വിശ്വാസം-ലേഖനങ്ങള്‍

‘കര്‍ബല’ നല്‍കുന്ന ഐക്യപാഠങ്ങള്‍

ഇമാം ഹുസൈന്‍ കര്‍ബലയില്‍ നയിച്ച പോരാട്ടം, നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നില്ല. മറിച്ച് ഒരു സ്വേച്ഛാധിപതിയായ ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നു. മുആവിയയുടെ പുത്രന്‍ യസീദ്, മുസ് ലിം ഉമ്മത്തിന് അവരുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് അധികാരസ്ഥാനം കരസ്ഥമാക്കിയത്. അതിനു പുറമെ, ദുര്‍വൃത്തനും അരാജകവാദിയുമായിരുന്നു യസീദ്. അധിക സുന്നിപണ്ഡിതന്‍മാരും അങ്ങനെതന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
ശിയാക്കളെ പിന്തുണക്കുക എന്നതായിരുന്നില്ല ഇമാം ഹുസൈന്‍ (റ) ന്റെ വിപ്ലവ ലക്ഷ്യം. സേഛാധിപതിയായ ഒരു ഭരണാധികാരിക്കെതിരെയുള്ള വിപ്ലവമായിരുന്നു അത്.

എന്നാല്‍ കര്‍ബലയില്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊലചെയ്യപ്പെട്ടു. കര്‍ബല ശിഈ ചരിത്രത്തിലെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അന്നുമുതലിങ്ങോട്ട് ശിഈകള്‍ പ്രവാചക കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് സ്വന്തമായ വിശ്വാസങ്ങളും ആചാരങ്ങളും നീതിനിര്‍വ്വഹണ വ്യവസ്ഥയും ഭരണക്രമവുമുള്ള ഒരു കക്ഷിയായി മാറുകയായിരുന്നു.
എന്നാല്‍ ഇമാം ഹുസൈന്‍ (റ) നയിച്ച വിപ്ലവം അദ്ദേഹം തന്നെ പ്രഖ്യാപിച്ചതുപോലെ, പ്രവാചകന്‍ (സ) യുടെ രാഷ്ട്രത്തെ പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു. നിലവിലെ ഭരണകൂട സംവിധാനത്തിലെ സകല തിന്മകളെയും ഇല്ലായ്മ ചെയ്ത് നേരായ മാര്‍ഗത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അദ്ദേഹത്തിന്റെ സഹോദരന്‍ ഹസനും(റ) മുസ് ലിം സമുദായത്തിന്റെ ഐക്യത്തില്‍ അങ്ങേയറ്റം ഉത്സുകനായിരുന്നു. എന്നാല്‍ തന്റെ സഹോദരനില്‍ നിന്ന് വ്യത്യസ്തമായി മുആവിയയുമായി രഞ്ജിപ്പിലെത്തി ഖിലാഫത്ത് മുആവിയക്കുതന്നെ വകവെച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഹുസൈന്‍ (റ) അതിനെതിരെ പ്രതികരിച്ചത് മറ്റൊരു രീതിയിലായിരുന്നു.
ഇവിടെ ഒരു കാര്യം ഞാന്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ പോലെ, അന്ന് ശിയാ-സുന്നി വിഭജനം മുസ് ലിംകള്‍ക്കിടയില്‍ അത്ര ശക്തമായിരുന്നില്ല. മുസ് ലിംകള്‍ക്കിടയില്‍ അത്തരമൊരു വിവേചനം ഇല്ലാതിരുന്ന ആ കാലത്ത് മുസ് ലിംകളെല്ലാം ആഗ്രഹിച്ചിരുന്നത്, മുആവിയക്ക് ശേഷം ഖലീഫയാകാന്‍ ഏറ്റവും അര്‍ഹന്‍ ഹുസൈന്‍ (റ) തന്നെയാണെന്നായിരുന്നു. യസീദിനെ ഖിലാഫത്ത് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ മുസ് ലിംകളാരും അനുകൂലിച്ചിരുന്നില്ല. എന്നാല്‍ യസീദിനെതിരെ യുദ്ധം ചെയ്യാന്‍ മുസ് ലിം ഭൂരിപക്ഷം സന്നദ്ധരായിരുന്നില്ല. എന്നു മാത്രമല്ല, യസീദിനെതിരെ പോരാടാന്‍ ഹുസൈനെ(റ) പ്രേരിപ്പിച്ചവര്‍ തന്നെ, യുദ്ധം അടുത്തെത്തിയപ്പോള്‍ പിന്‍മാറിക്കളയുകയായിരുന്നു. സഹാബാക്കളില്‍ അന്ന് ജീവിച്ചിരുന്ന പല പ്രമുഖരും ഹുസൈനോട് (റ) യുദ്ധത്തിന് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. അദ്ദേഹം യുദ്ധം ചെയ്യണമെന്നതും രക്തസാക്ഷിയാകണമെന്നതും ഇസ് ലാമിക ചരിത്രത്തിലെ മഹനീയ സാന്നിധ്യമാകണമെന്നതും അല്ലാഹുവിന്റെ നിശ്ചയമായിരുന്നു.
ഇമാം ഹുസൈന്‍ (റ) നടത്തിയ വിപ്ലവത്തിന്റെ കാരണങ്ങളും ലക്ഷ്യങ്ങളും ഈയവസരത്തില്‍ വിശകലനം ചെയ്യുന്നത് നന്നായിരിക്കും.  രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹം യസീദിനെതിരെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
1. രാജ്യത്തിലെ പൗരന്മാരുമായി കൂടിയാലോചിക്കാതെ യസീദ് ഇസ് ലാമിക രാജ്യത്തിന്റെ ഖലീഫയായി
2. യസീദിന്റെ സ്വേഛാധിപത്യവാഴ്ച

