രാഷ്ട്രീയം-ലേഖനങ്ങള്‍

‘നേതാവി’നെക്കുറിച്ച് പറഞ്ഞാല്‍ …

നേതൃഗുണം ആര്‍ജ്ജിക്കുന്നതാണോ, ജന്മസിദ്ധമാണോ എന്ന ചര്‍ച്ചക്ക് ചരിത്രത്തില്‍ ഒട്ടേറെ പഴക്കമുണ്ട്. ഓരോരുത്തര്‍ക്കും ഈ വിഷയത്തില്‍ തങ്ങളുടെതായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ട്. പൂര്‍വകാല പണ്ഡിതന്മാര്‍ക്കിടയിലും, ആധുനിക പണ്ഡിതന്മാര്‍ക്കിടയിലുമെല്ലാം ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. നേതൃത്വം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഡോ. പേനീസ് പറയുന്നത് ഇപ്രകാരമാണ് :’നേതൃത്വം എന്നത് വ്യക്തിത്വവും യുക്തിയുമാണ്. അവ രണ്ടും നേടിയെടുക്കാന്‍ സാധിക്കുകയില്ല’. അതേസമയം പാശ്ചാത്യ ചിന്തകനും, അവരിലെ പ്രമുഖ പണ്ഡിതനുമായ പീറ്റര്‍ ഡര്‍കര്‍ പറയുന്നു:’നേതൃത്വഗുണം ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല അതിനായി പരിശ്രമിക്കല്‍ നിര്‍ബന്ധവുമാണ്’.

ഇസ്‌ലാമിന് ഈ വിഷയത്തില്‍ പ്രത്യേകമായ അഭിപ്രായം വല്ലതുമുണ്ടോ? ഭരണമേഖലയും നേതൃത്വവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന പ്രഗല്‍ഭരായ ആധുനിക മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ ഏകാഭിപ്രായമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ പ്രസ്തുത വിഷയത്തില്‍ ഇസ്‌ലാമിന്റെ സമീപനമെന്ത് എന്നതില്‍ എന്റെ വീക്ഷണം വ്യക്തമാക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ വീക്ഷണം വ്യക്തമാക്കാനുള്ള എന്റെ എളിയ ശ്രമം മാത്രമാണിത്. 

നേതൃഗുണങ്ങള്‍ മൂന്നെണ്ണമാണ്. വിജ്ഞാനം, കഴിവ്, പെരുമാറ്റം എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം-വിജ്ഞാനം, കഴിവ്-തുടങ്ങിയവ നേടിയെടുക്കാന്‍ സാധിക്കുന്നവയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ പെരുമാറ്റം, ശീലം തുടങ്ങിയവ ആര്‍ജിക്കാന്‍ സാധിക്കുമോ ? ഈയൊരു വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ളത്. ജനങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള കഴിവും ശേഷിയും, അതിന് യോജിച്ച പെരുമാറ്റവും മനുഷ്യന് ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കുന്നവയല്ലെന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. മറിച്ച് അവ ദൈവിക വരദാനമാണ്. അവ രൂപപ്പെടുത്തുന്നതിലോ, വികസിപ്പിക്കുന്നതിലോ, ചെത്തി മിനുക്കുന്നതിലോ മനുഷ്യന് യാതൊരു പങ്കുമില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നേതൃത്വത്തില്‍ നൈസര്‍ഗിക കഴിവുകള്‍ക്ക് യാതൊരു ഇടവുമില്ലെന്ന് മറ്റൊരു വിഭാഗം നിരീക്ഷിക്കുന്നു. ചര്യകളും ശീലങ്ങളും ആര്‍ജ്ജിതമാണോ എന്ന വിഷയത്തില്‍ ഇസ്‌ലാമിന് വല്ല സമീപനവും ഉണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്. ബനൂഖൈസ് ഗോത്രത്തെ നയിച്ചിരുന്ന അഹ്‌നഫ് ബിന്‍ ഖൈസ്(റ)നോട് തിരുമേനി(സ) പറഞ്ഞുവത്രെ ‘അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങളുണ്ട് താങ്കളില്‍. ‘വിവേകവും അവധാനതയുമാണ്’ അവ. കോപിക്കാതിരിക്കുകയും, ധൃതി കാണിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അവ കൊണ്ടുള്ള ഉദ്ദേശ്യം. അപ്പോള്‍ അഹ്‌നഫ് തിരുമേനി(സ)യോട് ചോദിച്ചു ‘എനിക്ക് നൈസര്‍ഗികമായി ലഭിച്ച ഗുണങ്ങളാണോ അവ? തിരുമേനി(സ) പറഞ്ഞു: ‘അതെ അല്ലാഹു താങ്കളെ സൃഷ്ടിച്ച പ്രകൃതിയുടെ ഭാഗമാണ് അവ’. അപ്പോള്‍ അഹ്‌നഫിനെ സംബന്ധിച്ചിടത്തോളം പ്രസ്തുത ഗുണങ്ങള്‍ ദൈവിക വരദാനം തന്നെയായിരുന്നു. അംറ് ബിന്‍ ആസ്വ്(റ)നും അവ അപ്രകാരം തന്നെയായിരുന്നു. ഉമര്‍(റ) അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് :’ഭൂമിയില്‍ നേതാവായല്ലാതെ സഞ്ചരിക്കാന്‍ അംറ് ബിന്‍ ആസ്വിന് സാധിക്കുകയില്ല’. ഇതും പ്രകൃതിപരമായ നേതൃഗുണത്തിലേക്കുള്ള സൂചനയാണ്. എന്നാല്‍ അതേസമയം മറ്റൊരു പ്രവാചക വചനം ഇപ്രകാരമാണ് :’വിജ്ഞാനം പഠിച്ചെടുക്കുന്നതാണ്. വിവേകം പരിശീലനത്തിലൂടെ നേടിയെടുക്കുന്നതാണ്’. അതായത് നേതൃത്വത്തിന് യോജിച്ച ഗുണങ്ങള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കുന്നവ കൂടിയാണ് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതിന് സാധിക്കാത്ത വ്യക്തികളുമുണ്ട് എന്ന് മറ്റൊരു പ്രവാചക വചനത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ‘നേതൃത്വം ഏറ്റെടുക്കരുത്, താങ്കള്‍ ദുര്‍ബലനാണ്’ എന്ന് അബൂദര്‍റ്(റ)നെ വിളിച്ച് തിരുമേനി(സ) ഉപദേശിച്ചത് അതിന് ഉദാഹരണമാണ്. 

ചുരുക്കത്തില്‍ ജന്മനാ നേതൃഗുണം നല്‍കപ്പെട്ട വ്യക്തികള്‍ സമൂഹത്തില്‍ വളരെ ചുരുങ്ങിയ അളവില്‍ ഉണ്ട്. അതേസമയം നേതൃത്വത്തിന് കഴിവില്ലാത്ത, പ്രസ്തുത ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കാത്ത വ്യക്തികളുമുണ്ട്. എന്നാല്‍ ഭൂരിപക്ഷം ആളുകളും നേതൃഗുണങ്ങള്‍ ആര്‍ജ്ജിക്കാനും അവ പരിപോഷിപ്പിക്കാനും കഴിയുന്നവരാണ്. പക്ഷേ ജന്മസിദ്ധിയായി നേതൃഗുണങ്ങള്‍ ലഭിച്ചവരോളം ഉയരാന്‍ അവര്‍ക്ക് സാധിക്കുകയില്ലെന്ന്  പ്രത്യേകം നാം മനസ്സിലാക്കണമെന്നുമാത്രം.

Topics