വിശ്വാസം-ലേഖനങ്ങള്‍

ആഡംബര പ്രമത്തത: നാശത്തിലേക്കുള്ള വഴി

‘നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ തലമുറകളില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നത് തടയുന്ന ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരൊഴികെ. അക്രമികള്‍ തങ്ങള്‍ക്കു കിട്ടിയ സുഖസൗകര്യങ്ങളുടെ പിറകെ പോവുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായിരുന്നു.'(ഹൂദ് 116)

ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാകുന്നത് ഇതാണ്: തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖസൗകര്യങ്ങളില്‍ അഭിരമിച്ച്  കുറ്റകൃത്യങ്ങള്‍ക്കും അധര്‍മങ്ങള്‍ക്കും നേരെ മൗനമവലംബിക്കുകയായിരുന്നു ആ ജനത. അനീതി അവരെ അസ്വസ്ഥരാക്കിയില്ല. മറ്റൊരു യാഥാര്‍ഥ്യമിവിടെ അനാവരണംചെയ്യപ്പെടുന്നു; അതായത് തിന്‍മ ചെയ്യുന്നവരുടെ മേല്‍മാത്രമല്ല ശിക്ഷയിറങ്ങുന്നത് അത്തരം തിന്‍മകള്‍ നടമാടുമ്പോള്‍ മൗനമവലംബിക്കുന്നവരുടെ മേലുമാണ്. കാരണം അവരുടെ മൗനം ധിക്കാരികളുടെ അധര്‍മങ്ങള്‍ക്കുള്ള സമ്മതമായിരുന്നു.

വിലകെട്ട ആഡംബരങ്ങള്‍

മനുഷ്യന്  സന്തോഷവും സുഖവും പ്രദാനംചെയ്യുന്നതും എന്നാല്‍ അത്യാവശ്യമില്ലാത്തതുമായ സൗകര്യങ്ങളെയാണ് ആഡംബരംകൊണ്ടുദ്ദേശിക്കുന്നത്. ഫ്രഞ്ച് സാമൂഹ്യതത്ത്വശാസ്ത്രജ്ഞനായ ഡര്‍ഹേം വ്യവഹരിക്കുന്നത് ആഡംബരം എന്നാല്‍ മനുഷ്യനെ താനല്ലാതാക്കുന്ന തികഞ്ഞ സുഖദായിനിയെന്നാണ്. മനുഷ്യന്റെ ഉയര്‍ച്ചയിലും വികാസത്തിലും തികഞ്ഞ വഴിമുടക്കികളാണ് ജീവിതത്തില്‍ അനിവാര്യമല്ലാത്ത എല്ലാ സുഖസൗകര്യങ്ങളും എന്ന് അമേരിക്കന്‍ എഴുത്തുകാരനും  പ്രകൃതിവാദിയും കവിയും തത്ത്വജ്ഞനുമായ തോറെ അഭിപ്രായപ്പെടുന്നു. 

‘ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു’.(അല്‍ ഇസ്‌റാഅ് 16) മേല്‍ സൂക്തത്തെ വിശകലനം ചെയ്ത്  യൂസുഫ് അലി എഴുതുന്നു:’ഏതു വിഡ്ഢിക്കും ധിക്കാരിക്കും പശ്ചാത്തപിച്ചുമടങ്ങാന്‍ എപ്പോഴും കരുണാമയനായ അല്ലാഹു അവസരം നല്‍കുന്നു. എന്നാല്‍ ധിക്കാരവും അവിവേകവും അതിരുകവിയുമ്പോള്‍ ശിക്ഷ അനിവാര്യമായിത്തീരുന്നു. പക്ഷേ, അതുപോലും അവന്റെ നീതിയുടെയും കാരുണ്യത്തിന്റെയും ഭാഗമായാണ് എന്നുമാത്രം. അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവര്‍ അവനെ അനുസരിക്കാനും  അവനിലേക്ക് അടുക്കാനും ശ്രമിക്കും. അവര്‍ക്ക് പരിധികളെപ്പറ്റി കൃത്യമായ വിവരം നല്‍കപ്പെട്ടിരിക്കും. എന്നാല്‍ ഈ പരിധികള്‍ ലംഘിക്കാനും അക്രമം പ്രവര്‍ത്തിക്കാനും തുനിയുന്നവര്‍ക്ക് യാതൊരു അവസരവും പിന്നീട് നല്‍കപ്പെടുന്നതല്ല. തങ്ങള്‍ക്ക് അതിനെപ്പറ്റി വിവരമില്ലായിരുന്നുവെന്ന് വാദിക്കാനാവില്ല.  അവര്‍ക്കെതിരെ വ്യക്തമായ തെളിവുകൊണ്ടുവരപ്പെടും. നിസ്സംശയം അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നതില്‍ സംശയംവേണ്ട. അതോടെ അവരില്‍ ശിക്ഷ വന്നെത്തുകയായി.’

