വിശ്വാസം-ലേഖനങ്ങള്‍

ദുരന്തങ്ങള്‍ നമ്മെ ദുര്‍ബലരാക്കുന്നില്ല

പരീക്ഷണങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ദുരന്തങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയെ നേരിടാനുള്ള ആത്മധൈര്യം നമ്മുടെ വിശ്വാസവും അല്ലാഹുവുമായുള്ള ബന്ധവും എത്രമാത്രമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ദുരന്തം പലയാളുകളിലും വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാക്കുന്നത്. ചിലയാളുകളെ അത് വിശ്വാസത്തില്‍നിന്നും അല്ലാഹുവില്‍നിന്നും അകറ്റിക്കളയും. എന്നാല്‍ അടിയുറച്ച ഈമാനുള്ളവരെയും വിനയാന്വിതരെയും അത് സമാശ്വാസം പകര്‍ന്നുനല്‍കി ഉന്നതവിധാനങ്ങളിലെത്തിക്കും. തങ്ങളെ ബാധിച്ച ദുരന്തത്തില്‍ അലമുറയിട്ട് കരയുന്നവരെയും എല്ലാറ്റിനെയും കുറ്റപ്പെടുത്തുന്നവരെയും നിരാശയാല്‍ സമൂഹത്തെ തള്ളിപ്പറയുന്നവരെയും തിരിച്ചറിവുള്ളവരാക്കാന്‍ ക്ഷമാലുവായ വിശ്വാസിയുടെ സംയമനവും സമചിത്തതയും ഉയര്‍ത്തിക്കാട്ടേണ്ടതാണ്.

കാരണം, വിശ്വാസദാര്‍ഢ്യം നഷ്ടപ്പെട്ടവര്‍ ദുരന്തങ്ങളെ കുറ്റംപറഞ്ഞ് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരായിരിക്കും എന്ന യാഥാര്‍ഥ്യമുണ്ട്.
അല്ലാഹു പറയുന്നു: ‘കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് അവര്‍ കാണുന്നില്ലേ ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചുമടങ്ങുന്നില്ല’ (അത്തൗബ 126).
ദൗര്‍ഭാഗ്യവശാല്‍ മനുഷ്യരാശി ഇത്തരം പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും പിറകിലെ യുക്തി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അവയുടെയെല്ലാം പിന്നില്‍ യുക്തിയുണ്ടെന്ന് മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. എല്ലാ കാര്യങ്ങളുടെയും പിന്നിലുള്ള യുക്തി അറിഞ്ഞിരിക്കണമെന്ന ദുരുപദിഷ്ടമായ നിര്‍ബന്ധബുദ്ധി ചിലര്‍ക്കെങ്കിലുമുണ്ട്. നാം ആത്മനിഷ്ഠമായും സാമൂഹികമായും നന്‍മയും ക്ഷേമവും ലാക്കാക്കി ജീവിക്കുകയാണെങ്കില്‍ ഒന്നും നമ്മെ ബാധിക്കില്ല എന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ, ദുരന്തത്തില്‍ അതിന്റെ എല്ലാ പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കെ സംഭവിച്ചത് നല്ല കാര്യമാണെന്ന് പറയാനെങ്ങനെ കഴിയും? ‘നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെയും അനിഷ്ടകരമായ അത്യാഹിതങ്ങളുടെയും നേര്‍ക്ക് അതൃപ്തി പ്രകടിപ്പിക്കരുത്. അത് ഒരു പക്ഷേ, പാപങ്ങള്‍ പൊറുക്കപ്പെടുന്ന മോക്ഷമാര്‍ഗമായിരിക്കാം. അല്ലെങ്കില്‍ ശിക്ഷയായിരിക്കാം.’എന്ന് ഹസന്‍ ബസ്വരി പറയുന്നുണ്ട്.

