കുടുംബം-ലേഖനങ്ങള്‍

മാതൃകാ പിതാവായിക്കൂടേ നാം ?

നല്ലൊരു കുടുംബത്തെ രൂപവത്കരിക്കുന്നതില്‍ പ്രധാനപ്പെട്ടതും അനിഷേധ്യവുമായ ഘടകങ്ങളില്‍ ഒന്നാണ് പിതാവ്. കുടുംബകാര്യങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതില്‍ അവന്ന് വൈവിധ്യമാര്‍ന്ന പങ്കുണ്ട്. കുടുംബത്തിന്റെ അച്ചുതണ്ട് പിതാവാണ്. അതിന്റെ ആഭ്യന്തരഭദ്രത ഉറപ്പുവരുത്തുന്നതില്‍ മുഖ്യപങ്ക് അവന്നാണ്. ഭാര്യ-സന്താനങ്ങളുടെ സംരക്ഷണവും ചിലവും വഹിക്കുന്നത് അതോടൊപ്പം ചേര്‍ത്തുപറയണം. സാമൂഹികകെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുകയെന്നത് അവന്റെ ദൗത്യമാണ്.
പുറംലോകത്തെയും കുടുംബത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന ചരടാണ് പിതാവ്. ഈ വിശാലമായ സമൂഹത്തില്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് പിതാവിന്റേതാണ്. പിതാവ് മകനോട് എങ്ങനെ പെരുമാറുന്നുവോ അത് പോലെയാണ് ആ മകന്‍ മുതിര്‍ന്നവരോടും കൂട്ടുകാരോടും പെരുമാറുക. അവ്വിധം സന്താനങ്ങളുടെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനംചെലുത്തുന്ന ഘടകമാണ് പിതാവ്. അറിയാത്തവരുമായി ഒരു കുഞ്ഞ് സംസാരിക്കുമ്പോള്‍ സ്വീകരിക്കുന്ന രീതിയും ശൈലിയും അവന്റെ പിതാവ് അവനോട് പെരുമാറുന്നതിനനുസരിച്ച് കിട്ടുന്നതാണ്. അങ്ങനെ ആ കുട്ടികള്‍ പുതിയ സാഹചര്യങ്ങളെ ഏറ്റവും നന്നായി അഭിമുഖീകരിക്കാന്‍ കഴിവുള്ളവനായിത്തീരുന്നു. അതിനാല്‍ സ്വന്തം മക്കളെ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പരിശീലിപ്പിക്കേണ്ടത് അവന്റെ പിതാവിന്റെ കടമയാണ്.

ഒരു പിതാവ് തന്റെ കുടുബത്തിലെ മുഖ്യസ്ഥാനം അലങ്കരിക്കുന്നവനാണ്. ആധുനികവും സാമൂഹികവുമായി മേഖലകളില്‍ തികച്ചുംപോസിറ്റീവ് ആയ നിലപാടെടുക്കാന്‍ കഴിയുന്നവനാകണം അവന്‍. അവന്റെ സ്വാധീനം കുട്ടിയുടെ വളര്‍ച്ചയില്‍ അതിപ്രാധാന്യമേറിയതാണ്. അതുകൊണ്ടുതന്നെ മാതാവ് ജോലിക്കുപോകുന്ന വീടുകളില്‍ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണ്.
ഒരുകുട്ടിയുടെ സാമൂഹികവും വ്യാവഹാരികവുമായ വളര്‍ച്ചയില്‍ പിതാവിന്റെ പങ്ക് നിര്‍ണായകമാണ്. മക്കള്‍ എന്തെങ്കിലും ആവശ്യം ഉന്നയിച്ചാല്‍ അവരെ ചേര്‍ത്തുനിര്‍ത്തി പ്രസ്തുത ആവശ്യത്തെ അര്‍ഹമായ രീതിയില്‍ പൂര്‍ത്തീകരിച്ചുകൊടുക്കുക. അവരെ പ്രോത്സാഹിപ്പിക്കുക. എങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും. മറ്റുള്ളവരുമായി ഇടപഴകേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കേണ്ടത് പിതാവാണ്. സ്വന്തത്തെക്കുറിച്ച് ഒരു വിലയിരുത്തലിന് അവനെ പ്രേരിപ്പിക്കുകയും വേണം.

