കഷ്ടം! ധിക്കാരികള്‍ മരണവെപ്രാളമനുഭവിക്കുകയും മലക്കുകള്‍ കരങ്ങള്‍ നീട്ടിക്കൊണ്ട് ‘നിങ്ങളുടെ ജീവനെ പുറത്തേക്ക് വിടൂ, അല്ലാഹുവിന്റെ പേരില്‍ ആരോപിച്ചുകൊണ്ടിരുന്ന സത്യവിരുദ്ധമായ കാര്യങ്ങളുടെയും അവന്റെ സൂക്തങ്ങളുടെ നേരെ അഹന്ത കൈക്കൊണ്ടതിന്റെയും ഫലമായി നീചമായ ശിക്ഷ ഇന്ന് നിങ്ങള്‍ക്ക് നല്‍കപ്പെടുകയാണ്’ എന്നു പറയുകയും ചെയ്യുന്ന അവസ്ഥ നിനക്കു കാണാന്‍ സാധിക്കുകയാണെങ്കില്‍! (അല്ലാഹു അരുള്‍ചെയ്യും) ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടനിലയില്‍ത്തന്നെ ഹാജരായിരിക്കുന്നു; (അന്‍ആം: 93)
ഒരു സത്യനിഷേധിയുടെ മരണ വേളയെകുറിച്ചാണ് മേല്‍ സൂക്തം പറയുന്നത്. ശരീരത്തില്‍ നിന്ന് ആത്മാവ് വിട്ടുപോവുകയും, ബന്ധുക്കളും വീട്ടുകാരും മയ്യിത്തിനെ ഖബറിലേക്ക് എടുക്കുകയും ചെയ്യുന്ന വേളയില്‍, സുകൃതുവാനായ ഒരു മനുഷ്യന്റെ മയ്യിത്താണെങ്കില്‍ അതിന്റെ ആത്മാവ് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും:’എന്നെ എത്രയും വേഗം ഖബറിലേക്കു കൊണ്ടു പോകൂ. എന്നെ എത്രയും വേഗം ഖബറിലേക്കു കൊണ്ടു പോകൂ’.
എന്നാല്‍ സത്യനിഷേധിയായിരുന്ന മനുഷ്യന്റെ മയ്യിത്താണ് അതെങ്കില്‍ അതിലെ ദുഷിച്ച ആത്മാവ് പറഞ്ഞു കൊണ്ടിരിക്കും:’ നാശം നിങ്ങള്‍ എന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? നിങ്ങള്‍ എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?’ ഇങ്ങനെയായിരിക്കും ഒരു ദുരാത്മാവിന്റെ മരണത്തിനു ശേഷമുള്ള ദീനരോദനം.
ജനാസ നമസ്‌ക്കരിച്ച ശേഷം ബന്ധു മിത്രാദികള്‍ മയ്യിത്തിനെ മറമാടാന്‍ തുടങ്ങുന്നു. ഖബറിലേക്ക് എടുത്തു വയ്ക്കപ്പെടുന്ന മയ്യിത്തിനോട് ഖബര്‍ വിളിച്ചു പറയും: ‘അല്ലയോ മയ്യിത്തേ, ഞാന്‍ നിനക്ക് അപരിചിതമായ വീടാണ്. ഞാന്‍ ഏകാന്തതയുടെ ഗേഹമാണ്. ഞാന്‍ മണ്ണിന്റെ ഗേഹമാണ്. പുഴുക്കളുടെയും പാമ്പുകളുടെയും ഗേഹമാണ് ഞാന്‍.
പ്രവാചകന്‍ തിരുമേനിയുടെ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്, ഒരു മയ്യിത്തിനെ ഖബ്‌റില്‍ ഇറക്കി വക്കുകയും അതിന്റെ ബന്ധുമിത്രാദികള്‍ അവിടെ നിന്നു പോവുകയും ചെയ്താല്‍ മയ്യിത്തിന്റെ ആത്മാവ് തിരികെ ചേര്‍ക്കപ്പെടും. പിന്നീട് മുന്‍കര്‍, നകീര്‍ എന്നിങ്ങനെ രണ്ട് മലക്കുകള്‍ അവന്റെ അടുക്കല്‍ വരും. ഈ രണ്ടു മലക്കുകളും മയ്യിത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും. മയ്യിത്ത് സത്യവിശ്വാസിയും സല്‍ക്കര്‍മിയുമാണെങ്കില്‍ ആ മലക്കുകള്‍ ചോദിക്കും. ആരാണ് നിന്റെ റബ്ബ്? അപ്പോള്‍ ആ മയ്യിത്ത് പറയും. എന്റെ റബ്ബ് അല്ലാഹുവാണ്.
നിന്റെ ദീന്‍ എന്താണ്?
മയ്യിത്ത് : എന്റെ ദീന്‍ ഇസ്‌ലാമാണ്.
നിങ്ങളിലേക്കു അയക്കപ്പെട്ട പ്രവാചകന്‍ ആരാണ്?
മയ്യിത്ത്: പ്രവാചകന്‍ മുഹമ്മദ് നബി (സ) ആണ്.
അത് നിനക്കെങ്ങനെ അറിയാം.
