ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നതിനെ പ്രവാചക തിരുമേനി വിലക്കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് തയ്ക്കുമ്പോള്‍ ഞെരിയാണിക്കു മുകളിലായി തയ്ക്കണമെന്നാണ് അവരുടെ അഭിപ്രായം. ഇസ് ലാമികമായി ഇതിലൊരു വിധി പറഞ്ഞുതരുമോ ?
ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ‘അഹങ്കാരത്താല്‍ വസ്ത്രങ്ങള്‍ നിലത്ത് വലിച്ചിഴക്കുന്നവരെ അല്ലാഹു അന്ത്യനാളില്‍ നോക്കുകയില്ല.’ ഇതു കേട്ട് അബൂബക്കര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ എന്റെ വസ്ത്രം ശ്രദ്ധിക്കാത്ത അവസരത്തില്‍ അത് താഴത്ത് വലിച്ചിഴയാറുണ്ട്. പ്രവാചകന്‍ (സ)പറഞ്ഞു: അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴക്കുന്നവരില്‍ താങ്കള്‍ ഉള്‍പ്പെടില്ല അബൂബകര്‍. (സഹീഹുല്‍ ബുഖാരി -5784) സഹീഹു മുസ് ലിമിലും ഈ ഹദീസ് ഭാഗികമായി വന്നിട്ടുണ്ട്.
കാലിന്റെ ഞെരിയാണിക്കു താഴെ പാന്റസ് ധരിക്കുന്നതിലുള്ള വിധിയാണ് ഇതെന്നു എനിക്കു തോന്നുന്നില്ല. ഹദീസിലെ കല്‍പ്പനകള്‍ ഞെരിയാണിക്കു താഴെ പാന്റ്‌സു ധരിക്കുന്നവരില്‍ ബാധകമാക്കണമെന്നില്ല. ഹദീസില്‍ പ്രതിപാദിക്കപ്പെടുന്ന വലിച്ചിഴക്കുന്ന വസ്ത്രം മേല്‍വസ്ത്രമാണ്. താഴെ വരെ മുട്ടി നില്‍ക്കുന്ന മേലങ്കി വസ്ത്രങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇവ അതിന്റെ സ്വാഭാവികമായ രീതിയില്‍ തന്നെ താഴെ വലിച്ചിഴക്കപ്പെടുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്.
‘ജര്‍റ സൗബഹു ഖുയലാഅ്’ എന്നാണ് ഹദീസില്‍ പ്രവാചകന്‍ പറഞ്ഞത്. മനപ്പൂര്‍വം വലിച്ചിഴക്കുന്നതിനെ കുറിച്ചാണ് ഈ പ്രയോഗം. മാത്രമല്ല, അങ്ങനെ ചെയ്യുന്നതിലുള്ള ചേതോവികാരം അഹങ്കാരമാണ്.
ഇന്ന് പുരുഷന്‍മാര്‍ അധികവും ഉപയോഗിക്കുന്ന പാന്റ്‌സ് അങ്ങനെ വലിച്ചിഴക്കുന്ന വലിയ മേല്‍വസ്ത്രങ്ങളല്ല. അതിനാല്‍ ഹദീസില്‍ ‘വസ്ത്രം വലിച്ചിഴക്കുന്നു’ എന്നു പരാര്‍ശിക്കപ്പെട്ട കാര്യം പാന്റ്‌സിന്റെ കാര്യത്തില്‍ ശരിയാകുമെന്നു കരുതാനാവില്ല.
എന്നാല്‍ ഞെരിയാണിക്കു താഴെയുള്ള ഏതുതരം വസ്ത്രവും ഈയിനത്തില്‍പെടും എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. വസ്ത്രം എന്നേ ഹദീസില്‍ പറഞ്ഞിട്ടുള്ളൂ. മേല്‍വസ്ത്രം എന്നു പ്രത്യേക എടുത്തു പറഞ്ഞിട്ടില്ല എന്നാണ് അവരുടെ ന്യായം.
ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം വലിച്ചിഴക്കുന്നവന്റെ മാനസികാവസ്ഥയാണെന്നാണ് ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ വീക്ഷണം. അല്ലാഹുവിന്റെ നോട്ടത്തില്‍ നിന്ന് അകറ്റപ്പെടാന്‍ കാരണമാകുന്നത് അവനിലെ അഹങ്കാരമാണ്. ഒരാള്‍ അഹങ്കാരത്താല്‍ തന്റെ വസ്ത്രം വലിച്ചിഴക്കുന്നുവെങ്കില്‍ -വസ്ത്രം വലിച്ചിഴക്കുക എന്നത് അഹങ്കാരം പ്രകടിപ്പിക്കുന്നതിന്റെ ഒരു ലക്ഷണമാണ്- അത് ഏതു വസ്ത്രമാണെന്നത് പ്രശ്‌നമല്ല. അബൂബകറി(റ)ന്റെ സംഭവം അതാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്‍ തന്നെയും തന്റെ വസ്ത്രം താഴെ വലിച്ചിഴച്ചു നടന്നുവെന്ന് സഹാബാക്കളുടെ അഭിപ്രായങ്ങളും കൂടി മുന്നില്‍ വെക്കുമ്പോള്‍ അഹങ്കാരത്തോടു കൂടി വസ്ത്രം വലിച്ചിഴക്കുന്നതാണ് ഹദീസില്‍ അഭിശപ്തമായ കാര്യമെന്നു മനസ്സിലാക്കാം.
Add Comment