കുടുംബം-ലേഖനങ്ങള്‍

കുടുംബത്തോടുള്ള ബാധ്യത: സ്വഹാബാക്കളുടെ ജീവിതത്തില്‍

നമുക്ക് ഏതാനും ചില പ്രവാചകാനുചരന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ ദാമ്പത്യബന്ധത്തെ വിലയിരുത്താം. ഭൗതികവിരക്തിയും ദൈവഭക്തിയും വേണ്ടുവോളം ഉള്ള അബ്ദുല്ലാഹ് ബിന്‍ അംറ് ബിന് ആസ്വിന്റെ വീട്ടില്‍ നിന്ന് നമുക്ക് തുടങ്ങാം. അബ്ദുല്ലാഹ് ബിന്‍ അംറ്(റ) പറയുന്നു: തറവാടിത്തമുള്ള ഒരു സ്ത്രീയെ എന്റെ പിതാവ് എനിക്ക് വിവാഹം കഴിപ്പിച്ചു തന്നു. അദ്ദേഹം അവളോട് തന്റെ ഭര്‍ത്താവിനെക്കുറിച്ച് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. അവള്‍ പറയും ‘എത്ര നല്ല മനുഷ്യനാണ് അദ്ദേഹം. ഞാന്‍ വന്നതിന് ശേഷം ഇതുവരെ ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെടുകയോ, പരസ്പരം ലാളിക്കുകയോ ചെയ്തിട്ടില്ല’. കാര്യം ഇങ്ങനെ നീങ്ങിയപ്പോള്‍ അദ്ദേഹം പ്രവാചകന്റെ മുന്നില്‍ പരാതി ബോധിപ്പിച്ചു. തിരുമേനി(സ) എന്നെ വിളിച്ച് വരുത്തി ചോദിച്ചു. ‘അബ്ദുല്ലാഹ്, എങ്ങനെയുണ്ട് നോമ്പൊക്കെ? എല്ലാദിവസവും നോമ്പെടുക്കുന്നുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘ഖുര്‍ആന്‍ പാരായണവും നടക്കുന്നില്ലേ? എന്നായി അടുത്ത ചോദ്യം. അതേ എല്ലാ രാത്രിയിലും ഖുര്‍ആന്‍ ഒരുതവണ പാരായണം ചെയ്ത് പൂര്‍ത്തീകരിക്കുന്നുവെന്ന് എന്റെ മറുപടി. എല്ലാറ്റിനും ശേഷം തിരുമേനി(സ) എന്നോട് കല്‍പിച്ചു: ‘എല്ലാ മാസവും മൂന്ന് ദിവസം മാത്രം നോമ്പെടുക്കുക. എല്ലാ മാസവും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് പൂര്‍ത്തീകരിക്കുക’. എനിക്ക് അതിനേക്കാള്‍ കൂടുതല്‍ സാധിക്കുമല്ലോ എന്ന് ഞാന്‍ ചോദിച്ചു. ‘എങ്കില്‍ മൂന്ന് വെള്ളിയാഴ്ചകള്‍ കൂടി നോമ്പെടുക്കുക’ എന്നായി തിരുമേനി(സ)യുടെ കല്‍പന. എനിക്ക് കൂടുതല്‍ ചെയ്യാനാവുമെന്ന് ഞാന്‍ വീണ്ടും പറഞ്ഞു. എങ്കില്‍ ഒരു ദിവസം നോമ്പെടുത്ത് രണ്ട് ദിവസം വിശ്രമിക്കുക. പക്ഷെ ഞാന്‍ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു. ‘എങ്കില്‍ ദാവൂദ്(അ)ന്റെ നോമ്പെടുക്കുക. ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം മുറിക്കുകയും ചെയ്യുക’.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ തന്റെ ഭാര്യയോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്തത്തില്‍ അദ്ദേഹം ഒരു വീഴ്ചയും വരുത്തിയില്ല. മാത്രമല്ല അംറ് ബിന്‍ ആസ്വ് ഇടക്കിടെ തന്റെ മരുമകളെ സന്ദര്‍ശിക്കുകയും മകന്‍ അവരുടെ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സല്‍മാനുല്‍ ഫാരിസി(റ) ഒരിക്കല്‍ തന്റെ ദീനി സഹോദരനായ അബുദ്ദര്‍ദാഅ്(റ)നെ സന്ദര്‍ശിക്കാനെത്തി. പക്ഷേ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പത്‌നി ഉമ്മുദ്ദര്‍ദാഅ് ആണ് അവിടെയുണ്ടായിരുന്നത്. വസ്ത്രത്തിന്റെ കാര്യം ശ്രദ്ധിക്കാതെ അലസമായ അവസ്ഥയിലായിരുന്നു അവര്‍ കാണപ്പെട്ടത്. എന്ത് പറ്റിയെന്ന് സല്‍മാന്‍(റ) അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു ‘താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഇന് ഞങ്ങളെക്കൊണ്ട് ഇഹലോകത്ത് ആവശ്യമൊന്നുമില്ല. അല്‍പം കഴിഞ്ഞതിന് ശേഷം അബുദ്ദര്‍ദാഅ് വീട്ടില്‍ തിരിച്ചെത്തി. ആതിഥേയര്‍ സല്‍മാനുല്‍ ഫാരിസി(റ) ക്കായി ഭക്ഷണം ഒരുക്കിയിരുന്നു. അത് കഴിക്കാന്‍ അദ്ദേഹം ഗൃഹനാഥനായ അബുദ്ദര്‍ദാഇനോട് നിര്‍ദേശിച്ചു. എന്നാല്‍ ഞാന്‍ നോമ്പുകാരനാണ് എന്നായിരുന്നു അബുദ്ദര്‍ദാഇന്റെ മറുപടി. താങ്കള്‍ കഴിക്കുന്നത് വരെ ഞാന്‍ കഴിക്കുകയില്ല എന്നായി സല്‍മാന്‍(റ). അപ്പോള്‍ അബുദ്ദര്‍ദാഅ്(റ) ഭക്ഷണം കഴിച്ചു.