ഒരു പിതാവ് പ്രയാസങ്ങളെ അതിജീവിക്കുന്നതിനും കഠിനാധ്വാനംചെയ്യുന്നതിനും സന്താനങ്ങള്‍ക്ക് മാതൃകയായിത്തീരണം. തന്നെ അനുകരിക്കാന്‍ പിതാവ് അവര്‍ക്ക് അവസരം നല്‍കണം. പുതിയ അറിവുകള്‍ ശേഖരിക്കാനും കഴിവുകളെ പുറത്തുകൊണ്ടുവരാനും കുട്ടിയെ സഹായിക്കുന്ന ഒരു പിതാവായിരിക്കണം അയാള്‍. തങ്ങളുടേതായ പഠനമേഖലകളില്‍ വ്യാപൃതനാകാന്‍ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ട് മക്കള്‍ക്ക് തങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പഠനാനുഭവങ്ങളും പങ്കുവെക്കാന്‍ തികഞ്ഞ ആശ്രയമാകണം ഒരു പിതാവ്. വ്യത്യസ്തമായ പല സംഗതികളും ഗ്രഹിക്കാന്‍ കഴിയുംവിധം പകര്‍ന്നുനല്‍കുന്ന വ്യക്തിത്വമുള്ളവനാകണം അയാള്‍.

-നീ നിന്റെ മക്കളുമായി വളരെ വിശാലമായി സംസാരിക്കുക. എന്നാല്‍ അവരില്‍ മടുപ്പുളവാക്കുന്നവിധമായിരിക്കരുത്. പൊതുവെ കുട്ടികള്‍ മറ്റുള്ളവരുടെ ഉപദേശം അധികം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരാണ്. അവരുടെ ശ്രദ്ധ എപ്പോഴും മാറിക്കൊണ്ടിരിക്കും.

-നിന്റെ മക്കള്‍ നിന്നോട് സംസാരിക്കുമ്പോള്‍ അവരോട് വാത്സല്യത്തോടെ പെരുമാറുക. ‘എന്റെ പൊന്നുമോനേ’ എന്നതുപോലുള്ള നല്ല പേരുകള്‍ വിളിക്കുക. അടുത്ത കുടുംബക്കാരുടെ പ്രതികരണങ്ങളും സ്വഭാവശൈലികളും നീ അവനെ പഠിപ്പിക്കണം. ഉദാഹരണത്തിന് ‘ എന്റെ വല്യുപ്പ’ എന്നത് അവനെ ആവര്‍ത്തിച്ച് കേള്‍പ്പിക്കണം. കാരണം വല്യുപ്പ ഉപ്പയുടെ ഉപ്പയാണ് എന്നോ ഉമ്മയുടെ ഉപ്പയാണെന്നോ അവനറിയില്ല. നിന്റെ മക്കള്‍ നിഷ്‌കളങ്കരായി നിന്നോട് ചോദിക്കുകയാണ്: ‘ഉപ്പാ, വല്യുപ്പ ഉപ്പയുടെ ഉപ്പയാണോ? ‘ അപ്പോള്‍ നീ അവന് തന്റെ ബന്ധങ്ങള്‍ എല്ലാം വിശദീകരിച്ച് കൊടുക്കുക.

– നീ നിന്റെ മക്കളുടെ ശബ്ദത്തെ പരിഹാസ്യമായി അനുകരിക്കരുത്. കാരണം അവരെക്കാള്‍ മുതിര്‍ന്നവരുടെ ശബ്ദം അനുകരിക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി പറയുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. കുട്ടികളെ അപഹസിച്ച് ശബ്ദാനുകരണം നടത്തുന്നത് അവരുടെ മനസ്സില്‍ വേദനയുളവാക്കും.
അതിനാല്‍ മാതൃകാപിതാവാകാന്‍ സഹായിക്കുന്ന ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു:

– അവനോട് കോപാകുലനായി സംസാരിക്കരുത്. എന്നാല്‍ ശാരീരികവും ചിന്താപരവുമായ അന്വേഷണങ്ങള്‍ നടത്തണം. മക്കള്‍ കളിക്കോപ്പുകള്‍ കൊണ്ട് കളിക്കുമ്പോള്‍ അടുത്തുപോയി നിന്നാല്‍ മാത്രം പോരാ. മറിച്ച്, അവരോടൊപ്പം കളിയില്‍ പങ്കുകൊള്ളണം.

-നീ ചെയ്യുന്ന ഒരു കാര്യം മക്കള്‍ ചെയ്താല്‍ അവരെ തടയരുത്. നീ മകളോട് അവളുടെ ആണ്‍സുഹൃത്തുക്കളെക്കുറിച്ച് ആരായുകയും അത്തരം സൗഹൃദങ്ങളെ വിലക്കുകയുംചെയ്യുന്നു. എന്നാല്‍ മകളുടെ മുന്നില്‍വെച്ച് നീ അന്യസ്ത്രീകളുമായി സംസാരിക്കുന്നത് അവള്‍ കാണാനിടവരുന്നു. അതോടെ പറയുന്നത് പ്രവര്‍ത്തിക്കുന്നയാളല്ല തന്റെ പിതാവെന്ന് അവള്‍ തിരിച്ചറിയുന്നു. പിന്നെ, ആ മകള്‍ എങ്ങനെയാണ് പിതാവിനെ അനുസരിക്കുക?

