സാമ്പത്തികം Q&A

ബിറ്റ്‌കോയിന്‍: ഇസ് ലാമിക കാഴ്ചപ്പാട് ?

ചോ: സാമ്പത്തികവിനിമയരംഗത്ത് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിനുകള്‍ വിലയേറിയ നിക്ഷേപമായി ഇക്കാലത്ത് കണക്കാക്കിവരുന്നു. ഇത്തരം ബിറ്റ് കോയിനുകള്‍ വാങ്ങിക്കൂട്ടുന്നതും വില്‍ക്കുന്നതും ശരീഅത്ത് വിലക്കുന്നുണ്ടോ ?

ഉത്തരം: സര്‍ക്കാറിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ നിയന്ത്രണമേര്‍പ്പെടുത്താനാകാത്തവിധം സ്വത്തിന്റെ ശേഖരണവും വില്‍പനയും വ്യക്തികള്‍ക്ക് സാധ്യമാക്കുംവിധം ഡിജിറ്റല്‍രൂപത്തില്‍ എന്‍ക്രിപ്ഷന്‍ നടത്തുന്ന ക്രിപ്‌റ്റോകറന്‍സിയുടെ ഒരു രൂപമാണ് ബിറ്റ്‌കോയിനുകള്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന വളരെ പ്രചാരംനേടിയിട്ടുള്ള ഇ-കറന്‍സികള്‍. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നത് ഭരണകൂടം അടിച്ചിറക്കിയിട്ടുള്ള പേപ്പര്‍ കറന്‍സികളാണ്. എന്നാല്‍ പേപ്പര്‍ ആവശ്യമില്ലെന്നും പകരം വികാസത്തിന്റെ മൂര്‍ത്തരൂപമായ ഡിജിറ്റല്‍ സങ്കേതം ഉപയോഗിച്ച് കറന്‍സികള്‍ ആവിഷ്‌കരിക്കാമെന്നുമുള്ള ആശയം ചിലര്‍ മുന്നോട്ടുവെച്ചു. അതെത്തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സിയുടെ രൂപമായ ബിറ്റ്‌കോയിനുകള്‍ രംഗപ്രവേശംചെയ്തു.ഇപ്പോള്‍ ആളുകള്‍ അത് നിക്ഷേപമെന്ന നിലയില്‍ വാങ്ങിക്കൂട്ടുകയും ഊഹാധിഷ്ഠിത വില്‍പന നടത്തുകയും ചെയ്യുന്നു.

പേപ്പറിനു പകരമുള്ള ഡിജിറ്റല്‍ കറന്‍സിയാണ് എന്ന വിശ്വാസത്തിലാണ് ഒരുപറ്റം ആളുകള്‍ അതുപയോഗിച്ചുള്ള വ്യവഹാരങ്ങള്‍ നടത്തുന്നത്. എന്നാല്‍ സാധാരണക്കാരന് പ്രാപ്യമായ രീതിയിലുള്ളതല്ല ക്രിപ്‌റ്റോകറന്‍സികള്‍ എന്നതാണ് പ്രധാനവസ്തുത. ബിറ്റ് കോയിന്‍ കരസ്ഥമാക്കി അതിന് വ്യാജനുണ്ടാകുന്നില്ല എന്നുറപ്പാക്കാന്‍ നടത്തുന്ന എന്‍ക്രിപ്ഷനുകള്‍ക്ക് (മൈനിങ് പ്രക്രിയ)സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ഒരാള്‍ തന്റെയടുക്കല്‍ ഒരു ലക്ഷം ബിറ്റ് കോയിനുകള്‍ വില്‍പനക്കുണ്ട് എന്ന് പറയുന്നുവെന്നിരിക്കട്ടെ. യഥാര്‍ഥത്തില്‍ ആ ബിറ്റ് കോയിനുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമാണുള്ളത്. അതെവിടെയിരിക്കുന്നു എന്ന് ചോദിച്ചാല്‍ ഏതോ ഒരു പ്രധാന സെര്‍വറില്‍ ഡിജിറ്റലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണുത്തരം. ഒരു ബിറ്റ് കോയിന്‍ ഒരു ഡോളറിന് വില്‍ക്കുന്നുവെങ്കില്‍ അത് വാങ്ങുന്നയാള്‍ക്ക് രഹസ്യകോഡുപയോഗിച്ച് തന്റെതാക്കി മാറ്റാം. അപ്പോഴും അത് ഭൗതികരൂപത്തില്‍ തന്റെ അടുക്കലുണ്ടെന്ന് പറയാനാവില്ല.അങ്ങനെ തികച്ചും ഇലക്ട്രോണിക് മാധ്യമത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് ക്രിപ്‌റ്റോകറന്‍സികള്‍.

