വിശ്വാസം-ലേഖനങ്ങള്‍

ജീവിത പരീക്ഷണങ്ങള്‍ മനസ്സുകളില്‍ ഈമാന്റെ വേരുറപ്പിക്കാനാണ്

പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കര്‍മദോഷമോ  പ്രകൃതിയില്‍ സംഭവിക്കാനുള്ളതോ ആയ സംഗതികളായി വിലയിരുത്തപ്പെടുന്നു. അപകടങ്ങള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിങ്ങനെ ശാരീരികമോ, നിരാശ, അവഗണന, എന്നിങ്ങനെ മാനസികമോ  ആയ തരത്തില്‍  പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വംശ-ഭാഷാ-ദേശ-മത-വര്‍ണ വൈവിധ്യങ്ങള്‍ കാരണമായി  അതിനെ ഒഴിവാക്കാനോ അതിജയിക്കാനോ ആര്‍ക്കും കഴിയില്ല. പലപ്പോഴും പരീക്ഷണത്തില്‍പെടുന്ന വ്യക്തി, അല്ലാഹുവോട് നിരാശനായി ചോദിച്ചുപോകുന്ന സന്ദര്‍ഭം പോലുമുണ്ട്. ‘തന്റെ വിഷമാവസ്ഥ കണ്ടുകൊണ്ടിരുന്നിട്ട് ദൈവത്തിന് എന്തുപ്രയോജനമാണുള്ളത്?’

ഇസ്‌ലാമികാദര്‍ശപ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു. 

അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വേദഗ്രന്ഥങ്ങളിലും മറ്റും ഫറോവയുടെ ആളുകള്‍ക്കും നൂഹിന്റെ സമുദായത്തിനും വന്നുചേര്‍ന്ന പരിണതി അതാണ് വ്യക്തമാക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ തെറ്റുചെയ്യുന്നവരാണെങ്കില്‍കൂടിയും പരീക്ഷണത്തെ അപ്പാടെ ശിക്ഷയായി വ്യവഹരിക്കുകയില്ല. മറിച്ച് അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം എന്ന് അവര്‍ തിരിച്ചറിയുന്നു. ഈ അര്‍ഥത്തിലാണ് നബിതിരുമേനി(സ) പറഞ്ഞത്: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു(ബുഖാരി)’ ഇത്തരം പരീക്ഷണങ്ങള്‍ ഒരു പക്ഷേ  കണ്ണിന്റെ ശക്തിക്ഷയമോ സ്ഥായിയായ വൈകല്യമോ പോലെ മാരകമായിരിക്കാം. ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു’തന്റെ ദാസന്റെ വിലപ്പെട്ട രണ്ടുസംഗതികളെ ഞാന്‍ നീക്കിക്കളയുകയും അവന്‍ അതിനെത്തൊട്ട് ക്ഷമിക്കുകയും ചെയ്താല്‍ അതിന് പ്രതിഫലമായി നാം സ്വര്‍ഗം നല്‍കുന്നതാണ്'(ബുഖാരി)

അല്ലാഹുവിന്റെ സത്യസന്ദേശവുമായി രംഗപ്രവേശം ചെയ്ത മുഹമ്മദ്‌നബി(സ)യ്ക്ക്  ഒട്ടേറെ പരീക്ഷണങ്ങള്‍  നേരിടേണ്ടിവന്നത് അതിനാലാണ്. ഈസാനബിയുടെ ചരിത്രം നമുക്കറിയാവുന്നതാണല്ലോ. തന്റെ കൂട്ടത്തിലെ കപടവിശ്വാസികളുടെ ചതിപ്രയോഗത്താല്‍ കുരിശാരോഹണഭീഷണിനേരിടേണ്ടിവന്ന അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. നബിതിരുമേനിക്ക് ഉണ്ടായ ആറുസന്താനങ്ങളില്‍ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. അയ്യൂബ് നബി ഏറെനാള്‍ മാരകമായ ത്വഗ്‌രോഗത്താല്‍ കഷ്ടപ്പെട്ടുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. പ്രവാചകശ്രേഷ്ഠരൊന്നും തന്നെ സുഖലോലുപജീവിതം നയിച്ചവരായിരുന്നില്ല. അല്ലാഹു അവരെ അത്യധികം സ്‌നേഹിച്ചതുകൊണ്ട് അവരെല്ലാം ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

