വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ബന്ധുവിനെക്കുറിച്ച് ഞാന്‍ ഉമ്മയോട് പരാതി പറഞ്ഞു. ഞങ്ങള്‍ക്ക് തീരുമാനിച്ചുറച്ച സമയത്ത് അദ്ദേഹം വന്നില്ല എന്നതായിരുന്നു പ്രശ്‌നം. ആദ്യമായല്ല ഇത് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് സംഭവിക്കുന്നതെന്നും, ഇങ്ങനെയെങ്കില്‍ ഇപ്രകാരം തന്നെയായിരിക്കും ഭാവിയില്‍ ഞാന്‍ അദ്ദേഹത്തോടും വര്‍ത്തിക്കുകയെന്നും മാതാവിനെ അറിയിച്ചു. അദ്ദേഹം എന്നെ തീരെ വിലവെക്കുന്നില്ല എന്നതിന് തെളിവാണ് ഈ സമീപനമെന്ന് കൂടി ഞാന്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ വളരെ ശക്തമായി ബന്ധുവിനെ പ്രതിരോധിക്കുകയും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പാടുപെടുകയുമാണ് മാതാവ് ചെയ്തത്. അവര്‍ക്കാവുന്ന വിധത്തില്‍ അവര്‍ ബന്ധുവിനെ അനുകൂലിച്ച് സംസാരിച്ചു. ചര്‍ച്ച അവസാനിച്ചതിന് ശേഷം അവര്‍ മടങ്ങിപ്പോയി. അല്‍പം കഴിഞ്ഞ് മുഖത്ത് പുഞ്ചിരി പടര്‍ത്തി, കയ്യില്‍ ഏതാനും പേപ്പറുകള്‍ പിടിച്ച് ഉമ്മ മടങ്ങി വന്നു.
വളരെ നിര്‍മലമായി ആ പേപ്പറുകള്‍ വളരെ അമൂല്യമായ രത്‌നം പോലെ ഉമ്മ എന്റെ കയ്യില്‍ തന്നിട്ട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ അവയിലേക്ക് കണ്ണോടിച്ച് വായിച്ച് തീര്‍ത്തതും ഉമ്മയുടെ മുഖത്തെ പുഞ്ചിരി എന്റെ മുഖത്തേക്ക് കൂടി പടര്‍ന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഉമ്മക്കും ബന്ധുക്കള്‍ക്കും അയച്ച ഒരു ഇമെയില്‍ ആയിരുന്നു അത്. നേരത്തെ കുറ്റപ്പെടുത്തിയ ബന്ധുവിനെ ഞാനതില്‍ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ മഹത്വത്തെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ഒരു സമ്മാനപ്പൊതിയുടെ ചിത്രം കൂടി അതിനോട് ചേര്‍ത്ത് വെച്ചിരിക്കുന്നു. എന്നെ സന്തോഷിപ്പിക്കുന്നതിനായി അദ്ദേഹം ചെയ്ത കാര്യങ്ങളെല്ലാം ആ സന്ദേശത്തില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു.
ഞാന്‍ കത്ത് വായിച്ച് തീര്‍ത്തതിന് ശേഷം ഉമ്മ ചോദിച്ചു ‘നിന്റെ സഹോദരന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ?
ഈ ലളിതമായ സമീപനത്തില്‍ നിന്ന് ഞാന്‍ വല്ലാതെ പഠിച്ചു. ബന്ധുവിനേയോ, മറ്റാരെയോ കുറിച്ചോ ഒന്നോ രണ്ടോ സംഭവങ്ങള്‍ കൊണ്ട് വിധിയെഴുതരുത് എന്നതായിരുന്നു അവയില്‍ മുഖ്യമായത്. ഒരാളുടെ എല്ലാ നിലപാടുകളും, സമീപനങ്ങളും നാം ചേര്‍ത്ത് വെച്ചതിന് ശേഷം മാത്രമെ അദ്ദേഹത്തെക്കുറിച്ച നമ്മുടെ നിലപാട് നിര്‍ണയിക്കാവൂ. കൂടാതെ നമുക്ക് ഗുണകരമാകുന്ന, പോസിറ്റീവ് സന്ദേശങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്നും, അവ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാവുമെന്നും ഉമ്മ എന്നെ പഠിപ്പിച്ചു.
ഞാനോ, എന്റെ പിതാവോ അയക്കുന്ന ഏകദേശം എല്ലാ കത്തുകളുടെയും പ്രിന്റഡ് കോപ്പി ഉമ്മ കൈവശം സൂക്ഷിച്ചിരിക്കുന്നു. തന്റെ വസ്ത്രം സൂക്ഷിക്കുന്നതിന് സമീപത്ത് തന്നെയാണ് അവയുടെ സ്ഥാനം. ഓരോ മകന്റെയും പേരില്‍ പ്രത്യേകമായ ഫയല്‍ തന്നെ അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു!
ആ സന്ദേശം എന്റെ ഹൃദയത്തില്‍ പ്രസരിപ്പിച്ച സന്തോഷത്തിന്റെ തോത് വിവരണാതീതമായിരുന്നു. ഞാന്‍ നിമിഷങ്ങള്‍ക്കകം തന്നെ ബന്ധുവിനോടുള്ള നിലപാട് തിരുത്തി. അവനെക്കുറിച്ച എന്റെ സമീപനം പൂര്‍ണമായും മാറി. ഞാന്‍ ആ സന്ദേശം സ്‌കാന്‍ ചെയ്ത് അവനും മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തു. ഞങ്ങള്‍ക്കിടയിലെ മനോഹരമായ സ്മരണകളുടെ കവാടം തുറന്നിടുകയാണ് പ്രസ്തുത സന്ദേശം ചെയ്തത്. ചെറുപ്പത്തിലും വലിപ്പത്തിലും ഞങ്ങള്‍ പരസ്പരം കൈമാറിയിരുന്ന സമ്മാനങ്ങളെക്കുറിച്ച് ഞങ്ങള്‍ ഓര്‍ത്തെടുത്തു. ഞങ്ങള്‍ക്ക് അത്യാവശ്യമായിരുന്ന പോസിറ്റീവ് കാഴ്ചപ്പാട് ഹൃദയങ്ങളില്‍ ശക്തിപ്പെട്ടു.
ഒരിക്കലും കേട് വരാത്ത പഴങ്ങളാണ് കത്തുകള്‍. വര്‍ഷങ്ങള്‍ കഴിയുംതോറും അവയുടെ സ്വാദ് അധികരിച്ച് കൊണ്ടേയിരിക്കും. നാം അവ സൂക്ഷിക്കുന്നതിന് അനുസരിച്ച് നാം ജീവിതം കൂടുതല്‍ ആസ്വദിച്ച് കൊണ്ടേയിരിക്കുന്നു.
അബ്ദുല്ലാഹ് അല്‍മഗ്‌ലൂഥ്
Add Comment