നന്നെച്ചുരുങ്ങിയത് മൃതദേഹത്തെ മുഴുവനായി മൂടുംവിധം ഒരു തുണികൊണ്ടെങ്കിലും കഫന്‍ ചെയ്യല്‍ സാമൂഹികബാധ്യതയാണ്.
കഫന്‍ പൊതിയുന്നതിന്റെ സുന്നത്തുകളാണ് താഴെ വിവരിക്കുന്നത്.
1. മയ്യിത്ത് പുടവ ശരീരത്തെ മറയ്ക്കുന്നതും ശുദ്ധവും നല്ലതുമായിരിക്കണം.
2. കഫന്‍പുടവ വെളുത്ത നിറമുള്ളതായിരിക്കണം.
3. പുടവ സുഗന്ധദ്രവ്യങ്ങള്‍ പൂശിയും പുകച്ചും സുഗന്ധപൂരിതമാക്കണം.
4.സ്ത്രീകള്‍ക്ക് 5 ഉം പുരുഷന്‍മാര്‍ക്ക് 3 ഉം പുടവകള്‍ വേണം. ഹജ്ജിലാായിരിക്കെ മരണപ്പെട്ടാല്‍ സാധാരണയായി ചെയ്യുംപോലെ കുളിപ്പിക്കണം. ഇഹ്‌റാമില്‍ പ്രവേശിച്ച ഉടയാടകള്‍ കൊണ്ടായിരിക്കണം കഫന്‍ പൊതിയേണ്ടത്. ജനാസയുടെ തലമൂടുകയോ സുഗന്ധദ്രവ്യം പൂശുകയോ ചെയ്യരുത്.
മയ്യിത്ത് പുടവ പരേതന്റെ ധനത്തില്‍നിന്ന് ചെലവിട്ടാണ് വാങ്ങേണ്ടത്. ഇല്ലെങ്കില്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ ആരാണോ അവരാണ് നിര്‍വഹിക്കേണ്ടത്. സ്ത്രീയുടെ ഖബ്‌റ് കുഴിക്കലും കഫന്‍ ചെയ്യലും അവളുടെ ധനംകൊണ്ടുവേണം എന്ന് ഇബ്‌നുഹസ്മ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചെയ്യുന്നവിധം:
മയ്യിത്ത് കുളിപ്പിച്ചുകഴിഞ്ഞാല്‍ നഗ്നത മറയുംവിധം അരയുടുപ്പ് ധരിപ്പിക്കുകയും ശരീരം തോര്‍ത്തി വെള്ളം നീക്കേണ്ടതുമാണ്. കഫന്‍ തുണി മേല്‍ക്കുമേല്‍ എന്ന രീതിയില്‍ വിരിച്ചശേഷം മയ്യിത്ത് അതില്‍ കൊണ്ടുവന്നുകിടത്തണം. കെട്ടാനുള്ള തുണിച്ചരട് ആദ്യമേ തന്നെ അടിയില്‍ ഇടുന്നത് നല്ലതാണ്. മയ്യിത്തിന്റെ ദ്വാരങ്ങളിലെല്ലാം (കണ്ണ് , മൂക്ക്, ചെവി, കണ്ണ്..) സുഗന്ധംപൂശിയ പഞ്ഞി വെക്കുക. ദുര്‍ഗന്ധം ഉണ്ടെങ്കില്‍ അകറ്റാന്‍ അത് സഹായിക്കും.
തുടര്‍ന്ന് ഏറ്റവും മുകളില്‍ വിരിച്ച ഒന്നാമത്തെ കഫന്‍ പുടവയുടെ വലതുഭാഗം ഇടതുഭാഗത്തേക്ക് പൊതിയുക. ഇടതുഭാഗം വലത്തോട്ടും. രണ്ടും മൂന്നും തുണികള്‍ അപ്രകാരം ചെയ്യുക. എല്ലാ തുണികളും ചുറ്റിപ്പൊതിഞ്ഞ ശേഷം കെട്ടാന്‍ തുണിച്ചരട് ഉപയോഗിക്കുക. ഏഴ് ചരടുകളോ കുറഞ്ഞത് 3 ചരടുകളോ അതിനുപയോഗിക്കാം. മയ്യിത്തിന്റെ തലഭാഗവും കാല്‍ഭാഗവും കെട്ടുന്നതോടൊപ്പം നടുഭാഗത്തും കെട്ടാം.
പുരുഷന്‍മാര്‍ക്ക് അരയുടുപ്പും 3 കഷ്ണം തുണിയുമാണെങ്കില്‍ സ്ത്രീകള്‍ക്ക് അരയുടുപ്പ്, മുഖമക്കന, നമസ്‌കാരകുപ്പായം പോലെ ശരീരം മറയുന്ന വസ്ത്രം, രണ്ട് കഷ്ണം തുണി എന്നിങ്ങനെ 5 വസ്ത്രവും ആയിരിക്കണം കഫന്‍ പുടവ.
Add Comment