മയ്യിത്ത് സംസ്‌കരണം

മയ്യിത്ത് സംസ്‌കരണം

മയ്യിത്ത് സംസ്‌കരണം -കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നമസ്‌കരിക്കുക, മറമാടുക തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നു.

സ്‌നാനം
മുസ്‌ലിമായ മയ്യിത്തിനെ കുളിപ്പിക്കുക ഫര്‍ദുകിഫായ(സാമൂഹികബാധ്യത) ആണെന്ന് ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. കുറച്ചുപേര്‍ അത് നിര്‍വഹിച്ചാല്‍ എല്ലാവരുടെയും ബാധ്യത തീരുമെന്നര്‍ഥം. സത്യനിഷേധികളുടെ കയ്യാല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലാത്ത ഏതൊരു മുസ്‌ലിമിന്റെയും മയ്യിത്തിനെ കുളിപ്പിക്കല്‍ നിര്‍ബന്ധമാകുന്നു.
മുസ്‌ലിമായ മയ്യിത്തിന്റെ ഏതെങ്കിലും അവയവം മാത്രം ലഭിച്ചാല്‍ അത് കുളിപ്പിക്കുന്നതുസംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് കുളിപ്പിക്കുകയും കഫന്‍ പുടവയില്‍ പൊതിയുകയും അതിനുവേണ്ടി നമസ്‌കരിക്കുകയും വേണമെന്നാണ് ശാഫിഈ,അഹ് മദ്, ഇബ്‌നുഹസ്മ്(റ) എന്നിവരുടെ അഭിപ്രായം. ഇമാം ശാഫിഈ പറയുന്നു:’ ജമല്‍ യുദ്ധവേളയില്‍ ഒരു പക്ഷി മക്കയില്‍ ഒരു കൈ കൊണ്ടിടുകയുണ്ടായി. മോതിരം മുഖേന ജനങ്ങള്‍ അതിന്റെ ഉടമയെ തിരിച്ചറിഞ്ഞു.’അങ്ങനെ അവരതിനെ കുളിപ്പിക്കുകയും നമസ്‌കരിക്കുകയുംചെയ്തു.
ജനാബത്തുള്ള അവസ്ഥയിലാണ് ഒരാള്‍ സത്യനിഷേധികളുടെ കയ്യാല്‍ രക്തസാക്ഷിയായതെങ്കില്‍ പോലും കുളിപ്പിക്കേണ്ടതില്ല. മയ്യിത്തിന്റെ കഫന്‍പുടവയാക്കാന്‍ കഴിയുന്ന വസ്ത്രങ്ങളില്‍തന്നെ പൊതിയണം. മതിയാവാതെ വരുന്നത് വേറെയെടുക്കാം. സുന്നത്ത് പ്രകാരമുള്ള കഫന്‍പുടവയില്‍ (മൂന്നെണ്ണമെന്നത്)അധികമുള്ളത് ഉപേക്ഷിക്കാം. രക്തത്തോടുകൂടി മറമാടണം. ഒട്ടുംതന്നെ കഴുകിക്കളയാന്‍ പാടില്ല. റസൂല്‍ (സ)പറഞ്ഞതായി അഹ്മദ് റിപോര്‍ട്ട് ചെയ്യുന്നു:’അവരെ നിങ്ങള്‍ കുളിപ്പിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ ഓരോ മുറിവും അന്ത്യദിനത്തില്‍ കസ്തൂരി വമിക്കുന്നവതാണ്.’ യുദ്ധത്തിലോ കാഫിറുകളുടെ കൈയാലോ അല്ലാതെ കൊല്ലപ്പെട്ടവരെയും നബിതിരുമേനി ‘ശുഹദാഅ്’ എന്ന് വിളിക്കുകയുണ്ടായി. എന്നാല്‍ അവരെ കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. ഉമര്‍, ഉസ്മാന്‍, അലി (റ) തുടങ്ങി രക്തസാക്ഷികളെ മുസ്‌ലിംകള്‍ കുളിപ്പിക്കുകയുണ്ടായി.

കുളിപ്പിക്കേണ്ട രീതി:

1.മയ്യിത്തിന്റെ ദേഹം മുഴുവന്‍ വെള്ളമൊഴിക്കുകയെന്നത് കുളിപ്പിക്കുന്നതില്‍ നിര്‍ബന്ധമായ സംഗതി. എന്നാല്‍ കുളിപ്പിക്കുന്നതിന്റെ അഭികാമ്യമായ രൂപം ഇപ്രകാരം വിവരിക്കുന്നു: മയ്യിത്ത് ഉയര്‍ന്ന സ്ഥലത്തുവെക്കുക. നഗ്നത മറയ്ക്കാന്‍ തുണിയിട്ടശേഷം വസ്ത്രങ്ങള്‍ ഊരിയെടുക്കുക. അനിവാര്യമായും വേണ്ടവര്‍ മാത്രമേ കുളിപ്പിക്കുന്നിടത്ത് പ്രവേശിക്കാവൂ. കുളിപ്പിക്കുന്നയാള്‍ വിശ്വസ്തനും സച്ചരിതനുമായിരിക്കണം. ഭാര്യക്ക് ഭര്‍ത്താവിനെയും തിരിച്ചും കുളിപ്പിക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് കുട്ടികളെ കുളിപ്പിക്കുന്നതില്‍ വിലക്കില്ല. കുളിപ്പിക്കുന്നവര്‍ കാണുന്ന നല്ല വശങ്ങള്‍ പരസ്യപ്പെടുത്തേണ്ടതിനും ചീത്ത വശങ്ങള്‍ രഹസ്യമായിരിക്കേണ്ടതിനുമാണത്. നബി(സ)പറഞ്ഞു: ‘നിങ്ങളില്‍ വിശ്വസ്തരായവര്‍ മയ്യിത്തിനെ കുളിപ്പിക്കട്ടെ(ഇബ്‌നുമാജ).’

