വിശ്വാസം-ലേഖനങ്ങള്‍

ദാരിദ്ര്യത്തെ ഭയക്കേണ്ടതില്ല; നല്ല ജീവിതം മുമ്പിലുണ്ടെന്ന് തിരിച്ചറിയുക

മാസങ്ങള്‍ക്കുമുമ്പ് കൊളംബിയയിലെ ഒരു പര്‍വതപ്രദേശത്ത് സുഹൃത്തിനെ ഷൂട്ടിങില്‍ സഹായിക്കാന്‍ ഞാന്‍ അകമ്പടിസേവിച്ചു. പോകുന്നവഴി തികച്ചും ദരിദ്രരായ ജനത താമസിക്കുന്ന പ്രദേശത്തുകൂടി കടന്നുപോകാനിടയായി. തെരുവിന്റെ മധ്യത്തില്‍ കുറെ ആളുകള്‍ കൂട്ടംകൂടിയിരുന്ന് എന്തോ ആഘോഷത്തില്‍ മുഴുകുന്നതായി കണ്ടപ്പോള്‍ എന്താണെന്നറിയാന്‍ അങ്ങോട്ടുചെന്നു. വഴിയില്‍ കണ്ടവരോട് ആഘോഷത്തിന്റെ കാരണംതിരക്കി. വ്യക്തമായ മറുപടി കിട്ടിയില്ല. കുറച്ചുകൂടി മുന്‍പോട്ടുചെന്ന് കാര്‍ നിര്‍ത്തി ഞങ്ങളിറങ്ങി. കാറില്‍ വന്നിറങ്ങിയ അപരിചിതരെ കണ്ട് തെരുവില്‍നിന്നിരുന്ന കുട്ടികള്‍ ചുറ്റുംകൂടി. അവരുടെയെല്ലാം കണ്ണ് എന്തോ അപൂര്‍വവസ്തുകണ്ടുതപോലെ ഞങ്ങളുടെ കാമറയില്‍ തറച്ചുനിന്നു.

അക്കൂട്ടത്തില്‍ തിളങ്ങുന്ന കണ്ണുകളോടെ സുന്ദരിയായ കൊച്ചുകുട്ടി പറഞ്ഞത് ഞാനിന്നും മറന്നിട്ടില്ല. ‘ഞങ്ങള്‍ക്ക് വെള്ളംകിട്ടിയതിന്റെ സന്തോഷംപങ്കിടുകയാണ്’

‘വെള്ളം കിട്ടിയതിന് ആഘോഷമോ ?! ‘ എന്ന എന്റെ ചോദ്യത്തിന് ആ പെണ്‍കുട്ടിയുടെ മറുപടിയിതായിരുന്നു: ‘അതെ, ആഴ്ചകളായി ഞങ്ങള്‍ക്ക് വെള്ളംകിട്ടിയിട്ട്. ഇന്ന് ഒരു ടാങ്കര്‍ ലോറി വെള്ളവുമായി വന്നു.’ ആ മറുപടികേട്ട ഞാന്‍ അമ്പരന്നു.’ഞങ്ങള്‍ക്ക് വെള്ളമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ സന്തോഷവാന്‍മാരായിരുന്നു.’

‘അതെങ്ങനെ? വെള്ളമില്ലെങ്കില്‍ സന്തോഷംതോന്നുമോ?’ ആകാംക്ഷയടക്കാനാകാതെ ഞാന്‍. 

‘അതോ, സന്തോഷത്തിന് എന്തെങ്കിലും ഉണ്ടായേ തീരൂ എന്നില്ല.’ അവളുടെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി.

സംസ്‌കാരസമ്പന്നരെന്നും അഭ്യസ്തവിദ്യരെന്നും അഭിമാനിക്കുന്ന ആളുകള്‍ക്ക് ഇല്ലാതിരുന്ന തിരിച്ചറിവായിരുന്നു ആ ദരിദ്രബാലികക്ക് ഉണ്ടായിരുന്നത്. എന്തൊക്ക പ്രയാസമുണ്ടായാലും  സന്തോഷവതിയായിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു. തകരഷീറ്റിനുതാഴെ കളിമണ്‍ തറയില്‍ കിടന്നുറങ്ങുമ്പോഴും വെള്ളം ഇല്ലെങ്കില്‍ പോലും പുഞ്ചിരിതൂകാന്‍ കഴിഞ്ഞ ആ പെണ്‍കുട്ടി എത്രയോ ഉന്നതങ്ങളിലാണ്. അവളുടെ ആത്മവിശ്വാസം എത്രമഹത്തരമാണ്.

ഇനി നമുക്ക് തിരിച്ചുവരാം. നമ്മിലധികപേരും ദാരിദ്ര്യത്തെ ഭയക്കുന്നവരാണ്. തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന പേടി കലശലാണിന്ന്. അങ്ങനെവന്നാല്‍ വീട്ടുചിലവുകള്‍ക്ക് എന്തുചെയ്യുമെന്ന ആശങ്കയേറെയാണ് നമുക്ക്.  ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ നിലനിറുത്താനാകുമോ എന്ന സന്ദേഹം സദാ നമ്മെ അലട്ടുന്നു. അതിന്റെ ഫലമായി വളരെ മോശംസാഹചര്യങ്ങളിലുള്ള ജോലികള്‍ പോലും ചെയ്യാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്നു. അതേസമയം നമുക്ക് വളര്‍ന്നുവികസിക്കാന്‍ കഴിയും വിധം പുതിയമേച്ചില്‍പുറങ്ങള്‍ തേടാന്‍ നമുക്ക് കഴിയുമെന്നതാണ് വസ്തുത. ആ ദാരിദ്ര്യഭയത്തിന്റെ വലിപ്പംമൂലം പലരും തങ്ങള്‍ ചെന്നെത്തിപ്പെട്ട തൊഴിലിടങ്ങളിലും ജീവിതസാഹചര്യങ്ങളിലും അള്ളിപ്പിടിച്ച് വിധിയാണെന്ന് സമാധാനിച്ച് കഴിഞ്ഞുകൂടുകയുംചെയ്യുന്നു. അവര്‍ നിശ്ചലരാണ്. ഏറ്റവും മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞുകൂടാനുള്ള അവരുടെ തീരുമാനം എത്ര സങ്കടകരമാണ്.

ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ അതില്‍ അല്ലാഹു തന്റെ നാമവിശേഷണമായി ‘അര്‍റസ്സാഖ്’ (അന്നദാതാവ്)എന്ന് ഒരേ ഒരുതവണ മാത്രമാണ് പരാമര്‍ശിച്ചതെന്നത് കൗതുകകരമാണ്.’ ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല.അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ’.(അദ്ദാരിയാത്ത് 56-58)ഭൂമിയില്‍ മനുഷ്യന്റെ ബാധ്യതയെന്തെന്ന് വിവരിച്ചശേഷം അല്ലാഹു പറഞ്ഞത് അവനാണ് അന്നദാതാവ് എന്നാണ്. തനിക്ക് വഴിപ്പെടുകയെന്ന ഉത്തരവാദിത്വം നിര്‍വഹിക്കൂ എങ്കില്‍ തന്റെ ബാധ്യത(അന്നം നല്‍കല്‍) പൂര്‍ത്തീകരിക്കാം എന്നാണ് അല്ലാഹു പറയുന്നത്. അതിനാല്‍  അന്നംതരാമെന്ന് അവന്‍ പറഞ്ഞസ്ഥിതിക്ക് നാം  നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് വേണ്ടത്.

മേല്‍രീതിയില്‍  ഒട്ടനേകം ആയത്തുകള്‍ നമുക്ക് കാണാനാകും. നമ്മുടെ ആശങ്കയകറ്റാന്‍ അവയെല്ലാം പര്യാപ്തമാണ്. അത് നമുക്ക് സമാധാനം പകര്‍ന്നുനല്‍കുന്നു.അതേപോലെത്തന്നെ ‘ഖൗഫ്’ എന്ന പദം 26 ഇടങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത് അല്ലാഹുവില്‍ വിശ്വസിച്ച് സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക്  ഭയത്തില്‍നിന്ന് നിര്‍ഭയത്വം നല്‍കും എന്ന് പരാമര്‍ശിച്ചുകൊണ്ടാണ്.

