വിശ്വാസം-ലേഖനങ്ങള്‍

നിഷ്‌കളങ്കനായ വിശ്വാസി

അല്ലാഹുവോടുള്ള തന്റെ സാമീപ്യത്തില്‍ കുറവുസംഭവിക്കുന്നുവെന്നോര്‍ത്ത് നിഷ്‌കളങ്കനായ വിശ്വാസി സദാ ആശങ്കപ്പെട്ടുകൊണ്ടിരിക്കും. തന്റെ കടമകളും ഉത്തരവാദിത്ത്വങ്ങളും എത്ര നന്നായി നിര്‍വഹിച്ചാലും അവനതില്‍ കുറവുകള്‍ കാണും. തന്റെ കര്‍മ്മങ്ങളില്‍ അഭിരമിച്ച് സംതൃപ്തനായി ആത്മവഞ്ചനയില്‍ അകപ്പെടുകയില്ല അവന്‍. തന്റെ തെറ്റുകള്‍ പൊറുക്കപ്പെടുമോ എന്ന് അവന്റെ മനസ്സ് എപ്പോഴും വ്യാകുലപ്പെട്ടുകൊണ്ടിരിക്കും. താന്‍ ചെയ്ത നന്‍മകള്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക അവന്റെ മനസ്സില്‍ എപ്പോഴുമുണ്ടാകും. പൂര്‍വസൂരികളില്‍ ചിലര്‍ തങ്ങളുടെ രോഗാവസ്ഥയില്‍ വല്ലാതെ കരഞ്ഞിരുന്നു. അവരുടെ ബന്ധുക്കള്‍ അവരുടെ കരിച്ചിലിന്റെ കാരണം ചോദിച്ചുവത്രേ, നിങ്ങള്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിച്ചു, നോമ്പ് നോറ്റു, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദു ചെയ്തു, ഹജ്ജും ഉംറയും ചെയ്തു, അറിവ് നേടി, അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്തു. എന്നിട്ടെന്തിനാണ് ഇങ്ങനെ കരയുന്നത്? അപ്പോള്‍ അവര്‍ മറുപടി പറഞ്ഞു.

‘എന്റെ തുലാസ്സില്‍ എന്താണെന്ന് എനിക്കറിയില്ല.അവ എന്റെ റബ്ബിന്റെ അടുക്കല്‍ സ്വീകാര്യമാകുമോ എന്നെനിക്കറിയില്ല. അല്ലാഹു തീര്‍ച്ചയായും മുത്തഖികളില്‍ നിന്നാണ് സ്വീകരിക്കുക എന്നു പറഞ്ഞിട്ടുണ്ടല്ലോ’. ഇങ്ങനെയായിരുന്നു അവരുടെ മറുപടി

തഖ്‌വയുടെ ഉറവിടം ഹൃദയമാണ്. അതിനാലാണ് ഖുര്‍ആന്‍ പറഞ്ഞത്, അത് ഹൃദയങ്ങളുടെ ഭക്തിയാണെന്ന് (സൂറതുല്‍ ഹജ്ജ് 32) തിരുമേനി അതു കൊണ്ടാണല്ലോ തന്റെ ഹൃദയത്തിലേക്കു ചൂണ്ടിക്കൊണ്ടു മൂന്നു പ്രാവശ്യം പറഞ്ഞത് ‘തഖ്‌വ ഇവിടെയാണ്, തഖ്‌വ ഇവിടെയാണെന്ന്’. ‘റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ പ്രകമ്പിതമനസ്സോടെ  ദാനം ചെയ്യുന്നവര്‍, അങ്ങനെയുള്ളവര്‍ മാത്രമാണ് നന്‍മകളില്‍ ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും’ (സൂറതുല്‍ മുഅ്മിനൂന്‍ 60) എന്ന ആയതിനെ കുറിച്ച് ആരെപ്പറ്റിയാണ് ദാനം ചെയ്യുന്നവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്ന് ആയിശ (റ) തിരുമേനിയോടു ചോദിച്ചു. അല്ലാഹുവിനെ ഭയപ്പെടുന്നവരായിരിക്കെ തന്നെ മോഷണം നടത്തുകയും വ്യഭിചരിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണോ അല്ലാഹു ഈ വിശേഷിപ്പിച്ചത്? അവര്‍ ചോദിച്ചു. തിരുമേനി പറഞ്ഞു. ‘അല്ലയോ അബൂബക്കറിന്റെ പുത്രീ! അവരെക്കുറിച്ചല്ല ഈ ആയത്തില്‍ പറഞ്ഞത്, നമസ്‌ക്കരിക്കുകയും നോമ്പുനോക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നവരെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. എന്നാല്‍ അതോടൊപ്പം തന്നെ ഈ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുമോയെന്ന് ഭയപ്പെടുന്നവരുമാണവര്‍. നന്‍മകളില്‍ മുന്നേറുകയും നന്‍മകളില്‍ ഏറെ മുന്നില്‍ നടക്കുന്നവരുമാണവര്‍ (അഹ്മദ് അബൂദാവൂദ്)

തനിക്ക് ലോകമാന്യതയും അഹങ്കാരവുമുണ്ടോ തന്നില്‍ എന്ന് എപ്പോഴും ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കന്‍. തെറ്റു ചെയ്യാന്‍ മനസ്സിലുണ്ടാകുന്ന ചെറിയ തോന്നലുണ്ടാകുന്ന നിമിഷംതന്നെ തന്റെ മനസ്സിനെ നന്മയിലേക്ക് തിരിച്ചുനിര്‍ത്താന്‍ അവന് കഴിയും.

ഇതിനെക്കുറിച്ചാണ് ഇബ്‌നു അതാഉല്ലാഹ് പറഞ്ഞത്: ‘തിന്‍മകളെ പുറത്തേക്കുതള്ളുന്ന മനസ്സിന്റെ പ്രകൃതമാണത്. അനുസരണത്തില്‍ ഗോപ്യമാകുന്ന മനസ്സാണത്. തിന്‍മയെ ഗോപ്യമാക്കിയാല്‍ അതിനെ ചികില്‍സിക്കാന്‍ പ്രയാസമാണ്. അഹങ്കാരം നിനക്ക് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലും നിന്റെ മനസ്സില്‍  കടന്നു കൂടിയേക്കാമെന്ന് നീ തിരിച്ചറിയുക’.

Topics