ശാരീരികമോ, മാനസികമോ,സാമ്പത്തികമോ, വൈകാരികമോ ആയ ഏതു പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും നിങ്ങള്‍ സസന്തോഷം സ്വീകരിക്കുക. അത് നിങ്ങള്‍ സ്വപ്‌നമായി താലോലിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയിലെ പരാജയമായിരിക്കാം. പ്രസംഗിക്കാനെഴുന്നേറ്റ് വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന സന്നിഗ്ധഘട്ടമായിരിക്കാം. തകരാന്‍ പോകുന്ന ദാമ്പത്യത്തിന്റെതാകാം. വൈകാതെ ഒരു വിവാഹമോചനം പ്രഖ്യാപിക്കപ്പെടുന്ന വിഷമഘട്ടമായിരിക്കാം. ഒരുപക്ഷേ വീട് കൊള്ളയടിക്കപ്പെട്ട സംഭവമാകാം. നിങ്ങളുടെ ആയുഷ്‌കാല സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തിയ ബിസിനസ് തകര്‍ച്ചയാകാം. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മേലുദ്യോഗസ്ഥന്‍ പരസ്യമായി ശകാരിക്കുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്ത സന്ദര്‍ഭമാകാം. അല്ലെങ്കില്‍ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് വന്നുഭവിക്കുന്ന വലിയ ദുരന്തമോ അതില്‍ നിങ്ങളുടെ നിസ്സഹായാവസ്ഥയോ ആകാം അത്.

ഈ ആധുനികകാലഘട്ടത്തില്‍ സാധാരണക്കാര്‍ പോലും അനുഭവിക്കുന്ന പ്രതിസന്ധികളും പരീക്ഷണങ്ങളുമാണ് മുകളില്‍ വിവരിച്ചത്. പക്ഷേ അത്തരം ഘട്ടത്തില്‍ പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി നിലകൊണ്ടവര്‍ വളരെ കുറവാണ് എന്നതാണ് വസ്തുത. അതിനാല്‍ ദുരന്തങ്ങള്‍ നേടിത്തരുന്ന സദ്ഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:

ദൈവത്തിലേക്ക് അടുപ്പിക്കുന്നു

ദുരന്തങ്ങളുടെയും പ്രതിസന്ധിഘട്ടങ്ങളുടെയും പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്നാണിത്. ഓരോ പരീക്ഷണവും ഒന്നുകില്‍ അല്ലാഹുവില്‍നിന്ന് പിന്തിരിപ്പിക്കുന്നതോ അല്ലെങ്കില്‍ അവനിലേക്ക് അടുപ്പിക്കുന്നതോ ആണ്. ദുരന്തം അതിനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് മാത്രം. ‘അല്ലാഹുവിലേക്ക് ചേര്‍ക്കുന്ന ദുരന്തമാണ് അല്ലാഹുവിനെ വിസ്മരിക്കുന്ന അനുഗ്രഹം നിങ്ങള്‍ക്ക് വന്നുചേരുന്നതിനേക്കാള്‍ ഉത്തമം’എന്ന് ഇബ്‌നു തൈമിയ്യ പറഞ്ഞിട്ടുണ്ട്.
ഭൗതികപരീക്ഷണങ്ങള്‍ നിങ്ങളെ അനശ്വരനായ അസ്തിത്വത്തിലേക്കെത്തിക്കുന്നുവെങ്കില്‍ അതാണ് മറഞ്ഞിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. കൂടാതെ, അത് ആളുകളെ ആശ്രയിക്കുന്നതില്‍നിന്ന് നിങ്ങളെ സ്വതന്ത്രനാക്കി അല്ലാഹുവിന്റെ ആശ്രയത്തിലേക്ക് വഴിനടത്തും. അതേസമയം പ്രയാസങ്ങളിലകപ്പെട്ടിട്ടില്ലാത്ത ആളുകള്‍ താങ്കളെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അപ്പോഴുള്ള വിഷമാവസ്ഥയിലും പ്രതിസന്ധിയിലും താങ്കളെ അകപ്പെടുത്തിയത് അല്ലാഹുവാണല്ലോ. അതിനാല്‍ അവന് മാത്രമാണ് അത് താങ്കളില്‍നിന്ന് നീക്കംചെയ്യാനാകൂ.