പരീക്ഷണങ്ങള്‍ ഒരുവേള പാപപരിഹാരാര്‍ഥം വരുന്നതാകാം. അതിലൂടെ പശ്ചാതാപബോധം ജനിപ്പിച്ച് കൂടുതല്‍ വിശുദ്ധിപ്രാപിക്കാന്‍ വിശ്വാസിയെ അത്  പ്രാപ്തനാക്കുന്നു. ഈ കാഴ്ചപ്പാടിലാണ് നബിതിരുമേനി (സ) പറഞ്ഞത്. ‘ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടുമാത്രമാണ്'(ബുഖാരി).മറ്റൊരിക്കല്‍ നബി തിരുമേനി ഇപ്രകാരം അരുളി:’മരത്തില്‍നിന്ന് ഇല പൊഴിയുംപോലെ  കുറ്റകൃത്യങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ യാതൊരുക്ലേശവും മുസ്‌ലിം അനുഭവിക്കുന്നില്ല.’

തനിക്ക് ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടിവന്നാല്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുന്നുവെന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. അതുവരെ താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദുര്‍മാര്‍ഗം കൈവിട്ട് അവന്‍ നമസ്‌കാരവും പ്രാര്‍ഥനകളുമായി അല്ലാഹുവിങ്കലേക്ക് ഓടിയെത്തുന്നു. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളില്‍പെട്ട് ഉഴലുന്ന അധികമാളുകളും പിന്നീട് അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാന്‍ അതോടെ ദൃഢനിശ്ചയംചെയ്യുന്നു.

1960 കളില്‍ സംഗീതലോകത്തെ മാസ്മരികപ്രതിഭയായിരുന്ന ബ്രിട്ടീഷുകാരനായ കാറ്റ്സ്റ്റീവന്‍സ്(യൂസുഫുല്‍ഇസ്‌ലാം) അരാജകജീവിതം നയിച്ചുവന്നിരുന്ന ആളായിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ അദ്ദേഹം ന്യൂമോണിയ ബാധിച്ച് മരണത്തെ മുഖാമുഖംകണ്ടു. അത്തരംഘട്ടത്തില്‍ താന്‍  കഴിഞ്ഞകാലജീവിതത്തെയും പാപവൃത്തികളെയും കുറിച്ച്  ഓര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്റെ അനുഭവക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. അത്യന്തം പശ്ചാത്താപവിവശനായ അദ്ദേഹം ഇനി തനിക്ക് ജീവിതമുണ്ടാകുകയില്ലെന്ന് ഭയന്നു. പക്ഷേ, അല്ലാഹുവിന്റെ കൃപയാല്‍ അദ്ദേഹം സാധാരണനിലകൈവരിച്ചു. അതോടെ തന്റെ ജീവിതശൈലി അടിമുടി മാറ്റിയ അദ്ദേഹം തികഞ്ഞ ദൈവഭക്തനായി മാറുകയായിരുന്നു. അതിനാല്‍ ഇത്തരം ആളുകള്‍ക്ക് പരീക്ഷണങ്ങള്‍ കാരുണ്യവും അനുഗ്രഹവുമായി മാറുന്നുവെന്ന് വ്യക്തമാണ്.

ഏതുപരീക്ഷണഘട്ടത്തിലും വിശ്വാസികളില്‍നിന്ന് പ്രതീക്ഷിക്കുന്ന നിലപാട്  അല്ലാഹുവിന് ഇഷ്ടപ്പെട്ട രീതിയില്‍ ആയിരുന്നാല്‍ മാത്രമേ അവന്റെയടുക്കല്‍നിന്ന് പ്രതിഫലം ലഭിക്കുകയുള്ളൂ. ക്ഷമ കൈക്കൊള്ളുകയെന്നതാണ് അവയിലൊന്ന്. രണ്ടാമത്തേത് ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുത്തതില്‍ അല്ലാഹുവോട് നന്ദിപ്രകാശിപ്പിക്കുകയാണ്. ‘ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക’.(അസ്സുമര്‍ 10).

ക്ഷമയും നന്ദിപ്രകാശനവും അത്ര എളുപ്പത്തില്‍ സാധ്യമായ ഒന്നല്ല. അതിന് നിരന്തരപരിശ്രമം ആവശ്യമാണ്. അതിനാല്‍  വിഷമസന്ധികളില്‍പെട്ടുഴലുന്ന ആളുകള്‍, അല്ലാഹു തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള സംഗതികളില്‍  അക്ഷമയും രോഷവും കൈക്കൊള്ളുന്നത് ‘ഇബ്തിലാഇ’ന്റെ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് തിരിച്ചറിയുക.

Topics