വിശിഷ്ടനാമങ്ങള്‍

അസ്സലാം (സമാധാനം, രക്ഷ)

ന്യൂനതകളില്‍ നിന്ന് സുരക്ഷിതന്‍, സൃഷ്ടികള്‍ക്ക് രക്ഷ നല്‍കുന്നവന്‍, ഭയത്തില്‍ നിന്ന് മോചനവും സമാധാനവും നല്‍കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശേഷണമാണിത്. സലാം എന്നത് ഇസ്‌ലാമുമായി ആശയതലത്തിലും പ്രയോഗത്തിലും ബന്ധപ്പെട്ടിരിക്കുന്നു. മുസ്‌ലിം അവന്റെ പ്രാര്‍ത്ഥനയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും സമാധാനവും ശാന്തിയും നേരുന്നു. തൊട്ടിലില്‍ കിടന്നു കൊണ്ട് ഈസാ നബി പ്രാര്‍ത്ഥിച്ചത് ഖുര്‍ആന്‍ സൂറഃമര്‍യമില്‍ 34-ാം വാക്യത്തില്‍ പറയുന്നുണ്ട്. ഭൂമിയിലെ മനുഷ്യരോട് പറയാന്‍ ‘സമാധാനം, സമാധാനം’ എന്ന അഭിവാദ്യവാക്യമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. സ്വര്‍ഗത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച ഒരു പേര് ‘ദാറുസ്സലാം’ (ശാന്തി മന്ദിരം) എന്നാണ്. അതുപോലെ ഭൂമിലോകത്ത് മനുഷ്യര്‍ക്ക് സാമാധാനമാണ് ഖുര്‍ആനും അല്ലാഹുവും ആഗ്രഹിക്കുന്നത്. അതിനാല്‍ മനുഷ്യരോട് ശാന്തിക്കായി പ്രാര്‍ത്ഥിക്കാനും അതിനുവേണ്ടി നിലകൊള്ളാനും കല്‍പ്പിച്ചിരിക്കുന്നു.

Topics