ദൈവത്തോടുള്ള ഭയപ്പാടാണോ പ്രണയമാണോ ഒരു വിശ്വാസിയെ കൂടതുല്‍ ഭക്തനും ശക്തനുമാക്കുന്നത് എന്ന ചോദ്യത്തിന്, പ്രണയമെന്നായിരിക്കും സൂഫികളുടെ ഉത്തരം. ഭയവും പ്രണയവും രണ്ടുതരം വികാരങ്ങളാണ്. ആദ്യത്തേത് നിര്‍ബന്ധിതാവസ്ഥയുടെ സൃഷ്ടിയാണെങ്കില്‍ രണ്ടാമത്തേത് സ്വാഭാവികതയില്‍നിന്ന് രൂപപ്പെട്ടുവരുന്നതാണ്. പഠിക്കേണ്ടതുപോലെ പഠിക്കുകയും പെരുമാറേണ്ടതുപോലെ പെരുമാറുകയും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ക്ലാസുമുറിക്കകത്തുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭയപ്പെടാന്‍ നിര്‍ബന്ധിതരാവും. അത്തരമൊരവസ്ഥയില്‍ സാഹസപ്പെട്ടുകൊണ്ടാണെങ്കിലും നന്നായി പഠിക്കാനും പെരുമാറാനും കുട്ടികള്‍ നിര്‍ബന്ധിതരാവും. അതേസമയം ന്നനായി പഠിക്കുകയും പെരുമാറുകയും ചെയ്യേണ്ടത് തന്റെ വ്യക്തിത്വപരിപാകത്തിന് ആവശ്യമാണെന്നും അധ്യാപകന്‍ തന്നെയതിന് സഹായിക്കുകയാണെന്നും തിരിച്ചറിയുന്ന ഒരു വിദ്യാര്‍ഥി അന്തര്‍പ്രേരണയോടെ അധ്യാപകനെ സ്‌നേഹിക്കാനായിരിക്കും ഉദ്യുക്തനാവുക. അതിലൊരു സ്വാഭാവികത നമുക്ക് ദര്‍ശിക്കാനാവും. ശിക്ഷിക്കുക എന്നതിനപ്പുറത്ത് എത്രയെത്ര ശ്രേഷ്ഠധര്‍മങ്ങളാണ് ഓരോ അധ്യാപകനും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ചെയ്യാനുള്ളത്. അറിവുനിര്‍മിക്കാനാവശ്യമായ വിവരങ്ങള്‍ പകര്‍ന്നുകൊടുക്കുക. പഠനത്തിന് പിന്തുണ നല്‍കുക. വിജയത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുക, തെറ്റുകളില്‍ നിന്ന് ശരികളിലേക്ക് പ്രചോദിപ്പിക്കുക, ആത്മവിശ്വാസവും അംഗീകാരവും നല്‍കുക ഇങ്ങനെ പോകുന്നു ആ ധര്‍മങ്ങള്‍. ഇത്തരം ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഒരധ്യാപകനോടു ഭയമാണോ പ്രിയമാണോ യഥാര്‍ഥത്തില്‍ വേണ്ടത്.
ദൈവത്തിന് ശിക്ഷിക്കാനുള്ള കഴിവും അര്‍ഹതയും അധികാരവുമുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷേ, ശിക്ഷകനായ ദൈവത്തേക്കാള്‍ രക്ഷകനായ ദൈവത്തെയാകണം വിശ്വാസികള്‍ ആശ്രയിക്കേണ്ടത്. പടപ്പുകളോട് ദയയും കാരുണ്യവും കൃപയും സഹാനുഭൂതിയും കാട്ടുന്ന മഹാനാണ് ലോകപരിപാലകനായ പ്രപഞ്ചനാഥന്‍. അവന്‍ ചെയ്ത അനുഗ്രഹങ്ങളുടെ സദ്ഫലങ്ങളാണ് അനുനിമിഷം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രാകശകണവും ഓരോ പുല്‍നാമ്പും ഓരോ മഞ്ഞുതുള്ളിയും ദൈവനാുഗ്രഹങ്ങളെക്കുറിച്ചും നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ തന്നെ മുടിത്തുമ്പുകളും വിരലറ്റങ്ങളും ദൈവികനന്‍മകളുടെ അപരിമേയത വിളിച്ചോതുന്നുണ്ട്. നന്‍മനിറഞ്ഞ ദൈവത്തെ പിന്നെയെന്തിനാണ് നാം ഭയക്കുന്നത്? അവനെ പ്രണയിക്കുകയല്ലേ വേണ്ടത്. പ്രണയപാരവശ്യത്താല്‍ ചേര്‍ന്നുനിന്ന് അവനെ പ്രകീര്‍ത്തിക്കുകയല്ലേ ചെയ്യേണ്ടത്. ശിക്ഷകനെയോര്‍ത്തുള്ള ഭയം ഹൃദയങ്ങളെ അകറ്റുമ്പോള്‍ രക്ഷകനോടുള്ള പ്രണയം ഹൃദയങ്ങളെ അടുപ്പിക്കും. ദൈവദാസന്‍മാരെ നന്ദിയുള്ളവരാക്കി മാറ്റുന്നത് ഈ അടുപ്പമാണ്.
ദൈവത്തോടുള്ള നന്ദിയില്‍നിന്നാണ് സഹജീവികളോടുള്ള നന്ദി വികസിച്ചുവരുന്നത്. ഉപകാരം ചെയ്യുന്നവരെ തിരിച്ചറിയാനും അവര്‍ ചെയ്ത ഉപകാരങ്ങളുടെ മൂല്യം വിലമതിക്കാനും കാട്ടുന്ന സന്നദ്ധതയെയാണല്ലോ നാം നന്ദി എന്ന് വിളിക്കുന്നത്. മനുഷ്യരിലധികംപേരും പക്ഷേ നന്ദികാണിക്കുന്നവരല്ല എന്ന് ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിനയവും വിശുദ്ധിയും വീണ്ടുവിചാരവുമൊക്കെ നന്ദിയുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ സ്വഭാവമഹിമകളാണ്.