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍ വിശദീകരിക്കുന്നതിങ്ങനെ:’സൂക്തത്തിലെ ‘അമര്‍നാ’  എന്ന വാക്പ്രയോഗത്തെ സംബന്ധിച്ച് വ്യാഖ്യാതാക്കള്‍ വ്യത്യസ്താഭിപ്രായക്കാരാണ്. എന്നാല്‍ ഇവിടെ ആ വാക്കിനര്‍ഥം സമ്പന്നരോട് സൂക്ഷ്മതകൈക്കൊള്ളാനും ധര്‍മിഷ്ഠരാകുവാനും നാം കല്‍പിക്കുന്നു എന്നാണ്. അല്ലാതെ നമ്മുടെ നിര്‍ദ്ദേശം എന്നല്ല, കാരണം അല്ലാഹു അധാര്‍മികതയും മേച്ഛതയും നിര്‍ദ്ദേശിക്കുകയില്ല.’

അല്ലാഹു അവരെ അധാര്‍മികവൃത്തികള്‍ക്ക് വിധേയരാക്കി. അങ്ങനെ അവര്‍ ശിക്ഷയ്ക്ക് അര്‍ഹരായി. അല്ലെങ്കില്‍ നാം അവരെ നമ്മെ അനുസരിക്കാന്‍  കല്‍പിച്ചു. എന്നാല്‍  അവര്‍  ധിക്കാരം പ്രവര്‍ത്തിച്ചു. തിന്‍മകളില്‍ മുഴുകി. അങ്ങനെ ശിക്ഷയ്ക്ക് അവര്‍ പാത്രീഭൂതരായി. അല്ലെങ്കില്‍, നാം അവരുടെ സംഖ്യ വര്‍ധിപ്പിക്കുന്നു(അതായത്, ആഡംബരപൂര്‍ണജീവിതം നയിക്കുന്നവരുടെ )

പ്രസ്തുതസൂക്തത്തിന്റെ മറ്റൊരു വായന ഇങ്ങനെ. അമര്‍നാ എന്നതില്‍ മീം കനപ്പിച്ച് ‘അമ്മര്‍നാ’ എന്ന് വായിക്കുന്നതോടെ അതിന്റെ അര്‍ഥം ഇപ്രകാരമായിത്തീരുന്നു. ഇബ്‌നുഅബ്ബാസ് (റ) പറയുന്നു: ‘തിന്‍മയുടെ വക്താക്കള്‍ക്ക്  നാം അധികാരം നല്‍കുന്നു. അങ്ങനെ തങ്ങളുടെ നാടുകളില്‍ അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു. അവരങ്ങനെ ചെയ്യുന്നതിനാല്‍ അല്ലാഹു അവരുടെ മേല്‍ ശിക്ഷ ഇറക്കി അവരെ നശിപ്പിക്കുന്നു’. സമാനമായ ആശയം അല്‍ അന്‍ആം അധ്യായത്തില്‍ 123-ാം സൂക്തത്തില്‍ വന്നിരിക്കുന്നു.’അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല’.