ഇസ് ലാമിക ലോകത്തിന്റെ ഭരണാധികാരിയായിരിക്കാന്‍ അവശ്യം വേണ്ട ഗുണങ്ങള്‍ പോലുമില്ലാത്തഒരാളായിരുന്നു യസീദ്. ഈയൊരു കാരണത്താല്‍ മുസ് ലിംകള്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുത്തു. മുസ് ലിം സമൂഹത്തില്‍ പിന്നീടുണ്ടായിട്ടുള്ള സംഘര്‍ഷങ്ങളിലേക്ക് നയിച്ചതും നേതാവിന്റെ യോഗ്യതകളെ കുറിച്ച് ഇമാം ഹുസൈന്‍ (റ) ഉയര്‍ത്തിയ ചോദ്യങ്ങള്‍ തന്നെയാണ്. പിന്നീട് ശിയാ മുസ്‌ലിം വേര്‍തിരിവിനെ ആഴത്തിലേക്ക് നയിക്കുന്നതിനും കാരണമായിട്ടുണ്ട് ഇമാമത്തിനെ കുറിച്ച ചര്‍ച്ചകള്‍.
ശിയാവീക്ഷണപ്രകാരം, ഇമാമിനെ നയിക്കുന്നത് അല്ലാഹുവാണ്. അതില്‍ മനുഷ്യന് അധികാരമില്ല. എന്നാല്‍ സുന്നിഭൂരിപക്ഷത്തിന്റെ വീക്ഷണപ്രകാരം ഇമാമും നേതാക്കളും, മുസ് ലിം സമൂഹത്തിന്റെ താല്‍പര്യവും നിര്‍ദ്ദേശങ്ങളുമനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളാണ്.
എന്റെ അഭിപ്രായത്തില്‍ ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കുമുണ്ട് അപ്രായോഗികത. അല്ലാഹു തെരഞ്ഞെടുത്തവര്‍ മാത്രമാണ് ഇമാമുമാര്‍ എന്ന വീക്ഷണത്തില്‍ ശിയാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. ശിയാക്കള്‍ക്കിടയിലെ ഇസ്‌നാഅശരികളുടെ വീക്ഷണത്തില്‍ പ്രവാചക കുടുംബത്തില്‍ നിന്നുള്ള 12 പേരാണ് ഇമാമുമാര്‍. എന്നാല്‍ ഇസ്‌നാ അശരിയല്ലാത്ത അധിക ശിയാക്കളുടെയും വീക്ഷണം, ഇമാമുകള്‍ ആ 12 പേരില്‍ പരിമിതമല്ല എന്നാണ്. ഈ 12 പേര്‍ക്കു പുറമേ രണ്ടുപേര്‍ മാത്രമാണ് ഇമാമുമാര്‍. അലിയ്യുബ്‌നു അബൂത്വാലിബും (റ) അദ്ദേഹത്തിന്റെ പുത്രന്‍ ഹസനും (റ). രണ്ട് കാര്യങ്ങളിലൊഴിച്ച് സുന്നികള്‍ ശിയാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. ഇമാമുമാരുടെ വാക്കുകളിലെ ആധികാരികതയും അവരുടെ അപ്രമാദിത്വവുമാണത്.

