വിശ്വാസം-ലേഖനങ്ങള്‍

ധൂര്‍ത്തന്‍ സമുദായത്തിനൊരു മുന്നറിയിപ്പ് !!

നേരം വെളുത്തുവരുന്നേ ഉണ്ടായിരുന്നുള്ളൂ. കാളിങ് ബെല്‍ ശബ്ദിക്കുന്നതു കേട്ടു വാതില്‍ തുറന്നപ്പോള്‍ അമ്മത്ക്കയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് വിഷണ്ണഭാവം. 

”എന്താ അമ്മത്ക്കാ….ഇത്ര രാവിലെ? 

കയറിയിരിക്കൂ…” 

അമ്മത്ക്ക വരാന്തയിലേക്കു കയറി കസേരയിലിരുന്നു. പ്രായം ഇത്രയൊക്കെയായിട്ടും എല്ലാ ദിവസവും എന്തെങ്കിലും ജോലിക്കുപോയി കുടുംബം പോറ്റുന്ന അമ്മത്ക്കയെ നാട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. റമദാനിലും മറ്റു വിശേഷദിവസങ്ങളിലും ആരെങ്കിലും കണ്ടറിഞ്ഞു വല്ലതും കൊടുത്താല്‍ വാങ്ങുമെന്നല്ലാതെ ഒരാളെയും തന്റെ ആവശ്യവുമായി അമ്മത്ക്ക സമീപിക്കാറില്ല. വിവാഹം കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അമ്മത്ക്കാക്ക് കുട്ടികള്‍ ഉണ്ടായത്- ഒരാണും ഒരു പെണ്ണും.

അമ്മത്ക്ക ക്ഷീണിച്ച കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്കു നോക്കി. 

”അമ്മത്ക്കാ…വന്ന കാര്യം പറഞ്ഞില്ലല്ലോ?” 

”മോനേ, അസ്മത്തിന് ഒരു പുതിയാപ്പിള ശരിയായിട്ടുണ്ട്…”

”അല്‍ഹംദുലില്ലാ…..എവിടുന്നാ?” 

”ഇവിടെ അടുത്തുനിന്നു തന്നെയാ…”

അമ്മത്ക്ക വീണ്ടും മൗനിയായി.

”ഉടനെ കല്യാണം നടത്തണ്ടേ?”

”വേണം, പക്ഷേ, ഇരുപത്തിരണ്ട് പവന്‍ കൊടുക്കണോന്നാ പറയുന്നത്… 

ഞാനെവിടുന്നാ മോനേ ഇരുപത്തിരണ്ട് പവന്‍ ഉണ്ടാക്കാ?” 

”ഇരുപത്തിരണ്ട് പവനോ!

എന്നുവച്ചാല്‍ ഇപ്പോഴത്തെ വിലയനുസരിച്ച് അതിനുമാത്രം അഞ്ചുലക്ഷം രൂപയോളം വേണ്ടിവരില്ലേ?”

”അതാണ് മോനേ എന്റെയും ബേജാറ്…

അത്രയും പണം ഞാനെങ്ങനെ ഉണ്ടാക്കൂന്ന് ഒരു പിടിയും കിട്ടുന്നില്ല. എല്ലാവരെയും കണ്ട് കാര്യം പറയല്ലാതെ ഞാനെന്തു ചെയ്യും.” 

അമ്മത്ക്ക പുലരും മുമ്പെ ഇറങ്ങിപ്പുറപ്പെട്ടതിന്റെ കാരണമതാണ്. 

”അമ്മത്ക്കാ…എന്റെ മോളുടെ കല്യാണത്തിന് ഇരുപത്പവനില്‍ കുറഞ്ഞേ കൊടുത്തിട്ടുള്ളൂ…”ഞാനറിയാതെ പറഞ്ഞുപോയി 

അമ്മത്ക്കയുടെ മുഖം പെട്ടെന്നു ഗൗരവംപൂണ്ടു.

”ങ്ങക്കത് നടക്കും… ങ്ങള് ചെയ്താല് ആള്‍ക്കാര് അതിനെ ലാളിത്യോന്ന് പറഞ്ഞു പുകഴ്ത്തും. ഈ അമ്മത് ചെയ്താലോ, അമ്മതിന്റെ ദാരിദ്ര്യം കൊണ്ടാണെന്നും പറയും.” 

