വിശ്വാസം-ലേഖനങ്ങള്‍

എനിക്ക് അറിയില്ലെന്ന് മൊഴിയാനും ശീലിക്കുക

ഇസ്‌ലാമികചരിത്രത്തിലെ അറിയപ്പെട്ട പണ്ഡിതനാണ് ഇമാം മാലിക്. ഒരു ദിവസം വിദൂരനാട്ടില്‍നിന്ന് ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അന്ന് ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളൊന്നുമില്ല. അതിനാല്‍ അയാള്‍ക്ക് ഇമാമിന്റെ അടുത്തെത്താന്‍ മാസങ്ങളോളം യാത്രചെയ്യേണ്ടിവന്നു. അത്തരം ക്ലേശപൂര്‍ണമായ യാത്രക്ക് ആ മനുഷ്യനെ പ്രേരിപ്പിച്ചതിത്രമാത്രമായിരുന്നു; ചില സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തി ദീനിയായി ജീവിക്കണം.

ഇമാമിന്റെ മുമ്പിലെത്തിയ ആ മനുഷ്യന്‍ ഓരോന്നായി നാല്‍പത് ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ 36 എണ്ണത്തിനും ഇമാമിന്റെ മറുപടി തനിക്കറിയില്ലെന്നായിരുന്നു.  നാലെണ്ണത്തിനുമാത്രമാണ് ഉത്തരം ലഭിച്ചത്.

അതേപോലെ ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്റെ ജീവിതത്തിലും സമാനമായ  വിനയത്തിന്റെ ചരിത്രമുണ്ട്. ഖുര്‍ആനെസംബന്ധിച്ച് ഏതോ ഒരു ഗ്രാമീണന്‍ ചോദിച്ചപ്പോള്‍ അതിനദ്ദേഹം നല്‍കിയ മറുപടി ചരിത്രപ്രസിദ്ധമാണ്: ‘അജ്ഞത മറച്ചുവെച്ച് ആ ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചാല്‍ ഏത് ആകാശമാണ് എന്നെ സംരക്ഷിക്കുക?. ഏത് ഭൂമിയിലാണ് എനിക്ക് രക്ഷ കിട്ടുക?’

ചോദ്യമിതാണ്: നിങ്ങള്‍ ഇസ്‌ലാമികപണ്ഡിതനാണോ ? അതെയെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍,  ഒന്നുചോദിച്ചോട്ടെ, എത്തരത്തിലുള്ള ഇസ്‌ലാമികവിദ്യാഭ്യാസമാണ് നിങ്ങള്‍ക്കുള്ളത് ? ഹദീഥ് വ്യാഖ്യാനശാസ്ത്രത്തില്‍ നൈപുണി തെളിയിച്ചിട്ടുണ്ടോ ? ഖുര്‍ആന്‍ ആഴത്തില്‍ വ്യാഖ്യാനങ്ങളുടെ സഹായത്തോടെയും ഭാഷാവൈദഗ്ധ്യംകൈമുതലാക്കിയും പഠിച്ചിട്ടുണ്ടോ ? എത്ര അധ്യാപകരുടെ കീഴിലാണ് നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയത് ? ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഴ്ചയില്‍ എത്രമണിക്കൂര്‍ ഇപ്പോഴും ചെലവഴിക്കുന്നുണ്ട് ? ഈ ചോദ്യങ്ങളില്‍ അധികപക്ഷത്തിനും ഇല്ല എന്നാണുത്തരമെങ്കില്‍  ആദ്യചോദ്യത്തിന് ഉത്തരം ഇല്ല എന്നായിരിക്കും.

അപ്പോള്‍ സഹോദരിസഹോദരന്‍മാരേ,   അത്തരം മഹാന്‍മാരായ പണ്ഡിതരുമായി നമ്മെ താരതമ്യം ചെയ്തുനോക്കൂ. എന്നിട്ടും, നാം ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, ഈമെയിലിലും വീടുകളിലും ക്ലാസ്‌റൂമുകളിലും, ചര്‍ച്ചകളിലും  വ്യത്യസ്തഫത്‌വകളും മറുപടികളും നല്‍കുന്നു. അത് ഹറാം ഇത് ഹലാല്‍ എന്നൊക്കെ വിധിപ്രസ്താവിക്കുന്നു. ഇത് ദൈനംദിനം മുടക്കമില്ലാതെ തുടരുന്നു.  അതില്‍ നമുക്ക് യാതൊരു പ്രയാസമോ ആലോചനയോ വേണ്ടിവരുന്നില്ല. ചൂടുള്ള ബ്രഡിനുമുകളില്‍ പുരട്ടിയ വെണ്ണ പരന്നൊഴുകുംപോലെ ചലപില സംസാരിക്കുന്നു. അതിന്റെ ഗൗരവം നാം ഉള്‍ക്കൊള്ളുന്നില്ല. നാം ഇസ് ലാമികഫിഖ്ഹില്‍ വൈദഗ്ധ്യമുള്ളവരെന്ന് ഭാവിക്കുകയാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക.. ഇതെല്ലാം നാം അജ്ഞതയാലാണ് ചെയ്തുകൂട്ടുന്നത്.

ശൈഖ് ഗൂഗ്ള്‍ അംഗീകൃത പണ്ഡിതനൊന്നുമല്ല. മൗലാന ട്വിറ്റര്‍ ആധികാരിക ഇമാമുമല്ല. മുഫ്തി ഫെയ്‌സ്ബുക് പ്രാമാണികഫഖീഹുമല്ല.

ശരിയായ  ഫത്‌വ വര്‍ഷങ്ങളോളം ഇസ്‌ലാമിനെ ക്കുറിച്ച് പഠിച്ച അഗാധജ്ഞാനികള്‍ക്കും കര്‍മശാസ്ത്രവിശാരദര്‍ക്കും മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരം മഹാന്‍മാര്‍ ഇമാംമാലികിനെപ്പോലെ , അബൂബക്ര്‍(റ)നെപ്പോലെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അറിയില്ലെന്നേ മറുപടി നല്‍കൂ.

അതുകൊണ്ട് ഇന്നുമുതല്‍ നാം ജാഗരൂകരാവുക. എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് ബോധവാന്‍മാരാകുക. നിങ്ങളുടെ ഇടതുവശത്തുള്ള മലക്ക് എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്ന് മറക്കാതിരിക്കുക. അവരെ അമിതമായി പണിയെടുപ്പിക്കാതിരിക്കുക. എനിക്ക് അറിയില്ലെന്ന് മൊഴിയാന്‍ ശീലിക്കുക. വലതുപാര്‍ശത്തിലെ മലക്കിനെ കര്‍മനിരതനാക്കുക. ലോകത്തിലെ മഹത്തുക്കള്‍ ചെയ്തതുപോലെ.

Topics