ഒരാള്‍ മരണാസന്നനായാല്‍ അയാളെ സന്ദര്‍ശിക്കുകയും അല്ലാഹുവെ സ്മരിക്കുകയുംചെയ്യുന്നത് അഭികാമ്യമാണ്. നബി(സ) പറയുന്നു:’നിങ്ങള്‍ രോഗിയെയോ ആസന്നമരണനെയോ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ ചൊല്ലുന്നു'(അഹ്മദ്).
മരണം ആസന്നമായ ഘട്ടത്തില്‍ താഴെപറയുന്ന മര്യാദകള്‍ പാലിക്കുന്നത് സുന്നത്താകുന്നു:
1. ആസന്നമരണന് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന് ചൊല്ലിക്കൊടുക്കുക. ഒരാളുടെ അന്ത്യവചനം ലാ ഇലാഹ ഇല്ലല്ലാഹു എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് എന്ന് അബൂദാവൂദില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിലുണ്ട്. ശഹാദത് ഉച്ചരിക്കാത്ത അവസ്ഥയിലാണ് ചൊല്ലിക്കൊടുക്കല്‍(തല്‍ഖീന്‍) ആവശ്യമുള്ളൂ.
2. വലതുഭാഗം ചരിച്ചുകിടത്തി മുഖം ഖിബ് ലക്ക് അഭിമുഖമാക്കുക.
അഹ്മദ് ഉദ്ധരിക്കുന്നു: നബിതിരുമേനി(സ)യുടെ മകള്‍ ഫാത്വിമ മരണവേളയില്‍ ഖിബ് ലക്കഭിമുഖമായി കിടക്കുകയും എന്നിട്ട് വലതുഭാഗം തലയണയാക്കുകയുംചെയ്തു. ഉറങ്ങാന്‍ കിടക്കുന്നതും മയ്യിത് ഖബ്‌റില്‍ വെക്കുന്നതും മേല്‍പറഞ്ഞ വിധത്തിലാവണമെന്ന് നബി ആജ്ഞാപിച്ചിട്ടുണ്ട്.
3. സൂറതു യാസീന്‍ ഓതുക:
നബി(സ) പറഞ്ഞു: ‘യാസീന്‍ ഖുര്‍ആന്റെ ഹൃദയമാകുന്നു. അല്ലാഹുവിനെയും പരലോകത്തെയും ഉദ്ദേശിച്ച് അത് ഓതുന്ന ഏതൊരാള്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കുകയില്ല. നിങ്ങള്‍ മരണാസന്നര്‍ക്ക് അത് ഓതിക്കൊടുക്കുക.’ അഹ് മദ് തന്റെ മുസ് നദില്‍ സ്വഫ് വാനില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ളത് ഇതിന്നുപോദ്ബലകമാകുന്നു. അദ്ദേഹം പറഞ്ഞു:’ആചാര്യന്‍മാര്‍ പറയാറുണ്ടായിരുന്നു. മരണവേളയില്‍ യാസീന്‍ ഓതിയാല്‍ മരണവേദന ലഘൂകരിക്കപ്പെടുന്നതാകുന്നു.’
4. മരിച്ചുകഴിഞ്ഞാല്‍ കണ്ണുകള്‍ അടയ്ക്കുക.
നബി(സ) അബൂസലമയുടെ അടുത്തുചെന്നു. മരണമടഞ്ഞ അദ്ദേഹത്തിന്റെ കണ്ണ് തുറന്നുകിടന്നിരുന്നു. തിരുമേനി അത് പൂട്ടി. എന്നിട്ടുപറഞ്ഞു: ആത്മാവ് പിടിക്കപ്പെടുമ്പോള്‍ കണ്ണ് അതിനെ പിന്തുടരുന്നു.
5. മൃതദേഹം മൂടുക.
ശരീരം നഗ്നമാകാതിരിക്കുന്നതിനും അതിന്റെ മാറ്റം വന്ന ആകാരത്തെ കാഴ്ചയില്‍നിന്ന് മറച്ചുവെക്കുന്നതിനും വേണ്ടിയാണിത്. ബുഖാരിയും മുസ് ലിമും ആഇശയില്‍നിന്ന് നിവേദനംചെയ്യുന്നു:’നബി(സ) ഇഹലോകവാസം വെടിഞ്ഞപ്പോള്‍ വരകളുള്ള ഒരു വസ്ത്രം കൊണ്ട് അവിടത്തെ മൂടുകയുണ്ടായി.’
മയ്യിതിനെ ചുംബിക്കുന്നത് അനുവദനീയമാണ് എന്ന് ഇജ്മാഅ് ഉണ്ട്. ഉസ്മാനുബ്‌നു മള്ഊന്‍ മരണമടഞ്ഞപ്പോള്‍ തിരുമേനി അദ്ദേഹത്തെ ചുംബിക്കുകയുണ്ടായി. റസൂല്‍ തിരുമേനി വഫാത്തായപ്പോള്‍ അബൂബക് ര്‍ (റ) അവിടത്തെ ദേഹത്തില്‍ വീഴുകയും ഇരുനേത്രങ്ങള്‍ക്കിടയില്‍ ചുംബിക്കുകയുംചെയ്തു.