പേപ്പര്‍ കറന്‍സികള്‍ ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ അടിച്ചിറക്കുമ്പോള്‍ ക്രിപ്‌റ്റോകറന്‍സികള്‍ അജ്ഞാതരായ ഒരു കൂട്ടം ആളുകളോ,കമ്പനികളോ തയ്യാറാക്കി പുറത്തുവിടുന്നു എന്നതാണ് മനസ്സിലാക്കേണ്ട ഒന്നാമത്തെ വസ്തുത. അത്തരം സംഘങ്ങള്‍ ബിറ്റ് കോയിനുകള്‍ക്ക് പ്രചാരം നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ അത് ഒന്നിന് അഞ്ചുലക്ഷംരൂപ വിലയായി വര്‍ധിച്ചിരിക്കുന്നു. ഊഹാധിഷ്ഠിത നിക്ഷേപമെന്ന സ്വഭാവമാര്‍ജിച്ചതുകൊണ്ടാണ് അതിന് ഇത്രയും വിലയേറിയത്.

സാമ്പത്തികരംഗത്തെ അടിസ്ഥാനവിനിമയമാധ്യമമായ പേപ്പര്‍ കറന്‍സികള്‍ സ്വര്‍ണം ഗ്യാരണ്ടിനല്‍കിയാണ് അച്ചടിക്കപ്പെടുന്നത്. അതായത്, സ്വര്‍ണത്തിന്റെ ഉടമാവകാശം ഉറപ്പാക്കുന്ന രസീതുകള്‍ പോലെയാണ് പേപ്പര്‍ കറന്‍സികള്‍ എന്നര്‍ഥം. ഇന്ത്യാ ഗവണ്‍മെന്റ് ആയിരംകോടിരൂപയുടെ കറന്‍സികള്‍ അടിച്ചിറക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനര്‍ഥം ആയിരം കോടി രൂപക്ക് തത്തുല്യമായ സ്വര്‍ണം ഗവണ്‍മെന്റിന്റെ പക്കല്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ്. ഈ സാമ്പ്രദായിക രീതിയെ അട്ടിമറിച്ചുകൊണ്ട് 1971-ല്‍ അമേരിക്കന്‍പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറും സ്വര്‍ണവും തമ്മിലുള്ള വിനിമയോപാധി (ഡോളറിന് പകരം സ്വര്‍ണം ഗ്യാരണ്ടി)അവസാനിപ്പിക്കുകയുണ്ടായി. അതിലൂടെ ഒന്നുമില്ലായ്മയില്‍ നിന്ന് പൈസ ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന അവകാശവാദമുന്നയിക്കുകയായിരുന്നു അവര്‍. സൃഷ്ടിക്കാനും നിയമമാവിഷ്‌കരിക്കാനും ഉള്ള അവകാശം അല്ലാഹുവിനുമാത്രമേ ഉള്ളൂ എന്ന വസ്തുത നിഷേധിക്കുകയായിരുന്നു ഇതിലൂടെ. വാസ്തവത്തില്‍ അമേരിക്കയുടെ ഈ നടപടി ലോകസാമ്പത്തികക്രമത്തെ അട്ടിമറിക്കുന്നതും അസമത്വം സൃഷ്ടിച്ച് ലോകരാജ്യങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുന്നതുമാണ്. ഇത് കടുത്ത അക്രമവും കൂടിയാണ്. കാരണം തികച്ചും അനീതിപരമായി വിഭവങ്ങള്‍ ഒരു കൂട്ടരുടെ കൈകളില്‍ എത്തിപ്പെടാനാണ് ഇത് വഴിയൊരുക്കുക.

