Home / ഇസ്‌ലാം / വിശ്വാസം / വിശ്വാസം-ലേഖനങ്ങള്‍ / വഴിയാത്രക്കാരാണ് നാം
we-are-travelers

വഴിയാത്രക്കാരാണ് നാം

അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ (സ) എന്റെ തോളില്‍പിടിച്ച് പറഞ്ഞു: ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആകുക’.

നാം ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നുവെന്ന് കരുതുക. ചിലര്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നു. മറ്റു ചിലര്‍ പിന്നില്‍ യാത്ര ചെയ്യുന്നു. യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്ത് എത്താന്‍ കാത്തിരിക്കുകയാണ് നാം. എല്ലാവരും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ കാത്തിരിക്കുന്നു.
എന്നാല്‍, യാത്ര ചെയ്യുന്ന വിമാനം തന്നെയാണ് നമ്മുടെ ലക്ഷ്യസ്ഥാനമെന്ന് ചിലര്‍ ധരിച്ച് പോയാല്‍ എന്തായിരിക്കും അവസ്ഥ ? വിമാനത്തിലെ ഏറ്റവും മുന്നിലുള്ള സീറ്റിനും അരികുകളിലുള്ള സീറ്റിനും ചിലര്‍ തിരക്കു കൂട്ടുന്നു. യാത്രയുടെ സുഖത്തിന് വേണ്ടി സഹയാത്രികരോട് അവര്‍ ചിലപ്പോള്‍ ശണ്ഠ കൂടും. അവരുടെ ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഈ യാത്ര അനന്തമാണെന്ന് തോന്നും. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള യാത്രയാണിതെന്ന കാര്യം അവര്‍ മറക്കുന്നു. ഇഹലോക ജീവിതവും ഇതുപോലെയാണ്.

ഈ ജീവിതം മറ്റൊരു ജീവിതത്തിലേക്കുള്ള ഒരു വഴിമാത്രമാണ്. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള യാത്ര പോലെതന്നെയാണ് ഇഹലോക ജീവിതവും. കാരണം, നമ്മുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനുള്ളതല്ല ഈ ലോകം. ഈ ലോക ജീവിതത്തെ വളരെ ഉദ്ദേശ്യപൂര്‍വ്വം വിനിയോഗിക്കണമെന്നാണ് പ്രവാചകന്‍ (സ) ഉപദേശിക്കുന്നത്. ഭൂമിയിലൂടെ നാം സഞ്ചരിക്കുന്നത് മറ്റൊരു ലക്ഷ്യസ്ഥാനത്ത് എത്താന്‍ വേണ്ടിയാണ്. ഒരു അന്തിമ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍ അതില്‍ നിന്ന് തെറ്റിച്ചു കളയുന്ന കാര്യങ്ങളില്‍ മനസ്സുടക്കി, ലക്ഷ്യം അതായി പോകരുത്. ഭൗതിക ജീവിതത്തില്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ മുഴുവന്‍ വിഭവങ്ങളും ദൈവിക പ്രീതി കരസ്ഥമാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. ഇവിടെ നാം കഠിനമായി പരിശോധിക്കുക തന്നെ വേണം. മറ്റുള്ളവരെ കാണിക്കുവാനും ആനന്ദിക്കാനും വേണ്ടിയായിരിക്കരുത് നമ്മുടെ ജീവിതം. നമുക്ക് നല്‍കപ്പെട്ടിട്ടുള്ള അവസരങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച് നാം ബോധവാന്‍മാരല്ല എന്നതാണ് ഒരു പ്രശ്‌നം. ഈ ലോകം തന്നെ നമ്മുടെ ലക്ഷ്യമായി മാറുമ്പോള്‍, ലഭിച്ച ഭൗതിക വിഭവങ്ങള്‍ നമുക്ക് മതിയാകാതെ വരും; അത് എത്രയധികമാണെങ്കിലും. അങ്ങനെ നാം വീണ്ടും വീണ്ടും അത് നേടാന്‍ ശ്രമിക്കുന്നു. നമ്മെകുറിച്ച് തന്നെ നാം അന്ധരായിത്തീരുകയായിരിക്കും അതിന്റെ ഫലം. ഭൗതിക നേട്ടങ്ങളും സുഖസൗകര്യങ്ങളും നമുക്ക് പൂര്‍ണ്ണത പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കല്‍ മൗഢ്യമാണ്. കാരണം ഇഹലോകത്ത് എക്കാലവും നിലനില്‍ക്കാന്‍ വേണ്ടിയല്ല നാം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇഹലോകം നാം കടന്നു പോകുന്ന ഒരു വഴി മാത്രമാണ്.
സമാധാനത്തിനും ഐശ്വര്യത്തിനുമുള്ള വഴി ഇഹലോക ജീവിതത്തില്‍ ഒരു വഴിയാത്രക്കാരനെ പോലെയോ ഒരു അപരിചിതനെ പോലെയോ ആവുക എന്നതാണ്. നമ്മുടെ ലക്ഷ്യം ദൈവികമാകുമ്പോള്‍, ഭൗതിക വിഭവങ്ങള്‍ കരസ്ഥമാക്കാനോ അത് നേടിയെടുക്കുന്നതിലോ നമുക്ക് പ്രയാസങ്ങളുണ്ടാവുകയില്ല. മറ്റുള്ളവരുമായി മത്സരിക്കാതെ, ശത്രുത പുലര്‍ത്താതെ വിട്ടുവീഴ്ച്ച ചെയ്ത് പൊറുത്ത് കൊടുത്ത് നമുക്ക് ജീവിക്കാനാവുക അപ്പോഴാണ്.
അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നമ്മുടെ ഇഹലോകത്ത് ജീവിതം ഒരു വിമാന യാത്രയിലെ ഏതാനും മണിക്കൂറുകള്‍ പോലെയാണ്. ഈ യാത്രയിലെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി നാം കൂടുതല്‍ സമയവും ഊര്‍ജ്ജവും ചിലവഴിക്കുന്നതിന് പകരം, നമ്മുടെ അന്തിമ ലക്ഷ്യസ്ഥാനത്ത് നമുക്കുണ്ടാകേണ്ട സുഖസൗകര്യങ്ങളും നന്‍മകളും വേണ്ടിയാകട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

About dr. hazim sayed

Check Also

islaismydeen

നാമാണ് ദീന്‍ സംരക്ഷിക്കേണ്ടത്

നമുക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് ഇസ്‌ലാമെന്ന ആദര്‍ശം. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിദാനവും അതാണ്. അതിനാല്‍ ആ ഇസ്‌ലാമിനെ …

Leave a Reply

Your email address will not be published. Required fields are marked *