6. മരണംസ്ഥിരീകരിക്കപ്പെട്ടാല്‍ ഉടന്‍ സംസ്‌കരണപ്രക്രിയകള്‍ നടത്തുക.
പരേതന്റെ ഉറ്റവര്‍ മൃതദേഹം വികൃതമാകാനിടയാകാതെ ശീഘ്രം കുളിപ്പിച്ചുമറമാടുവാന്‍ ശ്രമിക്കേണ്ടതാണ്. അബൂദാവൂദ് റിപോര്‍ട്ട് ചെയ്യുന്നു: ത്വല്‍ഹതുബ്‌നു ബര്‍റാഅ് രോഗബാധിതനായി. നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അവിടുന്ന് പറഞ്ഞു:’ത്വല്‍ഹതിന് മരണം സംഭവിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. മരിച്ചാല്‍ എന്നെ വിവരമറിയിക്കുക. ശേഷക്രിയകളെല്ലാം വേഗം ചെയ്യുക. ഒരു മുസ് ലിമിന്റെ മൃതദേഹം അയാളുടെ കുടുംബക്കാര്‍ക്കിടയില്‍ അധികനേരം ബന്ധിച്ചിടുന്നത് ഭൂഷണമില്ല.’കൈകാര്യാധികാരമുള്ള ബന്ധുക്കളെയല്ലാതെ മറ്റാരെയും കാത്തിരിക്കേണ്ടതില്ല. അവരെ കാത്തിരിക്കുന്നതുതന്നെ മയ്യിത് കേടുവരാത്തേടത്തോളം നേരം മാത്രം. അഹ് മദ് അലി(റ)യില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നു. നബി(സ) അദ്ദേഹത്തോട് പറഞ്ഞു:’അലീ, മൂന്ന് കാര്യങ്ങള്‍ ചിന്തിക്കരുത്. നമസ്‌കാരം .. സമയമായാല്‍ , ജനാസ കൊണ്ടുവരപ്പെട്ടാല്‍, ഭര്‍തൃരഹിത യോജിച്ച വരനെ കണ്ടെത്തിയാല്‍.’
7. കടംവീട്ടുക
അബൂഹുറൈയ്‌റ നിവേദനം ചെയ്യുന്നു:’സത്യവിശ്വാസിയുടെ ആത്മാവ് അവന്റെ കടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് വീട്ടപ്പെടുന്നതുവരെ.’ അതായത്, പരേതന്ന് മോക്ഷമോ മോക്ഷരാഹിത്യമോ എന്ന് തീരുമാനിക്കപ്പെടാതെ , അല്ലെങ്കില്‍ സ്വര്‍ഗപ്രവേശം ലഭിക്കാതെ കിടക്കും എന്നര്‍ഥം. മരിക്കുമ്പോള്‍ ബാധ്യത വീട്ടാന്‍ പര്യാപ്തമായ ആസ്തി അവശേഷിച്ചവരെ സംബന്ധിച്ചാണിത്. എന്നാല്‍ യാതൊരുവിധ സമ്പാദ്യങ്ങളുമില്ലെങ്കിലും കടംവീട്ടണമെന്ന് തീരുമാനിച്ച് മരണപ്പെട്ടുപോയവനെ സംബന്ധിച്ചിടത്തോളം അവന്റെ കടം അല്ലാഹുവീട്ടുമെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇനി ആസ്തിയുണ്ടായിരിക്കെ കടംവീട്ടണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ മരണശേഷം ബന്ധുക്കള്‍ കടംവീട്ടാതിരിക്കുകയുംചെയ്താല്‍ അതും അല്ലാഹു വീട്ടുന്നതാണ്.
കടബാധിതര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കുന്നതിന് , ആദ്യഘട്ടത്തില്‍ നബി(സ)വിസമ്മതിച്ചിരുന്നു. എന്നാല്‍ നാടുകള്‍ കീഴടങ്ങുകയും സമ്പത്ത് വര്‍ധിക്കുകയും ചെയ്തപ്പോള്‍ കടബാധിതരുടെ മേല്‍ നമസ്‌കരിക്കുകയും അവരുടെ കടം സ്വയം വീട്ടുകയുമായിരുന്നു നബി(സ)യുടെ സമ്പ്രദായം. കടക്കാരനായി മരിച്ച ആളുടെ കടം മുസ് ലിംകളുടെ പൊതുഭണ്ഡാരത്തില്‍നിന്ന് വീട്ടേണ്ടതാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.
ബന്ധുക്കളിലാരെങ്കിലും മരിച്ചാല്‍ സത്യവിശ്വാസി ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്നുപറയുകയും അല്ലാഹുവോട് താഴെക്കൊടുത്ത രീതിയില്‍ പ്രാര്‍ഥിക്കുകയും വേണം.
അല്ലാഹുമ്മ അജുര്‍നീ ഫീ മുസ്വീബതീ വ അഖ് ലിഫ് ലീ ഖൈറന്‍ മിന്‍ഹാ, (അല്ലാഹുവേ, ഈ ആപത്തില്‍നിന്ന് എനിക്ക് നീ അഭയം നല്‍കേണമേ, അതിനെ മുന്‍നിര്‍ത്തി അതിലുത്തമമായതിനെ പ്രദാനംചെയ്യേണമേ,)
Add Comment