നമ്മെ വിനയാന്വിതരാക്കുന്നു

വിനയമാണ് ഈമാനിന്റെ അന്തസ്സത്ത. അഹങ്കാരം, സ്വേഛാപ്രമത്തത, ധിക്കാരം തുടങ്ങി പൈശാചികസ്വഭാവങ്ങളില്‍നിന്ന് നമ്മെ കാത്തുരക്ഷിക്കുന്നത് ദുരന്തങ്ങളാണ്. നബിതിരുമേനി(സ) പറഞ്ഞു: ‘ഒരാളും വിനയമുള്ളവനാവുന്നില്ല; അല്ലാഹു അവനെ ഉയര്‍ത്തിയിട്ടല്ലാതെ’

ദുരന്തങ്ങളും പ്രതിസന്ധികളും സമ്മാനിക്കുന്ന തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നതിലൂടെ ചിലപ്പോഴൊക്കെ ആളുകളില്‍ അഹങ്കാരം ഇല്ലാതാകുകയും വിനയം ഉണ്ടായിത്തീരുകയും ചെയ്യും. അതിനുപയുക്തമാകുംവിധം ദുരന്തങ്ങളെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. അതിനാല്‍ അല്ലാഹുവിനെ പ്രസ്തുതവിഷയത്തില്‍ ചോദ്യംചെയ്യാനോ വെല്ലുവിളിക്കാനോ അടിമകള്‍ക്ക് യാതൊരു അവകാശവുമില്ല. സര്‍വ്വലോകരക്ഷിതാവ് തന്റെ എല്ലാ പരമാധികാരവും സ്വേഛാധികാരവും മനുഷ്യന് മേല്‍ പ്രയോഗിക്കുന്നതിലൂടെ അവന്‍ തന്റെ നിസ്സാരത്വം തിരിച്ചറിയുന്നു. ദൈവത്തിനുള്ള തന്റെ സമര്‍പ്പണവും വിധേയത്വവും പ്രകടിപ്പിക്കാതിരുന്നത് തെറ്റായെന്ന് ദുരന്തങ്ങള്‍ അവനെ ഓര്‍മിപ്പിക്കുന്നു. സ്രഷ്ടാവിനുള്ള സമ്പൂര്‍ണഅടിമത്തം പൂര്‍ത്തീകരിക്കാന്‍ വിനയം അവനെ അനുവദിക്കുന്നു.
‘പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്'(അല്‍ഫുര്‍ഖാന്‍ 63).

അല്ലാഹുവിന്റെ കാരുണ്യപ്രതീകം

മുഹമ്മദ് നബി(സ) പറഞ്ഞു: ‘അല്ലാഹു അവന്റെ ദാസനെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ അവനെപരീക്ഷണിലകപ്പെടുത്തുന്നു.’
മറ്റൊരിടത്ത് ഇങ്ങനെ കാണാം: ”അല്ലാഹു ഒരാള്‍ക്ക് നന്‍മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ മേല്‍ പരീക്ഷണങ്ങളെ തുടരെ ഇറക്കുന്നു’.
ആരെങ്കിലും നിങ്ങളോട് സ്‌നേഹംപ്രകടിപ്പിച്ചാല്‍ നിങ്ങള്‍ പ്രത്യുത്തരംചെയ്യാന്‍ തിടുക്കം കാട്ടുന്നു. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുമ്പോഴാകട്ടെ അവന്റെ തൃപ്തിയും പ്രീതിയും കാംക്ഷിച്ചുകൊണ്ട് അവനിലേക്ക് തിരിയുന്നു.

ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘ദുരന്തങ്ങളും, പരീക്ഷണങ്ങളും, വിശ്വാസികളോടുള്ള അല്ലാഹുവിന്റെ സ്‌നേഹത്തിന്റെ അടയാളങ്ങളാണ്. അത് കയ്‌പേറിയതാണെങ്കിലും തന്നെ സ്‌നേഹിക്കുന്നവന്റെ സമ്മാനമാണല്ലോ എന്ന് തിരിച്ചറിഞ്ഞ് അതിനെ സ്വീകരിക്കുക. അല്ലാഹുവില്‍നിന്നുള്ള സമ്മാനമാണല്ലോ ഏറ്റവും സവിശേഷാമയത്.നാം വിശ്വാസികളിലുള്‍പ്പെട്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യമായികണ്ട് പരീക്ഷണങ്ങളെ ആഘോഷിക്കുകയാണ് വേണ്ടത്. ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ മാറ്റിമറിച്ചോ ഇല്ലാതാക്കിയോ സൗജന്യചികിത്സ നടത്തുകയാണ് അല്ലാഹു. അതിന് നാം നന്ദിയുള്ളവരാകുക.

നബിതിരുമേനി (സ) പറഞ്ഞു: ‘നിങ്ങള്‍ക്കുണ്ടായ പരീക്ഷണത്തിന്റെ തീവ്രതയ്ക്കനുസരിച്ച് പ്രതിഫലവും വര്‍ധിക്കുന്നു. അല്ലാഹു അവന്‍ ഇഷ്ടപ്പെടുന്നവരെ പരീക്ഷിക്കുന്നു.അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തരാകുന്നവര്‍ക്ക് അവന്റെ പ്രീതി ലഭിക്കുന്നു. അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ അവന്റെ കോപത്തിനിരയാകുന്നു. ‘

പാപമോചനം

ഒരു വജ്രക്കല്ല് അതിന്റെ ഏറ്റവും വിലപിടിപ്പുള്ള ആകൃതിയും തിളക്കവും ആര്‍ജ്ജിക്കുംമുമ്പ് അതിലെ അഴുക്കും മറ്റും നീക്കംചെയ്യപ്പെടുന്ന ഒട്ടേറെ പ്രക്രിയകള്‍ക്ക് വിധേയമാകുന്നുണ്ട്. സമാനരീതിയില്‍ മുസ്‌ലിംകളായ ആളുകളും ജീവിതത്തിന്റെ ഓരോ ദശാസന്ധിയിലും വിവിധരീതിയിലുള്ള പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. അത്തരം യാത്രകളിലൂടെ മാത്രമേ പാപങ്ങളുടെ മാറാപ്പുകള്‍ നീക്കംചെയ്യപ്പെടുകയുള്ളൂ. അല്ലാഹു വിശ്വാസികളെ ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുള്ള എല്ലാ പാപങ്ങളും കഴുകിക്കളയുമാറ് ഈമാനും സദ്‌സ്വഭാവങ്ങളും ആര്‍ജ്ജിക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുകയാണ് പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ആഇശ(റ)യില്‍നിന്ന് നിവേദനം. നബിതിരുമേനി(സ) പറഞ്ഞു: ‘ഒരു വിശ്വാസിയുടെ മേല്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു പ്രയാസവും വന്നുപതിക്കുന്നില്ല, അതവന്റെ പാപങ്ങളെ മായ്ച്ചുകൊണ്ടല്ലാതെ. അത് അവന്റെ കാലുകളില്‍ തറച്ചുകൊള്ളുന്ന മുള്ളിന്റെ വേദനയാണെങ്കില്‍ പോലും.’
യുദ്ധത്തിന്റെയും പട്ടിണിയുടെയും നടുവില്‍ ദശാബ്ധങ്ങളായി ജീവിച്ചുകൊണ്ടിരിക്കുന്ന മൂന്നാംലോകജനത ഓരോ തുള്ളി ചോരയുടെയും അവസാനിക്കാത്ത വിശപ്പിന്റെയും പേരില്‍ പ്രതിഫലത്തിനുടയവരായിത്തീരുന്നുണ്ട്.

