ചോദ്യം: ആകാശം പല നിറങ്ങള്‍ ചേര്‍ന്നതാണെന്നും അതില്‍ നമ്മോട് ഏറ്റവും അടുത്തുനില്‍ക്കുന്ന നിറം നീലയാണെന്നും അതാണ് നാം കാണുന്നതെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. എന്നാല്‍, അല്ലാഹു ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നത് കാണാം. ”നിങ്ങള്‍ ആകാശത്തെ നോക്കുന്നില്ലേ; എങ്ങനെയാണ് അതുയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്” എന്താണിതിന്റെ വ്യാഖ്യാനം?
ഉത്തരം: ആകാശത്തിന്റെ നിറങ്ങളെക്കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തവും ചോദ്യകര്‍വത്താവ് എടുത്തുദ്ധരിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ ആശയവും തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. ഈ സൂക്തമോ വേറെ വല്ല സൂക്തങ്ങളോ പ്രസ്തുത ശാസ്ത്ര സിദ്ധാന്തത്തെ നിരാകരിക്കുന്നുമില്ല. നിരീക്ഷണ-പരീക്ഷണങ്ങളുടെ അടിത്തറകളില്‍ നില്‍ക്കുന്ന ശാസ്ത്രത്തെ മാനിക്കുവാന്‍ മൂസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ശാസ്ത്രത്തിന് അതിന്റേതായ മേഖലയുണ്ട്. ഇസ്‌ലാം അത് അംഗീകരിച്ചുകൊടുക്കുക മാത്രമല്ല; അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയും ആ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുവാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നു. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, മറ്റുള്ളവരില്‍നിന്ന് വിജ്ഞാനം സ്വീകരിക്കുന്നതിനുമുമ്പ് അവരുടെ സംസ്‌കാരമാണ് നാം സ്വീകരിക്കുന്നത്. ശാസ്ത്ര വിജ്ഞാനങ്ങള്‍ക്ക് മതമോ ദേശമോ വര്‍ഗമോ ഇല്ല. നിരീക്ഷണശാസ്ത്രത്തെ എവിടെക്കണ്ടാലും നമുക്ക് സ്വീകരിക്കാം. മുസ്‌ലിമിനും അമുസ്‌ലിമിനും ഒരുപോലെ ശാസ്ത്രീയപഠനങ്ങള്‍ നടത്താം. കാരണം, നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണതിന് അടിസ്ഥാനം. നിശിതമായ നിരീക്ഷണവും ശരിയായ പരീക്ഷണവും വഴി സുസ്ഥാപിതമായിട്ടുള്ള സത്യങ്ങള്‍ വിശ്വസിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. ആകാശത്തിന്റെ നിറങ്ങളെ അപഗ്രഥിച്ച് പഠിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്ക് അതു സംബന്ധിച്ചുള്ള ഈ അഭിപ്രായത്തെ നാം മാനിക്കേണ്ടതുണ്ട്. അതിനെ നിഷേധിക്കുന്ന വല്ലതും ഇസ്‌ലാമിലുള്ളതായി ഞാന്‍ കരുതുന്നില്ല. മറിച്ച്, നമ്മുടെ മതം പല രംഗങ്ങളിലും ശാസ്ത്രത്തെ കവച്ചുവെച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രം കണ്ടെത്തുന്നതിനുമുമ്പുതന്നെ അനേകം ശാസ്ത്ര സത്യങ്ങളെക്കുറിച്ച് അത് നമുക്ക് അറിവു നല്‍കിയിട്ടുണ്ട്. അത് വിശദീകരിക്കേണ്ട സന്ദര്‍ഭം ഇതല്ല. ഖുര്‍ആനിലെ ഏതെങ്കിലും സൂക്തമോ ഇസ്‌ലാമിന്റെ ഒരു നിയമമോ സുസ്ഥാപിതമായ ഒരൊറ്റ ശാസ്ത്ര സത്യത്തെയും നിഷേധിക്കുന്നില്ല എന്ന് ഓരോ മുസ്‌ലിമിനും ധൈര്യപൂര്‍വം വിശ്വസിക്കാം.
Add Comment