ഹജജ്-ഫത്‌വ

ദുല്‍ഹിജ്ജ മാസത്തിലെ മരണം

ചോ: ദുല്‍ഹിജ്ജ മാസത്തിലെ ആ പത്ത് ദിനങ്ങളില്‍ മരണപ്പെടുന്നതിന് എന്തെങ്കിലും സവിശേഷതയുണ്ടോ ? ഒരാള്‍ മരിച്ചുപോയ വ്യക്തിക്കുവേണ്ടി ഉംറയോ ഹജ്ജോ നിര്‍വഹിച്ചാല്‍ പരേതന്റെ എല്ലാപാപങ്ങളും പൊറുക്കപ്പെടുമോ ? സമാധാനത്തോടെ മരണമടയുന്നുവെന്നതിന്റെ അര്‍ഥം അവര്‍ സ്വര്‍ഗാവകാശികളാണെന്നാണോ ?

ഉത്തരം: ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തുദിവസങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് സവിശേഷപ്രതിഫലമുണ്ടെന്ന് തെളിയിക്കുന്ന പ്രമാണബദ്ധമായ ഒരു ഹദീസും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യപത്തുദിനങ്ങള്‍ അനുഗൃഹീതങ്ങളാണെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ വെള്ളിയാഴ്ച(ജുമുഅ) ദിവസം മരണപ്പെടുന്ന വ്യക്തി ഖബര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുമെന്ന ഒരു നബിവചനമുണ്ട്(അഹ്മദ് , തിര്‍മിദി).

അതെന്തായാലും, മരണസമയത്ത് ഒരു വ്യക്തി ഏതവസ്ഥയിലാണോ(വിശ്വാസ-കര്‍മമേഖലകളില്‍) അത് മുന്‍നിര്‍ത്തിയായിരിക്കും അയാളുടെ വിധി നിര്‍ണയിക്കപ്പെടുക എന്നതാണ് നാം മനസ്സിലാക്കേണ്ട വസ്തുത. നബിതിരുമേനി(സ) ഇപ്രകാരം പറഞ്ഞു:’ഒരാള്‍ ഏത് മാര്‍ഗത്തിലായിക്കൊണ്ടാണോ ജീവിച്ച് മരിച്ചത് ആ മാര്‍ഗത്തിലായിരിക്കും പുനരുജ്ജീവിക്കപ്പെടുന്നത്’ (ഹൈതമി-അല്‍ സവാജിര്‍). വേറൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:’അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാളെ അല്ലാഹുവിന്റെ തൃപ്തിക്കനുഗുണമായ പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാക്കും'(ഇബ്‌നുഹിബ്ബാന്‍). നബിതിരുമേനി ഇപ്രകാരം അരുളിയിരിക്കുന്നു: ‘ഒരാള്‍ മരണവേളയില്‍ ലാഇലാഹ ഇല്ലല്ലാഹു എന്ന ശഹാദത്ത് കലിമ ഉരുവിട്ടുകൊണ്ടാണ് മരിക്കുന്നതെങ്കില്‍ അവന് /അവള്‍ക്ക് സ്വര്‍ഗം ഉറപ്പായിരിക്കുന്നു’ (അബൂദാവൂദ്).

ചുരുക്കത്തില്‍, ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങള്‍ അനുഗൃഹീതങ്ങളാണെങ്കിലും പരലോകത്ത് ഒരു വ്യക്തിയുടെ അനന്തരഫലമെന്തെന്ന് നിര്‍ണയിക്കുന്നത് മരണസമയത്തുള്ള ഹൃദയത്തിലെ ഈമാനാണ്. വാസ്തവത്തില്‍, ഒരു വ്യക്തിയുടെ മരണം സമാധാനം പ്രാപിച്ച മനസ്സോടെയും ദിക്‌റ് മന്ത്രണങ്ങളോടെയുമാണെങ്കില്‍ അത് സന്തോഷംനിറഞ്ഞ വിധിയെഴുത്തിന്റെ സൂചനയായിത്തന്നെ കാണാം. അല്ലാഹു നമ്മെ ഈമാനില്‍ അടിയുറപ്പിച്ച് നിര്‍ത്തുകയും സഹോദരങ്ങളോട് വിട്ടുവീഴ്ച അനുവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ, ആമീന്‍.

മറ്റൊരാള്‍ക്കുവേണ്ടി നിര്‍വഹിക്കുന്ന ഉംറ, ഹജ്ജ് എന്നിവയുടെ വിഷയത്തില്‍ നബി(സ)യുടെ വിശ്രുതമായ ഒരു ഹദീസ് നമുക്ക് പാഠമാണ്.’ന്യൂനതകളില്‍നിന്ന് മുക്തമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നുമല്ല'(ത്വബറാനി)
റസൂല്‍ തിരുമേനി (സ) പറഞ്ഞു: ‘പാപങ്ങളില്‍നിന്നും അധാര്‍മികവൃത്തികളില്‍നിന്നും മുക്തരായി ആര്‍ ഹജ്ജ് ചെയ്തുവോ അവര്‍ ജനിച്ചുവീണ ശിശുവിനെപ്പോലെ പാപമുക്തരായിരിക്കും'(തിര്‍മിദി).

Topics