ഖുര്‍ആന്‍-Q&A

ഹദീസ് പ്രമാണമാണെന്ന് ഖുര്‍ആനിലുണ്ടോ ?

ചോ: ഈയിടെയായി ഞാന്‍ ഹദീസുകളുടെ സാധുതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഹദീസുകള്‍ പ്രമാണമായിക്കണ്ട് സ്വീകരിക്കേണ്ടതാണെങ്കില്‍ അല്ലാഹുവിന് അക്കാര്യങ്ങള്‍ ഖുര്‍ആനിലൂടെതന്നെ വ്യക്തമാക്കാമായിരുന്നു. മറവിയോ അബദ്ധമോ അല്ലാഹുവിനില്ലല്ലോ. ഹദീസുകള്‍ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഖുര്‍ആനിലുണ്ടോ ?

ഉത്തരം: ഹദീസുകള്‍ ഖുര്‍ആനിന്റെ അനിഷേധ്യഭാഗമാണ്. വേര്‍പെടുത്താനാകാത്തവിധം അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഹദീസുകളുടെ പിന്തുണയില്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധ്യമല്ല. ഖുര്‍ആന്‍ സന്ദേശമാണെങ്കില്‍ അതിന്റെ പ്രവാചകവിശദാംശങ്ങളാണ് ഹദീസ്. അതിന് തെളിവുകളിതാ..

1. അല്ലാഹു മനുഷ്യരാശിക്ക് നല്‍കാനുദ്ദേശിക്കുന്ന സന്‍മാര്‍ഗം പോസ്റ്റ്മാന്‍ വാതില്‍മുട്ടി എത്തിച്ചുതരുന്നതുപോലെ ഓരോ വ്യക്തിക്കും കൈമാറുക എന്നതല്ല ഉദ്ദേശിച്ചിട്ടുള്ളത്. മറിച്ച് അതിനെ വായിച്ച് വിശദീകരിച്ച് പഠിപ്പിക്കുന്ന ഒരു പ്രവാചകന്‍ മുഖേന നല്‍കപ്പെടുന്ന മാര്‍ഗദര്‍ശനമായാണ് ഖുര്‍ആനില്‍ പലയിടത്തും വിശേഷിപ്പിച്ചിട്ടുള്ളത്.
‘ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍’. (അന്നഹ്ല്‍ 44).

‘നിനക്ക് നാം വേദപുസ്തകം ഇറക്കിത്തന്നത് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുള്ള കാര്യങ്ങളുടെ യാഥാര്‍ഥ്യം അവര്‍ക്ക് വിവരിച്ചുകൊടുക്കാനാണ്. വിശ്വസിക്കുന്ന ജനത്തിന് നേര്‍വഴി കാട്ടാനും. ഒപ്പം അനുഗ്രഹമായും ‘(അന്നഹ്ല്‍ 64).
അതിനാല്‍ ഖുര്‍ആനിലൂടെ നല്‍കപ്പെടുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ എന്തെങ്കിലും സംശയനിവാരണമോ വിശദാംശങ്ങളോ ആവശ്യമുണ്ടെങ്കില്‍ അത് നല്‍കുന്നത് ഹദീസുകളാണ്. ഹദീസുകളെ നാം അവഗണിച്ചാല്‍ ഖുര്‍ആന്റെ ആഖ്യാനങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകും.

2. വിശദാംശങ്ങളാകുന്ന ഹദീസുകള്‍

ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഇബാദത്തുകള്‍ പലപ്പോഴും വിശദാംശങ്ങള്‍ നല്‍കാത്ത സാങ്കേതിക സംജ്ഞകളാണ്. നമസ്‌കാരം , സകാത്ത്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങള്‍ എങ്ങനെ അനുഷ്ഠിക്കണമെന്നതിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഹദീസുകളിലൂടെ മാത്രമാണ്.

3. യുക്തിജ്ഞാനം

മക്കയില്‍ ജനങ്ങളുടെ അടുത്ത് കടന്നുവന്ന മുഹമ്മദ് നബി ഖുര്‍ആന്‍ മാത്രമല്ല പഠിപ്പിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:
‘നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും യുക്തിജ്ഞാനവും അഭ്യസിപ്പിക്കുകയുംചെയ്യുന്നു. നേരത്തേ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു'(അല്‍ജുമുഅ 2).

‘നിങ്ങളുടെ വീടുകളില്‍വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്'(അഹ്‌സാബ് 34).

‘നിന്റെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും യുക്തിജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരം തന്നെ'(അന്നിസാഅ് 113).

യുക്തിജ്ഞാനം എന്നത് പ്രവാചകചര്യയാണെന്ന് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതിനാല്‍ നാം ഹദീസിനെ തള്ളിക്കളയുന്നത് ഖുര്‍ആനെത്തന്നെ തള്ളിക്കളയുന്നതിന് തുല്യമാണ്.

പ്രവാചകനുള്ള അനുസരണം

പ്രവാചകന്റെ കല്‍പനകളെ അനുസരിക്കുകയും അവന്റെ തീരുമാനങ്ങളെ നീരസംകൂടാതെ സ്വീകരിക്കുകയുംചെയ്യണമെന്ന് ഖുര്‍ആന്‍ നമ്മോട് പറയുന്നു: ‘എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടം അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല. തീര്‍ച്ച'(അന്നിസാഅ് 65).

‘അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നീ അവരുടെ ഇച്ഛകളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെപ്പേരും കടുത്ത ധിക്കാരികളാണ്'(അല്‍ മാഇദ 49).

പ്രവാചകന്റെ അത്തരം തീരുമാനങ്ങളും വിധിതീര്‍പ്പുകളും ഹദീസിലല്ലാതെ മറ്റെവിടെയാണ് നമുക്ക് കണ്ടുകിട്ടുക?

അനുകരണമാതൃക

എല്ലാറ്റിനുമുപരിയായി ഖുര്‍ആന്റെ ചലിക്കുന്ന ഒരു മാതൃകയായി നമുക്ക് എടുത്തുകാട്ടാന്‍ കഴിയുന്നത് പ്രവാചകനെയല്ലാതെ മറ്റാരെയാണ്? പിന്തുടരാനായി വിശ്വാസികളോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് നബിതിരുമേനിയെ ആണ്. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ ഈ ഒരൊറ്റമാര്‍ഗമേ ഉള്ളൂ.

പ്രവാചകന്റെ ധാര്‍മികസദാചാര-പെരുമാറ്റരീതികള്‍ പഠിച്ചുമനസ്സിലാക്കുകയും സ്വജീവിതത്തില്‍ പകര്‍ത്തുകയുമാണ് വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അതിന് ഹദീസ് പഠിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. നബിതിരുമേനി(സ)യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നാണ് മഹതി ആഇശ(റ) പ്രതിവചിച്ചത്(മുസ്‌ലിം).

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഖുര്‍ആന്‍ മാനവരാശിക്ക് സമര്‍പ്പിച്ച ഉന്നതവും ഉദാത്തവുമായ ജീവിതമൂല്യങ്ങളുടെ പൂര്‍ത്തീകരണം നമുക്ക് കാണാനാവുന്നത് പ്രവാചകന്‍തിരുമേനിയിലാണ്. അങ്ങനെയെങ്കില്‍ ആ പ്രവാചകജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും അനശ്വരമുഹൂര്‍ത്തങ്ങളെയും വരഞ്ഞിടുന്ന ഹദീസുകള്‍ എങ്ങനെയാണ് നമുക്ക് വിസ്മരിക്കാനാവുക?

ആധികാരികത

ഇത്രയും പറയുമ്പോള്‍ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഹദീസ് ഗ്രന്ഥങ്ങളിലുണ്ടെന്ന് എടുത്തുദ്ധരിക്കുന്നവയെല്ലാം ആധികാരികനിവേദകപരമ്പരകളിലൂടെ കടന്നുവന്ന പ്രവാചകവചനങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അവയില്‍ സത്യമേത് വ്യാജമേത് എന്ന് വേര്‍തിരിച്ചുമനസ്സിലാക്കേണ്ടതുണ്ട്. ഹദീസ് നിദാനശാസ്ത്രത്തിലും വിശകലനത്തിലും അഗ്രേസരന്‍മാരായ പണ്ഡിതന്‍മാര്‍ അതിലെ നെല്ലും പതിരും വേര്‍തിരിച്ച് അവയെ ക്രോഡീകരിച്ചിട്ടുള്ളത് നമുക്ക് വളരെ സഹായകരമാണ്. ഖുര്‍ആന്റെ അടിസ്ഥാനനിയമങ്ങള്‍ക്കെതിരെയെന്ന് പ്രത്യക്ഷത്തില്‍തന്നെ ബോധ്യപ്പെട്ടവ പ്രവാചകവചനങ്ങളല്ലെന്ന് നമുക്കുറപ്പിക്കാം. അത്തരത്തിലുള്ളവ തള്ളിക്കളയുകയാണ് വേണ്ടത്.

ശൈഖ് അഹ്മദ് കുട്ടി

Topics