ഇന്ന് അമേരിക്ക അവര്‍ക്കിഷ്ടമുള്ളത്ര ഡോളറുകള്‍ അടിച്ചിറക്കിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏതെങ്കിലും സാമ്പത്തികഏജന്‍സികള്‍ അത് പരിശോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല(പ്രഹസനമെന്നോണമുള്ള അതോറിറ്റികളെ വിസ്മരിക്കുന്നില്ല). എന്നാല്‍ ഇസ്‌ലാമികശരീഅത്ത് സ്വര്‍ണവും വെള്ളിയും അടിസ്ഥാനമാക്കിയുള്ള കറന്‍സികള്‍ ആണ് അംഗീകരിച്ചിട്ടുള്ളത്. ഭൗതികവിഭവങ്ങളുടെ കൈമാറ്റമേ അത് നിയമവിധേയമാക്കിയിട്ടുള്ളൂ. ഭൗതികവിഭവങ്ങള്‍ കൈമാറുന്ന രീതി അവസാനിക്കുകയും കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന സ്വര്‍ണത്തിന് പകരം യാതൊരു നിയന്ത്രണവുമില്ലാതെ കറന്‍സികള്‍ അടിച്ചിറക്കുകയുംചെയ്യുന്ന ഭരണകൂടങ്ങളുടെ കറന്‍സിവ്യവസ്ഥയും ലോകസാമ്പത്തികക്രമത്തെ ഏതുനിമിഷവും തകര്‍ന്നുവീണേക്കാവുന്ന ഗുരുതരാവസ്ഥയിലെത്തിച്ചുവെന്ന് പറയാതെ വയ്യ. ഇന്ന് ലോകത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഇടപാടുകളാണ് പലിശയും ഗ്യാരണ്ടിയില്ലാകറന്‍സിയുടെ വ്യാപനവും. മുസ്‌ലിംസമുദായം പലിശക്കെതിരെ സംസാരിക്കാറുണ്ടെങ്കിലും മേല്‍പറഞ്ഞ ഗ്യാരണ്ടിയില്ലാ കറന്‍സിയെ പ്രതിരോധിക്കുന്നില്ല എന്നത് സങ്കടകരമാണ്.

ക്രിപ്‌റ്റോകറന്‍സിയുടെ പിന്നിലെ തത്ത്വം ഉദാഹരണത്തിലൂടെ വിശദമാക്കാം. ഒരാള്‍ തന്റെ കൈവശമുള്ള 5 കിലോ വെള്ളി ഒരുകിലോ സ്വര്‍ണത്തിന് പകരമായി വില്‍ക്കാന്‍ തയ്യാറാണെന്ന് കരുതുക. വെള്ളി എപ്പോള്‍ വേണമെങ്കിലും തന്റെ സ്ഥാപനത്തില്‍വന്ന് എടുത്തുകൊണ്ടുപോകാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണത്തിന്റെ ഉടമസ്ഥന് ഉടമസ്ഥാവകാശം കുറിക്കുന്ന രസീതി നല്‍കിയെന്നും വിചാരിക്കുക. രസീത് കൈപ്പറ്റിയയാള്‍ പത്തുമാസം കഴിഞ്ഞേ അത് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ളൂവെന്നും കരുതുക. ഇത്തരം ഘട്ടത്തില്‍ വെള്ളിയുടെ ഉടമസ്ഥന്‍ കൈവശമുള്ള വെള്ളി സമാനമായ രീതിയില്‍ രസീത് നല്‍കി ആയിരക്കണക്കായ ഉപഭോക്താക്കളില്‍നിന്ന് സ്വര്‍ണം കൈപ്പറ്റി വില്‍പ്പന നടത്തുന്ന പ്രക്രിയ മണിചെയ്ന്‍ പോലെ തുടരുന്നു. ഇങ്ങനെ കൈവശമുള്ള 5 കിലോ വെള്ളി മറ്റാരുടെയും കയ്യില്‍ കൊടുക്കാതെ രസീതിനല്‍കി ഒട്ടനേകം ഉപഭോക്താക്കള്‍ക്ക് വിറ്റുകൊണ്ട് ബിസിനസ് നടത്തുന്നതുപോലെ അയഥാര്‍ഥമായ വില്‍പനയാണ് ബിറ്റ് കോയിന്‍ വ്യാപാരത്തിലൂടെ നടക്കുന്നത്. വില്‍പനമൂല്യമുള്ള വസ്തുക്കള്‍ കൈമാറാതെയുള്ള ബിറ്റ്‌കോയിനുകള്‍ ഗ്യാരണ്ടിയില്ലാ കറന്‍സിയുടെ ഇന്നത്തെ രൂപമാണ്. അത് ശരീഅത്ത് വിലക്കിയിരിക്കുന്നു. അതിനാല്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കുന്നതും അതുപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതും ഇസ് ലാമികദൃഷ്ട്യാ ഹറാമാണെന്ന് പറയാം.

Topics