ഹജജ്-ഫത്‌വ

ആളുടെ പ്രതിനിധിയായി റോബോട്ട് ഹജ്ജ് ചെയ്താല്‍ ?

ചോ: നാഗരികമനുഷജീവിതത്തിന്റെ ഭാഗമായി റോബോട്ടുകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതികയുഗമാണിത്. എന്റെ സംശയം ഇതാണ്: റോബോട്ടുകളെ നമ്മുടെ ആരാധനാകര്‍മങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമോ ?. അതായത്, മക്കയിലും മദീനയിലും പോകാന്‍കഴിയാത്ത ആള്‍ക്ക് ഹജ്ജ് ചെയ്യാന്‍ റോബോട്ടിനെ നിയോഗിക്കാമോ?

————————

ഉത്തരം: വളരെ ചിന്തനീയമായ ഒരു ചോദ്യമാണിത്. കാരണം, റോബോട്ടുകളെ വിദൂരത്തിരുന്ന് നിയന്ത്രിക്കാവുന്നവിധം സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.  ഇംറാന്‍ സഈദ് എന്ന ഒരു സഹോദരന്‍ ബോസ്റ്റണിലിരുന്നുകൊണ്ട് ബാംഗ്ലൂരിലെ പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്ത രീതിയെപ്പറ്റി ഞാന്‍ അറിയുകയുണ്ടായി.

രണ്ടുവീലുള്ള റോബോട്ടിനെയാണ് അദ്ദേഹം ഉപയോഗിച്ചത്. സഈദ് ആരുടെ നേര്‍ക്കാണോ തിരിഞ്ഞ്  സംസാരിക്കാനാഗ്രഹിക്കുന്നത് റോബോട്ട് അങ്ങോട്ടുതിരിയുന്നു. കേള്‍ക്കുന്ന ആള്‍ക്ക് സഈദിനെ അനുഭവവേദ്യമാകുന്നതുപോലുള്ള ഫീലിങ് ഉണ്ടാകുന്നു. പലര്‍ക്കും  ആ പരിപാടിയില്‍ സഈദ് സംബന്ധിച്ചതുപോലെയുള്ള അനുഭവമാണ് ഉണ്ടായത്.

സത്യത്തില്‍ ഒരു എംഐടി ഗ്രാജ്വേറ്റ് ആണ് റോബോട്ടിനെ ഇത്തരത്തില്‍ വികസിപ്പിച്ചത്.  ശാരീരികപ്രയാസംമൂലം യാത്രചെയ്യാ്ന്‍ കഴിയാത്ത, വിദൂരനഗരത്തിലുള്ള മുത്തശ്ശിയെ തന്റെ വിവാഹത്തില്‍ പങ്കെടുപ്പിച്ച് ബന്ധുക്കളുമായി സംസാരിക്കാന്‍  അവസരമൊരുക്കുന്നതിനായാണ് അത്തരം ഒരു മാര്‍ഗത്തെപ്പറ്റി ആ യുവാവ് ആലോചിച്ചത്. യുവാവിനൊപ്പം ആ റോബോട്ട് മുത്തശ്ശിയും ഉണ്ടായിരുന്നു. അതിഥികള്‍ക്കിടയില്‍  ആ റോബോട്ട് കടന്നുചെല്ലുകയും അവരുമായി സംസാരിക്കുകയുംചെയ്തു. അതേസമയം മുത്തശ്ശിക്ക്  ആ കല്യാണ വേദിയില്‍ പങ്കെടുത്ത അനുഭവം ഉണ്ടാകുകയുംചെയ്തു. മുത്തശ്ശിയുടെ ഫേഷ്യല്‍ ഇമേജ്  ഐപാഡ് ഇന്റര്‍ഫെയ്‌സിലൂടെ റോബോട്ടില്‍ ചിത്രീകരിച്ചാണ് യുവാവ് അത് സാധ്യമാക്കിയത്.

