കര്‍മ്മശാസ്ത്രം-ഫത്‌വ

ഏതെങ്കിലും ഫിഖ്ഹി മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ ?

ചോദ്യം: ഹനഫീ മദ്ഹബ് പിന്തുടരുന്ന ഒരു വ്യക്തിയായ എനിക്ക് മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപേക്ഷിച്ച് എനിക്ക് മറ്റൊന്നു സ്വീകരിക്കാമോ ? ഒരു വിശദീകരണം നല്‍കാമോ ?

ഉത്തരം: എല്ലാ മുസ് ലിംകളുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാരമ്പര്യമാണ് പിന്തുടരേണ്ടത്. തന്റെ എല്ലാ അഭിപ്രായങ്ങളും പിന്തുടരണമെന്ന് ഒരു മുസ് ലിം പണ്ഡിതനും പറഞ്ഞിട്ടില്ല. സത്യമാര്‍ഗം പറഞ്ഞുകൊടുക്കുന്നതില്‍ അവരുടെ പരിശ്രമങ്ങള്‍ വളരെ ബൃഹത്തും ആത്മാര്‍ഥവുമാണെങ്കിലും, തങ്ങള്‍ കേവലം മനുഷ്യര്‍ മാത്രമാണ്, അഭിപ്രായങ്ങളില്‍ പിശകുപറ്റാം എന്നതാണ് അങ്ങനെ പറയുന്നതില്‍ നിന്ന് അവരെ അകറ്റിയത്. മുസ് ലിം പണ്ഡിതശ്രേഷ്ടരുടെ അഭിപ്രായങ്ങള്‍ പ്രവാചകചര്യയിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള മാധ്യമം മാത്രമാണ്.

സ്വയം പഠിച്ച് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഏത് ഫിഖ്ഹീ മദ്ഹബും തെരഞ്ഞെടുക്കാവുന്നതാണ്. കാരണം തെരഞ്ഞെടുക്കുന്ന മദ്ഹബിന്റെ അഭിപ്രായങ്ങള്‍ അയാളുടെ വീക്ഷണകോണില്‍ വളരെ നല്ലതാണ്. ഇനി ഒരാള്‍ക്ക് സത്യം അന്വേഷിക്കാനുള്ള മാര്‍ഗത്തില്‍ താന്‍ അംഗീകരിക്കുന്ന മദ്ഹബിന്റെ അഭിപ്രായങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ വേറെ മദ്ഹബിന്റെ അഭിപ്രായവും സ്വീകരിക്കാം.

വിവിധ മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ സൂക്ഷമമായി പരിശോധിച്ച് വിധി കണ്ടെത്താന്‍ കഴിയാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് തങ്ങള്‍ എറ്റവും വിശ്വാസമര്‍പ്പിക്കുന്നവരും പണ്ഡിതരുമായ ആളുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഏതെങ്കിലും പ്രബല ഫിഖ്ഹീ മദ്ഹബ് ഒരു രാജ്യത്ത് ശക്തമായ സാന്നിധ്യമാവുമ്പോള്‍ പണ്ഡിതന്‍മാര്‍ അതിനോട് ചേര്‍ന്നുനില്‍ക്കുന്നതും സ്വാഭാവികം.

Topics