പരലോകത്ത് ഉന്നതസ്ഥാനം

സ്വഹാബിവര്യനായ സഅദ് ബ്‌നു അബീ വഖാസ് (റ) ഒരിക്കല്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരാണ് ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത്? പ്രവാചകന്‍ പറഞ്ഞു: ‘പ്രവാചകന്‍മാര്‍, തുടര്‍ന്ന് ഈമാനില്‍ മുന്‍പന്തിയിലുള്ളവര്‍, തുടര്‍ന്ന് തൊട്ടുപിറകിലുള്ളവര്‍.ഓരോ ആളുകളും അവരവരുടെ ഈമാനിനനുസരിച്ചാണ് പരീക്ഷിക്കപ്പെടുന്നത്. ദൃഢചിത്തനാണെങ്കില്‍ പരീക്ഷണം കഠിനമായിരിക്കും. ഈമാന്‍ ദുര്‍ബലമാണെങ്കില്‍ പരീക്ഷണവും ദുര്‍ബലമായിരിക്കും.’ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരായിരിക്കെ, എല്ലാ പ്രവാചകന്‍മാരും ദൈവദൂതന്‍മാരും അങ്ങേയറ്റം കഠിനതരമായ പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതിനെല്ലാമുള്ള പ്രതിഫലമെന്നോണം ലോകാവസാനം വരെ ഇഹലോകത്ത് വിശ്വാസികളുടെ സ്മരണകളില്‍ അവര്‍ നിറഞ്ഞുനില്‍ക്കുന്നു.

അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) എത്രയോ നഷ്ടങ്ങളും ദുരന്തങ്ങളും നേരിടുകയുണ്ടായി എന്ന് നമുക്ക് അറിയാം. മകന്‍ ഇബ്‌റാഹീം മരണപ്പെട്ടു. ഗോത്രക്കാരില്‍നിന്നും നാട്ടുകാരില്‍നിന്നും ഭര്‍ത്സനവും വധഭീഷണിയും നേരിട്ടു. ഉഹുദ് യുദ്ധത്തില്‍ പിത്യവ്യനായ ഹംസ(റ)യുടെ വികൃതമാക്കപ്പെട്ട മയ്യിത്ത് കാണേണ്ടിവന്നു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനായിരിക്കെ മുഹമ്മദ് നബിയുടെ ജീവിതം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഒരുവേള നാം ആശ്ചര്യപ്പെട്ടേക്കാം.

നബി അന്ത്യശ്വാസം വലിക്കുംവരെയുണ്ടായ അസംഖ്യം പരീക്ഷണങ്ങളും പ്രതിസന്ധികളും തീര്‍ച്ചയായും യുക്തിസഹമായിരുന്നു. സ്വര്‍ഗത്തില്‍ അദ്ദേഹത്തിന്റെ പദവി തന്‍മൂലം ഉയര്‍ന്നു. അപ്രകാരം നമ്മുടെയും ഈമാന്‍ സുദൃഢമാണെങ്കില്‍ നമുക്കും പരലോകത്ത് ഉയര്‍ന്ന പദവി കരസ്ഥമാക്കാം. ഈ ലോകം അവസാനഗേഹമല്ലെന്നും അന്തിമലക്ഷ്യമല്ലെന്നും വിശ്വാസികളെന്ന നിലക്ക് നമുക്കാണല്ലോ നന്നായറിയുക.

ദുരന്തവേളയിലും ശേഷവും ക്ഷമകൈക്കൊള്ളാന്‍ പഠിപ്പിക്കുന്നു

‘ഭയം, പട്ടിണി, ജീവധാനദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക'(അല്‍ബഖറ 155).
പ്രതിസന്ധികളൊട്ടേറെ തരണംചെയ്ത് പരിക്ഷീണനായെന്ന് തോന്നുമെങ്കിലും അല്ലാഹു നമ്മുടെ കഴിവിന്നപ്പുറത്തുള്ള യാതൊന്നും അടിച്ചേല്‍പിക്കുന്നില്ലെന്ന് മനസ്സിലാക്കുക.
‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല'(അല്‍ബഖറ 286).
ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതുറന്നിട്ടുള്ള ദുരന്തങ്ങളുടെയും പ്രയാസങ്ങളുടെയും പേരില്‍ എത്രയോ ആളുകള്‍ പൊതുസമൂഹത്തിന് മുമ്പാകെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ടെന്നോര്‍ക്കുക! ഇമാം ഇബ്‌നുല്‍ഖയ്യിം പറയുന്നു: ‘പരിഭ്രമവും ഉത്കണ്ഠയും ദുരന്തങ്ങളെയും പ്രതിസന്ധികളെയും നീക്കിക്കളയുകയില്ല. സത്യത്തില്‍ പരിഭ്രമവും അക്ഷമയും ദുരന്തത്തെ കൂടുതല്‍ തീവ്രതരമാക്കുകയാണ് ചെയ്യുക.’

ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലയില്‍ പരീക്ഷണങ്ങള്‍ വന്നുപതിക്കുമ്പോള്‍ അതിനെയെല്ലാം സമചിത്തതയോടെയും ക്ഷമയോടെയും നേരിടുകയാണെങ്കില്‍ അക്ഷമകാണിക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യാനിടവരുത്തിയ സംഭവങ്ങളെല്ലാം നിസ്സാരമാണെന്ന് നമുക്ക് ബോധ്യപ്പെടും. പരീക്ഷണങ്ങള്‍ കഠിനതരവും പ്രയാസകരവും തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ, ആ ദുരന്തങ്ങളുടെ ചുഴിയില്‍ കുറച്ചുനേരത്തേക്ക് നാം തുഴഞ്ഞ് തലയുയര്‍ത്തി നിന്നാല്‍ അതിജീവിക്കാനാകും എന്ന വസ്തുത നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകും. അത് അല്ലാഹു നമ്മെ ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴുള്ള മനസ്സമാധാനം കൊണ്ടുണ്ടാകുന്നതാണ്.

പ്രവാചകതിരുമേനി(സ) പറഞ്ഞു: ‘വിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരം, അവന്റെ എല്ലാ കാര്യങ്ങളും അത്ഭുതകരംതന്നെ.അവന്റെ ജീവിതത്തില്‍ സന്തോഷകരമായത് സംഭവിക്കുമ്പോള്‍ അവന്‍ അതിന് അല്ലാഹുവിനോട് നന്ദിപ്രകടിപ്പിക്കുന്നു. അത് അവന് നന്മയായിത്തീരുന്നു. ഇനി എന്തെങ്കിലും ഉപദ്രവകരമായത് വന്നുഭവിക്കുകയാണെങ്കിലോ അവന്‍ അതില്‍ ക്ഷമകൈക്കൊള്ളുന്നു. അതും അവന് നന്‍മയായിത്തീരുന്നു.’

പണ്ഡിതനായ ശൈഖ് ബ്‌നു ഉഥൈമിന്‍ പറയുന്നത് കാണുക: ‘അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളിലും പ്രയാസങ്ങളിലും ഒരാള്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ക്ഷമകൈക്കൊള്ളുകയാണെങ്കില്‍ അതുവഴി അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടും. ഇനി ആരെങ്കിലും ക്ഷമ കൈക്കൊണ്ടതിനുള്ള പ്രതിഫലം ആഗ്രഹിക്കുന്നുവെങ്കില്‍ അതും പാപമോചനത്തോടൊപ്പം ലഭിക്കും. കാരണം, അല്ലാഹു തനിക്ക് പ്രതിഫലം നല്‍കുമെന്ന് അല്ലാഹുവെക്കുറിച്ച് അയാള്‍ പ്രതീക്ഷപുലര്‍ത്തുന്നുണ്ട്. അതിനാല്‍ , അല്ലാഹുവെക്കുറിച്ച ഒരാളുടെ ചിന്താഗതി നന്‍മയാണെന്നതിനാല്‍ അതിന് അല്ലാഹു പ്രതിഫലം നല്‍കുന്നു.’

കൃതജ്ഞനാവുക, നന്ദിപ്രകടിപ്പിക്കുക

ഏറ്റവും കടുത്ത പ്രതിസന്ധിഘട്ടത്തിലായിരിക്കുമ്പോഴും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചോര്‍ക്കുക. അല്ലാഹുവിനോട് നന്ദിയുള്ള അടിമയായിരിക്കുക. എങ്കില്‍ അല്ലാഹു കൂടുതല്‍ ഐശ്വര്യങ്ങള്‍ ഇഹലോകത്തുതന്നെ വര്‍ധിപ്പിച്ചുനല്‍കും.