എന്റെ നാവിറങ്ങിപ്പോയതു പോലെയായി. ദരിദ്രവാസിയെന്ന പഴിയോ പുലരും മുമ്പേ തെരുവു തെണേ്ടണ്ടിവരുന്ന ദുര്‍വിധിയോ, ഏതാണ് കൂടുതല്‍ ഭേദമെന്നു നിര്‍ണയിക്കാനാവാതെ ഞാന്‍ അമ്മത്ക്കയുടെ തളര്‍ന്ന കണ്ണുകളിലേക്കു തുറിച്ചുനോക്കി.

സാധ്യമാവുന്നതു ചെയ്യാമെന്ന ആശ്വാസവചനം കേട്ട് അമ്മത്ക്ക ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോവുന്നത് ഒരുതരം മരവിപ്പോടെയാണ് ഞാന്‍ നോക്കിനിന്നത്. തനിക്കു പിറന്നതിലൊന്നു പെണ്ണായിപ്പോയതിന്റെ പാപപരിഹാരത്തിന് ഇനിയിപ്പാവം എത്ര പകലുകള്‍ ഇതുപോലെ അലയേണ്ടിവരുമെന്നോര്‍ത്തപ്പോള്‍ ഉള്ളിലരിച്ചു കയറിയ അമര്‍ശം ആരോട്പ്രകടിപ്പിക്കണമെന്നറിയാതെ ഞാനിരുന്നു. തന്റെ ഭാര്യയാവാന്‍ പോവുന്നവളുടെ പ്രായം ചെന്ന പിതാവിനെ തനിക്കുവേണ്ടി തെണ്ടാനിറക്കിയ ചെറുക്കന്റെ ആണത്തമില്ലായ്മയോടോ?. വിവാഹമെന്നതു പെണ്‍കുട്ടിയുടെ മാത്രം ആവശ്യമാണെന്ന മട്ടില്‍ സമുദായത്തിനകത്ത് ആണ്‍കോയ്മയുടെ ജീര്‍ണതപേറുന്ന ആചാരങ്ങളും നാട്ടുനടപ്പുകളും കെട്ടിപ്പടുത്ത സമുദായ നടത്തിപ്പുകാരോടോ? ആര്‍ത്തിയും ദുരഭിമാനവും ഒരു സമുദായത്തിന്റെ സാമൂഹികാവസ്ഥയെ വികൃതമാക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍.

സ്വര്‍ണക്കടകള്‍ ‘ഫാത്തിഹ’ ചൊല്ലി ഉദ്ഘാടനം ചെയ്യുന്നതു ദിനചര്യയാക്കിയ ആത്മീയാചാര്യന്മാരുളള സമുദായത്തില്‍ ‘ബര്‍ക്കത്തുകള്‍’ മുഴുക്കെ ജ്വല്ലറിയുടമകള്‍ക്കും ഷോപ്പിങ്മാളുകള്‍ക്കുമായി വീതംവച്ചു പോയപ്പോള്‍ സമുദായത്തിലെ പാവങ്ങള്‍ക്കു ലഭിച്ചത് പഴയ പിച്ചച്ചട്ടിതന്നെയാണല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ ഒരു പുതിയ സ്‌കൂട്ടര്‍ ഗേറ്റ് കയറി വന്നു.

