കര്‍മ്മശാസ്ത്രം-ഫത്‌വ

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് പറഞ്ഞ് അതിനെ ശക്തിയായി നിഷിദ്ധമാക്കിയതിന്റെ രഹസ്യമെന്താണ് ? പന്നി ഏറ്റവും ഉപദ്രവകാരിയായ ജീവിയായതു കൊണ്ടാണോ ? രക്തവും, ചീന്തിപ്പറിച്ചു തിന്നുന്ന വന്യജീവികളും നിഷിദ്ധമാക്കപ്പെട്ടതെന്തുകൊണ്ടാണ് ?

ഉത്തരം: ഖുര്‍ആന്‍ ഏതെങ്കിലും വസ്തു തിന്നുന്നത് നിരോധിക്കുമ്പോള്‍ നിരോധത്തിന്റെ പിന്നിലുള്ള പരിഗണന വൈദ്യശാസ്ത്രപരമായ ദോഷങ്ങളാകാവുന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായ കാരണം വൈദ്യശാസ്ത്രപരമല്ല, ധാര്‍മികവും വിശ്വാസപരവുമാണ്. വിശ്വാസപരമായ അടിസ്ഥാനത്തില്‍ ചില വസ്തുക്കള്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഉദാഹരണം. ധാര്‍മിക ദോഷങ്ങള്‍ കാരണം ചില ജന്തുക്കള്‍ നിരോധിച്ചിട്ടുണ്ട്. ഉദാഹരണം പന്നി. അതുകൊണ്ടുണ്ടാകുന്ന ധാര്‍മിക നഷ്ടങ്ങളെപറ്റി നമുക്ക് വേണ്ടത്ര വിവരമില്ല. പക്ഷേ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്കവ മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി, പന്നിയെ സംബന്ധിച്ചിടത്തോളം അതിന്റെ മാംസം അങ്ങേയറ്റം നിര്‍ലജ്ജത ഉണ്ടാക്കിത്തീര്‍ക്കുന്നുവെന്നതാണ് ലോകത്തിന്റെ അനുഭവം. പന്നിമാംസം ധാരാളമായി ഉപയോഗിക്കുന്ന സമുദായത്തിന്റെ ധാര്‍മികാവസ്ഥ ഇതിന് സാക്ഷിയാണ്.

ലോകത്തില്‍ ഒരുപക്ഷേ, പന്നി മാത്രമാണ്, ഒരു പെണ്‍പന്നിക്കു ചുറ്റും ഒരു കൂട്ടം ആണ്‍പന്നികള്‍ ഒരുമിച്ചുകൂടി ഊഴമൂഴമായി ഒന്ന് മറ്റൊന്നിന്റെ മുന്നില്‍വച്ചു ഇണചേരുന്ന ജീവി. നിര്‍ലജ്ജതയുടെ ഈ പ്രത്യേക സ്വഭാവം ഏത് സമൂഹത്തിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ന് താങ്കള്‍ സ്വയം മനസ്സിലാക്കുമല്ലോ? ഒരു സമുദായത്തിന്റെ സഭാമര്യാദയനുസരിച്ച് ഒരാളുടെ ഭാര്യ മറ്റൊരാളുടെ തോളോടുതോള്‍ ചേര്‍ന്നിരിക്കല്‍ അനിവാര്യമാണെന്ന് കരുതുക, സ്വന്തം ഭാര്യയോടൊപ്പം നൃത്തമാടുന്നത് അസൂയയും സങ്കുചിതത്വവുമായി പരിഗണിച്ച് അവളെ ഇതര പുരുഷന്‍മാരോടൊത്ത് നെഞ്ഞോട് നെഞ്ഞുരുമ്മി ആടുവാന്‍ വിടുന്നത് വിശാലതയുടെയും പൗരുഷത്തിന്റെയും അടയാളമായി ഗണിക്കുകഈ ചിന്താഗതിയുടെ ഉറവിടം ഏതാണെന്ന് താങ്കള്‍ പരിശോധിക്കുന്ന പക്ഷം അത്, ഏതൊരു മൃഗത്തിന്റെ മാംസമാണോ അക്കൂട്ടര്‍ ധാരാളമായി ഉപയോഗിക്കുന്നത് അതേ മൃഗത്തിന്റെ പ്രകൃതിയില്‍ കണ്ടെത്താന്‍ പ്രയാസമില്ല. ഇപ്രകാരം തന്നെ ഹിംസ്രജന്തുക്കളുടെ മാംസമുപയോഗിക്കുന്നത് രക്തദാഹം ഉണ്ടാവാന്‍ കാരണമാകുമെന്നൂഹിക്കാവുന്നതാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന രക്തവും ഒഴുകിയ രക്തവും ഉപയോഗിക്കുന്നതുകൊണ്ട് മൃഗീയതയും കാര്‍ക്കശ്യവുമുണ്ടായിത്തീരുമെന്ന അനുമാനവും അപ്രസക്തമല്ല.

അവലംബം: തര്‍ജുമാനുല്‍ ഖുര്‍ആന്‍ സെപ്റ്റംബര്‍ 1951

Topics