ആഡംബരത്തിന്റെ അതിപ്രസരം അനീതിയും അധര്‍മവും വ്യാപിക്കുന്നതിന് അന്തരീക്ഷമൊരുക്കുന്നു. അനീതി തിന്‍മയുമായി ചേര്‍ന്ന് സത്യത്തെയും അതിന്റെ വക്താക്കളെയും കൈകാര്യംചെയ്യുന്നു. മൂല്യങ്ങളെ നിലംപരിശാക്കുന്നു. അതോടെ സമുദായത്തിന്റെ അതിജീവനത്തിനുള്ള ന്യായങ്ങള്‍ ഇല്ലാതാകുകയും ചരിത്രത്തില്‍നിന്ന് വിസ്മൃതമാകുകയുംചെയ്യുന്നു.

ഉപഭോഗത്വരയെ  കൈകാര്യംചെയ്യാന്‍

സമ്പത്തും സൗകര്യങ്ങളും നന്‍മയുടെ വിപാടനത്തിന് ഉപയോഗപ്പെടുത്തുന്നതായാണ് നമുക്ക് കാണാനാകുക. മൂസാപ്രവാചകന്‍ തന്റെ റബ്ബിനോട് ഫറോവന്‍പ്രഭൃതികളെപ്പറ്റി പരാതി പറയുന്നത് കാണുക:

 മൂസാ പറഞ്ഞു: ”ഞങ്ങളുടെ നാഥാ! ഫറവോന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹിക ജീവിതത്തില്‍ പ്രൗഢിയും പണവും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ നാഥാ! ജനങ്ങളെ നിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കാനാണ് അവരതുപയോഗിക്കുന്നത്. ഞങ്ങളുടെ നാഥാ! അവരുടെ സമ്പത്ത് നീ നശിപ്പിച്ചുകളയേണമേ. നോവേറിയ ശിക്ഷ കാണുംവരെ വിശ്വസിക്കാനാവാത്തവിധം അവരുടെ മനസ്സുകളെ കടുത്തതാക്കേണമേ.”

അല്ലാഹു പറഞ്ഞു: ”നിങ്ങളിരുവരുടെയും പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ സ്ഥൈര്യത്തോടെയിരിക്കുക. വിവരമില്ലാത്തവരുടെ പാത പിന്തുടരരുത്.”(യൂനുസ് 88-89)

ഖുര്‍ആന്‍ മറ്റൊരിടത്ത്  പറയുന്നു:

‘സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്‍ത്തും പരാജിതരാവും. ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.'(അല്‍അന്‍ഫാല്‍ 36)

അനിവാര്യമായ അനന്തരഫലമെന്നോണമാണ് സമൂഹത്തില്‍ ആഡംബരപ്രമത്തര്‍ വിഹരിക്കുന്നത് എന്നര്‍ഥം. കാരണം അവരുടെ അനീതിപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിത്തറ മാന്തുകയും അതുവഴി നാശത്തിലേക്ക് ആപതിക്കുകയും ചെയ്യുന്നു. ഇത് നാഗരികതയുടെ നാശത്തിനുള്ള മൂലകാരണങ്ങളെന്തെന്ന് വിശദീകരിക്കുന്ന കൊണോളിയുടെ തത്ത്വങ്ങളെ ശരിവെക്കുന്നു. ‘എല്ലാ നാഗരികതകളും കാലക്രമേണ നശിക്കുന്നു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്-ആഡംബരം, മതനിരാസം,അന്ധവിശ്വാസം, സ്ഥിരോത്സാഹമില്ലായ്മ. ഇതെല്ലാം എന്നും ഏതുസമൂഹത്തിലും തകര്‍ച്ചയുടെ കാരണമായി വര്‍ത്തിച്ചിരുന്നു. ഒരു നാഗരികതയുടെ തകര്‍ച്ച മറ്റൊരു നാഗരികതയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.’