…..യാണ്. നാട്ടില്‍ ഇതിനകം ജനസംസാരമായിക്കഴിഞ്ഞ വീടിന്റെ ഉടമ. ഗൃഹപ്രവേശനമുണെ്ടന്നു കേട്ടിരുന്നു. അതിനു ക്ഷണിക്കാന്‍ വരുന്നതാവും. സ്‌കൂട്ടറില്‍ നിന്നിറങ്ങി ആഗതന്‍ നിറചിരിയോടെ വരാന്തയിലേക്ക് കയറി. കൈയിലുള്ള ക്ഷണക്കത്തുകളിലൊന്ന് (ഫലകം എന്നു പറയുന്നതാവും കൂടുതല്‍ ശരി) ‘ടിം’ എന്ന ശബ്ദത്തോടെ ടീപോയില്‍ വന്നുവീണു. ”വിവരമൊക്കെ അറിഞ്ഞിട്ടുണ്ടാവുമല്ലോ? നേരത്തേ വരണം. ഇരിക്കാന്‍ നേരമില്ല. ക്ഷണിക്കാന്‍ ഇനിയും ഒരു പാടുപേര്‍ ബാക്കിയാണ്.” ചായക്കുള്ള ക്ഷണം നിരസിച്ച് അദ്ദേഹം എഴുന്നേറ്റു. ടീപോയില്‍ കിടന്നിരുന്ന ഏട് ഞാന്‍ കൈയിലെടുത്തു. ഒരു ഇരുനൂറ് ഗ്രാം തൂക്കം കാണും. അത്തരമൊന്നിനു നൂറുരൂപയെങ്കിലും ആവാതിരിക്കില്ല. ചുരുങ്ങിയത് ആയിരം എണ്ണമെങ്കിലും അടിപ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍ ചെലവ് ഒരുലക്ഷം രൂപ. മകള്‍ക്ക് 22 പവന്‍ തികയ്ക്കാന്‍ വീടുകള്‍ കയറിയിറങ്ങുന്ന അമ്മത്ക്കയുടെ തളര്‍ന്ന രൂപം എന്റെ മനസ്സിലേക്കു വീണ്ടും കയറിവന്നു. സമുദായത്തിലെ വിരുദ്ധമായ രണ്ടവസ്ഥകളെ മുഖാമുഖം കാണാനിടവന്ന അന്നത്തെ ഒരു ദിവസത്തെ യാദൃശ്ചികതയില്‍ എനിക്ക് കൗതുകം തോന്നാതിരുന്നില്ല.

കേരളത്തിലെ മുസ്‌ലിംസമൂഹത്തിന്റെ മുന്നേറ്റങ്ങള്‍ പലതും അഭിമാനകരമായി വിലയിരുത്തപ്പെടുമ്പോഴും സമുദായത്തിനകത്തു ധൂര്‍ത്തിന്റെയും പണക്കൊഴുപ്പാര്‍ന്ന പ്രകടനപരതയുടെയും വിലകുറഞ്ഞ പൊങ്ങച്ചങ്ങളുടെയും ഏറ്റവും അനാരോഗ്യകരമായ പ്രവണതകള്‍ ശക്തിപ്പെട്ടുവരുന്നതു സമുദായം നാശോന്മുഖമായ പാതയിലേക്കു വഴിമാറുകയാണെന്ന ആശങ്കയുണര്‍ത്തുകയാണ്. മത-രാഷ്ട്രീയനേതാക്കളും ആത്മീയനേതൃത്വങ്ങളും ഈ കെട്ടുകാഴ്ചകളിലെ എഴുന്നള്ളിപ്പുകള്‍ മാത്രമായി മാറുമ്പോള്‍ ചിത്രം കൂടുതല്‍ ശോചനീയമാവുന്നു. വില ഇരുപത്തിരണ്ടായിരം കടന്നിട്ടും സമുദായത്തിന്റെ സ്വര്‍ണക്കൊതിക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

കേരളീയരുടെ സ്വര്‍ണത്തോടുള്ള ആര്‍ത്തി ഏതാണെ്ടാരു സാമൂഹിക രോഗാവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. വടക്കേ മലബാറിലെത്തുമ്പോള്‍ അതൊരു മുഴുത്ത ഭ്രാന്തായി മാറുന്നു. കോഴിക്കോട് ജില്ലയിലെ ഒരു പ്രദേശമായ കൊടുവള്ളിയില്‍ മാത്രം നൂറോളം സ്വര്‍ണക്കടകള്‍ തുറന്നുവെച്ചിരിക്കുന്നത് വെറുതെയാവില്ലല്ലോ. 

തൊണ്ണൂറുകളുടെ അവസാനം പവന് അയ്യായിരം രൂപയില്‍ കുറഞ്ഞ വില മാത്രമുണ്ടായിരുന്ന സ്വര്‍ണത്തിനു വില ഉയര്‍ന്ന് 22,000 ത്തിലെത്തിയിട്ടും മഞ്ഞലോഹത്തോടുള്ള മലയാളിയുടെ മോഹത്തിനു കുറവൊന്നുമുണ്ടായിട്ടില്ല. ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തിന്റെ 60 ശതമാനവും നമ്മുടെ കൊച്ചുകേരളത്തിലാണെന്നാണു കണക്കുകള്‍ പറയുന്നത്. ഏതാണ്ട് ഇരുപതിനായിരം കോടി രൂപയ്ക്കുള്ള സ്വര്‍ണം ഓരോ വര്‍ഷവും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ടത്രേ! 

