വിശ്വാസം-ലേഖനങ്ങള്‍

തസ്വവ്വുഫ് :ഇമാം ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ സമീപനം

ദീനിമൂല്യങ്ങളുടെ വീണ്ടെടുപ്പിനായി ഓരോ നൂറ്റാണ്ടിലും മുജദ്ദിദുകള്‍ രംഗപ്രവേശം ചെയ്യുമെന്ന ഹദീസിന്റെ പുലര്‍ച്ചയാണ് പതിനെട്ടാം നൂറ്റാണ്ടിലെ ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ ദൗത്യത്തിലൂടെ വെളിപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനംചെലുത്തിയ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.പ്രാമാണികവും ഭൗതികവുമായ എല്ലാ വിജ്ഞാനീയങ്ങളിലും സമകാലികരെ അതിജയിക്കുംവിധം അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. തിയോളജി, ഫിലോസഫി, മിസ്റ്റിസം, കര്‍മശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം , സോഷ്യോളജി തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.ഗവേഷണാത്മകമായ ഉള്‍ക്കാഴ്ചയും അസാധാരണമായി ജീവിതനിരീക്ഷണപാടവും അദ്ദേഹത്തിന്റെ വൈജ്ഞാനികമികവിന് മൂര്‍ച്ച കൂട്ടി.
ഔറംഗസീബിന്റെ കാലശേഷം മുഗള്‍ സാമ്രാജ്യം ദുര്‍ബലമാകാന്‍ തുടങ്ങി. അതോടെ, മുസ്‌ലിംകളുടെ രാഷ്ട്രീയകരുത്തുമാത്രമല്ല, ആത്മീയമൂലധനവും ചോര്‍ന്നുകഴിഞ്ഞിരുന്നു. 1803 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനമായി ദല്‍ഹി മാറിയതോടെ മുസ്‌ലിംസമൂഹം എല്ലാ അര്‍ഥത്തിലും ദുരിതക്കയത്തിലായി. അങ്ങനെ തീര്‍ത്തും നവോത്ഥാനത്തിന് തീര്‍ത്തും മണ്ണൊരുങ്ങിയ ഘട്ടത്തിലാണ് അതിന് ചുക്കാന്‍ പിടിക്കാന്‍ ശാഹ് വലിയുല്ലാഹ് രംഗത്തെത്തുന്നത്. അദ്ദേഹം മുസ്‌ലിംസമൂഹത്തിന്റെ ചിന്താ വൈജ്ഞാനിക മണ്ഡലത്തെ ഉത്തുംഗതയിലെത്തിക്കാന്‍ ശ്രമിച്ചു. അതിന് സഹായകരമാകുംവിധം ഉയര്‍ന്ന ചിന്തകളും മനനശൈലികളും മുന്നോട്ടുവെച്ചു. ശാഹ് വലിയുല്ലാഹിയുടെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’യില്‍ സാമൂഹികശാസ്ത്രത്തെ അപഗ്രഥിച്ചുകൊണ്ട് ‘ഇര്‍തിഫാഖാത്’ എന്ന് ആശയം മുന്നോട്ടുവെക്കുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്കും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കുമുള്ള വിഭവലഭ്യതയാണ് ഇര്‍ത്തിഫാഖാത്. മനുഷ്യന്‍ അവന് ലഭിക്കുന്ന വിഭവങ്ങളെ ആസൂത്രിതമായും കരുതിവെപ്പോടെയും ഭാവിതലമുറയെ പരിഗണിച്ചും ഉപയോഗിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. മനുഷ്യന്റെ വളര്‍ച്ചയിലെ നാലുഘട്ടങ്ങളിലുള്ള സാമൂഹിക-സാമ്പത്തിക വികാസത്തെ അദ്ദേഹം വിവരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇമാം ഗസ്സാലിക്കും ഇമാം ഇബ്‌നു തൈമിയ്യക്കും ശേഷം ലോകം കണ്ട അദ്വിതീയനായ നവോത്ഥാനനായകനായി അദ്ദേഹം സ്ഥാനംപിടിച്ചു.