– നീ നിന്റെ മക്കളോട് ഒരു കാര്യം കല്‍പിച്ചാല്‍ അവരത് നിര്‍വഹിച്ചുകൊള്ളും. അത് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനായി പിറകെ ചെല്ലരുത്. ഉദാഹരണത്തിന് നീ നിന്റെ മകനോട് പറയുകയാണ്: ‘ഹോംവര്‍ക്ക് ചെയ്യൂ’. എന്നാല്‍ അവന്‍ അത് ചെയ്യുന്നുണ്ടോയെന്ന് ചെന്നുനോക്കുന്നത് അവനില്‍ വെറുപ്പ് സൃഷ്ടിക്കുന്ന കാര്യമാണ്. അത്തരം നടപടികള്‍ക്ക് മുതിരാതെ നീ അവനെ പ്രോത്സാഹിപ്പിക്കുക.

– നിന്റെ മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. പ്രത്യേകിച്ചും തന്റെ സമപ്രായക്കാരുമായി പലക കാര്യങ്ങളിലും നിലവാരവ്യത്യാസമുണ്ടെങ്കില്‍ ഒരു കാരണവശാലും അത്തരം താരതമ്യം പാടില്ല. ഉദാഹരണമായി, ഇന്നയാള്‍ നിന്നെക്കാള്‍ ഉത്തമനാണ്, നിന്നെക്കാള്‍ ക്ലാസില്‍ റാങ്ക് കൂടുതലുണ്ട് എന്നെല്ലാം. കൂട്ടുകാരനെ അവന്റെ പിതാവ് കൂടെയിരുന്ന് പഠിപ്പിച്ചുകൊടുക്കുന്നതാണ് എന്ന കാര്യം മകന്നറിയാം.

– ഹൃദ്യമായ അഭിസംബോധനകൊണ്ടും പുഞ്ചിരികൊണ്ടും അവളെ സമീപിക്കുക. അത് കുട്ടികളില്‍ വളരെ ശക്തമായ സ്വാധീനം ഉണ്ടാക്കുന്നു. സന്താനങ്ങളുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ മനഃശാസ്ത്രപരമായ രീതിയാണിത്. ധൈര്യം പകര്‍ന്നുനല്‍കുന്നതും ആദരവ് നല്‍കുന്നതുമായ വാക്കുകള്‍കൊണ്ട് മക്കളോടുള്ള പെരുമാറ്റം ഹൃദ്യമാക്കുക.

– സംരക്ഷണചുമതലകള്‍ മാതാവിനെമാത്രം ഏല്‍പിച്ച് കുടുംബത്തില്‍നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കുന്ന ശീലം ഒഴിവാക്കണം. പിതാവിന്റെ അസാന്നിധ്യം കുട്ടികളില്‍ വേദനയും സങ്കടവും ഉണ്ടാക്കും.

– ഒരു കുടുംബത്തില്‍ പിതാവിന്റെ സ്വഭാവശൈലി നീതിപൂര്‍വവും ഹൃദ്യവുമായിരിക്കണം. അവിടെ സ്‌നേഹവും സഹകരണമനസ്സും നിര്‍ഭയത്വവും സന്താനങ്ങള്‍ക്ക് അനുഭവവേദ്യമാകണം.ശിക്ഷണനടപടികളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഏകാധിപതിയായ പിതാവിന്റെ വ്യക്തിത്വം തന്റെ ഭാര്യയോടും സന്താനങ്ങളോടും പരുഷസ്വഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. ആ സ്വഭാവം കുടുംബകലഹത്തിന് വഴിയൊരുക്കുന്നു. അതോടൊപ്പം സന്താനങ്ങളില്‍ അത് മനഃസംഘര്‍ഷം സൃഷ്ടിക്കും.
ആഹ്ലാദവും സമാധാനവും ഉള്ള കുടുംബാന്തരീക്ഷം സന്താനങ്ങളുടെ ഭാവിവ്യക്തിത്വരൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കളിയും പഠനവും സ്വാഭീഷ്ടപ്രകാരം അവര്‍ക്ക് നിര്‍വഹിക്കാന്‍ വീടിന്റെ സമാധാനാന്തരീക്ഷം മുഖ്യപങ്കുവഹിക്കുന്നു.

വിവര്‍ത്തനം: മുബാരിസ് യു
അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥി

Topics