ശേബാ(യമനിലെ സബഅ്) രാജ്യത്തേക്ക് ഒരിക്കല്‍ സോളമന്‍ (ഖുര്‍ആന്‍ സുലൈമാന്‍ എന്നും ബൈബിള്‍ ശലമോന്‍ എന്നും പറയുന്ന ചക്രവര്‍ത്തി) സൈന്യവുമായി പോവുകയായിരുന്നു. സൈന്യം ഉറുമ്പുകള്‍ പാര്‍ക്കുന്ന ഒരു താഴ് വരയിലെത്തിയപ്പോള്‍ ഉറുമ്പുറാണി മറ്റെല്ലാ ഉറുമ്പുകളോടും മാളങ്ങളിലേക്ക് കയറാന്‍ കല്‍പിച്ചു. സോളമന്റെയും പട്ടാളത്തിന്റെയും ചവിട്ടേറ്റ് ചത്തുപോകാതിരിക്കാനാണ് ഉറുമ്പുകളോട് അത്തരമൊരു കല്‍പന റാണി പുറപ്പെടുവിച്ചത്.
ആ ഉറുമ്പിന്റെ വാക്കുകേട്ട് പുഞ്ചിരിച്ചുകൊണ്ട് സുലൈമാന്‍ പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത അനുഗ്രഹത്തിന് നന്ദി കാട്ടാനും നിനക്കിഷ്ടപ്പെട്ട കാര്യം ചെയ്യാനും എനിക്ക് നീ ഭാഗ്യം നല്‍കണേ. നിന്റെ കാരുണ്യത്താല്‍ നല്ല ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തണേ'(അഹ്ഖാഫ് 15).
സമ്പത്തും സൈന്യവും അധികാരവും പ്രവാചകത്വവുമെല്ലാം ലഭിച്ച സോളമന്‍ ചക്രവര്‍ത്തിയുടെ മനസ്സ് എത്രമാത്രം വിനയാന്വിതമാണ്! ആ ഹൃദയത്തെ ചൂഴ്ന്ന് നില്‍ക്കുന്ന വിശുദ്ധിയുടെ ആഴം എത്രമാത്രമുണ്ട്! ആ വ്യക്തിത്വത്തില്‍നിന്ന് അനാവൃതമാകുന്ന നന്ദിയുടെ പ്രകാശഗരിമ എത്ര തേജോമയമാണ്!
ജീവിതത്തില്‍ മറ്റൊന്നുമില്ലെങ്കിലും ദൈവം ഒപ്പമുണ്ട് എന്ന് തോന്നലുണ്ടായാല്‍ തന്നെ വലിയൊരു കരുത്തും പ്രതീക്ഷയുമാണത്. പ്രതിസന്ധികളെ മറികടക്കാനും പരീക്ഷണങ്ങളെ അതിജീവിക്കാനും ആ തോന്നല്‍ നമ്മെ സഹായിക്കും. യേശുക്രിസ്തുവിന് സ്വന്തമായി ഒരു കിടപ്പാടമില്ലായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു ദിവസം വിജനമായൊരു താഴ് വരയിലൂടെ യേശു നടന്നുവരുമ്പോള്‍ കാലാവസ്ഥ പ്രതികൂലമായി. ശക്തിയായി കാറ്റടിച്ച് വീശാനും മഴപെയ്യാനുംതുടങ്ങി. ഭയചകിതനായ യേശു ഉടനെ മുമ്പില്‍ കണ്ട ഒരു മാളത്തിലേക്ക് കയറി. അതൊരു കുറുനരിയുടെ വീടായിരുന്നു. യേശുവിനെ കണ്ടമാത്രയില്‍ കുറുനരിയും കുഞ്ഞുങ്ങളും ഉത്കണ്ഠപ്പെട്ട മുരളാന്‍ തുടങ്ങി. അന്നേവരെ പരിചയമില്ലാത്ത പുതിയൊരു ജീവിയെ കണ്ടതിലുള്ള അസ്വസ്ഥതയാണ് കുറുനരിയും പ്രകടിപ്പിച്ചത്. പേടിതോന്നിയ യേശു മാളത്തില്‍നിന്ന് വേഗം പുറത്തുകടന്ന് ആകാശത്തേക്ക് നോക്കി പറഞ്ഞു: ‘ദൈവമേ, കുറുനരിക്ക് പോലും ഈ ഭൂമിയില്‍ കിടപ്പാടം കൊടുത്ത നീ നിന്റെ ദാസനായ എനിക്കൊരു വീടുതന്നില്ലല്ലോ?’
ഉടനെ യേശുവിന് വെളിപാടുണ്ടായി: ‘നിനക്കെന്തിന് വീട്? ഞാനില്ലേ നിനക്ക് , എന്റടുത്തല്ലേ നിന്റെ അഭയം.’
അതുകേട്ട യേശു അത്യധികം ആഹ്ലാദഭരിതനായി. ദൈവം തന്നെ അഭയകേന്ദ്രമാകുമ്പോള്‍ ഭൂമിയിലെന്തിനൊരു വീട്. ഇത്തരമൊരു തിരിച്ചറിവാണ് ഓരോ ദൈവദാസനെയും നന്ദിയുള്ളവനാക്കുന്നത്.