മുസ്‌ലിംകളുടെ വിശ്വാസപരവും രാഷ്ട്രീയപരവുമായ തകര്‍ച്ചയെ അതിജീവിക്കാന്‍ പല ചിന്താപദ്ധതികളും ശാഹ് വലിയുല്ലാഹി ദ്ദഹ്‌ലവി ആവിഷ്‌കരിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട മേഖലയായിരുന്നു തസ്വവ്വുഫ്. സൂഫി പ്രസ്ഥാനങ്ങളില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പ്രതിരോധം പടുത്തുയര്‍ത്തി.
തന്റെ പിതാവിന്റെ ശിക്ഷണങ്ങളുടെ ഫലമായി നന്നേചെറുപ്പത്തില്‍തന്നെ സൂഫീ ത്വരീഖത്തുകളോടുള്ള അതിയായ സ്‌നേഹം ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയില്‍ കുടികൊണ്ടിരുന്നു. നഖ്ശബന്ദിയ്യ, ചിശ്തിയ്യ, ഖാദിരിയ്യ തുടങ്ങി തുടങ്ങിയ പല സരണികളുമായും പിതാവിന്റെ ജീവിതശൈലിയുമായും മാനസികഅടുപ്പം പുലര്‍ത്തിയിരുന്നെങ്കിലും നല്ലതുമാത്രം ഉള്‍ക്കൊള്ളുക എന്ന ഔചിത്യം അദ്ദേഹം മുറുകെപിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ത്വരീഖത്തുകളില്‍നിന്ന് മറ്റുള്ളവര്‍ക്ക് ലഭിച്ചതിനെക്കാള്‍ ശ്രേഷ്ഠമായതാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.
സൂഫി കറാമത്തുകളോടുള്ള സാമാന്യജനങ്ങളുടെ അതിരുവിട്ട താല്‍പര്യം , ഖുര്‍ആനും സുന്നത്തും അവഗണിച്ച് സൂഫീകാവ്യങ്ങളോട് പുലര്‍ത്തിയിരുന്ന ഭ്രമം, ഭൗതികലാഭവും ആഗ്രഹസഫലീകരണവും മോഹിച്ചുകൊണ്ടുള്ള ഖബ്ര്‍ സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അനാചാരങ്ങളെയെല്ലാം ശാഹ് വലിയുല്ലാഹ് എതിര്‍ത്തിരുന്നു. ഈ വിഷയങ്ങളിലെല്ലാം ഇസ്‌ലാം ഇബ്‌നുതൈമിയ്യയുടെ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് വ്യക്തമാണ്. ഖുര്‍ആന്‍ , സുന്നത്ത് എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം അവയറിയാത്ത സൂഫിയും തസ്വവ്വുഫില്‍ താല്‍പര്യമില്ലാത്ത പണ്ഡിതനും ദീനിന്റെ കൊള്ളക്കാരനാണെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ സുന്നികളുടെ ആത്മീയനേതാവായ വിശ്വാസപരിഷ്‌കര്‍ത്താവ് മുജദ്ദിദ് ശാഹ് വലിയുല്ലാഹിയുടെ അധ്യാപനം വഹാബികളുടേതിനു സമാനമായിരുന്നു. അജ്മീറില്‍ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയിലോ സമാനമായ സ്ഥലങ്ങളിലോ ആവശ്യനിവര്‍ത്തിക്കായി പോകുന്നവര്‍ വ്യഭിചാരത്തെക്കാളും കൊലപാതകത്തെക്കാളും വലിയ പാപം ചെയ്തവരാണ്. അവര്‍ ലാത്തയെയോ ഉസ്സയെയോ വിളിച്ചവര്‍ക്ക് തുല്യരാണെന്ന് അദ്ദേഹം വാദമുന്നയിച്ചു. ഈ വസ്തുത അന്ന സുവറോവയുടെ ‘മുസ്‌ലിംസെയ്ന്റ്‌സ് ഓഫ് സൗത് ഏഷ്യ’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇൗ നിലപാടുകളോട് വിയോജനമുണ്ടെങ്കില്‍പോലും അദ്ദേഹത്തെ അവ്വിധം പ്രതികരിക്കാന്‍ പ്രേരിപ്പിച്ച സാഹചര്യം വെളിപ്പെടുന്നുണ്ട്.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തുടക്കത്തെക്കുറിച്ച് നിരീക്ഷിച്ചാല്‍ അതിലെല്ലാം തഖ്‌ലീദിന് പങ്കുള്ളതായി കാണാം. തന്റെ സൂക്ഷ്മനിരീക്ഷണത്തിനൊടുവില്‍ തഖ്‌ലീദിനുപകരം ഇജ്തിഹാദിനെ അദ്ദേഹം മുന്നോട്ടുവെച്ചു. സൂഫീ സരണികളിലെ അന്ധമായ അനുകരണത്തെ പൂര്‍ണമായും വിമര്‍ശിച്ചതിന്റെ ഫലമെന്നോണം ത്വരീഖത്ത് പ്രസ്ഥാനങ്ങളില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇസ്‌ലാമിന്റെ പ്രകാശം അണഞ്ഞുപോകാതെ, നവീകരണചിന്തകളാല്‍ സമുദായത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം സാധിച്ചു.
ഹനഫീ പണ്ഡിതനായിരുന്ന പിതാവിന്റെ ശൈലിയില്‍നിന്ന് തികച്ചുംവ്യത്യസ്തമായി മദ്ഹബി പക്ഷപാതമെല്ലാം വെടിഞ്ഞ് എല്ലാ കര്‍മശാസ്ത്രസരണികളെയും സമന്വയിപ്പിക്കാന്‍ പല ശ്രമങ്ങളും നടത്തിയ പണ്ഡിതന്‍ കൂടിയാണ് ശാഹ് വലിയുല്ലാഹി ദ്ദഹ്‌ലവി. വിവിധ ത്വരീഖത്ത് ധാരകള്‍ തമ്മിലുള്ള അകല്‍ച്ചയും മാത്സര്യവും സമാനമായ രീതിയില്‍ ഇല്ലാതാക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