കൊച്ചുപട്ടണങ്ങളില്‍ പോലും വമ്പന്‍ ഗോള്‍ഡ് ഷോറൂമുകള്‍ ഉയര്‍ന്നുവരുന്നത് ഇക്കാരണത്താലാണ്. ഭക്ഷ്യവസ്തുക്കള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നതു സ്വര്‍ണവ്യാപാര മേഖലയിലാണ്. വിശ്വാസയോഗ്യമായ നിക്ഷേപരംഗത്തിന്റെ അഭാവവും അതേക്കുറിച്ച അറിവിന്റെ അപര്യാപ്തതയും കാരണം ഏറ്റവും വിശ്വസിക്കാവുന്ന ഒരു സാമ്പത്തിക ആസ്തി എന്ന നിലയിലും സ്വര്‍ണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറുകയാണ്. രാജ്യത്തിനകത്തു ക്രയവിക്രയം ചെയ്യപ്പെടേണ്ട വലിയൊരു സമ്പത്ത് ക്രിയാത്മകമായി ഒരു പ്രയോജനവും ചെയ്യാതെ പത്തായപ്പുരകളില്‍ ചത്തുമലച്ചു കിടക്കുന്നതു രാജ്യത്തിനോ വ്യക്തിക്കോ ഒരു ഗുണവും ചെയ്യുന്നില്ലെന്നു മാത്രമല്ല, അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഗതിവിഗതികള്‍ക്കനുസരിച്ചാണു സ്വര്‍ണവിലയുടെ ഉയര്‍ച്ചതാഴ്ചകളെന്നതിനാല്‍ ഈ രംഗത്തുണ്ടാവുന്ന ഏതൊരു തിരിച്ചടിയും കേരളത്തിലെ ജനങ്ങളെ ഗുരുതരമായി ബാധിച്ചു എന്നും വരാം.

സമ്പന്ന മുസ്‌ലിംകുടുംബങ്ങളില്‍ വിവാഹങ്ങളോടനുബന്ധിച്ച് അരങ്ങേറുന്ന സ്വര്‍ണക്കേളികള്‍ എല്ലാ ധാര്‍മികപരിധികളും അതിലംഘിക്കുകയാണ്. പെണ്ണുകാണല്‍ ചടങ്ങു തൊട്ടു പവനുകളുടെ വിളയാട്ടം തുടങ്ങും. വിവാഹത്തലേന്നു തൊട്ട് സര്‍വാഭരണവിഭൂഷിതയായി അവതരിക്കുന്ന പുതുപെണ്ണിന്റെ ശരീരത്തിലെ ആഭരണസമൃദ്ധി കണ്ട് നാട്ടിലെ ആണും പെണ്ണും ഒരുപോലെ അദ്ഭുതം കൂറുന്നു. തങ്ങളുടെ പെണ്‍കുട്ടിയെ ഈ വിധം ആപാദമസ്തകം പൊന്നില്‍ പൊതിയുമ്പോള്‍ ചുറ്റും ജീവിക്കുന്ന മനുഷ്യരെക്കുറിച്ചോ അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചോ ആ വീടുകള്‍ക്കുള്ളില്‍ പലതിലും കരിഞ്ഞുവീഴുന്ന വിവാഹസ്വപ്നങ്ങളെ കുറിച്ചോ ഈ ആളുകള്‍ ഒരു നിമിഷംപോലും ഓര്‍ത്തുനോക്കുന്നില്ല. 

ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവാഹമാമാങ്കങ്ങള്‍ക്കെതിരേ ചില കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു തുടങ്ങിയപ്പോഴാണ് ഇത്തരം പരിപാടികളോടനുബന്ധിച്ചു പാവപ്പെട്ട ഏതാനും പെണ്‍കുട്ടികളുടെ സമൂഹവിവാഹം കൂടി സംഘടിപ്പിക്കുന്ന പതിവുകള്‍ കണ്ടുതുടങ്ങിയത്്. സമൂഹവിവാഹം പോലുള്ള കാര്യങ്ങള്‍ ആത്മാര്‍ഥമായി സംഘടിപ്പിക്കുന്നവരുണ്ടാവാമെങ്കിലും കോടികള്‍ പൊടിപൊടിച്ചു നടത്തുന്ന വമ്പന്‍ ധൂര്‍ത്തുകളുടെ അശ്ലീലതകള്‍ മറച്ചുവച്ച് അതിനെ മഹത്ത്വപ്പെടുത്താനുള്ള തന്ത്രമായാണു പലപ്പോഴും ചടങ്ങുകള്‍ മാറുന്നത്. ഇതുപോലുള്ള സമൂഹവിവാഹങ്ങളില്‍ വിവാഹിതരാവുന്നവര്‍ അധികവും ആ പ്രദേശത്തുകാര്‍ക്ക് അപരിചിതരാണെന്നു പറയപ്പെടുന്നു. മാത്രമല്ല, ചിലയിടങ്ങളില്‍ വധൂവരന്‍മാരെ വേഷം കെട്ടിച്ചു കൊണ്ടുവന്നിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 

മതധാര്‍മികതയ്ക്കു നിരക്കാത്തതും വ്യക്തമായ മതശാസനകള്‍ക്കു കടകവിരുദ്ധവുമായ ധൂര്‍ത്തിന്റെയും ആഡംബരങ്ങളുടെയും അതിരുവിട്ട പ്രയോഗ രീതികള്‍ക്കെതിരേ പള്ളികളോ മതസംഘടനകളോ മതനേതാക്കളോ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നു മാത്രമല്ല, ഇത്തരം പണച്ചാക്കുകളുടെ സംഭാവനകളിലും സല്‍ക്കാര സമൃദ്ധിയിലും സ്വയം മറന്ന് അതിന്റെ നടത്തിപ്പുകാരായി അവര്‍ മാറുന്നതാണ് എവിടെയും കണ്ടുവരുന്നത്. 

പണമുണെ്ടങ്കില്‍ എന്തുമാവാമെന്നും ആരെയും വിലയ്‌ക്കെടുക്കാമെന്നുമുള്ള അവസ്ഥ സമുദായത്തിന്റെ ധാര്‍മികമായ പരാജയവും ഒരു ആദര്‍ശസമൂഹമെന്ന അതിന്റെ നിലപാടിന്റെ നിഷേധവുമാണ്. ഉത്തരമലബാറിലൊരിടത്ത് ഒരു നവസമ്പന്നന്റെ മകളുടെ മൂന്നുദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സമുദായത്തിന്റെ ആത്മീയനേതൃത്വങ്ങളായി വാഴ്ത്തപ്പെടുന്ന പലരും ഒന്നും രണ്ടും ദിവസമാണത്രേ അവിടെ കെട്ടിക്കിടന്നത്. പാവപ്പെട്ടവന്റെ ഒരു പരിദേവനം കേള്‍ക്കാന്‍ ദൈനംദിന തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടാത്ത ‘മഹത്തുക്കളാ’ണ് ഈ വിധം 

പണക്കാരന്റെ തിണ്ണകളില്‍ നിരങ്ങാന്‍ യഥേഷ്ടം സമയം കണ്ടെത്തുന്നതെന്നതു ലജ്ജാകരമാണ്. പണമാണു സര്‍വ്വമെന്ന സന്ദേശം ആത്മീയപരിവേഷത്തോടെ സമുദായമനസ്സില്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു മതനേതൃത്വങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ചു കൂട്ടുനില്‍ക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും. മറ്റൊരു സമുദായത്തിലും ജ്വല്ലറികള്‍ ഉദ്ഘാടനം ചെയ്യാനായി ഉഴിഞ്ഞുവെച്ച മതനേതാക്കളെ നാം കാണുന്നില്ല. ഇതിലൂടെ വളരെ തെറ്റായ സന്ദേശമാണു സമുദായത്തിന് തങ്ങള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ആലോചിച്ചുനോക്കാന്‍ ഈ നേതാക്കള്‍ക്കു ബാധ്യതയുണ്ട്. 

