കര്‍മ്മശാസ്ത്രം-ഫത്‌വ

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് ?

ഉത്തരം: വലിയ അശുദ്ധി(ജനാബത്ത്/ ആര്‍ത്തവം)യുള്ള സ്ത്രീക്ക് ഖുര്‍ആന്‍ കയ്യിലെടുക്കാനും ഓതാനും അനുവാദമുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമികകര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. വലിയ അശുദ്ധിയുടെ, പ്രത്യേകിച്ച് ആര്‍ത്തവത്തിന്റെ സമയത്ത് ഖുര്‍ആന്‍ പാരായണം സ്ത്രീകള്‍ക്ക് അനുവദനീയമല്ലെന്നാണ് അവരിലെ പൊതുവീക്ഷണം. പ്രവാചകന്‍ നബിതിരുമേനി(സ)യുടെ ഒരു പ്രസ്താവമാണ് അവര്‍ തെളിവായുദ്ധരിക്കുന്നത്: ‘ശാരീരികബന്ധത്തിലേര്‍പ്പെട്ട് ജനാബത്ത് ആയവരും ആര്‍ത്തവാവസ്ഥയിലുള്ളവരും ഖുര്‍ആന്‍ പാരായണംചെയ്യരുത്’.
എന്നാല്‍ മാലികി, ശാഫിഈ, ഹന്‍ബലി മദ്ഹബുകളിലെ പണ്ഡിതന്‍മാരും ഇതരകര്‍മശാസ്ത്രവിദഗ്ധരും ഈ നിലപാട് അംഗീകരിക്കുന്നില്ല. ഇമാം ഇബ്‌നു തൈമിയ്യ (റ) പറയുന്നത് വളരെ അത്യാവശ്യമുള്ള ഘട്ടത്തില്‍ ഖുര്‍ആനില്‍ നോക്കിയോ ഹൃദിസ്ഥമാക്കിയതോ ഓതുന്നതില്‍ കുഴപ്പമില്ലെന്നാണ്.
അശുദ്ധിയുടെ അവസ്ഥയില്‍ ഖുര്‍ആന്‍ തൊടരുതെന്ന് പറയുന്ന പണ്ഡിതന്‍മാരില്‍ അധികപേരും പക്ഷേ, പഠനാവശ്യാര്‍ഥം അധ്യാപികയ്ക്കും വിദ്യാര്‍ഥിനികള്‍ക്കും, ഹൃദിസ്ഥമാക്കിയത് മറന്നുപോകുമെന്ന് ഭയപ്പെടുന്നവര്‍ക്കും മുസ്ഹഫില്‍ നോക്കി ഓതാന്‍ അനുവാദമുണ്ടെന്ന് അഭിപ്രായപ്പെടുന്നു.
മേല്‍ പണ്ഡിതവീക്ഷണങ്ങളെ സംഗ്രഹിച്ച് എനിക്ക് പറയാനുള്ളത് ഇതാണ്: ‘ഖുര്‍ആന്‍ ഓതേണ്ടതോ പഠിപ്പിക്കേണ്ടതോ, പഠിക്കേണ്ടതോ ആയ നിര്‍ബന്ധിതസാഹചര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതാം. അത് നോക്കിയോ ഓര്‍മയില്‍നിന്നോ ആവാം. ഇനി അങ്ങനെ ഓതേണ്ട സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതില്‍ കുഴപ്പമില്ല. കാരണം, ആര്‍ത്തവവേളയില്‍ ഖുര്‍ആന്‍ കേള്‍ക്കുന്നതിന് വിലക്കില്ല. അതിനാല്‍ കുറ്റബോധമേതുമില്ലാതെ ഖുര്‍ആന്‍ ശ്രവിക്കാം. അതിലെ പ്രാര്‍ഥനകള്‍ ഉരുവിടാം.’

Topics