കര്‍മ്മശാസ്ത്രം-ഫത്‌വ

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ?

ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല.

അതേസമയം, മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യാമോ, ദാനധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്താമോ എന്നൊക്കെ പ്രവാചകനോട് പലരും ചോദിച്ചതായി ഹദീസുകളില്‍ കാണുന്നു. അക്കാര്യങ്ങളില്‍ ചോദിച്ചവര്‍ക്ക് നബി അനുവാദം കൊടുക്കുകയും ചെയ്തിട്ടുണ്ട്. നബി(സ)യുടെ ഈ അനുവാദം ഹജ്ജിന്റെയും ദാനധര്‍മങ്ങളുടെയും കാര്യത്തില്‍ മാത്രമാണോ, അതോ മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന ഖുര്‍ആന്‍ പാരായണവും മറ്റു സദ്പ്രവര്‍ത്തനങ്ങളും ഈ അനുവാദത്തിന്റെ പരിധിയില്‍ വരുമോ എന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് വിവിധ അഭിപ്രായങ്ങളാണുള്ളത്.

ഒരു വിഭാഗം പറയുന്നത്, ഈ അനുമതി ഹജ്ജിലും ദാനധര്‍മ പ്രവര്‍ത്തനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്നാണ്. ഇസ് ലാമിക കര്‍മശാസ്ത്ര സരണിയിലെ ഭൂരിപക്ഷ പണ്ഡിതസമൂഹത്തിന്റെയും അഭിപ്രായമിതാണ്. എന്നാല്‍ മറ്റൊരു വിഭാഗം പണ്ഡിതര്‍ പറയുന്നത് മുകളില്‍ സൂചിപ്പിച്ച അനുമതിയില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തെയും മറ്റു പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കുന്നതിന് കാരണമില്ലെന്നാണ്. എങ്കിലും, ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനായി ആളെ നിയമിക്കലും അതിന് വേണ്ടി പ്രത്യേക ദിവസത്തില്‍ ആളെക്കൂട്ടി പരിപാടി നടത്തുന്നതും ഈ വിഭാഗം പണ്ഡിതര്‍ കണിശമായി വിരോധിക്കുന്നുവെന്ന് മാത്രമല്ല, അത് ബിദ്അത്തായി കരുതുകയും ചെയ്യുന്നു.  

 

Topics