രാഷ്ട്രീയം-ലേഖനങ്ങള്‍

ഇസ്‌ലാമിന്റെ ബഹുസ്വരത

നൈതികവും ആധ്യാത്മികവുമായ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് ദേശാതീത മതകീയ വ്യക്തിത്വവും ദേശബന്ധിത സാംസ്‌കാരികമുഖവും പ്രദാനംചെയ്യുന്ന ഇസ്‌ലാം, മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്തുള്ള നാഗരികക്രമമാണ്. അതുകൊണ്ടുതന്നെ ഇതരസംസ്‌കൃതികളോടും മത- ഭൗതികവിശ്വാസധാരകളോടും കേവല സഹിഷ്ണുത പുലര്‍ത്തുകയെന്നതിനപ്പുറം ക്രിയാത്മക സംവാദമാണ് ഇസ്‌ലാം വെച്ചുപുലര്‍ത്തുന്നത്. പരസ്പരമുള്ള അജ്ഞത തീര്‍ക്കാന്‍ വിവിധ ദര്‍ശനങ്ങളെ പരസ്പരം മനസ്സിലാക്കലും അറിവിലും ജ്ഞാനത്തിലും അധിഷ്ഠിതമായി അവയോട് സംവദിക്കലും അനിവാര്യമാണ്. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഈ സ്വഭാവത്തിലുള്ള ബഹുസ്വരതയാണ് ഇസ്‌ലാമിന്റേത്.

യഥാര്‍ഥ ദൈവികസരണിയായതുകൊണ്ടുതന്നെ ഇസ്‌ലാം സ്വയം സത്യമാണെന്നും അവകാശപ്പെടുന്നു. അത്തരം അവകാശവാദങ്ങള്‍ ഇല്ലാത്ത ഒരു ദര്‍ശനത്തിനും മനുഷ്യന്‍,സമൂഹം അവയുടെ ഭൗതികജീവിതത്തിലെ ആവിഷ്‌കാരം എന്നിവയില്‍ കൃത്യമായ കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കാനാവില്ല.
മതേതരയുക്തി ഇന്ന് മതങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത് അവയെല്ലാം ആചാരബന്ധിതമായ ഏര്‍പ്പാടാണെന്നാണ്. എന്നാല്‍ ഇസ്‌ലാം അത്തരത്തിലുള്ള മതമല്ല. അതിന് ആത്മീയ-ഭൗതിക വേര്‍തിരിവുകളില്ല. വിവിധ മതവിഭാഗങ്ങള്‍ വ്യത്യസ്ത സത്യങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ ആത്മീയലോകത്തെ വൈവിധ്യം സമകാലികഭൗതികപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഒട്ടുംതന്നെ ഉപയുക്തമല്ല എന്ന് മതേതരയുക്തി ധരിച്ചിട്ടുള്ളത് ഇസ്‌ലാമിനെ സംബന്ധിച്ച് പ്രസക്തമല്ല. അതുകൊണ്ടുതന്നെ സത്യത്തെക്കുറിച്ച മറ്റുമതങ്ങളുടെ അവകാശവാദങ്ങളെക്കാള്‍ ഇസ്‌ലാമിന്റെ വാദം അതീവപ്രാധാന്യമുള്ളതാണ്. മനുഷ്യന്റെ ഇഹ-പര ലോകങ്ങളിലെ എല്ലാ വിഷയങ്ങളിലും പരിഹാരമാര്‍ഗമുണ്ട് എന്ന അവകാശവാദം സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കും എന്ന വാദം തികഞ്ഞ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. ഇസ്‌ലാമല്ലാത്ത മറ്റു വിശ്വാസധാരകളും ചിന്താസരണികളും തീര്‍ത്തും അധാര്‍മികവും മൂല്യരഹിതവുമാണെന്ന് അതൊട്ടും പറഞ്ഞുവെച്ചിട്ടുമില്ല.

അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യമാണ് മറ്റുള്ളവരുടെ നന്‍മയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണ് ഇസ്‌ലാമിന്റേതെന്നത്. ധിക്കാരവും കുതര്‍ക്കവും കൈമുതലാക്കിയ സത്യനിഷേധമാണ് ശിക്ഷാര്‍ഹമെന്നും അജ്ഞതയും സാമൂഹികചുറ്റുപാടുകളും നിമിത്തമുള്ള അവിശ്വാസം ദൈവതീരുമാനത്തിന് വിധേയമാണെന്നും ഇറാനിയന്‍ ചിന്തകനായ മുര്‍തദാ മുത്വഹ്ഹരി അഭിപ്രായപ്പെടുന്നുണ്ട്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന അഅ്‌റാഫുകാര്‍ (സ്വര്‍ഗത്തിലും നരകത്തിലും പെടാത്തവര്‍) മനുഷ്യരോടുള്ള അതിരുകവിഞ്ഞ സ്‌നേഹാനുകമ്പയാല്‍ സല്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാകാം എന്ന് നിരീക്ഷിച്ച പണ്ഡിതന്‍മാര്‍ ഇസ്‌ലാമികലോകത്തുണ്ടെന്നോര്‍ക്കണം.

മുസ്‌ലിംകള്‍ക്ക് സ്വന്തം വിശ്വാസിസമൂഹത്തിലെ വിവിധധാരകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുപോലെ അന്യമതസ്ഥരെ ഉള്‍ക്കൊള്ളാനാകുമോ എന്ന് സംശയിക്കുന്നവരുണ്ട്. ജൂത-ക്രൈസ്തവ മതസമൂഹങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം മാത്രം മതി, ആ സംശയങ്ങള്‍ അസ്ഥാനത്താണെന്ന് മനസ്സിലാക്കാന്‍. മദീനാകാലംമുതല്‍ ഇസ്‌ലാമിനെതിരെ എല്ലാ രീതിയിലും എതിര്‍പ്പ് പ്രകടിപ്പിച്ച ആ സമൂഹങ്ങളെ ദൈവികഗ്രന്ഥത്തിന്റെ ഒരു കാലഘട്ടത്തിലെ അവകാശികള്‍ എന്ന അര്‍ഥം വരുന്ന ‘അഹ്‌ലുല്‍ കിതാബ് ‘ എന്ന് അഭിസംബോധനചെയ്തു. അവര്‍ അറുത്ത മാംസവും അവരിലെ വിശുദ്ധരായ സ്ത്രീകളും അനുവദനീയമായി. വിവാഹംചെയ്യപ്പെടുന്ന വേദസ്ത്രീകള്‍ക്ക് സ്വന്തംവിശ്വാസം നിലനിര്‍ത്തി മുസ്‌ലിംഭര്‍ത്താവിനൊപ്പം കഴിയുന്നു. ആദര്‍ശപ്പൊരുത്തത്തിന്റെ മഹത്വത്തെ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദര്‍ശനംതന്നെ പ്രവാചകനെ അംഗീകരിക്കാത്ത സ്ത്രീയെ ഭാര്യയും മാതാവും ആയി പരിഗണിച്ച് ജീവിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന ഉദാരതയെക്കുറിച്ച് ആലോചിക്കേണ്ടതില്ലേ?

ഇസ്‌ലാമിന്റെ രാഷ്ട്രീയ- സാമൂഹിക ക്രമവും വ്യത്യസ്ത മതവിശ്വാസങ്ങളെയും ഭൗതികവീക്ഷണങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇസ്‌ലാമല്ലാത്തവരെ പ്രതിയോഗികളും എതിരാളികളുമായി അത് കാണുന്നില്ല. അവര്‍ക്ക് കൂടി യോജിക്കാവുന്ന പൊതുമൂല്യങ്ങളെ സംസ്ഥാപിക്കാനുള്ള പൊതുഅജണ്ടയായിരിക്കും അതിനുണ്ടാവുക. അതുകൊണ്ടുതന്നെ കേവലസഹിഷ്ണുതയായി ആ ഉള്‍ക്കൊള്ളലിനെ കാണാനാവില്ല. മറിച്ച് , മനുഷ്യന്‍ എന്ന അര്‍ഥത്തില്‍ ഭിന്ന സംസ്‌കാരം സ്വീകരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കുക എന്നതിനപ്പുറം അവരെ അംഗീകരിക്കലും വിലമതിക്കലുമാണ് ആ സമീപനത്തിലുള്ളത്.