മയ്യിത്ത്: ഞാന്‍ അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആന്‍ വായിച്ചു, അതില്‍ വിശ്വസിച്ചു. അതിനെ സത്യപ്പെടുത്തി. അതോടെ അവന്‍ മലക്കുകളുടെ ചോദ്യം ചെയ്യല്‍ പരീക്ഷയില്‍ വിജയിക്കുന്നു. അവന്റെ ഖബര്‍ കണ്ണെത്താദൂരം വരെ വിശാലമാക്കപ്പെടും. അതിലൂടെ അവന്‍ സ്വര്‍ഗത്തിന്റെ സുഗന്ധം അനുഭവിക്കും. ആകാശത്തു നിന്നും മലക്ക് വിളിച്ചു പറയും:’ എന്റെ അടിമ സത്യം പറഞ്ഞിരിക്കുന്നു. അവന് വേണ്ടി സ്വര്‍ഗത്തില്‍ ഒരു വിരിപ്പ് വിരിച്ചുകൊടുക്കൂ. അവന് വേണ്ടി സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു കൊടുക്കുക.
അതിനു ശേഷം ഒരു സുന്ദരനായ മനുഷ്യന്‍ കടന്നു വന്നിട്ട് അവനോട് പറയും:’ ഞാന്‍ നിന്റെ സല്‍ക്കര്‍മ്മങ്ങളാണ്’. എന്നാല്‍ സത്യനിഷേധിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ അടുക്കല്‍ രണ്ടു മലക്കുകള്‍ വരും. അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങും.
ആരാണ് നിന്റെ റബ്ബ്?
ചീത്ത ആത്മാവിന് അതിന്റെ ഉത്തരം പറയാന്‍ കഴിയാതെ അവന്‍ പറയും: എനിക്കറിയില്ല.
നിന്റെ ദീന്‍ എന്താണ്?
അപ്പോഴും അവന്‍ പറയും എനിക്കറിയില്ല.
നിങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആരാണ്? അതിനും അവന്റെ ഉത്തരം എനിക്കറിയില്ല എന്നുതന്നെ.
അപ്പോള്‍ അവനോട് പറയപ്പെടും:’ഇവന്‍ പരീക്ഷണത്തില്‍ പരാജയപ്പെട്ടു’.
അങ്ങനെ അവന്റെ മേല്‍ ശിക്ഷ നടപ്പാക്കി തുടങ്ങി.
അപ്പോള്‍ ആകാശത്തു നിന്നു വിളിച്ചു പറയപ്പെടും: ‘അവന്‍ സത്യദീനിനെ കളവാക്കി. അവനെ നരകത്തിലേക്കു ആനയിച്ചാലും’. ഇരുമ്പുകൊണ്ടുള്ള ചുറ്റികയാല്‍ അവന്‍ അടിക്കപ്പെടും. ആ ഇരുമ്പു ചുറ്റിക കൊണ്ടു ഒരു മലയിലാണ് അടിക്കുന്നതെങ്കില്‍ അത് ചിന്നഭിന്നമായി പോകുംവിധം ഭാരിച്ചതും വലുതുമായിരിക്കുമത. ആ ദുഷിച്ച ആത്മാവുള്ള മനുഷ്യന്‍ അലമുറയിട്ടു കരയും.
അവന്റെ അലമുറയും കരച്ചിലും മനുഷ്യനും ജിന്നുമൊഴികെയുള്ള എല്ലാ ജീവജാലങ്ങളും കേള്‍ക്കും. അവന്‍ മണ്ണിലേക്ക ് ആഴ്ന്നു പോയി മണ്ണായിത്തീരും വിധം അവന് ആ ചുറ്റിക കൊണ്ടുള്ള പ്രഹരമേല്‍ക്കും. മണ്ണായി പൊടിഞ്ഞു പോയശേഷം അവന്‍ വീണ്ടും പൂര്‍വ സ്ഥിതിയിലേക്ക് മടക്കപ്പെടും. പിന്നെയും പിന്നെയും ആ ചുറ്റികയാല്‍ പ്രഹരമേറ്റു കൊണ്ടിരിക്കും. അവന്റെ ഖബര്‍ അവനെ കൊണ്ട് ഇടുങ്ങിയതാവും. ഖബര്‍ അവനെ ഞെരുക്കും. മണ്ണേ! അവന്റെ മേല്‍ മൂടുക എന്ന് പറയപ്പെടും. അപ്പോള്‍ മണ്ണ് അവന്റെ മേല്‍ മൂടപ്പെടും. പിന്നീട് ഖബറില്‍ അവന്റെ മേല്‍ ഭീകരമായ ഒരു പാമ്പ് വരും. ആ പാമ്പിന്റെ പേര് ‘ശുജാഉന്‍ അഖ്‌റഅ്’ എന്നാണ്. ആ പാമ്പ് അവന്റെ തല മുതല്‍ കാലു വരെയുള്ള ഇറച്ചി തിന്നും. ഇറച്ചി അവന്റെ ദേഹത്ത് വീണ്ടും പൂര്‍വ സ്ഥിതിയില്‍ വരും. പിന്നീട് വിരൂപനായ ഒരാള്‍ അവന്റെ അടുക്കല്‍ വരും. വൃത്തികെട്ട വസ്ത്രമായിരിക്കും അയാള്‍ ധരിച്ചിട്ടുണ്ടാവുക. അയാള്‍ വന്നിട്ട് പറയും:’ഞാന്‍ നിന്റെ ദുഷ്‌കര്‍മ്മങ്ങളാണ്’. പിന്നീട് നരകത്തില്‍ അവന്റെ സ്ഥാനം കാണിക്കപ്പെടും.
Add Comment