സമുദായത്തിനകത്ത് ആഡംബരപ്രിയവും പൊങ്ങച്ചപ്രകടനങ്ങളും ധൂര്‍ത്തും പകര്‍ച്ചവ്യാധി പോലെ വ്യാപകമാവാന്‍ തുടങ്ങിയത് പുതുപ്പണക്കാരുടെ രംഗപ്രവേശനത്തോട്കൂടിയാണെന്നത് ഒരു വസ്തുതയാണ്. ഇവരില്‍ വലിയൊരു പങ്കും വിദ്യാഭ്യാസപരമോ മതപരമോ സാംസ്‌കാരികമോ വൈജ്ഞാനികമോ ആയ മെച്ചപ്പെട്ട പശ്ചാത്തലങ്ങളുള്ളവരല്ല എന്നതും ഒരു സത്യമാണ്. ഗള്‍ഫില്‍ തുടങ്ങിയ ഏതെങ്കിലുമൊരു കച്ചവടസംരംഭം ക്ലിക്കായി കിട്ടിയതിനെ തുടര്‍ന്നു പെട്ടെന്നു വന്‍പണക്കാരായി മാറിയവരാണു പലരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കടന്നു മാസങ്ങള്‍ കൊണ്ടു കോടീശ്വരന്മാരായിത്തീര്‍ന്നവരെ ഈ ലേഖകന് നേരിട്ടറിയാം. അവര്‍ക്കുതന്നെ അമ്പരപ്പു തോന്നുന്ന ഒരു സാമ്പത്തികാവസ്ഥയിലും സുസ്ഥിതിയിലും പൊടുന്നനെ അവരെത്തിപ്പെടുമ്പോള്‍ സമ്പത്തു കാര്യക്ഷമമായും ക്രിയാത്മകമായും കൈകാര്യം ചെയ്യുന്നതിനോ ചെലവഴിക്കുന്ന രീതികള്‍ ബുദ്ധിപരമായി നിര്‍ണയിക്കുന്നതിനോ അവര്‍ക്കു കഴിയാതാവുന്നതു പണത്തിന്റെ ആര്‍ഭാടപൂര്‍ണവും അനാരോഗ്യകരവുമായ വിനിമയങ്ങള്‍ക്കു വഴിവയ്ക്കുന്നു. തങ്ങളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ പൂര്‍വകാലം പലതരത്തിലുള്ള മാനസികാവസ്ഥകള്‍ അവരില്‍ സൃഷ്ടിച്ചിട്ടുണ്ടാകാനുമിടയുണ്ട്. സുഹൃത്തുക്കള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും തങ്ങളുടെ ഭൂതകാലത്തെ കുറിച്ചു നിലനില്‍ക്കുന്ന ഇരുണ്ട ചിത്രങ്ങള്‍ മായ്ച്ചുകളയാനുള്ള ത്വര അത്തരമാളുകളെ അതിരുവിട്ട പ്രകടനപരതയിലേക്കും പൊങ്ങച്ചപ്രകടനത്തിലേക്കും നയിക്കുന്നുണ്ടാകാം. വര്‍ഷങ്ങളായി മനസ്സിനെ അലട്ടിയും വേദനിപ്പിച്ചും കിടന്ന ഓര്‍മകളും അപകര്‍ഷതയും കിട്ടിയ സന്ദര്‍ഭത്തില്‍ ഒരു തരം അപ്രഖ്യാപിത പ്രതികാരബോധമായി ചിലരിലെങ്കിലും പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്. സാമ്പത്തികമായ ധാരാളിത്തം കൊണ്ട് ജനങ്ങളെ അമ്പരപ്പിക്കാനുള്ള താല്‍പ്പര്യങ്ങള്‍ വളരുന്നതിനു പിന്നില്‍ വലിയ ഒരളവോളം ഇത്തരം മനശ്ശാസ്ത്രപരമായ ഘടകങ്ങളുണ്ടെന്നു സംശയിക്കണം. മറ്റു ചിലയാളുകള്‍ക്ക് കൈവന്ന പണം എങ്ങനെയും പെരുപ്പിക്കണമെന്ന ചിന്തയാണ്. അതിനവര്‍ ഏതു വഴിയും തിരഞ്ഞെടുത്തേക്കും. ഈയിടെയായി കേരളത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള വന്‍കിട ഭൂമാഫിയാസംഘങ്ങളില്‍ ഇത്തരം പുതുപ്പണക്കാരുടെ സാന്നിധ്യം ധാരാളമായി കാണാന്‍ കഴിയും. 