മാനുഷികതയെക്കുറിച്ച ദൈവികസങ്കല്പമായ, ‘നന്‍മ നിലനില്‍ക്കുന്ന പൊതുമണ്ഡലം’ എന്നതാണ് ഖുര്‍ആന്‍ വരച്ചിടുന്ന ബഹുസ്വരത. യഥാര്‍ഥ മോക്ഷമാര്‍ഗം ഇസ്‌ലാം ആണെന്ന അവകാശവാദം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റു മതസ്ഥരുടെ നന്‍മയെയും അവ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും വിലമതിക്കുകയും സമ്മതിക്കുകയുംചെയ്യുന്ന ഇസ്‌ലാമിന്റെ നിലപാടിനെ മതപ്രചോദിത ബഹുസ്വരത എന്ന് വിശേഷിപ്പിക്കാം. സ്വന്തം മതത്തെക്കുറിച്ച അതിരുകവിഞ്ഞ അവകാശവാദവും ഇതരജനവിഭാഗങ്ങള്‍ സത്യമതത്തിലേക്ക് കടന്നുവരണമെന്ന അഭിലാഷവും സംഘര്‍ഷത്തിന് കാരണമാവും എന്ന പാശ്ചാത്യമതേതരയുക്തിയും, എല്ലാ സരണികളും ഒരുപോലെ ഒരു യാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത ആവിഷ്‌കാരങ്ങളാണ് എന്ന ക്രൈസ്തവചിന്തകന്‍മാര്‍ ആവിഷ്‌കരിച്ച ബഹുസ്വരതാ ആശയവും സമ്മതിക്കാതെ തന്നെ നന്‍മയിലും മൂല്യത്തിലും വിശ്വസിക്കുന്നവരുമായി സഹവര്‍ത്തിത്വം സാധ്യമാണ് എന്നാണ് ഇസ്‌ലാം അവകാശപ്പെടുന്നത്.

ഭിന്ന അവകാശവാദങ്ങളുന്നയിക്കുന്നതും പരസ്പരം മത്സരിക്കുന്നതുമായ വ്യത്യസ്ത സരണികളെ അക്കമഡേറ്റ് ചെയ്യുന്നതിനപ്പുറം മുസ്‌ലിംരാഷ്ട്രം മറ്റുമതവിശ്വാസികളുടെ ദൈവ നിര്‍മിതമായ അവകാശങ്ങളെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യും. തുര്‍ക്കിയിലെ ഉസ്മാനികള്‍ അക്കാലത്തെ 3 പ്രധാന ന്യൂനപക്ഷവിഭാഗങ്ങളായ ഗ്രീക്ക് ഓര്‍തഡോക്‌സ് ക്രൈസ്തവര്‍, അര്‍മീനിയന്‍ ഓര്‍തഡോക്‌സ് ക്രൈസ്തവര്‍, ജൂതര്‍ എന്നിവരുടെ മതകാര്യങ്ങളിലുള്ള സ്വയംഭരണം അംഗീകരിച്ചുകൊണ്ട് രാഷ്ട്രത്തിനുള്ളില്‍ ഒരു പുതിയ ഭരണസംവിധാനം (മില്ലത്ത് സമ്പ്രദായം എന്ന പേരില്‍) ആവിഷ്‌കരിച്ചത് അതിനുദാഹരണമാണ്.

Topics