ഇസ് ലാമിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിന് വ്യത്യസ്ത രീതികളുണ്ട്. അബൂബക്കറും ഉമറും (റ) തെരഞ്ഞെടുക്കപ്പെട്ടത് വ്യത്യസ്ത രീതികളിലൂടെയായിരുന്നു. ഉമര്‍ (റ) മരിക്കുമ്പോള്‍ അടുത്ത ഖലീഫയായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം മറ്റൊരു നിര്‍ദ്ദേശം വെച്ചു. ആറ്‌പേരെ തെരഞ്ഞെടുത്ത് ആ ആറ്‌പേര്‍ ചേര്‍ന്നു ഖലീഫയെ തെരഞ്ഞെടുത്തു. ഉസ്മാന്‍ (റ) മരിച്ചപ്പോള്‍ മുഹാജിറുകളും അന്‍സാറുകളും ചേര്‍ന്ന് അലി (റ)യെ ഖലീഫയായി തെരഞ്ഞെടുത്തു.
ഈ നാലു പേരുടെ തെരഞ്ഞെടുപ്പു രീതികളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അവര്‍ നാല് പേരും തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളാലാണ്. ഇസ് ലാമിക ലോകത്തെ പ്രഗത്ഭരായ പണ്ഡിതന്‍മാരാലാണ്.
ശിയാക്കളിലെ ഇസ്‌നാ അശരികളുടെ വീക്ഷണത്തില്‍ പന്ത്രണ്ടാമത്തെ ഇമാം, ഇമാം അല്‍മഹ്ദിയായിരിക്കും. ആയിരത്തി ഇരുനൂറ് വര്‍ഷത്തിലധികമായി അവര്‍ പന്ത്രണ്ടാമത്തെ ഇമാമിന്റെ വരവിനായി കാത്തിരിക്കുന്നു. മഹ്ദി എപ്പോള്‍ വരുമെന്ന് നമുക്ക് അറിയില്ല. മുസ് ലിം സമൂഹം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അക്രമണങ്ങളും പീഡനങ്ങളും സഹിച്ച്, പ്രതികരിക്കാതെ മറ്റു പോംവഴികള്‍ നോക്കാതെ മഹ്ദിയെയും കാത്തിരിക്കണമെന്നാണോ അവര്‍ പറയുന്നത് ?  അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസൃതമായി ഭരിക്കുന്ന ഒരു നേതാവ് തെരഞ്ഞെടുക്കപ്പെടണമെന്ന് ശിയാക്കളില്‍ തന്നെ പല പ്രമുഖ പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇവിടെ സുന്നികളും ശീഇകളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായത്തിലാണുള്ളത്. മുസ് ലിം ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും യോജിച്ചിരിക്കുന്നു. ഇനി നമുക്ക് വേണ്ടത് അല്ലാഹുവിന്റെ നിയമങ്ങള്‍ ഭൂമിയില്‍ പ്രയോഗവല്‍ക്കരിക്കാന്‍ ഉതകുന്ന ഒരു നല്ല വ്യവസ്ഥയാണ്. അതുവഴിയാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്ന അക്രമകാരികളും ക്രൂരന്മാരുമായ ഭരണാധികാരികളില്‍ നിന്ന് നമുക്ക് രക്ഷനേടാനാകൂ. മറ്റുള്ളവര്‍ ചെയ്തിട്ടുള്ള ചരിത്രപരമായ പിഴവുകള്‍ക്ക് അല്ലാഹു നമ്മെ ശിക്ഷിക്കുകയില്ല. എന്നാല്‍ ആ തെറ്റുകള്‍ തന്നെ നാമും ആവര്‍ത്തിക്കുകയാണെങ്കില്‍ അല്ലാഹു നമ്മെ ശിക്ഷിക്കുക തന്നെ ചെയ്യും.