‘നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും'(ഇബ്‌റാഹീം 7).

അല്ലാഹു എല്ലാറ്റിനെയും കുറിച്ച് കൃത്യമായ ധാരണയുള്ളവനാണ്. അവന്റെ യുക്തിയെക്കുറിച്ച് നമുക്കൊന്നും അറിയില്ല. എന്നാല്‍ നാം അല്ലാഹുവില്‍ ഭരമേല്‍പിക്കാന്‍ പഠിക്കേണ്ടതുണ്ട്. എന്താണ് തനിക്കനുയോജ്യമെന്ന് അല്ലാഹുവിനെക്കാള്‍ നന്നായി അറിയാമെന്ന മൂഢധാരണ അധികമാളുകള്‍ക്കും ഉണ്ട്. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചതെന്നിരിക്കെ നമുക്കുത്തമമായത് അറിയുക അവന്‍ തന്നെയാണല്ലോ. ഇമാം ഗസ്സാലി പറയുന്നു: ‘എന്റെ ജീവിതത്തെ വിശകലനംചെയ്യുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയത് ഗുണപരമായ കാര്യങ്ങള്‍ എനിക്ക് വിലക്കപ്പെട്ടുവെന്നായിരുന്നു. യഥാര്‍ഥത്തില്‍ കൂടുതല്‍ ഉത്തമമായത് എനിക്ക് നല്‍കുകയായിരുന്നു അല്ലാഹു ചെയ്തത്. അതിനാല്‍ തനിക്ക് ലഭിക്കുന്നതെന്തും അല്ലാഹു വിധിച്ചതാണെന്നും അതാണ് തനിക്കേറ്റവും ഉത്തമമെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തുകയുമാണ് വിശ്വാസി ചെയ്യേണ്ടത്.’
‘ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്'(ആലുഇംറാന്‍ 173).

ഇഹലോകജീവിതത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ നേരിടുകയും പ്രതിസന്ധികളെ തരണംചെയ്യുകയും ചെയ്തവരെയോര്‍ത്ത് മറ്റുള്ളവര്‍ പരലോകത്ത് അസൂയാലുക്കളാകും. അവര്‍ അല്ലാഹുവിനോട് തങ്ങളെ വീണ്ടും ദുന്‍യാവിലേക്ക് തിരിച്ചയച്ച് പരീക്ഷണങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വിധേയരാക്കാന്‍ ആവശ്യപ്പെടും. കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാനാണ് അവര്‍ അങ്ങനെ ആഗ്രഹിക്കുന്നത്. സാധാരണയായി, ഒരാളും ബുദ്ധിമുട്ട് സഹിക്കാനോ പ്രയാസപ്പെടാനോ ഇഷ്ടപ്പെടുകയില്ല. പക്ഷേ അല്ലാഹു പരലോകത്ത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്ന അളവറ്റ പ്രതിഫലത്തെക്കുറിച്ചറിയുമ്പോള്‍ അതുവരെയുണ്ടായ പരീക്ഷണങ്ങളെക്കാള്‍ കൂടുതല്‍ കയ്പുറ്റ ജീവിതാനുഭവങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വേണ്ടി കൊതിക്കും. ‘ ദുരന്തങ്ങളില്‍പെട്ടു പ്രയാസപ്പെട്ട ആളുകള്‍ക്ക് പുനരുത്ഥാന നാളില്‍ നല്‍കപ്പെടുന്ന പ്രതിഫലം കാണുമ്പോള്‍ആളുകള്‍ ഇഹലോകത്ത് തങ്ങളുടെ ചര്‍മങ്ങള്‍ കത്രിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും'(തിര്‍മിദി).

