ശാസ്ത്രം ശാസ്ത്രം-ലേഖനങ്ങള്‍

ഖുര്‍ആന്‍റെ ശാസ്ത്രീയ സൂചനകളെ വിശദീകരിക്കേണ്ട വിധം

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനുള്ള സൂചനകളാണ് അവ. അല്ലാഹു അല്ലാതെ മറ്റൊരു നാഥനില്ല എന്നും അവനാണ് എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അതിനാല്‍ അവനെയാണ് ആരാധിക്കേണ്ടതെന്നും ജനങ്ങളെ പഠിപ്പിക്കാനാണ് അത്.

അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച സമൂഹത്തിന് മനസ്സിലാക്കാന്‍ സാധിക്കുന്നവയായിരുന്നു. അവര്‍ക്കറിയാവുന്ന കാര്യത്തെക്കുറിച്ചാകുമ്പോള്‍  ഉല്‍ബോധനം എളുപ്പമാകുമല്ലോ. എന്നാല്‍ ഇവയില്‍ ചില സൂചനകള്‍ ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു. അതിന്റെ രഹസ്യത്തെയോ വിശദീകരണത്തെയോ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഒരു ദിവസം അവയുടെ രഹസ്യം നിങ്ങള്‍ അറിയുക തന്നെ ചെയ്യും എന്നായിരുന്നു അത്തരം സന്ദര്‍ഭങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വാഗ്ദാനം.
‘അടുത്തു തന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്ക് കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്’. (ഫുസ്സ്വിലത് 53)
‘പറയുക: സര്‍വസ്തുതിയും അല്ലാഹുവിനാണ്. വൈകാതെ അവന്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരും. അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാവും'(അന്നംല് 93)

‘നിശ്ചിത കാലത്തിന് ശേഷം ഈ വൃത്താന്തത്തിന്റെ നിജസ്ഥിതി നിങ്ങള്‍ അറിയുക തന്നെ ചെയ്യും'(സ്വാദ് 88)
ഓരോ തലമുറകളും പിറവികൊള്ളുമ്പോഴൊക്കെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചതിന്റെ പൊരുള്‍ അതാത് സമൂഹങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ സൂചനകളുടെ രഹസ്യം അറിയുംതോറും വിശ്വാസിയുടെ ഈമാന്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ശാസ്ത്രം ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയതിലൂടെ പുതിയ പ്രപഞ്ച രഹസ്യങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ഒട്ടേറെ സൂചനകളുടെ പൊരുളുകള്‍ ജനങ്ങള്‍ക്ക് മനസ്സിലായിരിക്കുന്നു. അതോടെ ജനങ്ങള്‍ ആ സൂചനകള്‍ കൂടുതലായി പഠിച്ച് അതില്‍ പഠനഗവേഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്റെ സത്യസന്ധത അമുസ്‌ലിം സഹോദരന്മാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊണ്ട്  ഈ സന്ദേശം സമര്‍പിക്കാനാണ് അത്. കാരണം വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത പരാമര്‍ശങ്ങള്‍ മുന്‍കാലത്ത് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. അതിനാല്‍ തന്നെ മുഹമ്മദ് പ്രവാചകന്‍(സ) ഈ ഗ്രന്ഥം രചിക്കാന്‍ യാതൊരുസാധ്യതയുമില്ല. ഓറിയന്റലിസ്റ്റുകളും, ഇസ്‌ലാമിന്റെ ശത്രുക്കളും ഉന്നയിക്കുന്ന പ്രസ്തുത ആരോപണം നിരര്‍ത്ഥകമാണ്.

വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ ശാസ്ത്രീയ സൂചനകളില്‍ പ്രചോദിതരായി ഒട്ടേറെ പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കുറച്ച് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചിലയാളുകള്‍ എല്ലാ ശാസ്ത്രീയ സിദ്ധാന്തങ്ങളെയും വിശുദ്ധ ഖുര്‍ആനോട് ബന്ധിപ്പിച്ച് വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ശാസ്ത്രീയ മേഖലകളിലെ എല്ലാ കണ്ടെത്തലുകളും യാഥാര്‍ത്ഥ്യങ്ങളല്ല. മറിച്ച് അവയില്‍ മിക്കതും അനുമാനങ്ങളാണ്. മറ്റ് ചിലതില്‍ സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുത്ത് വരുന്നതേയുള്ളൂ. നാം ഈ സങ്കല്‍പങ്ങളും അനുമാനങ്ങളുമായി വിശുദ്ധ ഖുര്‍ആനെ ഇപ്പോള്‍ ബന്ധിപ്പിച്ചാല്‍ കാലങ്ങള്‍ക്ക് ശേഷം ആ നിഗമനങ്ങള്‍ തെറ്റാണെന്നുവരുന്നതോടെ വിശുദ്ധ ഖുര്‍ആന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ് ചെയ്യുക. മധ്യകാലഘട്ടത്തില്‍ ചര്‍ച്ചിന് ഇതേ അബദ്ധം പിണഞ്ഞത് നാം മറക്കരുത്. തൗറാത്തിലെയും ഇഞ്ചീലിലെയും ശാസ്ത്രീയ സൂചനകളെ അക്കാലത്തെ ശാസ്ത്രീയ കണ്ടെത്തലുകളുമായി ചേര്‍ത്ത് വിശദീകരിച്ച അവര്‍ പിന്നീട് വെട്ടിലായെന്നത് ചരിത്രം.
അമാനുഷികതയെക്കുറിക്കുന്ന അടയാളങ്ങള്‍ കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുര്‍ആന്‍. ഭാഷാ അമാനുഷികതയും, ശാസ്ത്രീയ സത്യങ്ങളും, പ്രവചനവുമെല്ലാം അതിലുണ്ട്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും ശാസ്ത്രീയ കണ്ടെത്തലുകളുടെ വേര് നാം വിശുദ്ധ ഖുര്‍ആനില്‍ തപ്പിയെടുക്കേണ്ടതില്ല. കാരണം അവയുടെ പൊള്ളത്തരം ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെട്ടേക്കാം. എന്നാല്‍ സുസ്ഥിരമായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ അവ വിശുദ്ധ ഖുര്‍ആനോട് യോജിക്കുന്നുവെങ്കില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല.

മനുഷ്യ സമൂഹത്തിനോടുള്ള തന്റെ അവസാനവാക്കുകള്‍ അല്ലാഹു അനന്യസവിശേഷതകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍കാല വേദങ്ങള്‍ അതത് സമൂഹങ്ങള്‍ക്കും ജനതക്കും മാത്രമുള്ളതായിരുന്നു. പുതിയ ഒരു പ്രവാചകന്‍ കടന്നുവരുന്നതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ അഖിലമാനവ സമൂഹത്തിനായി അല്ലാഹു അവതരിപ്പിച്ച വേദമാണ് ഇത്.
ഈ വിശുദ്ധ വേദത്തിന്റെ വേറിട്ടസവിശേഷതകളില്‍ ഒന്നുമാത്രമാണ് അതിലെ ശാസ്ത്രീയ സത്യങ്ങള്‍. ഓരോ തലമുറ കഴിയും തോറും ഈ ശാസ്ത്രീയ സൂചനകള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടേയിരിക്കുന്നു. ഒരു തലമുറക്കുമാത്രമായി അവതരിച്ച വേദമല്ലല്ലോ ഇത്. മറിച്ച് ലോകാവസാനംവരേക്കുമുള്ള എല്ലാ തലമുറയിലും പെട്ടജനതയെ അല്ലാഹുവിങ്കലേക്ക് നയിക്കാനും നന്മയിലേക്ക് വഴിനടത്താനുമുള്ളതാണ്.

Topics