വിശ്വാസം-ലേഖനങ്ങള്‍

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

എല്ലാ മനുഷ്യര്‍ക്കുമുണ്ട് സഹജമായ ദൗര്‍ബല്യങ്ങള്‍. ഒട്ടനേകം കഴിവുകളും ക്ഷമതകളും സിദ്ധികളും നന്‍മകളും ഉള്ളതോടൊപ്പം ചാപല്യങ്ങളുമുണ്ട് മനുഷ്യന് . അനുഭവിച്ചും ആസ്വദിച്ചും കഴിയാന്‍ അഗണ്യമാംവിധം ഫലവൃക്ഷങ്ങള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും ആദമും ഹവ്വയും സ്വര്‍ഗത്തിലെ നിരോധിത വൃക്ഷത്തിലേക്കുതന്നെ ആകര്‍ഷിക്കപ്പെട്ടതും അതിലെ കായ്കനികള്‍ പറിച്ചുതിന്ന് ബഹിഷ്‌കൃതരായതും നമുക്കറിയാം. ദൗര്‍ബല്യങ്ങള്‍ക്കുമുമ്പില്‍ അടിതെറ്റി വീണതാണ് കാരണം. ദൗര്‍ബല്യം മനുഷ്യന്റെ സൃഷ്ടിഘടനയിലുള്ളതായതുകൊണ്ടാണ് പ്രയാസം വരുമ്പോള്‍ അസ്വസ്ഥനും ഐശ്വര്യം വരുമ്പോള്‍ സ്വാര്‍ഥനുമാകുന്നത്. അസ്വസ്ഥതയും സ്വാര്‍ഥതയും മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ് എന്നുചുരുക്കം.

അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും ചെയ്യാത്ത മനുഷ്യരില്ല. അശ്രദ്ധകൊണ്ടും അറിവില്ലായ്മകൊണ്ടും അബദ്ധങ്ങള്‍ സംഭവിക്കും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് തെറ്റുകുറ്റങ്ങളിലേക്ക് വഴുതിവീഴും .അമേരിക്കയിലെ സ്‌കൂളുകളില്‍ ആള്‍ക്കൂട്ടവെടിവെപ്പുനടക്കുന്നത് ഇപ്പോള്‍ നിത്യസംഭവമാണല്ലോ. നിര്‍ലോഭം തോക്കുപയോഗിക്കുന്നതിനുള്ള നിയമപരമായ അനുവാദം ആ രാജ്യത്തുണ്ട് എന്നതാണ് പ്രധാനകാരണം. മറ്റുരാജ്യങ്ങളില്‍ തോക്കുപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണവും നിരോധവുമുള്ളതുകൊണ്ട് അവിടങ്ങളില്‍ അമേരിക്കയിലേതുപോലെ വെടിവെപ്പുക്രൂരതകള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല. സാഹചര്യത്തിന്റെ പ്രലോഭനവും സ്വാധീനവും അപ്രതിരോധ്യമാണ്.

അബദ്ധങ്ങള്‍ സംഭവിക്കാതെ ജാഗ്രത പാലിക്കുന്നതും സംഭവിച്ചുപോയാല്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള വ്യഗ്രതയോടുകൂടി പശ്ചാത്തപിക്കുന്നതുമാണ് മനുഷ്യനെ വിലമതിക്കപ്പെടുന്നവനും വ്യതിരിക്തനുമാക്കുന്ന ഉദാത്തഗുണവിശേഷം. സാമൂഹികജീവിയായി കഴിയുമ്പോള്‍ മനുഷ്യന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് പോകും. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അബദ്ധങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ബഹിഷ്‌കരിക്കുകയല്ല മെച്ചപ്പെട്ട സഹവര്‍ത്തനം വഴി ശരിയിലേക്ക് നയിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യേണ്ടത്. രണ്ടാംഖലീഫ ഉമറിന് സിറിയക്കാരനായ സ്ഥിരം സന്ദര്‍ശകനുണ്ടായിരുന്നു. ഇടക്കാലത്ത് അയാളുടെ സന്ദര്‍ശനം നിലച്ചതുകണ്ടപ്പോള്‍ ഖലീഫ അതിന്റെ കാരണമന്വേഷിക്കാന്‍ ചിലരെ ചുമതലപ്പെടുത്തി. ജീവിത സാഹചര്യം അയാളെ മദ്യപാനിയാക്കിയെന്നാണ് അന്വേഷണസംഘം ഖലീഫയെ അറിയിച്ചത്. ഉമര്‍ പക്ഷേ, അയാളെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അഭിവാദ്യം ചെയ്തും അല്ലാഹുവിന്റെ രക്ഷാകടാക്ഷങ്ങള്‍ നേര്‍ന്നും അദ്ദേഹത്തിന് കത്തെഴുതി. അല്ലാഹു പാപങ്ങള്‍ പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും അനുഗ്രഹങ്ങള്‍ ചൊരിയുന്നവനുമൊക്കെയാണ് എന്നു കത്തിലൂടെ ഉണര്‍ത്തി. ഒരുനാള്‍ എല്ലാവരും മരണപ്പെടുമെന്നും അല്ലാഹുവിലേക്ക് മടങ്ങിപ്പോകേണ്ടിവരുമെന്നും ഓര്‍മപ്പെടുത്തുകയുംചെയ്തു. ഖലീഫയുടെ കത്ത് സിറിയക്കാരന്‍ പലവുരു വായിച്ചു. മദ്യപനായ തനിക്ക് ഒരു മഹാസാമ്രാജ്യത്തിന്റെ ഭരണാധികാരി അയച്ച സ്‌നേഹമസൃണമായ കത്ത് അയാളുടെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. മദ്യപാനം എന്നെന്നേക്കുമായി അയാള്‍ അവസാനിപ്പിച്ചു. സിറിയക്കാരനുണ്ടായ മാനസാന്തരം ഉമറിനെ ആഹ്ലാദഭരിതനാക്കി. അദ്ദേഹം സമൂഹവുമായി ആ ആഹ്ലാദം പങ്കുവെച്ചു. ഖലീഫ തിരസ്‌കരിച്ചിരുന്നുവെങ്കില്‍ ഒരു മുഴുക്കുടിയനായി മാറി അയാള്‍ ജീവിതം തുലക്കുമായിരുന്നു.

