ഒരിക്കല്‍ ഏതാനും ചിലര്‍ ചേര്‍ന്ന് ഒരു പക്ഷിക്കുഞ്ഞിനെ പിടികൂടി കൂട്ടിലാക്കി. ഇതുകണ്ട തള്ളപ്പക്ഷി അതിനെ കൂട്ടില്‍നിന്നു മോചിപ്പിക്കാനായി അലമുറയിട്ടു കരഞ്ഞുകൊണ്ടു വട്ടമിട്ടു പറന്നു. അതുവഴി വരുകയായിരുന്ന പ്രവാചകന്‍ (സ)ക്ക് ഇതു സഹിക്കാനായില്ല. അദ്ദേഹം അവിടെനിന്നു വിളിച്ചു ചോദിച്ചു: ”ആരാണ് ഈ കുഞ്ഞിന്റെ കാര്യത്തില്‍ തള്ളക്കിളിയെ വേദനിപ്പിച്ചത്? അതിനെ വിട്ടുകൊടുക്കുക.” ഉടനെ, കൂട്ടിലാക്കിയ ആള്‍ അതിനെ തുറന്നുവിട്ടു” (അബൂദാവൂദ്).
സ്വാതന്ത്ര്യമെന്ന മഹിതമായ ആശയത്തിലൂടെ പ്രപഞ്ചത്തെയാസകലം നോക്കിക്കണ്ടവരായിരുന്നു പ്രവാചകന്മാര്‍. പറന്നുനടക്കേണ്ട പക്ഷികളെ പിടികൂടി അടച്ചിടുന്നതു ദ്രോഹകരമാണ്. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്നാണല്ലോ അതിനെപ്പറ്റി കവി പാടിയത്. കുയിലപ്പിടിച്ചു കൂട്ടിലടച്ചാല്‍ അത് എപ്പടി പാടുമെന്നും മയിലപ്പിടിച്ചു കൂട്ടിലടച്ചാല്‍ അത് എപ്പടി ആടുമെന്നും ചോദിച്ചിരുന്ന തമിഴ്ഗാനവും നമ്മള്‍ കേട്ടിട്ടുണ്ടാവും. സ്വാതന്ത്ര്യത്തോടെ ആടാനും പാടാനും പാറിപ്പറക്കാനുമുള്ള വ്യഗ്രത പറവകളില്‍ പ്രകടമാണ്. വരിവച്ചു നീങ്ങിയ ഉറുമ്പിന്‍കൂട്ടങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയാതിരിക്കാന്‍ സൈന്യങ്ങളുമായി മറ്റൊരു വഴിയിലൂടെ യാത്രചെയ്ത സുലൈമാന്‍ നബിയുടെ കഥ ഖുര്‍ആനിലുണ്ട്. പറവകള്‍ക്കും ഉറുമ്പുകള്‍ക്കും മാത്രമല്ല, മരങ്ങള്‍ക്കും ചെടികള്‍ക്കും ഈ സ്വാതന്ത്ര്യം വേണം. കൃഷി പുണ്യകരമാണെന്നും അതിനെ അന്യായമായി നശിപ്പിക്കരുതെന്നും പഠിപ്പിച്ച പ്രവാചകന്‍ അതാണര്‍ഥമാക്കിയത്.
ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് അവയുടെ ജന്മവാസനയ്‌ക്കൊത്തു വളരാനും ഉയരാനും ഗമിക്കാനുമാവണം. എങ്കിലേ ഓരോന്നിനും അതതിന്റെ ധര്‍മങ്ങള്‍ നിര്‍വഹിക്കാനാവൂ. അങ്ങനെയല്ലെങ്കില്‍ പ്രകൃതിയുടെ താളം താറുമാറായിപ്പോവും. നദിയുടെ തുള്ളിച്ചാടിയുള്ള പ്രവാഹവും ചെടിയുടെ തടസ്സങ്ങള്‍ തള്ളിമാറ്റിക്കൊണ്ടുള്ള തഴച്ച വളര്‍ച്ചയും പക്ഷികളുടെ ഉല്ലാസവും ഉറുമ്പുകളുടെ അടക്കം പറഞ്ഞുകൊണ്ടുള്ള വരിയൊത്ത യാത്രയും പ്രകൃതിയിലെ പ്രതിഭാസങ്ങളാണ്. ഇതുപോലെയാണു മനുഷ്യന്റെ കാര്യവും. അവന്റെ വികാരവിചാരങ്ങളും അഭിരുചികളും ഭാവനകളും ക്രിയാത്മകമായി ഉണര്‍ന്നുപ്രവര്‍ത്തിക്കണമെങ്കില്‍ സ്വസ്ഥവും സ്വതന്ത്രവുമായ സാമൂഹികാന്തരീക്ഷം അവനു കൂടിയേ തീരൂ. പുരോഗമനോന്മുഖമായ അവന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അതനിവാര്യമാണ്. ഈ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ് ഇസ്‌ലാമികവ്യവസ്ഥിതിയുടെ ഭൗതിക ലക്ഷ്യം. പ്രവാചകന്മാര്‍ യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യപ്പോരാളികളായിരുന്നു. സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതായിരുന്നു അവര്‍ പഠിപ്പിച്ച സാമൂഹികവ്യവസ്ഥ. ഈജിപ്ത് ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ് (റ)ന്റെ പുത്രന്‍ ഒരിക്കല്‍ ഒരു ക്രൈസ്തവനെ ചാട്ടവാര്‍കൊണ്ടടിച്ചു. ക്രൈസ്തവന്‍ പ്രതിഷേധിച്ചപ്പോള്‍ ഗവര്‍ണറുടെ പുത്രന്‍ ഇങ്ങനെ പ്രതികരിച്ചു: ”ഞാന്‍ ഏറ്റവും ആദരണീയനായ വ്യക്തിയുടെ മകനാണ്.” മര്‍ദ്ദിതനായ ക്രൈസ്തവന്‍ മദീനയിലെത്തി ഖലീഫാ ഉമറിനോടു പരാതി ബോധിപ്പിച്ചു. ഉടനെ ഉമര്‍ ഗവര്‍ണറെയും മകനെയും വിളിച്ചുവരുത്തി, ചാട്ടവാര്‍ ക്രിസ്ത്യാനിയുടെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു: ”ഏറ്റവും സമാദരണീയന്റെ മകനെ അടിക്കുക.” മര്‍ദ്ദിതന്‍ അടിച്ചുകഴിഞ്ഞപ്പോള്‍ ഉമര്‍ പറഞ്ഞു: ”ഗവര്‍ണറെ കൂടെ അടിക്കുക, ഇദ്ദേഹത്തിന്റെ അധികാരത്തിന്റെ ബലത്തിലാണ് അദ്ദേഹം നിന്നെ പ്രഹരിച്ചത്.” മര്‍ദ്ദിതന്‍ പറഞ്ഞു: ”എന്നെ അടിച്ചവനെ ഞാന്‍ അടിച്ചു, അത്രയേ വേണ്ടൂ.” അന്നേരം ഉമര്‍ (റ) അംറിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു: ”അംറേ, എപ്പോഴാണ് താങ്കള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രന്മാരായിട്ടാണല്ലോ പ്രസവിച്ചത്.”
അതെ, സ്വാതന്ത്ര്യം ജന്മാവകാശമാണ്. ഏതൊരു മനുഷ്യനും സ്വാതന്ത്ര്യം കിട്ടിയാണു ജനിക്കുന്നത്. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ അവന്‍ കുട്ടിക്കാലം മുതലേ സമരത്തിലാണ്. അടച്ചിട്ട വീടിനകത്തുനിന്നു പുറത്തുചാടാനുള്ള പഴുതുകള്‍ നോക്കിയാണു കുട്ടികളുടെ ഇരിപ്പ്. കൂട്ടുകാരുമായി കളിക്കുന്നതിനിടയില്‍ അവനെയെടുത്ത് തോളില്‍ക്കയറ്റിയാല്‍ അവന്‍ തൊഴിച്ച് താഴേക്കു ചാടും. അവനും അവള്‍ക്കുമൊക്കെ തങ്ങളുടെ സ്വാതന്ത്ര്യം തടയുന്നവര്‍ ശത്രുവിനെപ്പോലെയാണ്.
കുടുംബജീവിതത്തിലും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നു. തന്റെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കൈയേറ്റം നടക്കുമ്പോഴാണു ജീവിതപങ്കാളിയുമായി പലരും തെറ്റിപ്പിരിയുന്നത്. കൂട്ടുകാര്‍ തമ്മിലും സ്വാതന്ത്ര്യം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണു സൗഹൃദം നിലകൊള്ളുന്നത്. ഇതേ മനോവികാരം പാലിച്ചുകൊണ്ടു നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും ചെയ്യുമ്പോഴാണു രാഷ്ട്രവും പൗരന്മാരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാവുന്നത്. പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം എന്നു കവി പറയുന്നുണ്ട്.
