എയ്ഡ്‌സ് ആധുനികജീവിതകാഴ്ചപ്പാടുകളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്ന്. പുരോഗമനസമൂഹത്തിന്റെ സുരക്ഷിത-ശുചിത്വ സൂത്രവാക്യങ്ങളെയും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ഉദാരവാദങ്ങളെയും അത് മാറ്റത്തിരുത്തലിന് നിര്‍ബന്ധിതമാക്കിക്കഴിഞ്ഞു. എയ്ഡ്‌സ് രോഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറലായ ഡോ. ഡേവിഡ് സാഷര്‍ ‘മനുഷ്യരുടെ ലൈംഗികത’യെന്ന വിഷയത്തില്‍ ദേശീയസംവാദം ആവശ്യപ്പെടുന്ന സാഹചര്യവും സംജാതമായി. മുന്‍കാലത്ത് സര്‍ജന്‍ ജനറല്‍മാരായി പദവി കയ്യാളിയിരുന്ന ഒട്ടേറെ പേര്‍ തല്‍സ്ഥാനം രാജിവെച്ച് പോയതിന്റെ കാരണങ്ങളന്വേഷിച്ച അദ്ദേഹം അമേരിക്കന്‍ ജനതയില്‍ ഒരുവിഭാഗത്തിന് എയ്ഡ്‌സിന്റെ പകര്‍ച്ചയെ സംബന്ധിച്ച് ഉണ്ടായ വിവിധവീക്ഷണങ്ങള്‍ രേഖപ്പെടുത്തി റിപോര്‍ട്ട് തയ്യാറാക്കുകയുണ്ടായി.
അവിഹിതബന്ധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കല്‍, സുരക്ഷിതലൈംഗികമാര്‍ഗങ്ങളെക്കുറിച്ച അവബോധം വിദ്യാര്‍ഥികളില്‍ പകര്‍ന്നുനല്‍കല്‍ എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചവേണമെന്ന് ആ റിപോര്‍ട്ട് ആവശ്യപ്പെട്ടു. എന്നല്ല, ഗര്‍ഭസുരക്ഷാമാര്‍ഗങ്ങള്‍ എന്ന ആശയത്തെ റിപോര്‍ട്ടില്‍ പലയിടത്തും ചോദ്യംചെയ്യാനത് ധൈര്യംകാട്ടി. അതെത്തുടര്‍ന്ന്, പ്രിട്ടോറിയയില്‍ നടന്ന സതേണ്‍ ആഫ്രിക്കന്‍ കാത്തലിക് ബിഷപുമാരുടെ ആറുനാള്‍ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ‘ഗര്‍ഭനിരോധന ഉറകള്‍ ആണ് എയ്ഡ്‌സ് വ്യാപിക്കാന്‍ കാരണം’ എന്ന ആശങ്ക പങ്കുവെച്ച് ബിഷപ്പുമാര്‍ രംഗത്തുവന്നു. നിരോധന ഉറകള്‍ പലപ്പോഴും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുന്നുണ്ട്. അതിനുമപ്പുറം, ആത്മനിയന്ത്രണം പാലിക്കാനും പരസ്പരവിശ്വാസം പുലര്‍ത്താനും ഉള്ള മനുഷ്യന്റെ കഴിവിനെ അത് ഇല്ലാതാക്കുന്നുവെന്ന് പറയാനാകും. എല്ലാറ്റിനുമുപരി പരിഛേദന നടത്തുന്ന പുരുഷന്‍മാരുടെ എണ്ണം വിരലിലെണ്ണാവുംവിധം ചുരുങ്ങിയത് അതിന് വലിയൊരു കാരണമായിട്ടുണ്ടാകാം. അങ്ങനെയൊക്കെയായിരുന്നു സമ്മേളനത്തിലെ നിരീക്ഷണങ്ങള്‍.