2. മയ്യിത്തിന്റെ വയറ് മൃദുവായി അമര്‍ത്തുക. ഉദരത്തിലവശേഷിച്ചിട്ടുള്ള മാലിന്യം പുറത്തുവരാനാണത്. മയ്യിത്തിന്റെ നഗ്നതയില്‍ സ്പര്‍ശിക്കാതിരിക്കാന്‍ കഴുകുന്നയാള്‍ കയ്യില്‍ തുണിശീല ചുറ്റിയിരിക്കണം.

3. നമസ്‌കാരത്തിനുള്ള വുദു ചെയ്യിക്കുക. പിന്നീട് വെള്ളവും സോപ്പും ഉപയോഗിച്ചോ , ശുദ്ധജലം ഉപയോഗിച്ചോ മൂന്നുപ്രാവശ്യം കഴുകുക. വലതുഭാഗത്തുനിന്നാണ് കഴുകിത്തുടങ്ങേണ്ടത്. വേണ്ടത്ര ശുദ്ധിയായില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ 5 ഓ 7 ഓ എന്നിങ്ങനെ ഒറ്റയിലവസാനിക്കുംവിധം കഴുകാം. കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ അവസാനവട്ടമാകുമ്പോള്‍ കര്‍പ്പൂരം ചേര്‍ക്കുന്നത് നല്ലതാണ്. മയ്യിത്തിനെ സുഗന്ധമുള്ളതാക്കാന്‍ അത് സഹായിക്കുന്നു. മയ്യിത്ത് സ്ത്രീയാണെങ്കില്‍ അവളുടെ മുടി അഴിച്ചുകഴുകി വീണ്ടും മെടഞ്ഞു പിന്‍ഭാഗത്തേക്ക് ഒതുക്കിയിടണം.

4. കുളിപ്പിച്ചുകഴിഞ്ഞ മയ്യിത്തിനെ വൃത്തിയുള്ള വസ്ത്രം കൊണ്ടു തോര്‍ത്തുക. കഫന്‍ പുടവ നനയാതിരിക്കാനാണിത്. സുഗന്ധം ഉപയോഗിക്കുകയുംചെയ്യണം.(മയ്യിത്തിന്റെ നഖങ്ങള്‍, മീശ,ഗുഹ്യരോമങ്ങള്‍ വെട്ടുന്നതും എടുക്കുന്നതും ഭൂരിപക്ഷം പണ്ഡിതന്‍മാരും കറാഹത്തായി കാണുന്നു. എന്നാല്‍ ഇബ്‌നുഹസ് മ് അതെല്ലാം അനുവദനീയമാണെന്ന വീക്ഷണമാണ് വെച്ചുപുലര്‍ത്തുന്നത്).
കുളിപ്പിച്ചശേഷം കഫന്‍ ചെയ്യുന്നതിനുമുമ്പ് വയറ്റില്‍നിന്ന് വല്ല മാലിന്യവും പുറത്തുവന്നാല്‍ കഴുകിക്കളയല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. വീണ്ടും മയ്യത്ത് കുളിപ്പിക്കണമെന്നും വുളു എടുപ്പിക്കണമെന്നും അഭിപ്രായമുള്ളവരും അതിന്റെയാവശ്യമില്ലെന്ന് വ്യക്തമാക്കിയവരും അക്കൂട്ടത്തിലുണ്ട്.
മയ്യിത്ത് കുളിപ്പിക്കാന്‍ വെള്ളം കിട്ടിയില്ലെങ്കില്‍ തയമ്മും ചെയ്യാവുന്നതാണ്. കഴുകിയാല്‍ അഴുകിപ്പോകുന്ന അവസ്ഥയിലുള്ള മയ്യിത്തിനെ തയമ്മും ചെയ്യുകയാണ് വേണ്ടത്. അന്യപുരുഷന്‍മാരുടെ ഇടയില്‍ മരിക്കുന്ന സ്ത്രീക്കും അന്യസ്ത്രീകളുടെ ഇടയില്‍ മരിക്കുന്ന പുരുഷനും തയമ്മും ചെയ്താല്‍ മാത്രം മതി. അടുത്ത ബന്ധുവല്ല തയ്യമ്മുംചെയ്യിക്കുന്നതെങ്കില്‍ അവര്‍ കയ്യില്‍ തുണിശീല ചുറ്റേണ്ടതാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics