കര്‍മ്മശാസ്ത്രം-ഫത്‌വ

മുടി ഡൈ ചെയ്യലും ചെറുതാക്കലും ?

ചോദ്യം: എന്റെ ഭാര്യ മുടി ഡൈചെയ്യാനും വെട്ടിച്ചെറുതാക്കാനും ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിലെ ഇസ് ലാമിന്റെ മതവിധി ?

—————————-

ഉത്തരം: സൗന്ദര്യത്തിന് മുടി കളര്‍ ചെയ്യുന്നതും ഡൈചെയ്യുന്നതും അനുവദനീയമാണ്; വിവാഹിതകളായ സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ കളര്‍ ചെയ്യുമ്പോള്‍  തനി കറുത്ത കളര്‍ ഉപയോഗിക്കരുതെന്നാണ് അധിക പണ്ഡിതരും പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഡൈ ചെയ്യാന്‍ മൈലാഞ്ചിയോ മറ്റോ ഉപയോഗിക്കാമെന്ന് നബി (സ) നിര്‍ദേശിച്ചിരിക്കുന്നു.

വിവാഹിതരായ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ മുമ്പില്‍ അലങ്കാരമുള്ളവരാവാന്‍ വേണ്ടി ഇക്കാര്യത്തില്‍ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഭര്‍ത്താക്കന്‍മാര്‍ അവരുടെ ഭാര്യമാരുടെ മുമ്പില്‍ അലങ്കാരം സ്വീകരിക്കാവുന്നതാണ് . പ്രവാചകന്റെയും അദ്ദേഹത്തിന്റെ പത്‌നിമാരുടെ സഹാബാക്കളുടെ സുന്നത്താണിത്.

ഒരിക്കല്‍ പ്രവാചക പത്‌നി ആഇശ (റ) നബി (സ)യോട് ചോദിച്ചു: തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ സുന്ദരിയാവുന്നതിന് വേണ്ടി ഭാര്യ എന്തെല്ലാം ചെയ്യണം ? നബി(സ) പറഞ്ഞു: അവള്‍ക്ക് എത്ര അധികം ചെയ്താലും അക്കാര്യത്തില്‍ കുറ്റകാരിയാവുകയില്ല.

സൗന്ദര്യത്തിന് സ്ത്രീക്ക് മുടി വെട്ടുന്നതിലും കുഴപ്പമില്ല; എന്നാലത് തീരെ ചെറുതാക്കുകയുമരുത്, പുരുഷന്‍മാരെ അനുകരിക്കുകയും ചെയ്യരുത്.

കാരണം, സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്‍മാരെയും പുരുഷന്‍മാരെ അനുകരിക്കുന്ന സ്ത്രീകളെയും അല്ലാഹും ശപിക്കട്ടെയെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

 

Tags

Topics