Youth

നിങ്ങള്‍ക്ക് സ്വപ്‌നങ്ങളില്ലെന്നോ?

എന്റെ ആദ്യക്ലാസില്‍ വിദ്യാര്‍ത്ഥികളോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ വാഹനത്തില്‍ കയറിയ ആളോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ല’ എന്നാണ് അയാള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ആ മറുപടി നിങ്ങളെ അലോസരപ്പെടുത്തുമോ? അതെയെന്നായിരുന്നു എല്ലാവരുടെയും മറുപടി. ഞാന്‍ അവരോട് പറഞ്ഞു. ‘പക്ഷെ, നമ്മില്‍ ഭൂരിപക്ഷം ആളുകളും ആ യാത്രക്കാരനെപ്പോലെയാണ് പെരുമാറുന്നത്. നമ്മുടെ ജീവിതത്തില്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് നമ്മില്‍ മിക്കയാളുകള്‍ക്കും അറിയില്ല.’ വിദ്യാര്‍ത്ഥികള്‍ എന്റെ അഭിപ്രായത്തെ പിന്തുണച്ച് തലയാട്ടി. ഞാന്‍ പറഞ്ഞു ‘ഒരുപക്ഷെ, ജീവിതകാഴ്ചപ്പാട് നിര്‍ണയിക്കുന്നതിനെക്കുറിച്ച് ആരും നിങ്ങളെ ഉണര്‍ത്തിയിരിക്കില്ല. നിങ്ങള്‍ പഠനം തുടങ്ങുന്നതിന് മുമ്പ് ജീവിതലക്ഷ്യം രൂപപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഹോംവര്‍ക്ക് തരുന്നു. നിങ്ങളത് വളരെ വേഗത്തില്‍ എഴുതണമെന്നില്ല. ഒരാഴ്ച ഇരുന്ന് ആലോചിച്ചതിന് ശേഷം എഴുതിയാല്‍ മതി. രാപ്പകലുകള്‍ നിങ്ങളതിനെക്കുറിച്ച് ചിന്തിക്കുക. കടല്‍തീരത്ത് ഏകാന്തനായി ചെന്നിരുന്ന് ആലോചിച്ച് ഓരോന്നോരോന്നായി എഴുതുക. വളരെ ലളിതമായ ചോദ്യമാണ് എനിക്ക് നല്‍കാനുള്ളത്. ‘എന്താണ് നിങ്ങളുടെ ജീവിതസ്വപ്‌നം’ എന്നതാണ് ചോദ്യം.

പിന്നീട് അവശ്യമായ വിശദീകരണം ഞാനവര്‍ക്ക് നല്‍കി. ഉദാഹരണമായി തൊപ്പിവെച്ച, താടിയുള്ള ഒരു അധ്യാപകന്‍ മുന്നിലൂടെ നടന്ന് പോയാല്‍ നിങ്ങള്‍ പറഞ്ഞേക്കും ‘സ്വര്‍ഗത്തില്‍ പോവുകയെന്നതാണ് ‘ ഞങ്ങളുടെ സ്വപ്‌നമെന്ന്. ശരിയാണ്. സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെന്നത് ഒരു സ്വപ്‌നം തന്നെയാണ്. പക്ഷെ അതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്. ഇഹലോക സുഖങ്ങള്‍ ഉപേക്ഷിക്കലാണോ അതിനുള്ള മാര്‍ഗം? ഒരു കമ്പനിയുടെ മാനേജര്‍ ആയതുകൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുമോ? അതല്ല, നല്ല ഉദ്ദേശ്യത്തോടെ, കുറ്റമറ്റ വിധത്തില്‍ ജോലി പൂര്‍ത്തീകരിച്ചാല്‍ അദ്ദേഹത്തിനും സ്വര്‍ഗം ലഭിക്കില്ലേ?. സത്യസന്ധനായ കച്ചവടക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെ കൂടെയാണ് തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.

എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന പൊതുവായ കാര്യങ്ങള്‍ എഴുതരുതെന്നും ഞാനവരോട് നിര്‍ദേശിച്ചു. മൂന്നാം ലോകരാജ്യവാസിയായ ഒരു യുവാവിനോട് അയാളുടെ ആഗ്രഹമെന്തെന്ന് ചോദിച്ച ഒരു അമേരിക്കക്കാരനുണ്ടായ അനുഭവം എന്റെ മനസ്സിലുണ്ടായിരുന്നു. ഒരു ജോലിനേടി, വിവാഹം കഴിച്ച്, വീട് വെക്കുകയാണ് തന്റെ സ്വപ്‌നമെന്നായിരുന്നുവത്രെ അയാളുടെ മറുപടി. ഇതുകേട്ട അമേരിക്കക്കാരന്‍ പറഞ്ഞുവത്രേ ‘താങ്കളുടെ അവകാശത്തെക്കുറിച്ചല്ല, സ്വപ്‌നത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്’.
ആഗ്രഹങ്ങളും സ്വപ്‌നങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പൂര്‍ത്തീകരിക്കാനും, നേടിയെടുക്കാനും ശ്രമിക്കുന്ന സ്വപ്‌നങ്ങളാണ് ആഗ്രഹങ്ങള്‍. എന്നാല്‍ സ്വപ്‌നങ്ങള്‍ എന്നും സ്വപ്‌നങ്ങളും മോഹങ്ങളുമായി അവശേഷിക്കുകയാണ് ചെയ്യുക.

അവര്‍ ഓരോരുത്തരും എന്റെയടുത്തുവന്ന് ചോദിക്കുമായിരുന്നു ‘സര്‍, ഞാന്‍ എന്താ എഴുതുക’ എന്ന്. ‘എനിക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് എഴുതേണ്ടതെ’ന്ന് ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമ്പോള്‍ ഞാന്‍ ഭൂമിക്ക് മുകളിലായിരിക്കുമോ, അതല്ല താഴെയായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നെയാരെങ്കിലും അപ്പോള്‍ ഓര്‍ക്കുന്നുവെങ്കില്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതി’.
അവരുടെ എഴുത്തുകളും സ്വപ്‌നങ്ങളും ആകെ മൂന്ന് തരത്തിലുള്ളവയായിരുന്നു. മൂന്നാം ലോകത്തെ പ്രസ്തുത യുവാവിന്റെ അതേ മാനസികാവസ്ഥയില്‍ ജീവിക്കുന്നവര്‍ അവരിലുണ്ട്. തരക്കേടില്ലാത്ത സ്വപ്‌നം വെച്ചുപുലര്‍ത്തുന്നവരും, വലിയ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവരും അവരിലുണ്ടായിരുന്നു.

ഉദാഹരണമായി വിദഗ്ദനായ എഞ്ചിനീയര്‍ ആവണമെന്നതായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. പൈലറ്റ് ആവണമെന്ന് ആഗ്രഹിച്ചവരും അവരിലുണ്ട്. വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടണമെന്നും ശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങണമെന്നും ഒരു വിദ്യാര്‍ത്ഥി കുറിച്ചു.

ചെറുപ്രായത്തില്‍ സ്വപ്‌നം കണ്ടുവളര്‍ന്നവരാണ് ഇന്ന് ലോകത്തെ പല കമ്പനികളും നിയന്ത്രിക്കുന്നത് എന്നത് അനിഷേധ്യമായ സത്യമാണ്. ജീവിതത്തില്‍ ലക്ഷ്യം നിര്‍ണയിക്കുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം അര്‍ത്ഥവത്താവുകയും സമൂഹത്തില്‍ ഔന്നത്യം നേടാന്‍ സാധിക്കുമെന്നും നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

മഹ്മൂദ് നദീം നഹാസ്

Topics