പരിഛേദനയുടെ ഗുണങ്ങള്‍
യൂറോപിലും സബ്‌സഹാറന്‍ ആഫ്രിക്കയിലും വടക്കെ അമേരിക്കയിലുമെല്ലാം 20നും 40 നുമിടയില്‍ പ്രായമുള്ള സ്ത്രീകളുടെ മരണകാരണമായി എയ്ഡ്‌സ് വര്‍ത്തിക്കുന്നു. ആഗോള എയിഡ്‌സ് മരുന്നുവ്യവസായം ഇതിനുള്ള ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. അതേസമയം, ഇതുവരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെയും എയ്ഡ്‌സ് വൈറസുകള്‍ അതിജീവിക്കാന്‍ തുടങ്ങിയെന്നത് ഗുരുതരമായ സംഗതിയാണ്. ഈ ഘട്ടത്തിലാണ് ലിംഗാഗ്രചര്‍മം നീക്കംചെയ്യുന്നതിന്റെ നേട്ടങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
കുടുംബജീവിതത്തിലും ജനസംഖ്യാനിയന്ത്രണത്തിലുമുള്ള മാറ്റങ്ങളെക്കുറിച്ച പഠനത്തില്‍ മുപ്പതുവര്‍ഷത്തെ പരിചയസമ്പത്തുള്ള ജോണും പാറ്റ് കാഡ്‌വെല്ലും പറയുന്നത് എയ്ഡ്‌സ് രോഗം സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ആദ്യമായി കണ്ടുതുടങ്ങിയതെന്നാണ്. 1970കളില്‍, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ച് അന്നാട്ടില്‍ അവര്‍ പഠനം നടത്താനെത്തിയ ഘട്ടത്തിലായിരുന്നു പ്രസ്തുത കണ്ടെത്തല്‍. അതേഘട്ടത്തില്‍തന്നെ, പാശ്ചാത്യരാജ്യങ്ങളിലെ ആശുപത്രികളിലും എയ്ഡ്‌സ് അസുഖബാധിതരായ രോഗികളുണ്ടായിരുന്നു എന്ന വസ്തുതയ്ക്ക് വിരുദ്ധമാണ് ഈ റിപോര്‍ട്ട്. എങ്കിലും ഈ റിപോര്‍ട്ടിലെ ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍ ഇതായിരുന്നു: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, തെക്കന്‍ സുഡാന്‍, ഉഗാണ്ട, കെനിയ, റുവാണ്ട, ബുറുണ്ടി, ടാന്‍സാനിയ, സാംബിയ, മലാവി, സിംബാബ്‌വെ, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളിലെ ലിംഗാഗ്രപരിഛേദന സമ്പ്രദായം സ്വീകരിക്കാത്ത ആളുകളിലായിരുന്നു ഈ രോഗം കാണപ്പെടുന്നത്. (Caldwell p.40)
1989ല്‍ നെയ്‌റോബിയിലെ കെനിയാത്ത മെഡിക്കല്‍ സ്‌കൂളില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ട കനേഡിയന്‍ -കെനിയന്‍ സംയുക്ത സംഘത്തിന്റെ റിപോര്‍ട്ടില്‍ മറ്റൊരു വിവരംകൂടിയുണ്ടായിരുന്നു: പടിഞ്ഞാറന്‍ കെനിയയില്‍നിന്നുള്ള ലുവോ നാടോടികളില്‍ മധ്യകെനിയയില്‍നിന്നുള്ള കികുയു വംശജരേക്കാള്‍ എയിഡ്‌സ് പകര്‍ച്ച മുന്‍വര്‍ഷം ഉയര്‍ന്നതോതിലാണുണ്ടായിരുന്നത്. ലിംഗപരിഛേദന നടത്താത്ത ലുവോ പുരുഷന്‍മാരില്‍ ഗുഹ്യാവയവങ്ങളില്‍ കാണപ്പെടുന്ന സിഫിലിസ്്, ഷാന്‍ക്രോയ്ഡ് രോഗങ്ങള്‍ കൂടുതലാണ്. മാത്രമല്ല, അവരിലായിരുന്നു എയ്ഡ്‌സ് വളരെ പെട്ടെന്ന് പകരാനുള്ള സാധ്യതയും.(caldwell, p.41)
സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പഠനം നടത്തിയ അമേരിക്കന്‍ സംഘത്തിലെ ജനസംഖ്യാകൗണ്‍സിലിന്റെ തലവനായിരുന്ന ജോണ്‍ ബൊംഗാര്‍തിന്റെ ഗവേഷണസമിതിയും ലിംഗപരിഛേദന സ്വീകരിക്കാത്ത പ്രദേശവാസികളില്‍ എയ്ഡ്‌സിന്റെ ഉയര്‍ന്ന തോത് സ്ഥിരീകരിക്കുകയുണ്ടായി. ലോകാരോഗ്യസംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ മുന്‍നിര്‍ത്തിയായിരുന്നു അവരുടെ പഠനം.(caldwell, p. 44). അതെന്തായാലും താന്‍സാനിയയിലെ പരിഛേദന സമ്പ്രദായമില്ലാതിരുന്ന സമുദായങ്ങള്‍, പഠനസമിതികളുടെ റിപോര്‍ട്ടുകളെക്കുറിച്ച് അറിയുംമുമ്പുതന്നെ തങ്ങളിലെ പുരുഷന്‍മാരോട് ലിംഗപരിഛേദനം(Circumcision) നടത്താന്‍ ആഹ്വാനം ചെയ്യുകയുണ്ടായി(തുടരും).
ഹവാ ഇര്‍ഫാന്‍
Add Comment