ഭൂപ്രദേശം, ഭാഷ, ചരിത്രം, സംസ്‌കാരം, പരിഷ്‌കാരം , വംശം, രാഷ്ട്രീയ-സാമ്പത്തികഘടകങ്ങള്‍ എന്നിവയെ ദേശീയതയുടെ അടിസ്ഥാനമായി കാണുന്നതിന്റെ യുക്തിരാഹിത്യത്തെക്കുറിച്ചാണ് ഈ പഠനം. പൗരത്വവും അഭയാര്‍ഥിത്വവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാനസാഹചര്യത്തില്‍ എന്തെല്ലാം അപകടങ്ങളാണ് ദേശീയത ഉണ്ടാക്കിത്തീര്‍ക്കുന്നതെന്ന് വിശദമായ പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഖണ്ഡശ്ശ വിവരണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ആത്മകേന്ദ്രിതയും വിദ്വേഷവും
ദേശീയതയുടെ ഏറ്റവും വലിയ അപകടം അതിന്റെ വിദ്വേഷമനോഭാവമാണ്. അതായത്, അതിലുള്‍പ്പെടുന്ന വ്യക്തിയോ സംഘമോ ആത്മകേന്ദ്രിതരാവുകയും യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയും തങ്ങളുടെ തീരുമാനങ്ങളില്‍ ഭയമില്ലാത്തവരും അയവില്ലാത്തവരുമാകുകയുംചെയ്യുന്ന അക്രമണോത്സുകമായ ഒരു വൈകാരികാവസ്ഥയാണത്.
ഒരു രാജ്യത്തോടുള്ള തങ്ങളുടെ ദേശീയവികാരങ്ങള്‍ മറ്റു രാജ്യങ്ങളോടുള്ള വിദ്വേഷത്തിലേക്ക് അവരെ നയിക്കുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അത് ‘ഞങ്ങള്‍ സംഘവികാരവും’ ‘ഉള്‍സംഘവികാരവും ‘ജനിപ്പിക്കുകയും തങ്ങളുടെ നാടിനെ മാത്രം സ്‌നേഹിക്കാനും അതിനെ പ്രകീര്‍ത്തിക്കാനും ഉള്‍സംഘത്തിനു പുറത്തുള്ള എല്ലാവരെയും വെറുക്കപ്പെടേണ്ട ശത്രുക്കളായി കണക്കാക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആത്മപ്രശംസയാണ് അതിന്റെ രീതി. മറ്റുള്ളവരോട് ഏതെങ്കിലും വിധത്തിലുള്ള അനുകമ്പയും സഹിഷ്ണുതയും കാണിക്കുന്ന രീതിയല്ല അതിന്റേത്.
അസന്തുലിതമായ ദേശീയതയില്‍ നിന്ന് പൊട്ടിമുളക്കുന്ന ആത്മകേന്ദ്രിതഭാവം വ്യത്യസ്തമായ പരിതസ്ഥിതികളില്‍ , വ്യത്യസ്തരൂപങ്ങളില്‍ പ്രകടമാകുന്നു. അതായത്, വര്‍ഗകേന്ദ്രിതമനോഭാവം, അക്രമാസക്തരാജ്യസ്‌നേഹം, വംശകേന്ദ്രിതവും വര്‍ഗകേന്ദ്രിതവുമായ വികാരങ്ങളില്‍ എന്നിങ്ങനെയെല്ലാം.
ഉത്കര്‍ഷബോധവും ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനവും
ദേശസ്‌നേഹം അനാവശ്യമായ ഉത്കര്‍ഷതാബോധം പ്രോത്സാഹിപ്പിക്കുകയും മറ്റുരാജ്യങ്ങളെ പുച്ഛിച്ചുതള്ളുന്നതിലൂടെ അത് ശക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഒരു പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ പറയുന്നത് നോക്കുക: ‘ദേശീയതയുടെ ഒരു പ്രധാന പ്രത്യേകതകളിലൊന്നാണ് അവനവന്റെ രാജ്യത്തെപ്പറ്റിയുള്ള അതിരുകവിഞ്ഞ മതിപ്പും മറ്റുള്ളവരുടെ രാജ്യങ്ങളെപ്പറ്റിയുള്ള മതിപ്പില്ലായ്മയും സ്വയംവിമര്‍ശനം, ഉത്തരവാദിത്തബോധം, നീതിപാലനം എന്നിവയുടെ അഭാവവുമാണ്. ദേശീയത യാഥാര്‍ഥ്യത്തെ തിരസ്‌കരിക്കുകയും സമൂഹത്തില്‍ ആദര്‍ശത്തിലും മിഥ്യാബോധത്തിലും അധിഷ്ഠിതമായ ഒരു വീക്ഷണത്തിന്റെ മേധാവിത്വത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.’
സ്വയം മഹത്തരമാക്കി എഴുന്നള്ളിക്കാന്‍ വേണ്ടി ഭാവന, അതിശയോക്തി, അയഥാര്‍ഥമായ യുക്തിവിചാരം, പുച്ഛഭാവം, അസഹനീയമായ ആത്മപ്രശംസ എന്നിവയ്ക്കുപുറമെ ചരിത്രത്തെ വളച്ചൊടിച്ച് ചിത്രീകരിക്കല്‍, മാതൃകകളെ സൃഷ്ടിക്കല്‍, കെട്ടുകഥകള്‍ മെനഞ്ഞെടുക്കല്‍ എന്നിവയെയും ആശ്രയിക്കുന്നു. ചരിത്രപരവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ട് ചരിത്രസത്യങ്ങളെ ഭാവനാ സമ്പന്നമായ കെട്ടുകഥകളാക്കി വളച്ചൊടിച്ച് അവതരിപ്പിക്കുന്നു.(തുടരും)
ഡോ. അലി മുഹമ്മദ് നഖ്‌വി
Add Comment