ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയഒട്ടേറെ അനുഗ്രഹങ്ങളുണ്ട്. അവയിലൊന്നാണ് നമുക്ക് നല്‍കിയിട്ടുള്ള മുടി. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അപാരതയെ തിട്ടപ്പെടുത്താനാകില്ലെങ്കിലും അവയെ ഓര്‍ക്കാനും വിശകലനംചെയ്യാനും നമുക്ക് കഴിയുമല്ലോ.നമ്മുടെ ശരീരത്തിലെ രോമത്തിന്റെ (മുടി) എണ്ണവും സ്വഭാവവും കൃത്യമായി ജീനില്‍ നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. ശിശു മാതാവിന്റെ ഗര്‍ഭാശയത്തില്‍ 8-10 ആഴ്ചയെത്തുന്നതോടെ രോമമൂലം(മുടിയുടെ വേരുകള്‍) രൂപംകൊള്ളുന്നു. ഗര്‍ഭാശയത്തിലായിരിക്കെ രോമങ്ങള്‍ വളരെ നേര്‍ത്തതും ദുര്‍ബലവുമായിരിക്കും. രോമങ്ങളുടെ വളര്‍ച്ച 22-ാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നു.
ഒരാളുടെ ആയുസില്‍ അയാളുടെ രോമ(മുടി)ങ്ങള്‍ ഉള്‍ക്കരുത്തുള്ളതോ അല്ലെങ്കില്‍ കഷണ്ടിപ്രകാശിപ്പിക്കുന്നതോ ആകാം. നമ്മുടെ ശരീരത്തില്‍ രോമങ്ങളില്ലാത്ത ഭാഗങ്ങള്‍ പ്രധാനമായും ഉള്ളം കാല്‍ ഉള്ളംകൈ, നെറ്റി, കണ്ണുകളുടെ കീഴ്ഭാഗം, ചെവിയുടെ പിന്‍ഭാഗം എന്നിവയാണ്.
ഒരു രോമം(മുടി) പ്രധാനമായും അതിന്റെ വേരില്‍ നിലകൊള്ളുന്ന നീണ്ടുനില്‍ക്കുന്ന കാണ്ഡമാണ്. രോമമൂലം രണ്ട് പാളികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. രോമത്തിന്റെ നീണ്ട കാണ്ഡത്തെ സംരക്ഷിക്കുകയെന്നതാണ് ഇവയുടെ ധര്‍മം.മാത്രമല്ല, രോമത്തെ അതിന്റെ ദിശയില്‍ വളരാന്‍ സഹായിക്കുകകൂടി ചെയ്യുന്നുണ്ട്. രോമമൂലം വ്യത്യസ്തപാളികളാല്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നു. അവയിലെ ഓരോ പാളികള്‍ക്കും വൈവിധ്യമാര്‍ന്ന ധര്‍മങ്ങളുണ്ട്. രോമമൂലത്തിന്റ അടിത്തറയിലുള്ള ‘പാപില’യാണ് രോമകോശങ്ങള്‍ക്ക് വേണ്ട പോഷണം പ്രദാനം ചെയ്യുന്നത്.
രോമകാണ്ഡത്തിന്റെ മേല്‍പാളിയില്‍ കെരാറ്റിന്‍ എന്നറിയപ്പെടുന്ന കട്ടിയുള്ള വസ്തുവുണ്ട്. രോമത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന അതിന്റെ ഏറ്റവും അകത്തേ പാളി എല്ലാ രോമകാണ്ഡത്തിലും ഉണ്ടാകാറില്ല.രോമ(മുടി)കാണ്ഡത്തിന്റെ ഭൂരിഭാഗവും പ്രധാനഭാഗമായറിയപ്പെടുന്ന കോര്‍ട്ടെക്‌സാണ്. ഈ കോര്‍ട്ടെക്‌സിലെ പിഗ്മെന്റിന്റെ സ്വഭാവമനുസരിച്ചാണ് രോമത്തിന് അതിന്റെ സ്വാഭാവികനിറം ലഭിക്കുന്നത്. രോമത്തിന്റെ ബാഹ്യപാളിയാണ് അതിന്റെ ഉപരിചര്‍മം.