ഇമാം ഹുസൈന്‍ സുന്നികളും ശിഈകളും ഉള്‍പ്പെടുന്ന മുഴുവന്‍ മുസ് ലിംകളുടെയും ഇമാമാണ്. യസീദുമായി ഏറ്റുമുട്ടലിന് തയ്യാറായപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉറച്ച് നിന്നത്. ഭൂരിഭാഗം വരുന്ന സുന്നികളും ശീഇകളും അന്ന് അദ്ദേഹത്തൊടൊപ്പം നിന്ന് പൊരുതിയില്ല എന്നത് ചരിത്ര സത്യമാണ്. എന്നാല്‍ ആ സംഭവത്തിന് ശേഷം എന്ത് സംഭവിച്ചു എന്നത് സുവിദതമാണ്. മുസ് ലിംകള്‍ ഒന്നിച്ചു. മുസ് ലിംകള്‍ ഒന്നടങ്കം യസീദിനെതിരെ ഇബ്‌നു സുബൈറിന് കീഴില്‍ ഒന്നിച്ചണിനിരന്നു. ചരിത്രത്തില്‍ പിന്നീട് ഇമാം അബൂ ഹനീഫയ്ക്കും ഇമാം മാലിക്കിനുമൊപ്പം ജനങ്ങള്‍ അണിനിരന്നു. അക്രമകാരികളായ ഭരണാധികാരികളോടുള്ള വിപ്ലവം നടത്തിയ പ്രവാചക കുടുംബത്തെ അവരും അതാത് കാലങ്ങളില്‍ പിന്തുണച്ചിട്ടുണ്ട്. ഇമാം ശാഫീ (റ) വും പ്രവാചക കുടുംബത്തോട് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:’ പ്രവാചക കുടുബത്തോട് സ്‌നേഹവും കൂറും കാണിക്കുന്നത് കൊണ്ട് ഒരു വിമതനായി ആരെങ്കിലും എന്നെ പരിഗണിക്കുന്നുവെങ്കില്‍, ഞാനൊരു വിമതനാണെന്നതിന് മാനവ വംശവും ജിന്നു വംശവും സാക്ഷികളായിക്കൊള്ളട്ടെ’.
ഇന്ന് മുസ് ലിം ഐക്യം ഒരു മുദ്രാവാക്യമല്ല. അല്ലാഹു നമ്മുടെ മേല്‍ ചുമത്തിയ ഒരു ഉത്തരവാദിത്വമാണ്. ശത്രുക്കള്‍ക്കെതിരെ പോരാടുന്നതിന് ഈ ഐക്യം അനിവാര്യമാണ്. ഇസ് ലാമിനെയും മുസ് ലിംകളെയും ഇല്ലായ്മ ചെയ്യുകയെന്നതാണ് ശത്രുക്കളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി എന്ത് അദ്ധ്വാനവും ചെയ്യാന്‍ അവര്‍ തയ്യാറാണ്.
അതുകൊണ്ട് മുഴുവന്‍ മുസ് ലിം സംഘടനകളും കക്ഷികളും ഇസ് ലാമിക പണ്ഡിതന്മാരും മുസ് ലിം ഐക്യത്തിന് വേണ്ടി ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. അല്ലാഹു നമ്മെ വിശേഷിപ്പിച്ചത് ഉത്തമ സമുദായമെന്നാണ്. നമ്മുടെ നാഥന്‍ ഏകനായ അല്ലാഹുവാണ്. നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ) യാണ്. അതിനാല്‍ നമുക്ക് മുന്നേറാം, വിശുദ്ധ ഖൂര്‍ആന്റെ കല്‍പന അനുസരിച്ച്: ‘നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്കല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നതിന് വേണ്ടി’. (ആലുഇംറാന്‍ 103)

: ശൈഖ് ഫൈസല്‍ മൗലവി

Topics