വിശിഷ്ടനാമങ്ങള്‍

അര്‍റഹീം (കരുണാനിധി)

‘റഹ്മാന്‍’ എന്ന വിശേഷണം പോലെത്തന്നെയാണ് അല്ലാഹുവിന്റെ ‘റഹീം’ എന്ന വിശേഷണവും. സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അഗാധത മനസ്സിലാക്കാനാണ് ഈ നാമവും ഉപയോഗിക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനിന്ന് പ്രാതിഭാസികമായി പ്രപഞ്ചത്തില്‍ പ്രകടമാവുകയും പ്രകാശിതമാവുകയും ചെയ്യുന്നതാണ് അല്ലാഹുവിന്റെ ‘റഹ്മാനിയ്യത്ത്’ എങ്കില്‍, എല്ലാ സൗന്ദര്യത്തിന്റെയും മടക്കവും എത്തിച്ചേരുന്ന ദിവ്യമായ സങ്കേതവും അഭയവുമാണ് അല്ലാഹുവിന്റെ ‘റഹീമിയ്യത്ത്’ എന്നു പറയാം. അല്ലാഹു എന്നാല്‍ അവന്റെ സൃഷ്ടികളെ ശിക്ഷിക്കാന്‍ ഏതുസമയത്തും വാളോങ്ങി നില്‍ക്കുന്ന ഭീകരനായ ഒരു ദൈവമല്ല എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താനായി ഈ രണ്ട് ഗുണവിശേഷങ്ങള്‍ ഖുര്‍ആനില്‍ ധാരാളമായി പരാമര്‍ശിച്ചത് കാണാം. അല്ലാഹു പറയുന്നു: ”ഞാന്‍ വളരെയേറെ പൊറുക്കുന്നവനും പരമകാരുണികനുമാണെന്ന് എന്റെ ദാസന്‍മാരെ അറിയിക്കുക”. (അല്‍ ഹിജ്ര്‍:49)
”എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല”. (യൂസുഫ്: 87)
”അതല്ല; അല്ലാഹുവെക്കൂടാതെ അവര്‍ ശിപാര്‍ശകരെ ഉണ്ടാക്കിവെച്ചിരിക്കുകയാണോ? ചോദിക്കുക: ഒന്നിന്റെയും ഉടമാവകാശമില്ലാത്തവരും ഒന്നും ആലോചിക്കാത്തവരുമാണെങ്കിലും അവര്‍ ശിപാര്‍ശചെയ്യുമെന്നോ?” (അസ്സുമര്‍: 43)

Topics