ശരീരത്തിന്റെ വ്യത്യസ്തഭാഗങ്ങളിലുള്ള രോമങ്ങള്‍ക്ക് അവയുടെ വളര്‍ച്ചയിലും ധര്‍മത്തിലും വ്യത്യസ്തസ്വഭാവങ്ങളാണുള്ളത്. ഹോര്‍മോണുകളുടെ നിയന്ത്രണത്തിലൂടെ രോമമൂലങ്ങള്‍ രോമത്തിന് വ്യത്യസ്തസവിശേഷതകള്‍ പ്രദാനംചെയ്യുന്നു. പ്രത്യേകിച്ചും അതിന്റെ കരുത്തും ബലവും നിറവും എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍. മീശയിലെയും ,കക്ഷത്തിലെയും ,തുടകള്‍ക്കിടയിലെയും, താടിയിലെയും തലയിലെയും രോമങ്ങള്‍ വളരെ വേഗത്തിലും തുടര്‍ച്ചയായും വളരുന്നവയാണ്. അതേസമയം, കൈയിലെയും നെഞ്ചിലേയും മുതുകിലെയും കാലിലെയും പുരികത്തിലെയും രോമങ്ങള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. മാത്രമല്ല, ഒരു നിശ്ചിതനീളമെത്തിയാല്‍ അവ വളര്‍ച്ച നിലയ്ക്കുകയുംചെയ്യുന്നു.
രോമം: ലളിതം പക്ഷേ ആശ്ചര്യകരം
ചില സംഭവങ്ങളും ദൃശ്യങ്ങളും നാം അനുഭവിക്കുമ്പോള്‍ നമുക്ക് രോമാഞ്ചമുണ്ടാകാറുണ്ട്. യഥാര്‍ഥത്തില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് രോമമൂലത്തിനടുത്തുള്ള ഉദ്ധാരണപേശികള്‍ ആണ്. നമ്മുടെ ശരീരത്തിലുള്ള ഓരോ രോമകൂപത്തിന്റെയും ആഴങ്ങളില്‍ കാണപ്പെടുന്ന പ്രസ്തുതപേശികളാണ് രോമങ്ങളെ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്നത്. ഈ പേശികള്‍ക്ക് മറ്റുചിലധര്‍മങ്ങള്‍ കൂടിയുണ്ട്. തൊക്കിനടിയിലെ എണ്ണഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ ഇവ വലിയപങ്കുവഹിക്കുന്നു. രോമകൂപത്തിന്റെ ബാഹ്യതലത്തില്‍
0.2 മില്ലിമീറ്റര്‍ വലുപ്പത്തിലുള്ള എണ്ണ സഞ്ചികള്‍ കാണപ്പെടുന്നു. ഇത്തരത്തില്‍ എണ്ണസഞ്ചികള്‍ ശരീരത്തില്‍ ഉള്ളംകയ്യിലും ഉള്ളംകാലിലും ഒഴിച്ച് എല്ലാ ഭാഗത്തും കാണപ്പെടുന്നു. ഇവ ചര്‍മത്തിനും രോമത്തിനും വേണ്ടി പ്രകൃത്യാ ഉള്ള സ്‌നേഹകങ്ങള്‍(ലൂബ്രിക്കന്റസ്) ആണ്. ചര്‍മം വരണ്ട് നശിച്ചുപോകാതെ സംരക്ഷിക്കുന്നത് ഈ സ്‌നേഹകങ്ങളാണ്.
ചര്‍മത്തിന് കീഴിലുള്ള ഓരോ എണ്ണഗ്രന്ഥികളിലേക്കും ചാനലുകളുണ്ട്. ഈ ചാനലുകളില്‍ ധാരാളം സുഷിരങ്ങളുണ്ട്. ഉദ്ധാരണപേശികള്‍ ഉദ്ദീപിക്കപ്പെടുമ്പോള്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും അതിനോടുചേര്‍ന്ന എണ്ണഗ്രന്ഥിയില്‍നിന്ന് സേബം എന്നറിയപ്പെടുന്ന രാസവസ്തു പുറത്തേക്കുവരികയും ചെയ്യുന്നു. ഈ രാസവസ്തുവിനെ ഗ്രന്ഥി പൂര്‍ണമായും രോമത്തിന് പകര്‍ന്നുനല്‍കി ചര്‍മോപരിതലത്തിലെ pH വാല്യൂ ക്രമീകരിക്കുന്നു.
ഈ എണ്ണമയംകലര്‍ന്ന രാസവസ്തു ചര്‍മത്തിന്റെ ഉപരിതലത്തില്‍ ജെല്‍സ്വഭാവത്തിലുള്ള ആവരണം ഉണ്ടാകുന്നു. ഇത് തണുപ്പുകാലത്തും ചൂടുകാലത്തും ചര്‍മത്തിന് സംരക്ഷണം നല്‍കുന്നതോടൊപ്പം ബാക്ടീരിയകള്‍ക്കെതിരെ പ്രതിരോധംതീര്‍ക്കുകയുംചെയ്യുന്നു. ചര്‍മാവരണം ഉപദ്രവകാരികളായ സൂക്ഷ്മജീവികളുടെ പെരുപ്പത്തെ തടയുന്നുമുണ്ട്.