രാത്രിയായപ്പോള്‍ അബുദ്ദര്‍ദാഅ് എഴുന്നേറ്റ് നമസ്‌കരിക്കാന്‍ തുടങ്ങി. എന്നാല്‍ സല്‍മാന്‍(റ) അദ്ദേഹത്തോട് ഉറങ്ങാന്‍ കല്‍പിച്ചു. അദ്ദേഹം ഉറങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും നമസ്‌കരിക്കാനായി എഴുന്നേറ്റു. പക്ഷെ അപ്പോഴും സല്‍മാന്റെ കല്‍പന ഉറങ്ങാന്‍ തന്നെയായിരുന്നു. രാത്രിയുടെ അവസാന യാമത്തിലെത്തിയപ്പോള്‍ സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘ഇപ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക’. അങ്ങനെ രണ്ടുപേരും രാത്രിയില്‍ നമസ്‌കരിച്ചു. സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘തീര്‍ച്ചയായും താങ്കളുടെ നാഥനോട് താങ്കള്‍ക്ക് ചില ബാധ്യതകളുണ്ട്. സ്വന്തത്തോടും, കുടുംബത്തോടും, താങ്കള്‍ക്ക് ബാധ്യതകളുണ്ട്. അതിനാല്‍ ഓരോരുത്തരോടുമുള്ള ബാധ്യതകള്‍ താങ്കള്‍ പൂര്‍ത്തീകരിക്കുക’. അബുദ്ദര്‍ദാഅ്(റ) നേരെ തിരുമേനി(സ)യുടെ അടുത്ത് ചെന്ന് ഇക്കാര്യം വിവരിച്ചു. തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു ‘തീര്‍ച്ചയായും സല്‍മാന്‍ പറഞ്ഞത് സത്യമാണ്’.

സല്‍മാന്‍(റ) എത്ര മനോഹരമായാണ് അബുദ്ദര്‍ദാഅ്(റ)ന് ഇസ്‌ലാമിലെ ബാധ്യതകളുടെ മുന്‍ഗണനാക്രമം പഠിപ്പിച്ചത്! ഐഛിക നന്മകള്‍ക്ക് മുമ്പെ നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ത്തീകരിക്കേണ്ടിയിരിക്കുന്നുവെന്ന സുപ്രധാനമായ അടിസ്ഥാനമാണ് സല്‍മാന്‍(റ) ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. തിരുമേനി(സ) അദ്ദേഹത്തിന്റെ സമീപനത്തെ അംഗീകരിച്ചുവെന്നത് അതിന്റെ സ്വീകാര്യതയെയാണ് കുറിക്കുന്നത്.

മറ്റുള്ളവരോടുള്ള ബാധ്യതയും ഐഛിക നന്മകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ബാധ്യതകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതാണ് ഇവിടത്തെ തത്വം. ഇത്തരം സാഹചര്യങ്ങളില്‍ നാം കാര്യങ്ങള്‍ പരസ്പരം തുലനം ചെയ്യുകയാണ് വേണ്ടത്.

കുടുംബത്തോട് ബന്ധം പുലര്‍ത്തണമെന്ന ന്യായം ഉന്നയിച്ച് ജോലി ചെയ്യാതെ വീട്ടില്‍ കുത്തിയിരിക്കുന്നവരുണ്ട്. ഏതാനും കാലം കഴിയുമ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരികയും ക്ഷീണത്താല്‍ രോഗിയായി വീട്ടില്‍ കഴിയേണ്ട ദുരവസ്ഥ സംജാതമാവുകയും ചെയ്‌തേക്കാം.

മറ്റ് ചിലര്‍ ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരാണ്. അവര്‍ ജനങ്ങളെ നന്മയിലേക്ക് തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും കുടുംബാംഗങ്ങള്‍ ഉറക്കം തുടങ്ങിയിരിക്കും. ‘താങ്കളെ കാണാന്‍ ഞങ്ങള്‍ എങ്ങോട്ടാണ് വരേണ്ടതെന്ന്’ ഒരിക്കല്‍ മകന്‍ ആ പിതാവിനോട് ചോദിച്ചുവത്രെ. അപ്പോഴാണ് തനിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ആ പിതാവ് ബോധവാനായത്.

നാം നമ്മുടെ ആരാധനകളിലും പ്രവര്‍ത്തനങ്ങളിലും സന്തുലിതത്വം പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലാഹുവിനോടുള്ള ബാധ്യതകള്‍ വിസ്മരിച്ച് മറ്റുള്ളവരോടുള്ള ബാധ്യത പൂര്‍ത്തീകരിക്കുകയോ, മറ്റുള്ളവരോടുള്ള ബാധ്യതകള്‍ അവഗണിച്ച് അല്ലാഹുവിന്റെ മുന്നില്‍ ഭജനമിരിക്കുകയോ അരുത്.

അബ്ദുര്‍റഹ്മാന്‍ സഹീം

Topics