വിശ്വാസം-ലേഖനങ്ങള്‍

കണ്ണിന്റെ തുറിച്ചുനോട്ടങ്ങള്‍

ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍ കണ്ണുകളുടെ നോട്ടത്തിന് വലിയ പങ്കുണ്ട്. നോട്ടം ആഗ്രഹത്തിന്റെ സന്ദേശവാഹകനാണ്. വ്യഭിചാരത്തിലേക്കും പരസ്ത്രീഗമനത്തിലേക്കും അത് നയിക്കുന്നു.

ഇതുകൊണ്ടുതന്നെയാണ് അല്ലാഹു വിശ്വാസികളായ സ്ത്രീപുരുഷന്‍മാരോട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കാന്‍ പറഞ്ഞതോടൊപ്പം ദൃഷ്ടികളെ നിയന്ത്രിക്കാനും പറഞ്ഞത്. ‘നീ സത്യവിശ്വാസികളോട് പറയുക: അവരുടെ കണ്ണുകള്‍ നിയന്ത്രിക്കട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ്  അവരുടെ പരിശുദ്ധിക്ക്  ഏറ്റം പറ്റിയത്. സംശയം വേണ്ട,അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴിച്ച്. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍,  പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍. തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, വിഷയവിചാരമില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണരഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ, അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കുകയുമരുത്.’ (അന്നൂര്‍ 30,31)

ഈ രണ്ടു സൂക്തങ്ങളില്‍ ചില ദൈവിക നിയമങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍ രണ്ടുകാര്യങ്ങള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണ്. ദൃഷ്ടികള്‍ താഴ്ത്തലും ഗുഹ്യാവയവങ്ങളെ നിയന്ത്രിക്കലുമാണത്. ബാക്കിയുള്ള കാര്യങ്ങള്‍ സ്തീകളോടുള്ള ഖുര്‍ആന്റെ നിര്‍ദേശങ്ങളാണ്. ‘നിങ്ങളുടെ കണ്ണുകള്‍ താഴ്ത്തുക’ ‘നിങ്ങളുടെ ഗുഹ്യാവയവങ്ങല്‍ സൂക്ഷിക്കുക’ എന്നീ രണ്ടു നിയമങ്ങളും ശ്രദ്ധിക്കുക. ഗുഹ്യാവയവങ്ങള്‍ പൂര്‍ണ്ണമായും സൂക്ഷിക്കുന്നതോടൊപ്പം ദൃഷ്ടി താഴ്ത്തുക എന്നത് ഭാഗികമാണ്. കാരണം അത്യാവശ്യമായ കാര്യങ്ങല്‍ക്കു വേണ്ടി നോട്ടം അനുവദനീയമാണ് എന്നുള്ളതു കൊണ്ടാണത്. ചില അവസരങ്ങളില്‍ എതിര്‍ലിംഗമാണെങ്കിലും നോക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകും എന്നുള്ളതുകൊണ്ടുമാണത്.

ദൃഷ്ടികള്‍ താഴ്ത്തുക എന്നതു കൊണ്ടുദ്ദേശ്യം എതിര്‍ലിംഗത്തിലുള്ള ആളുകളുടെ സാന്നിധ്യത്തില്‍ കണ്ണു മൂടിക്കെട്ടണമെന്നോ കണ്ണടച്ചിരിക്കണമെന്നോ അല്ല. അല്ലെങ്കില്‍ എപ്പോഴും തലതാഴ്ത്തിയിരിക്കണമെന്നുമല്ല. കാരണം അത് അസാധ്യമാണ്. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശബ്ദം താഴ്ത്തുക’ (ലുഖ്മാന്‍ 19). നമ്മുടെ ചുണ്ടുകള്‍ അടച്ചുസീല്‍വെക്കുക എന്നല്ല ഇതിനര്‍ത്ഥം. സംസാരിക്കുമ്പോള്‍ ശബ്ദം കുറച്ച് മാന്യമായി സംസാരിക്കണമെന്നാണ്. ഇതുപോലെ ദൃഷ്ടികള്‍ താഴ്ത്തുക എന്നു പറഞ്ഞാല്‍ ഒരിക്കല്‍ പോലും എതിര് ലിംഗത്തിന്റെ മുഖത്തേക്കു നോക്കിപോകരുത് എന്നല്ല. എതിര്‍ ലിംഗത്തിന്റെ ഭംഗിയും അവരുടെ ആകാരവടിവും സൗന്ദര്യവും ആസ്വദിക്കുന്ന നോട്ടം നോക്കരുത് എന്നാണ്. ഒരിക്കല്‍ അലി (റ)യോട് നബി (സ) പറഞ്ഞു. ‘ഒരു നോട്ടത്തെ തുടര്‍ന്ന് നീ അടുത്ത നോട്ടം നോക്കരുത്. ഒന്നാമത്തെ നോട്ടം നിനക്ക് അനുവദനീയമാണ്. എന്നാല്‍ രണ്ടാമത്തെ നോട്ടം നിനക്ക് അനുവദനീയമല്ല’. (അഹ്മദ് അബൂദാവൂദ്).

ലൈംഗിക ദാഹത്തോടെ എതിര്‍ലിംഗത്തിലുള്ളവരെ നോക്കുന്നതിനെ പ്രവാചകന്‍ തിരുമേനി (സ) കണ്ണിന്റെ വ്യഭിചാരമായാണ് കണക്കാക്കിയത്. റസൂല്‍ പറഞ്ഞു: ‘കണ്ണും വ്യഭിചാരം നടത്തും. കണ്ണിന്റെ വ്യഭിചാരം ലൈംഗികാഗ്രഹത്തോടെയുള്ള നോട്ടമാണ്.’ (ബുഖാരി)

കണ്ണിന്റെ കാമാര്‍ത്തിയോടെയുള്ള നോട്ടത്തെ വ്യഭിചാരം എന്നു വിളിക്കാന്‍ കാരണം അത് നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ഒരാള്‍ക്ക് ലൈംഗിക സുഖം നല്‍കുന്നുണ്ടെന്നതാണ്്. ഇതു തന്നെയാണ് ഈസാ നബി (അ)(ക്രിസ്തു)  തന്റെ ശിഷ്യനായ മാത്യുവിനോടു പറഞ്ഞത്. നിങ്ങള്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെടരുത് എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഞാന്‍ നിന്നോടു പറയുന്നു. ഏതൊരാള്‍ അന്യ സ്ത്രീയെ ലൈംഗികവികാരത്തോടെ നോക്കുന്നുവോ, അവന്‍ അവളുമായി നേരത്ത തന്നെ തന്റെ ഹൃദയത്തില്‍ വ്യഭിചാരത്തിലേര്‍പ്പെട്ടിരിക്കുന്നു.’ ഇത്തരം നോട്ടങ്ങള്‍ അപകടമാണെന്നു മാത്രമല്ല നമ്മുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചിന്തകളെ മലീമസമാക്കുകയും ചെയ്യും.

Topics