ചര്‍മത്തിന്റെ pH നില 5നും 6നും ഇടയിലാണെങ്കില്‍ ബാക്ടീരിയകളുടെ വളര്‍ച്ച സാധ്യമാകുകയില്ല. മേല്‍പറഞ്ഞ രാസവസ്തു ചര്‍മോപരിതലത്തില്‍ സ്രവിപ്പിക്കപ്പെടുന്നില്ലെങ്കില്‍ അമ്ലസ്വഭാവമുള്ള pH നില ക്ഷാരഗുണത്തിലേക്ക് ഉയരുകയും അതുവഴിചര്‍മത്തിലെ ഈര്‍പ്പത്തിന്റെ അംശം വര്‍ധിക്കുകയുംചെയ്താല്‍ അത് കൊഴുപ്പുകലകളാല്‍ പൊതിയപ്പെട്ട സുരക്ഷാപാളിയെ നശിപ്പിക്കും. അതുവഴി ഉപദ്രവകരമായ സൂക്ഷ്മാണുക്കള്‍ പെറ്റുപെരുകാന്‍ ഇടയാക്കും.
ഉദ്ധാരണപേശികള്‍ ശരീരത്തിന്റെ താപനിലയെ ക്രമീകരിക്കുന്നുമുണ്ട്. ശരീരത്തിലെ രോമങ്ങള്‍ മനുഷ്യശരീരത്തിലെ താപത്തെ കുറക്കുന്നതില്‍ പങ്കുവഹിക്കുന്നില്ല. ശരീരം തണുത്ത അന്തരീക്ഷത്തിലായിരിക്കുമ്പോള്‍ ഉദ്ധാരണപേശികളുടെ പ്രവര്‍ത്തനഫലമായി താപം ഉല്‍പാദിപ്പിക്കാനുള്ള മെക്കാനിസം ചടുലമാകുന്നു. സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം ഉദ്ധാരണപേശികളെ ഉദ്ദീപിപ്പിക്കുന്നു. ആ പേശികള്‍ സങ്കോചിക്കുമ്പോള്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കും. അതോടൊപ്പം ശരീരത്തിന്റെ ഊഷ്മാവ് ചെറുതായി വര്‍ധിക്കുകയും ചെയ്യും. ചിലപ്പോള്‍ കാണാന്‍ കഴിയാത്തതരത്തിലുള്ള ചെറിയ രോമങ്ങള്‍ പോലും എഴുന്നുനില്‍ക്കാറുണ്ട് അതോടൊപ്പം ചെറുചെറുമുഴകള്‍പോലെ തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്നതുംകാണാം. ശരീരത്തിന്റെ താപനിലയെ സംരക്ഷിക്കുന്ന കവചമായാണ് പേശികള്‍ പ്രവര്‍ത്തിക്കുന്നതെന്നുചുരുക്കം.
ചൂടുകാലത്ത് ശരീരത്തെ തണുപ്പിച്ചുകൊണ്ട് ശ്വസനപ്രക്രിയകൂടി നടത്തുന്നുണ്ട് അവ. കൂടാതെ സ്പര്‍ശസംവേദകങ്ങളായും അവ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ ഉപരിതലത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ പറ്റിയിരുന്നാല്‍ അത് പെട്ടെന്ന് തിരിച്ചറിഞ്ഞ് നമുക്ക് വിവരം തരുന്നത് ഈ ഉദ്ധാരണപേശികള്‍ തന്നെ. സ്പര്‍ശത്താല്‍ രോമങ്ങള്‍ ചലിതമാകുകയും അവയുടെ ആഴത്തിലുള്ള നാഡീകലകള്‍ ഉദ്ദീപിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ഓരോ നിമിഷവും ശരീരത്തില്‍ സദാനിരീക്ഷണവുമായി നിലകൊള്ളുന്ന ആരാലും അറിയപ്പെടാത്ത കഥാനായകനാണ് രോമം. അല്ലാഹു സംവിധാനിച്ചിട്ടുള്ള ശരീരത്തിലെ വളരെ നിസ്സാരമെന്ന് തോന്നുന്ന എന്നാല്‍ ബൃഹത്തായ ദൗത്യം നിര്‍വഹിക്കുന്ന ഈ ചെറിയ സൃഷ്ടിസംവിധാനത്തെ ക്കുറിച്ച് ആലോചിക്കുമ്പോഴുണ്ടാകുന്ന (അതും അല്‍പംമാത്രം അറിഞ്ഞപ്പോള്‍ ഉണ്ടായത്) അത്ഭുതം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇനിയും ഒട്ടേറെ രഹസ്യങ്ങള്‍ അനാവരണംചെയ്യാനുണ്ടുതാനും. അല്ലാഹു എല്ലാം കൃത്യമായും സുനിശ്ചിതമായും സംവിധാനിച്ചതാണെന്നും വൃഥാസൃഷ്ടിച്ചതല്ലെന്നും മനസ്സിലാക്കാന്‍ ഇതില്‍പരം എന്തുതെളിവ് വേണം.
Add Comment