നമ്മുടെ രാജ്യത്തെ പൊതുജീവിതത്തില്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്ന ഇരട്ടനീതി, പക്ഷപാതിത്വം, അവകാശനിഷേധം, ചൂഷണം, പീഡനം, കലാപം, ശത്രുഭീഷണി, ദാരിദ്ര്യം, നിരക്ഷരത, അഴിമതി, കരിനിയമം, വര്‍ഗീയമുന്‍വിധി തുടങ്ങിയവ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനെതിരാണ്. രാജ്യം72-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചുകഴിഞ്ഞിരിക്കുന്നു. മാടപ്രാവുകളെ അന്തരീക്ഷത്തില്‍ പറപ്പിച്ചുവിട്ടുകൊണ്ട് ദേശഭക്തിഗാനമാലപിച്ചാല്‍ പൂവണിയുന്നതല്ലല്ലോ സ്വാതന്ത്ര്യം. രാഷ്ട്രശില്‍പ്പികള്‍ സ്വപ്‌നംകണ്ട രാഷ്ട്രത്തെയാണോ അവരെ അനുസ്മരിക്കുന്ന ഇന്നത്തെ രാഷ്ട്രീയനേതാക്കള്‍ അനുഗമിക്കുന്നത്? ഒരിക്കലുമല്ല, മുകളില്‍ സൂചിപ്പിച്ച രാഷ്ട്രവിപത്തുകളുടെ സ്രഷ്ടാക്കളും കൂട്ടിരിപ്പുകാരുമായിരിക്കുന്നു അവര്‍. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു വെടിയുതിര്‍ത്ത ഗോഡ്‌സേയുടെ കരങ്ങള്‍ക്കുപരി അയാളുടെ ചിന്തകളെ ശിക്ഷിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥകള്‍ക്കായില്ല എന്നതാണ് ഈ പരിണാമങ്ങള്‍ക്കു നിമിത്തമായിട്ടുള്ളത്. ഇസ്‌ലാം വിഭാവനചെയ്ത ഭരണകൂടത്തില്‍ ഉമറിനെപ്പോലുള്ള ഭരണാധികാരികള്‍ അധികാരസ്ഥാനത്തുള്ളവരെപ്പോലും ചോദ്യംചെയ്തുകൊണ്ട് സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിരുന്നു എന്നുമാത്രമല്ല, അവര്‍ ജനങ്ങളുടെ അവകാശങ്ങള്‍ വകവച്ചുനല്‍കുകയും ചെയ്തു.
ഉമറി (റ)ന്റെ ഭരണകാലമാവുമ്പോള്‍ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ മഹ്ര്‍ വാങ്ങുന്ന ശീലം വളര്‍ന്നുതുടങ്ങിയിരുന്നു. അതു നിയന്ത്രിക്കണമെന്നു ഖലീഫയ്ക്കു തോന്നി. ഒരിക്കല്‍ അദ്ദേഹം മിംബറില്‍ കയറി അതുസംബന്ധമായി സംസാരിച്ചുതുടങ്ങി. മഹ്ര്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നി സംസാരിച്ചുകൊണ്ടിരിക്കേ, സദസ്സില്‍നിന്ന് ഒരു സ്ത്രീ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. അന്നിസാഅ് അധ്യായത്തിലെ ഈ വചനവുമായിട്ടായിരുന്നു അവരുടെ വരവ്.
”അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരംതന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് ഒന്നും നിങ്ങള്‍ തിരിച്ചുവാങ്ങരുത്” (അന്നിസാഅ:് 20). കൂമ്പാരം കണക്കെ മഹ്ര്‍ വാങ്ങാമെന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കേ, അതു നിയന്ത്രിക്കാന്‍ താങ്കള്‍ക്കെന്തധികാരം എന്നായിരുന്നു അവരുടെ ചോദ്യം. ഉമര്‍ (റ) പ്രതികരിച്ചു: ”അതെ, എല്ലാവരും ഉമറിനേക്കാള്‍ അറിവുള്ളവരാണ്, ഈ സ്ത്രീപോലും” (ഖുര്‍തുബി).
ഭരണകൂടത്തിന്റെ നെറികേടുകളെ ചോദ്യം ചെയ്യുന്നതും അവയ്‌ക്കെതിരേ പ്രതിഷേധിക്കുന്നതും ഇന്നു ഭീകരപ്രവര്‍ത്തനമായി കാണുകയും അത്തരം സ്വാതന്ത്ര്യദാഹികളെ നിരീക്ഷിക്കുകയും കരിനിയമങ്ങളില്‍പ്പെടുത്തി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഇവിടെ പ്രവാചകാധ്യാപനങ്ങള്‍ പ്രസക്തമാവുകയാണ്. പ്രവാചകരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികള്‍ വിവിധ നബിവചനങ്ങളിലൂടെ പ്രകാശിതമാവുന്നതു കാണാം:
വിടവാങ്ങല്‍ പ്രസംഗത്തില്‍ വികാരഭരിതനായി തിരുനബി പറഞ്ഞു:
”നിങ്ങളുടെ ഈ നാട് ഈമാസം, ഈ ദിവസം എത്ര പവിത്രമാണോ, അത്രതന്നെ നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും ആദരണീയമായി കാത്തുസൂക്ഷിക്കുക” (ബുഖാരി, മുസ്‌ലിം).
ഇവിടെ മനുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും നേരെയുള്ള കൈയേറ്റത്തെ ഭൂമിക്ക് നേരെയുള്ള ആക്രമണം പോലെയാണ് തിരുനബി കണക്കാക്കിയിരിക്കുന്നത്.
പ്രവാചകന്‍ (സ) പറയുന്നു:
”സ്വന്തം സമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്. സ്വന്തം ജീവന്‍ സംരക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണ്. സ്വന്തം ദീന്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അവനും രക്തസാക്ഷിയാണ്” (തിര്‍മുദി).
പ്രവാചകന്‍ (സ) പറയുന്നു:
”ഭരണാധികാരിക്കു മുമ്പില്‍ നീതിക്കുവേണ്ടി ശബ്ദിക്കലാണ് ഏറ്റവും ഉത്തമമായ ജിഹാദ്” (അബൂദാവൂദ്).
അര്‍ഷദ് മുഹമ്മദ് നദ്‌വി
Add Comment