പരീക്ഷണങ്ങളെ തരണംചെയ്യാനും അതിജീവിക്കാനും അതിയായ പ്രയാസംതോന്നുമ്പോള്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ അനുസ്മരിക്കുക. ഏത് പ്രതിസന്ധിക്കും പരിഹാരം ക്ഷമയും പശ്ചാത്താപവുമാണ്. പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ഈ ദുആ ചൊല്ലേണ്ടതാണ്. ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ അല്ലാഹുമ്മഅ്ജുര്‍നീ ഫീ മുസ്വീബതീ വ അഖ്‌ലിഫ് ലീ ഖൈറന്‍ മിന്‍ഹാ..(നാമെല്ലാം അല്ലാഹുവിനുള്ളതാണ്. അവനിലേക്കാണ് നമ്മുടെ മടക്കം. അല്ലാഹുവേ എന്നെ ബാധിച്ച അസ്വസ്ഥതയ്ക്ക് നീ യെനിക്ക് പ്രതിഫലം നല്‍കേണമേ. പ്രയാസത്തെക്കാള്‍ ഉത്തമമായത് പകരം നല്‍കേണമേ’.

സ്വജീവിതം നിരാശകളുടെയും ദുരിതങ്ങളുടെയും അനുഭവങ്ങളെ അടുക്കിവെച്ച മ്യൂസിയം ആണെന്ന് നമ്മില്‍ പലര്‍ക്കും തോന്നാം. എന്നാല്‍ അതൊന്നും യാദൃച്ഛികതയല്ലെന്നും അല്ലാഹുവില്‍നിന്നുള്ളതാണെന്നും മനസ്സിലാക്കണം. ശരിയായ സമയത്ത് അനുയോജ്യമായ സ്ഥലത്ത് നമ്മിലോരോരുത്തരിലും ആ വിധി നടപ്പാകുന്നു. അതങ്ങനെത്തന്നെയാണ് സംഭവിക്കുക.’നിങ്ങള്‍ക്ക് വരാനിരിക്കുന്നത് ഒരിക്കല്‍പോലും വഴിമാറിപ്പോവുകയില്ല. നിങ്ങള്‍ക്കായി ഉദ്ദേശിക്കാത്തത് ഒരിക്കലും വന്നുഭവിക്കുകയുമില്ല.’

ദുരന്തങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്ന് പുതുജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ആ ദുരന്തങ്ങളെയോര്‍ത്ത് സന്തോഷംകൊള്ളാന്‍ നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. മുന്‍കാലത്ത് കഴിഞ്ഞുപോയ പരീക്ഷണങ്ങളെക്കുറിച്ചോര്‍ക്കുന്നത് പോലും പ്രതിഫലാര്‍ഹമാണെന്ന് നബിതിരുമേനി അരുളിയിട്ടുണ്ട്:
‘സ്ത്രീയോ പുരുഷനോ ആരുമായിക്കൊള്ളട്ടെ, ഒരാള്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്നിട്ട പ്രയാസങ്ങളും ദുരന്തങ്ങളും അനുസ്മരിക്കുകയും ഒപ്പംതന്നെ ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ ‘ എന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു അങ്ങനെയുള്ള ഓരോ അനുസ്മരണത്തിനും ആ ദുരന്തം സംഭവിച്ചതിനുള്ള പ്രതിഫലത്തിന് തത്തുല്യം പ്രതിഫലം നല്‍കും.’

പരീക്ഷയിലെ പരാജയം, സമ്പത്തിലെ നഷ്ടം, ശാരീരികരോഗങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ അങ്ങനെ തുടങ്ങി രണ്ടുവാക്കിലൊതുങ്ങുന്ന പരീക്ഷണങ്ങളാല്‍ നാം സത്യത്തില്‍ അനുഗൃഹീതരാണെന്ന് മനസ്സിലാക്കുക.
ഇമാം ഹസന്‍ ബസ്വരി പറഞ്ഞു:

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗഖ്യം സമ്മാനിക്കുന്ന ഹ്രസ്വകാല പ്രതിസന്ധിയാണ് ഏറെ നാളത്തെ വിഷമം സമ്മാനിക്കുന്ന എളുപ്പവഴി തേടുന്നതിനേക്കാള്‍ ഉത്തമം.

Topics