ദുല്‍ഖര്‍നൈന്‍ പരാമര്‍ശിച്ച് അല്ലാഹു പറയുന്നു: “ഒടുവില്‍ സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ കറുത്തിരുണ്ട ഒരു ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനു സമീപം ഒരു ജനതയെയും കണ്ടെത്തി. നാം പറഞ്ഞു: ‘അല്ലായോ ദുല്‍ഖര്‍നൈന്‍, വേണമെങ്കില്‍ നിനക്ക് അവരെ ശിക്ഷിക്കാം; മറിച്ച്, അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയുമാവാം.”(അല്‍കഹ്ഫ് 86). സൂര്യന്‍ അസ്തമിക്കുന്ന കറുത്തിരുണ്ട ജലാശയം ഏതാണ് ? അതിന് സമീപം ദുല്‍ഖര്‍നൈന്‍ കണ്ട ജനതയേതാണ് ?
ഉത്തരം: അല്‍കഹഫ് അധ്യായത്തിലാണ് ഖുര്‍ആന്‍ ദുല്‍ഖര്‍നൈനിന്റെ കഥയുന്നത്. ദുല്‍ഖര്‍നൈന്‍ ആരാണെന്ന് ഖുര്‍ആന്‍ നമുക്ക് പറഞ്ഞുന്നില്ല. അദ്ദേഹത്തിന്റെ കഥയുടെ വിശദാംശങ്ങളും ഖുര്‍ആനിലില്ല.
കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള യാത്രയിലദ്ദേഹം കൃത്യമായി എവിടെയെല്ലാം പോയി, അദ്ദേഹം ചെന്നുചേര്‍ന്ന സ്ഥലങ്ങളിലെ സ്ഥലങ്ങളിലെ നിവാസികളാരാണ്. തുടങ്ങിയ കാര്യങ്ങളൊന്നും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നില്ല. ദുല്‍ഖര്‍നൈനിന്റെ കഥ മാത്രമല്ല, അല്‍കഹ്ഫ് അധ്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ പലതിലും ഖുര്‍ആന്‍ വ്യക്തികളുടെ നാമങ്ങളോ സംഭവങ്ങളുടെ വിശദാംശങ്ങളോ കൃത്യമായി നല്‍കുന്നില്ല. ഈ നിലപാടിലടങ്ങിയ യുക്തി അല്ലാഹുവിന് മാത്രമേ അറിയൂ.
ഇവിടെ പരാമൃഷ്ടമായ ദുല്‍ഖര്‍നൈനിന്റെ കഥയില്‍ ധാരാളം പാഠങ്ങളുണ്ട്. സുകൃതിയായ ഒരു രാജാവ്; അല്ലാഹു അദ്ദേഹത്തിന് ഭൂമിയിലാധിപത്യം നല്‍കി. എല്ലാവിധ വിഭവ സാമഗ്രികളും പ്രധാനം ചെയ്തു. എങ്കിലും രാജാധിപത്യം അദ്ദേഹത്തെ അതിക്രമിയാക്കിയില്ല. കിഴക്കും പടിഞ്ഞാറും അദ്ദേഹമെത്തി. ജനതതികള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വന്നു. രാഷ്ട്രങ്ങള്‍ അദ്ദേഹത്തിന് കീഴടങ്ങി. അതൊന്നുംതന്നെ നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹത്തിന് പ്രലോഭനമായില്ല. മറിച്ച് അത് അദ്ദേഹത്തെ ദൈവിക നിയമങ്ങളുടെ പരിതിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു: “അക്രമം ചെയ്തതാരോ അവരെ നാം ശിക്ഷിക്കും. പിന്നീട് അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ മടക്കപ്പെടുകയും അവന്‍ അവര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കുകയും ചെയ്യും. സത്യവിശ്വാസം അവലംബിക്കുകയും സല്‍കര്‍മം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്കാകട്ടെ മഹത്തായ പ്രതിഫലമുണ്ട്.”
ഈ ജനത ഏതാണ്? ഖുര്‍ആന്‍ അവരെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അവര്‍ ആരാണെന്നറിയുന്നതില്‍ ഭൌതികമോ ആത്മീയമോ ആയ വല്ല പ്രോയജനവും ഉണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ നമുക്കത് പറഞ്ഞുതരുമായിരുന്നു.