വൈകിയ പശ്ചാത്താപം

ഗര്‍വിഷ്ടരും ആഡംബരപ്രമത്തരുമായ ജനതയുടെ മേല്‍ തങ്ങളുടെ ചെയ്തികളുടെ ഫലമായി ദുരന്തം പ്രത്യക്ഷപ്പെടുന്നു. അതോടെ അവര്‍ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാന്‍ തിടുക്കം കാട്ടുന്നു. എന്നാല്‍ അവരുടെ ആ സന്നദ്ധതയെ അവന്‍ ഗൗനിക്കുകയേയില്ല. അതിനാല്‍ അവരിലേക്ക് ശിക്ഷ വന്നെത്തുകയായി.അതിക്രമത്തിലേര്‍പ്പെട്ട എത്രയെത്ര നാടുകളെയാണ് നാം നിശ്ശേഷം നശിപ്പിച്ചത്! അവര്‍ക്കു ശേഷം നാം മറ്റു ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു.

 നമ്മുടെ ശിക്ഷ അനുഭവിച്ചുതുടങ്ങിയപ്പോള്‍ അവരതാ അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴവരോടു പറയും: ”ഓടേണ്ട. നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും തന്നെ തിരികെ ചെല്ലുക. നിങ്ങളെ ചോദ്യം ചെയ്‌തേക്കാം.” അവര്‍ പറഞ്ഞു: ”അയ്യോ, നമ്മുടെ നാശം! സംശയമില്ല; ഞങ്ങള്‍ അക്രമികളായിപ്പോയി.”അവരുടെ ഈ വിലാപം തുടര്‍ന്നുകൊണ്ടേയിരിക്കും. നാമവരെ കൊയ്തിട്ട വിള പോലെ ആക്കുംവരെ.(അല്‍ അമ്പിയാഅ്: 11-15)

ഗതകാല നാഗരികശ ക്തിയുടെ പതനം

തങ്ങള്‍ ഒരിക്കല്‍ വ്യാപൃതരായിരുന്ന സുഖാഡംബരങ്ങളിലേക്കുള്ള തിരിച്ചുപോകുന്ന സമൂഹങ്ങളിലേക്ക് അനിവാര്യമായ ശിക്ഷ ഇറങ്ങിവരുമ്പോള്‍ മാത്രം പശ്ചാത്തപിക്കാനൊരുങ്ങുന്നത് അല്ലാഹുവിനെ പരിഹാസ്യനാക്കുന്ന നടപടിയാണ്. നാശമടയാന്‍ പോകുന്നവരുടെ പശ്ചാത്താപത്തിലും ഖേദത്തിലും കഥയില്ല.

‘എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു’.(ഗാഫിര്‍ 85)

ആഡംബരപ്രമത്തത നടിക്കുന്നവര്‍ ശിക്ഷ കാണുന്നതുവരെ അധാര്‍മികവൃത്തികളില്‍ മുഴുകുകയും അല്ലാഹുവിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയും ചെയ്യുന്നു. ശിക്ഷ കാണുമ്പോഴാകട്ടെ, അവന്റെ മുമ്പില്‍ താണുകേണുപ്രാര്‍ഥിക്കുന്നു. അല്ലാഹുവാകട്ടെ അത്തരം ധിക്കാരികള്‍ക്ക് ഉത്തരം നല്‍കുകയേയില്ല. ഖുര്‍ആന്‍ അത്തരക്കാരെ പ്പറ്റി വിവരിക്കുന്നതുകാണുക: 

എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റുചില പണികളാണുള്ളത്. അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു.

 അങ്ങനെ, അവരിലെ സുഖലോലുപരെ ശിക്ഷയാല്‍ നാം പിടികൂടും. അപ്പോഴവര്‍ വിലപിക്കാന്‍ തുടങ്ങും. നിങ്ങളിന്നു വിലപിക്കേണ്ടതില്ല. നിങ്ങള്‍ക്കിന്ന് നമ്മുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കുകയില്ല. നമ്മുടെ വചനങ്ങള്‍ നിങ്ങളെ വ്യക്തമായി ഓതിക്കേള്‍പ്പിച്ചിരുന്നല്ലോ. അപ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയായിരുന്നു; പൊങ്ങച്ചം നടിക്കുന്നവരായി. രാക്കഥാ കഥനങ്ങളില്‍ നിങ്ങള്‍ അതേപ്പറ്റി അസംബന്ധം പുലമ്പുകയായിരുന്നു.(അല്‍മുഅ്മിനൂന്‍ 63-67).

Topics