കുറച്ചുനാള്‍ മുമ്പ് ഒത്തിരിയകലെയുള്ള നാട്ടില്‍ മുഖ്യപ്രഭാഷണം നടത്താന്‍ സംഘാടകര്‍ എന്നെ ക്ഷണിച്ചു. പരിപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ പിരിയാനൊരുങ്ങവേ ഒരാള്‍ മതപരമായ ചില സംശയങ്ങളുമായി എന്റെയടുക്കല്‍വന്നു. ‘നല്ല ചോദ്യമാണിത്. പക്ഷേ, ഇതിനുള്ള ഉത്തരം എനിക്കറിയില്ല. സോറി..’ അതിന്റെ ഉത്തരം അറിയണമെന്ന് ഞാനും ആഗ്രഹിക്കുകയുംചെയ്തു. ‘താങ്കള്‍ ഇവിടെയുള്ള പണ്ഡിതനോട് ചോദിക്കുകയായിരിക്കും ഉത്തമം’ തികഞ്ഞ ഗുണകാംക്ഷയോടെ ഞാന്‍ അയാളോട് പറഞ്ഞു.
അത്രയും കേട്ട അയാളുടെ മുഖഭാവം പെട്ടെന്നുതന്നെ മാറി. ഉയര്‍ന്ന ശബ്ദത്തില്‍ അയാള്‍ ഇപ്രകാരം പറയാന്‍ തുടങ്ങി’നിങ്ങള്‍ക്ക് ഇതിന്റെ ഉത്തരം അറിയില്ലെന്ന് പറയുകയാണോ? ഇത്രയും ദൂരം വന്നിട്ട് എനിക്കറിയില്ല എന്ന് പറഞ്ഞ് സ്ഥലം വിടുകയാണല്ലേ.’ (ഞാന്‍ വലിയ പണ്ഡിതനാണെന്ന് കക്ഷി ധരിച്ചെന്നുതോന്നുന്നു). ചെറുപുഞ്ചിരിയോടെ ഞാനാ മനുഷ്യനോട് പറഞ്ഞു: ‘ക്ഷമിക്കണം. എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്. തെറ്റായ ഉത്തരം നല്‍കി താങ്കളെ പറഞ്ഞയക്കുന്നത് എനിക്കും താങ്കള്‍ക്കും ദോഷമേ ചെയ്യൂ. ‘
സാധാരണയായി, നമുക്ക് അറിയാമെന്ന ധാരണയില്‍ ആരെങ്കിലും മറുപടി പ്രതീക്ഷിച്ച് ആരെങ്കിലും ചോദ്യം ചോദിക്കുകയും അതിന് നാം നിഷ്‌കളങ്കമായി അറിയില്ലയെന്ന് മൊഴിയേണ്ടിവരികയുംചെയ്യുന്ന അവസ്ഥ വളരെ പ്രയാസമുണ്ടാക്കുന്നതാണ്. അതിനാല്‍ പലയിടത്തും ആളുകള്‍ എന്തെങ്കിലും ഉത്തരം നല്‍കി പ്രയാസത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.
ഇത് പറയുമ്പോള്‍ എനിക്ക് ഒരു ഹദീസാണ് ഓര്‍മ വരുന്നത്. സ്വിഫാതുല്‍ ഫത്‌വ എന്ന പുസ്തകത്തില്‍ (ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി)ലാണ് ആ ഹദീസ് കണ്ടിട്ടുള്ളത്. അത് വായിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടും. ഒരിക്കല്‍ ഒരു മനുഷ്യന്‍ പ്രവാചകന്‍ മുഹമ്മദ് (സ)ന്റെ അടുക്കല്‍ വന്ന് ചോദിച്ചു. ‘ഭൂമിയിലെ ഏറ്റവും മോശമായ ഇടം ഏതാണ് നബിയേ?’ അല്ലാഹുവില്‍നിന്ന് വഹ്‌യ് ലഭിക്കുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ വിജ്ഞാനമുള്ള നബി(സ) എന്ത് മറുപടി കൊടുത്തിട്ടുണ്ടാകുമെന്നാണ് നിങ്ങള്‍ ഊഹിക്കുന്നത് ? ‘എനിക്കറിയില്ല’എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി. അതോടെ മുഹമ്മദ് നബിയുടെ മഹത്വം ഒന്നുകൂടി വര്‍ധിക്കുകയാണ് ചെയ്തത്. ‘അത്… എനിക്കുതോന്നുന്നത്… ‘എന്നൊന്നും ഉരിയാടാന്‍ ശ്രമിക്കാതെ അറിയില്ലെന്നുപറയാന്‍ അദ്ദേഹത്തിന് തരിമ്പും മടിയുണ്ടായിരുന്നില്ല.
‘പിന്നീട് നബിതിരുമേനി ആ വിഷയം ജിബ്‌രീല്‍ (അ)നോട് ചോദിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹംചോദിച്ചു:’അല്ലയോ ജിബ് രീല്‍ ഏറ്റവും മോശമായ സ്ഥലമേതാണ്?’ ജിബ്‌രീല്‍ പ്രത്യുത്തരം ചെയ്തു: ‘എനിക്കറിയില്ല.” നോക്കൂ…വഹ്‌യ് എത്തിക്കുന്ന ജിബ്‌രീല്‍ എന്ന മലക്കുപോലും തനിക്കറിയില്ല എന്നാണ് പ്രതിവചിച്ചത്. വളരെ ചിന്തനീയമായ സംഗതിയാണിത്.
ജിബ്‌രീല്‍ (അ) അല്‍പസമയത്തേക്ക് സ്ഥലംവിട്ടു. പിന്നീട് തിരികെവന്ന് നബിതിരുമേനിയോട് ഇപ്രകാരം പറഞ്ഞു:’അല്ലയോ പ്രവാചകാ, താങ്കള്‍ എന്നോട് അല്ലാഹു ഏറ്റവും കൂടുതല്‍ വെറുക്കുന്നസ്ഥലം ഏതെന്ന് ചോദിച്ചു. ഞാനതിന് എനിക്കറിയില്ലെന്ന് മറുപടിയും നല്‍കി. ഞാനക്കാര്യം അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു: ‘അങ്ങാടികള്‍’ എന്ന്.'(ഹാകിം)
എല്ലാം അറിയുന്ന അല്ലാഹുവാണ് അതിന് ഉത്തരം ചെയ്തത്. ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രം: നമുക്ക് അറിയാത്ത ഒരു വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞ് തടിതപ്പുന്നതിനുപകരം എനിക്ക് അറിയില്ല എന്ന് പറയാന്‍ നാം ആര്‍ജ്ജവം കാട്ടണം. അതാണ് പ്രവാചകമാതൃക.
Add Comment