അപ്രകാരം തന്നെ സൂര്യാസ്തമയ സ്ഥാനത്തെക്കുറിച്ചും ഖുര്‍ആന്‍ കൂടുതലായി ഒന്നും പരിചയപ്പെടുത്തുന്നില്ല. ആകെക്കൂടി നമുക്ക് അറിയാവുന്നത്, ദുല്‍ഖര്‍നൈന്‍ പാടിഞ്ഞാറുഭാഗത്തേക്ക് യാത്രയാവുകയും അദ്ദേഹം അതിന്റെ അറ്റത്തോളം എത്തുകയും അവിടെ കറുത്തിരുണ്ട ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് കാണുകയും ചെയ്തു എന്നു മാത്രമാണ്. ‘ഐനുന്‍ ഹമിഅതുന്‍’എന്ന ഖുര്‍ആനിക പ്രയോഗത്തില്‍ ‘ഹമഅ്’ എന്ന പദത്തിനര്‍ഥം കലങ്ങുന്ന മണ്ണ് എന്നത്രെ. മണ്ണുകലങ്ങിയ ഒരു ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് കാണുകയാണ് അദ്ദേഹം ചെയ്തത്. അസ്തമയവേളയില്‍ സമുദ്രതീരത്ത് നില്‍ക്കുന്ന ആള്‍ക്ക് സൂര്യന്‍ കടലില്‍ വീഴുന്നതുപോലെയോ അതില്‍ അപ്രത്യക്ഷമാകുന്നതുപോലെയോ തോന്നും. പക്ഷേ, യാഥാര്‍ഥ്യം അതല്ലല്ലോ. ഒരു ജനവിഭാഗത്തില്‍നിന്ന് സൂര്യന്‍ മറയുമ്പോള്‍ മറ്റൊന്നില്‍ അത് ഉദയം കൊള്ളുകയാണ്. അപ്പോള്‍ സൂര്യന്‍ കറുത്തിരുണ്ട ജലാശയത്തില്‍ മറയുന്നത് അദ്ദേഹം കണ്ടു എന്നു പറഞ്ഞത് നഗ്നനേത്രങ്ങളുടെ ഒരനുഭവത്തെപ്പറ്റി മാത്രമാണ്.
ഒരു പക്ഷേ, ദുല്‍ഖര്‍നൈന്‍ എത്തിച്ചേര്‍ന്നത് നദി സമുദ്രത്തോട് ചേരുന്ന വല്ല ദിക്കിലും ആയിരിക്കാം. അവിടെ വെള്ളം കലങ്ങിയതായിരിക്കും. സൂര്യാസ്തമയം വീക്ഷിക്കുന്ന ഒരാള്‍ക്ക് അത് ഇരുണ്ട സമുദ്രജലത്തില്‍ മുങ്ങിപ്പോകുന്നതായി തോന്നാം. അതെല്ലെങ്കില്‍ കലങ്ങിയ തടാകമായിരിക്കും അത്. ഏതായാലും അതെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ കൃത്യമായി പറഞ്ഞുതരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയം ഇത്രമാത്രമാണ്. “അദ്ദേഹം പടിഞ്ഞാറിന്റെ അറ്റം വരെ പോയി; കിഴക്കിന്റെയും ഗോഗ് മഗോഗുകളുടെ (യഅ്ജൂജ്, മഅ്ജൂജ്)നാട്ടില്‍ വരെയെത്തി. അപ്പോഴെല്ലാം അദ്ദേഹം നീതി പുലര്‍ത്തി. ദൈവവിശ്വാസം നിലനിര്‍ത്തി. താന്‍ ചെയ്യുന്നതെല്ലാംദൈവാനുഗ്രഹം മൂലമാണെന്ന ബോധം അദ്ദേഹത്തില്‍ സജീവം പ്രവര്‍ത്തിച്ചു. ഇരുമ്പും മറ്റു ലോഹങ്ങളുമുപയോഗിച്ച് വന്‍മതില്‍ പണിതു. എന്നിട്ട് അദ്ദേഹം പറഞ്ഞു: “ഇത് എന്റെ നാഥന്റെ കാരുണ്യമത്രെ. എന്നാല്‍, എന്റെ നാഥന്റെ വാഗ്ദത്ത സയയം വരുമ്പോള്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയും. എന്റെ നാഥന്റെ വാഗ്ദാനം എത്രയും സത്യമാകുന്നു.”
ഇത്രയും കാര്യങ്ങളാണ് ഖുര്‍ആന്റെ പ്രതിപാദ്യം. അതുതന്നെയാണ് അതുള്‍ക്കൊള്ളുന്ന പാഠവും നല്ലവനായ രാജാവ്; ഭൂമിയില്‍ വമ്പിച്ച ആധിപത്യം ലഭിച്ചിട്ടും അതദ്ദേഹത്തെ അതിക്രമിയോ അഹങ്കാരിയോ പിഴച്ചവനോ ആക്കിയില്ല! വിശദാംശങ്ങള്‍ പറയുവാന്‍ ഖുര്‍ആന്‍ മുതിരുന്നില്ല. തിരുവചനങ്ങളിലും പ്രസ്തുത സംഭവത്തിന്റെ സ്ഥലകാലങ്ങളോ ജനതകളുടെ സംജ്ഞകളോ നിര്‍ണയിക്കാനുതകുന്ന വിശദാംശങ്ങള്‍ കാണാനില്ല. അതറിയുന്നതുകൊണ്ട് വിശേഷിച്ച് പ്രയോജനവും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഖുര്‍ആന്‍ തന്നെ അതു പറയുമായിരുന്നു. അതിനാല്‍, ഖുര്‍ആനും തിരുദൂതരും നിന്നേടത്ത് നില്‍ക്കുന്നതാണ് നമുക്കും അഭികാമ്യം.
Add Comment