‘നിയോ സൂഫിസം’ എന്ന പേരില്‍ അറിയപ്പെടുന്ന പരിഷ്‌കരണസംരംഭങ്ങള്‍ അംഗീകരിക്കപ്പെട്ടത് ചില സുപ്രധാനമാറ്റങ്ങള്‍ക്ക് വിധേയമായതുകൊണ്ടാണ്. ആ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:
1. ധാര്‍മിക- സാമൂഹിക സമുദ്ധാരണത്തിനുവേണ്ടി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച തിരിച്ചറിവ്.
2. സൂഫീ ത്വരീഖത്തുകള്‍ ശരീഅത്ത് നിയമങ്ങള്‍ കണിശമായും കൃത്യമായും പിന്തുടരണമെന്ന നിലപാട്.
3. അന്ധമായ അനുകരണത്തിനെതിരെ ഇജ്തിഹാദിനുള്ള പ്രോത്സാഹനം.
4. സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങളിലൂടെ പ്രകടമാക്കിയ ജിഹാദിനോടുള്ള ആഭിമുഖ്യം.
5. ബഹുജനപ്രസ്ഥാനങ്ങളുടെ രൂപത്തില്‍ ത്വരീഖത്തുകളുടെ സംഘാടനം.
പതിനെട്ടാം നൂറ്റാണ്ടിലെ സൂഫീചിന്തയെ ശ്രദ്ധേയമാക്കുന്നത് അതിനകത്ത് പ്രത്യക്ഷപ്പെട്ട പരിഷ്‌കരണ സംരംഭങ്ങളാണ്. ഇന്ത്യക്കാരനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി, മൊറോക്കക്കാരനായ ശൈഖ് അഹ്മദ് ബ്‌നു ഇദ്‌രീസ് എന്നിവരാണ് സൂഫീധാരയ്ക്കകത്ത് പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച ആത്മരോദനം, സാമ്രാജ്യത്വശക്തികളുടെ മുസ്‌ലിംലോകത്തേക്കുള്ള കടന്നുകയറ്റം , ആധുനികപ്രസ്ഥാനങ്ങളുമായുള്ള സമ്പര്‍ക്കം സൃഷ്ടിച്ച ആത്മസംഘര്‍ഷങ്ങള്‍ , വഹാബിപ്രസ്ഥാനത്തിന്റെ സ്വാധീനം എന്നിവയെല്ലാം സൂഫിചിന്തയ്ക്കകത്ത് ഉടലെടുത്ത പരിവര്‍ത്തനചിന്തകള്‍ക്ക് പ്രേരകങ്ങളായി വര്‍ത്തിച്ചു.
ഇന്ത്യയിലെ എക്കാലത്തെയും പണ്ഡിതനായിരുന്നു ശാഹ് വലിയുല്ലാഹി എന്ന് ചരിത്രകാരനായ എസ്.എം. അക്രം വിലയിരുത്തുന്നു. ഇസ്‌ലാമിനെക്കുറിച്ച് പ്രചാരത്തിലുള്ള ധാരണകളെ പുനര്‍വായനക്ക് വിധേയമാക്കണമെന്ന് ആഹ്വാനംചെയ്ത വിപ്ലവകാരിയായാണ് അദ്ദേഹത്തെ അല്ലാമാ ഇഖ്ബാല്‍ വായിക്കുന്നത്.

(അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Topics