രോഗാതുരമായ ഇത്തരം മാനസികാവസ്ഥകളെ ഗുണകാംക്ഷാപൂര്‍വം തിരുത്താനും ആരോഗ്യകരമായ വഴികളിലേക്കു തിരിച്ചുവിടാനുമുള്ള ബാധ്യത സമുദായത്തിലെ പണ്ഡിതന്മാര്‍ക്കും നേതൃത്വങ്ങള്‍ക്കുമാണ്. സാമ്പത്തികരംഗത്തു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ഒരു സംവിധാനം സമുദായത്തിലെവിടെയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നത് അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കുന്നു. ഒരു സാമ്പത്തിക അച്ചടക്കത്തിനു വിധേയമാകാന്‍ സമുദായത്തിലെ സമ്പന്നര്‍ സ്വയം തയ്യാറാവുകയാണ് ഒരു പരിഹാരം. കൈയിലിരിക്കുന്ന സമ്പത്തു ദൈവികമായ സൂക്ഷിപ്പുമുതലാണെന്ന ബോധം സമ്പന്നര്‍ക്കുണ്ടാവണം. അതു സ്വന്തത്തിനും കുടുംബത്തിനും സമുദായത്തിനും നാടിനും പ്രയോജനപ്പെടും വിധം ഉപയോഗിക്കാനും വളര്‍ത്താനും അവര്‍ ദൈവദൃഷ്ട്യാ ബാധ്യതപ്പെട്ടവരാണ്. 

സ്വന്തം സാമ്പത്തികസ്ഥിതിക്കൊത്തു ജീവിക്കാനും പെരുമാറാനും മുസ്്‌ലിംസമൂഹത്തെ പരിശീലിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക അരുതായ്മകള്‍ക്കെതിരായ ക്രിയാത്മകമായ ഇടപെടലുകള്‍ക്കു സമുദായ സംഘടനകള്‍ സന്നദ്ധമാവണം. 

സ്വദേശിയും വിദേശിയുമായ എല്ലാതരം കാറുകളുടെയും ഷോറൂമുകള്‍ വടക്കേ മലബാറിലെങ്ങും ഉയര്‍ന്നുവരുന്നതു ഇന്ന് പതിവ് കാഴ്ചയാണ്. ആഡംബരകാറുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നത് ഈ ഭാഗങ്ങളില്‍ നിന്നാണെന്നു കേള്‍ക്കുന്നു. ലക്ഷങ്ങളുടെ കാറുകളില്‍ സഞ്ചരിക്കുന്ന മഹാഭൂരിപക്ഷവും ബാങ്കുകളില്‍ വന്‍ തുക ബാധ്യതപ്പെട്ടാണ് അവ സ്വന്തമാക്കുന്നതെന്നതു പരസ്യമായ രഹസ്യമാണ്. അവരില്‍ ഭൂരിഭാഗത്തിനും അത്തരം കാറുകള്‍ വിലകൊടുത്തു വാങ്ങാനുള്ള സുസ്ഥിരമായ സാമ്പത്തികസ്ഥിതിയില്ല. പെട്ടെന്നു മരിച്ചുപോയാല്‍ തങ്ങളുടെ കുടുംബങ്ങളുടെ മേല്‍ ലക്ഷങ്ങളുടെ കടബാധ്യതകള്‍ വന്നു വീണേക്കാവുന്ന ഈ ഭ്രാന്തിനു പിന്നില്‍ മറ്റുള്ളവരുടെ മുമ്പില്‍ ഞെളിയാനുള്ള ആഗ്രഹം മാത്രമാണുള്ളത്. പരിസരബോധമില്ലായ്മ ഏതൊക്കെ വിപത്തുകളില്‍ ഇവരെയെത്തിക്കുമെന്നു കണ്ടറിയേണ്ടിവരും. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ ഒരു കോടിയുടെ കാര്‍ വാങ്ങിയതു സ്വന്തം അളിയനെ തോല്‍പ്പിക്കാനായിരുന്നുവത്രേ. കച്ചവടത്തില്‍ തന്റെ എതിരാളിയായ അളിയന്‍ 50 ലക്ഷത്തിന്റെ കാര്‍ വാങ്ങിയപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഒരു കോടിയുടെ കാര്‍ വാങ്ങി പകരം വീട്ടി. ഈ മല്‍സരത്തില്‍ അവസാനം തോല്‍ക്കുന്നതു സമുദായമായിരിക്കുമെന്നു നമുക്കുറപ്പിക്കാനാവും. 

Topics