ഭയം ഇല്ലാതാക്കാനുള്ള വഴികള്‍

ഞാന്‍ മുകളില്‍ പറഞ്ഞ കൊളംബിയന്‍ യാത്രവേളയില്‍ ഏതാനും യൂണിവേഴ്‌സിറ്റികളില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത് എനിക്കേറ്റവും സന്തോഷം പകര്‍ന്ന സംഗതിയായിരുന്നു. സംഭാഷണമധ്യേ, സാമ്പത്തികനിലയില്‍ സംതൃപ്തമായ അവസ്ഥയിലല്ലാത്തവര്‍ തങ്ങളുടെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്ന സ്വഭാവക്കാരായിരിക്കുമെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതില്‍ നിന്ന് മുക്തമാകാന്‍ നമ്മുടെ ചിന്താഗതി മാറ്റേണ്ടതുണ്ടെന്നും അവരെ ഓര്‍മിപ്പിച്ചു. യഥാര്‍ഥത്തില്‍ അതിലൂടെ മാത്രമേ ദാരിദ്ര്യഭയത്തില്‍നിന്ന് രക്ഷനേടാനാകുകയുള്ളൂ.

ശ്രദ്ധയെവിടെയോ അവിടെയാണാവേശം

ഒരാളുടെ മനസ്സും ശരീരവും എന്തിലാണോ, എവിടെയാണോ, അവിടെയായിരിക്കും പ്രപഞ്ചത്തിന്റെയും അയാളുടെയും ഊര്‍ജം ഒഴുകുക. ഒരാള്‍ ആകുലപ്പെടുന്നയാളാണെങ്കില്‍ അതോടെ അവസ്ഥയും  വഷളാകും. കാരണം അയാളുടെ ശ്രദ്ധ ആകുലതയിലും പ്രശ്‌നത്തിലും ആയിരിക്കും.  അതിനുപകരം അവസരങ്ങളിലും നവസാധ്യതകളിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ അയാളിലേക്ക് പുതിയൊരു ഊര്‍ജം കടന്നുവരുന്നത് സ്വയം അറിയാനാകും. പരിമിതികള്‍ക്കപ്പുറത്ത് കിടക്കുന്ന സാധ്യതകളെ അയാള്‍ അന്വേഷിക്കാന്‍ തുടങ്ങും.  അയാള്‍ തന്നെക്കുറിച്ച പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ ആരംഭിക്കും. സുസ്ഥിരസാമ്പത്തികനിലയെക്കുറിച്ചും അതിനുള്ള വഴികളെക്കുറിച്ചും ചിന്തിക്കാനും പ്രയോഗവത്കരിക്കാനും തുടങ്ങും.

ഇപ്പറഞ്ഞതെല്ലാം ശുദ്ധഅസംബന്ധമല്ലേയെന്ന് ചിലര്‍ ഇതിനെ ചിരിച്ചുതള്ളിയേക്കാം. എന്നാല്‍ ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ചിട്ടുള്ള ആളുകളുടെ ജീവിതാനുഭവം അന്വേഷിച്ചാല്‍ ഇപ്പറഞ്ഞതെല്ലാം ശരിവെക്കുന്നതാണ് അവയെല്ലാം എന്ന് മനസ്സിലാകും. തനിക്ക് ഏറ്റവും നല്ല ജീവിതം മുമ്പിലുണ്ടെന്ന് തിരിച്ചറിയുന്ന ഒരു സ്വപ്‌നാടകന് മാത്രമേ പുരോഗതിയുണ്ടാകൂ എന്നതാണ് വാസ്തവം. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ അവന്‍ പരിശ്രമം ആരംഭിക്കുന്നു. ദാരിദ്ര്യത്തെ നാം ഭയക്കേണ്ടതില്ല. മറിച്ച് സാമ്പത്തികൈശ്വര്യം നേടാനുള്ള വഴികളിലൂടെ ലക്ഷ്യബോധത്തോടെ സഞ്ചരിച്ചാല്‍ മാത്രം മതി. ഖുര്‍ആന്‍ സൂക്തത്തിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് ഇതിന് വിരാമമിടുകയാണിവിടെ. അല്ലാഹു പറയുന്നു: ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല'(അല്‍ അഹ്ഖാഫ് 13)

Topics