കുറ്റവാളികളുടെ ജീവിതവും വിലപ്പെട്ടതാണ്. അവര്‍ക്കുമുണ്ടാകും ഇണകളും മക്കളും മാതാപിതാക്കളുമൊക്കെ. ശരികളിലേക്ക് സഞ്ചരിക്കാന്‍ തെറ്റുചെയ്യുന്നവര്‍ക്ക് അവസരമുണ്ടാകണം. തങ്ങള്‍ ചെയ്യുന്നത് തെറ്റുകളും അബദ്ധങ്ങളുമാണെന്നും അവര്‍ക്ക് സ്വയം ബോധ്യപ്പെടുകയും വേണം. തെറ്റുകാരെ അകറ്റിനിര്‍ത്തി കൂടുതല്‍ തെറ്റുകളിലേക്ക് തള്ളിവിടാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊച്ചുകൊച്ചുതെറ്റുകള്‍ ചെയ്യുന്നവരെ കൊലപാതകികളെപ്പോലെ കാണുന്ന പ്രവണതയും തിരുത്തപ്പെടണം. ദുര്‍ബലര്‍ ചെയ്യുന്ന അബദ്ധങ്ങളെ പര്‍വതീകരിച്ചുകാട്ടുന്നതും ശക്തന്‍ ചെയ്തുകൂട്ടുന്ന പാതകങ്ങളെ ന്യൂനീകരിച്ച് കാട്ടുന്നതും നീതിയല്ല.

ഒരിക്കല്‍ ഒരു യാത്രക്കാരന് വഴിയില്‍കിടന്ന് ഒരു മുത്തുകിട്ടിയ കഥയുണ്ട്. വിലപിടിപ്പുള്ളതും അതിമനോഹരവുമായിരുന്നു ആ മുത്ത്. യാത്രക്കാരന്‍ തിരിച്ചും മറിച്ചും നോക്കി അതിന്റെ രൂപഘടനയും സൗന്ദര്യവും ആസ്വദിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് വളരെ ചെറിയൊരു കറുത്ത പാട് ആ മുത്തിനുണ്ട് എന്നയാള്‍ തിരിച്ചറിഞ്ഞത്. അതോടെ യാത്രക്കാരന്‍ അസ്വസ്ഥനായി. മുത്തിന്റെ കറുത്തപാട് മാറ്റാനുള്ള ചിന്തയിലാണ്ടു.
പലവുരു പച്ചവെള്ളത്തില്‍ കഴുകിനോക്കി. പിന്നെ ചൂടുവെള്ളത്തില്‍ കഴുകി. അതുകഴിഞ്ഞ് സോപ്പുപയോഗിച്ചു തേച്ചുനോക്കി. നന്നായി ഉരച്ചും ചുരണ്ടിയും നോക്കി. ഒടുവില്‍ ആ കറുത്തപാടുപോയി. അപ്പോഴേക്കും പക്ഷേ, ആ മുത്ത് തീര്‍ന്നുപോയിരുന്നു.

ഒരാള്‍ ഒരബദ്ധം ചെയ്യുമ്പോള്‍ അയാളോടൊപ്പമുള്ള ഒട്ടനേകം സുബദ്ധങ്ങള്‍ നാം കാണാതെ പോകുന്നുണ്ട്. അയാളിലുള്ള നിരവധി നന്‍മകള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. ന്യൂനതകളും പരിമിതികളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്. അവ മറികടക്കാന്‍ വ്യക്തികളെ സഹായിക്കുന്ന തരത്തിലാകണം സമൂഹത്തിന്റെ ഇടപെടലുകള്‍. ഒരാളെ നല്ലവനാക്കാന്‍ വേണ്ടി മറ്റുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ അയാളെ ഇല്ലാതാക്കാന്‍ കാരണമാകരുത്. പലപ്പോഴും അങ്ങനെയും സംഭവിക്കുന്നുണ്ട്. അതിനാല്‍, സ്വന്തം സഹോദരന്‍മാര്‍ക്കെതിരെ ചെകുത്താന്റെ സഹായികളാകാതാരിക്കാനാണ് വിവേകമുള്ളവര്‍ ശ്രമിക്കേണ്ടത്.

Topics