഒടുവില്‍ അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു.
ബാഹ്യ കര്‍മ്മങ്ങളുടെ തിന്‍മകള്‍ക്കുള്ള ഉദാഹരണമാണ് ആദമിന്റെയും ഹവ്വയുടെയും പാപങ്ങള്‍.

രണ്ടാമത്തെ പാപമായ ഹൃദയത്തിന്റെ (മനസ്സിന്റെ) പാപത്തിനുള്ള ഉദാഹരണം, അല്ലാഹു ഇബ്‌ലീസിനോട് മലക്കുകളോടൊപ്പം ആദമിന് സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചപ്പോഴുള്ള ധിക്കാരമാണ്. ആദമിനെ ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമുള്ള പ്രസ്തുത സുജൂദ് ചെയ്യാന്‍ ഇബ്‌ലീസ് വിസമ്മതിച്ചു. അതിന് ഇബ്‌ലീസ് നിരത്തിയ ന്യായം തീയില്‍നിന്നാണ് തന്നെ സൃഷ്ടിച്ചതെന്നാണ്. ‘തീ കൊണ്ടു സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിനു സുജൂദുചെയ്യുകയോ ?  അങ്ങനെ മലക്കുകളൊക്കെയും പ്രണാമം ചെയ്തു ഇബ്‌ലീസ് ഒഴിച്ച്. അവന്‍ പ്രണാമം ചെയ്യുന്നവരുടെ കൂടെ ചേരാന്‍ വിസമ്മതിച്ചു. റബ്ബ് ചോദിച്ചു: ‘ഹേ ഇബ്‌ലീസ്, പ്രണാമം ചെയ്തവരുടെ കൂടെ ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?’ അവന്‍ പറഞ്ഞു: ‘വരണ്ടതും ഗന്ധമുളളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കാന്‍ ഞാനില്ല. റബ്ബ് കല്‍പിച്ചു: ‘ശരി, എങ്കില്‍ നീ ഇവിടെ നിന്നു പുറത്തു പോവുക. എന്തുകൊണ്ടെന്നാല്‍ നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. ഇനി പ്രതിഫലം നല്‍കുന്ന നാള്‍വരെ നിന്നില്‍ ശാപമുണ്ട്. (അല്‍ ഹിജ്ര്‍: 30)

ഇബ് ലീസ് ഇവിടെ കാണിച്ച അനുസരണക്കേട് അവന്റെ ഹൃദയത്തിലുണ്ടായ അപകടകരമായ പാപത്തിന്റെ പ്രതിഫനമാണ്. അല്ലാഹുവിന്റെ കല്‍പ്പനയെ ധിക്കരിക്കാന്‍ പ്രേരിപ്പിച്ചത് ഇബ് ലീസിന്റെ മനസ്സിലെ അഹങ്കാരവും അഹംഭാവവുമാണ്. സുറുതല്‍ ബഖറയില്‍ അതിങ്ങനെ വിശദീകരിക്കുന്നുണ്ട് അല്ലാഹു:’ഇബ്‌ലീസ് ഒഴികെ മലക്കുകള്‍ എല്ലാവരും അദ്ദേഹത്തിന് സുജൂദ് ചെയ്തു. ഇബ്‌ലീസ് അഹന്ത നടിച്ചു പിന്തിരിഞ്ഞു. അവന്‍ സത്യനിഷേധികളില്‍പ്പെട്ടവനായിരുന്നു’. (അല്‍ബഖറ 34).
ആദമിന്റെയും ഇബ്‌ലീസിന്റെയും ചെയ്തികള്‍ പാപങ്ങളാണ്. എന്നാല്‍ രണ്ടു പാപങ്ങളും തുല്യമല്ല. ആദമും ഹവ്വയും ചെയ്ത പാപം വളരെ സ്പഷ്ടവും വ്യക്തവുമായ അനുസരണക്കേടിന്റെ പ്രതിഫലനം കര്‍മരൂപത്തില്‍ പുറത്തു വന്നു. പ്രകടനമായ തിന്‍മ. എന്നാല്‍ ഉടനെ പശ്ചാത്തപിച്ചു മടങ്ങി. എന്നാല്‍ ഇബ്‌ലീസിന്റെ പാപം പുറത്തു കാണാന്‍ സാധ്യമല്ല. ഹൃദയത്തിന്റെ അകത്തളത്തിലെ ഒരു പാപമാണത്. കഠിനമായ ശിക്ഷക്കു വിധേയമാകുന്ന പാപം.

Topics