ഹജജ്-ഫത്‌വ

കൊറോണ വൈറസ് ? (ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 2)

ചോ: കൊറോണാ വൈറസിനെക്കുറിച്ച് കേള്‍ക്കാനിടയായി. അതിനെതിരെ എന്ത് പ്രതിരോധമാണ് സ്വീകരിക്കാനാകുക?

ഉത്തരം: സാധാരണ അറിയപ്പെടുന്ന ജലദോഷം മുതല്‍ 2003 ല്‍ വ്യാപകമായ സാര്‍സ് വരെ രോഗങ്ങള്‍ക്ക് കാരണമായ വിവിധതരം വൈറസുകളുടെ വലിയ സംഘമാണ് കൊറോണ വൈറസുകള്‍. 2012 ല്‍ ഖത്തറിലും സൗദി അറേബ്യയിയിലും പ്രത്യക്ഷപ്പെട്ട പുതിയ തരം വൈറസുകളെപ്പറ്റി കൂടുതലൊന്നും ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. അതെങ്ങനെ വ്യാപിക്കുന്നുവെന്നും പകരുന്നുവെന്നും മെഡിക്കല്‍സമൂഹം ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍തന്നെ അതിന് ചികിത്സയോ പ്രതിരോധമോ ഇല്ല. അതുകേട്ട് പേടിക്കേണ്ട. അതത്ര പ്രശ്‌നകാരിയല്ല.
അതിനെതിരെ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ ആയി ലോകാര്യസംഘടനപറഞ്ഞിട്ടുള്ളത് വ്യക്തിശുചിത്വവും ആരോഗ്യബോധവുമാണ്. ഫ്‌ളൂ, ജലദോഷം എന്നിവ ആരോഗ്യമുള്ള ശരീരം എപ്രകാരം പ്രതിരോധിക്കുന്നുവോ അപ്രകാരംതന്നെ ഈ വൈറസുകളുടെ ഭീഷണിയെയും നേരിടാനാകും. നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനും സുഖപ്പെടുത്താനും ശരീരത്തിന് അപാരമായ കഴിവുണ്ട്.

ഹജ്ജ് കര്‍മത്തിനായി ഒട്ടേറെ ആളുകള്‍ ഒത്തുകൂടുന്നതിനാല്‍ ശ്വാസകോശരോഗങ്ങള്‍ സാധാരണമായിരിക്കും. നമ്മുടെ ശരീരത്തിന് നേരത്തേതന്നെ പ്രതിരോധം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ള ജലദോഷം പോലെയുള്ള അസുഖങ്ങള്‍ പരത്തുന്ന വൈറസുകളാണ് മിക്കവാറും രോഗങ്ങളുടെ പിന്നിലുള്ളത്. അതിനാല്‍ പരമാവധി ശുദ്ധവായു ഉറപ്പുവരുത്താന്‍ കഴിയുംവിധം ഫെയ്‌സ് മാസ്‌ക് ധരിക്കുക. കൈകള്‍ സദാ വൃത്തിയായി സൂക്ഷിക്കുക. ടിഷ്യൂപേപ്പറുകള്‍ ഉപയോഗിക്കുക. കണ്ണിലും മൂക്കിലും സ്പര്‍ശിക്കുന്നത് സാധ്യമാകുന്നത്ര ഒഴിവാക്കുക. രോഗികളാണെന്ന് സംശയിക്കുന്നവരില്‍നിന്ന് അകലം പാലിക്കുക.

ശുദ്ധവും രാസമാലിന്യമുക്തവുമായ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ പരിശ്രമിക്കുക. കൂടുതല്‍ സുരക്ഷിതത്വത്തിനായി വിറ്റമിന്‍ -സി ഗുളിക(500-1000mg)കള്‍ കഴിക്കാവുന്നതാണ്. യാത്രതുടങ്ങുന്നതിന് ഒരാഴ്ചമുമ്പ് ഈ ഗുളികകള്‍ കഴിച്ചുതുടങ്ങണം. വിറ്റമിന്‍ – സി ജലദോഷമുണ്ടാക്കുന്ന വൈറസുകളെ പ്രതിരോധിച്ച് മ്യൂകസ് മെമ്പ്രയിനെ സംരക്ഷിക്കുകയും ശരീരം ഉണ്ടാക്കുന്ന ആന്റി വൈറല്‍ പ്രോട്ടീനായ ഇന്റര്‍ഫെറോണുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയുംചെയ്യുന്നു. നാരങ്ങാനീരില്‍ ശുദ്ധമായ തേന്‍ ചേര്‍ത്തിളക്കി കഴിക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കും നല്ലതാണ്. മാത്രമല്ല, അത് രോഗപ്രതിരോധമരുന്നുപോലെ പ്രവര്‍ത്തിക്കുകയുംചെയ്യുന്നു. സിങ്ക് പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും അതടങ്ങിയ ടാബ്ലറ്റുകള്‍ ജലദോഷവും തൊണ്ടവേദനയും വേഗം ശമിപ്പിക്കുകയും ചെയ്യും. ‘എകിനേഷ്യ’ എന്ന ചെടിയുടെ സത്ത് ശരീരത്തിന്റെ പ്രതിരോധശേഷയെ ബലപ്പെടുത്താന്‍ ഉപയോഗിക്കാറുണ്ട്(ഫാര്‍മസികളില്‍ ഇത് ലഭിക്കും).
അവസാനമായി അടിയന്തിരാവശ്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ആന്റിബയോട്ടികിന്റെ കുറിപ്പടി താങ്കളുടെ ഡോക്ടറില്‍ നിന്നും വാങ്ങുക. സിപ്രൊഫ്‌ളൊക്‌സാസിന്‍ , അമോക്‌സിലിന്‍ തുടങ്ങിയവ ആ വിഭാഗത്തില്‍പെടുന്ന ഗുളികകളാണ്. അത് പ്രതിരോധമരുന്നുപോലെ കഴിക്കുകയല്ല മറിച്ച്, ജലദോഷവും മറ്റും ആരംഭിക്കുന്നതായി കണ്ടാല്‍ സേവിക്കുകയാണ് വേണ്ടത്. ഇനി പ്രയാസവും തൊണ്ടവേദനയും കലശലായാല്‍ ഡോക്ടറെ കാണുകയായിരിക്കും ഉത്തമം. ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ പരിഭ്രമിക്കാതിരിക്കുക എന്നതാണ് ഏറ്റവും ഉത്തമം

Topics