ഇത്രമാത്രം സാങ്കേതികവിദ്യ വളര്‍ന്ന ഈ കാലഘട്ടത്തില്‍ മക്കയിലും മദീനയിലും പോകാന്‍ കഴിയാത്ത ആളുകള്‍ക്ക് അവര്‍ ഹജ്ജിന് മറ്റുള്ളവരെ അതിനുചുമതലപ്പെടുത്തുന്നതിനുപകരം തങ്ങളുടെ റോബോട്ടിനെ ഉപയോഗപ്പെടുത്തിയാല്‍ അത് സാധുവാകില്ലേ എന്ന ചോദ്യമുണ്ട്. മുമ്പൊക്കെ ഈ ചോദ്യത്തിന് പണ്ഡിതന്‍മാര്‍ സാധുവാകില്ല എന്ന് ഉത്തരം കൊടുത്തിരുന്നതിനാല്‍ ഇന്നും അവര്‍ അതേ ഉത്തരം നല്‍കിയെന്നുവരും.

‘സാധുവാകും’ എന്ന് പണ്ഡിതന്‍മാര്‍ ഉത്തരം നല്‍കണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. പക്ഷേ, ഒരു വിശ്വാസി  സ്വയം സന്നദ്ധമായി ചെയ്യുന്ന കാര്യങ്ങളില്‍ അത്തരത്തിലുള്ള സാങ്കേതികസാധ്യത പരിശോധിക്കപ്പെടേണ്ടതുണ്ട്.  ചില ഉപാധികള്‍ പാലിക്കപ്പെട്ടാല്‍  മാത്രമാണ്  പല കര്‍മങ്ങളും നമുക്ക് ചെയ്യാനാകുക. അതിനാല്‍ ഉപാധിപൂര്‍ത്തിയായാല്‍ ഹജ്ജിന് നാംതന്നെ പോകേണ്ടിവരും. അല്ലെങ്കില്‍ ശരീഅത് അനുവദിച്ചതുപ്രകാരം മറ്റൊരാളെ പകരം അയക്കാം. അങ്ങനെ വരുമ്പോള്‍ നാംചെയ്യുന്നതുപോലെ ചെയ്യാന്‍ പകരക്കാരന്‍ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.  എന്നാല്‍ റോബോട്ടാകുമ്പോള്‍ അത് ശ്രമരഹിതമായ പ്രവൃത്തിയായിരിക്കും.

ഹജ്ജ്, ഉംറ പോലുള്ള വിഷയങ്ങളില്‍ അത്  വീട് സന്ദര്‍ശനംപോലെ തല്‍സ്ഥലങ്ങളില്‍ എത്തിപ്പെട്ട അനുഭവം റോബോട്ടിക് നിയന്ത്രണത്തിലൂടെ  ലഭ്യമാകുന്നുണ്ടോ എന്ന ചോദ്യമുണ്ട്. ആ ചോദ്യത്തിന് അതെയെന്നാണുത്തരമെങ്കില്‍ പരിചിന്തനം ആവശ്യമാണ്. എനിക്ക് തോന്നുന്നത്  ഇത്  വീഡിയോ കോളിങ് പോലെ ഒന്നാണെന്നാണ്. അവിടെ നാം വ്യക്തിയുടെ മുഖം കാണുന്നുണ്ടല്ലോ അതിനാല്‍ തന്നെ ആവ്യക്തിയുമായി നേരിട്ടുസംസാരിച്ചതുപോലെ നമുക്ക് അനുഭവപ്പെടുന്നു. മുമ്പ് നാം ശബ്ദംമാത്രം കേട്ട് സംസാരിച്ച കാലമുണ്ടായിരുന്നു. അതില്‍നിന്നുള്ള സാങ്കേതികപുരോഗതിയാണിത്.

സാങ്കേതികവിദ്യകളിലൂടെ സമൂഹം നാഗരികമായി മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അത്തരം സങ്കേതങ്ങള്‍ നമ്മുടെ ആരാധനാപരമായ കാര്യങ്ങളിലും കൊണ്ടുവരുന്നത് സ്വാഗതംചെയ്യപ്പെടേണ്ടതുണ്ട്. ആരാധനാലയത്തിന്റെയും ആത്മീയാന്തരീക്ഷത്തിന്റെയും വിശുദ്ധിയും പവിത്രതയും ലംഘിക്കപ്പെടാത്തിടത്തോളം അത് അനുവദിക്കപ്പെടണം.

 

Topics