വിശിഷ്ടനാമങ്ങള്‍

അല്‍ വാസിഅ് (അതിവിശാലന്‍)

സ്ഥലത്തിന്റെയും കാലത്തിന്റെയും പരിമിതികള്‍ക്കപ്പുറം വിശാലതയുള്ളവനാണ് അല്ലാഹു. അതുപോലെ അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും വിശാലമായി അറിയുന്നവനും വിശാലമായ തോതില്‍ ഔദാര്യവും അനുഗ്രഹവും നല്‍കുന്നവനുമാണ്. മറ്റേതൊരാളുടെയും വിശാലത ഏതെങ്കിലും ഒരു കാര്യത്തില്‍ കുടുസ്സായതായിരിക്കും അല്ലാഹുവിന്റെ വിശാലതക്ക് അതിരോ അറ്റമോ ഇല്ല. ”അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു: ‘അല്ലാഹു, താലൂത്തിനെ നിങ്ങള്‍ക്കു രാജാവായി നിശ്ചയിച്ചിരിക്കുന്നു.’ അതുകേട്ട് അവര്‍ പറഞ്ഞതോ, ഞങ്ങള്‍ക്കു രാജാവായിരിക്കുവാന്‍ അവനെന്തര്‍ഹത? രാജത്വത്തിന് ഞങ്ങളാണ് അവനെക്കാള്‍ യോഗ്യന്‍മാര്‍. അവന്‍ വലിയ ധനികനൊന്നുമല്ലല്ലോ. പ്രവാചകന്‍ മറുപടി കൊടുത്തു: ‘അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അവന്‍ അദ്ദേഹത്തിനു വൈജ്ഞാനികവും ശാരീരികവുമായ യോഗ്യതകള്‍ സുലഭമായി സമ്മാനിച്ചിരിക്കുന്നു. തന്റെ രാജത്വം താനിഛിക്കുന്നവര്‍ക്കു നല്‍കുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്. അല്ലാഹു വളരെ വിശാലതയുള്ളവനാകുന്നു. സകലതും അവന്റെ ജ്ഞാനത്തിലുള്‍ക്കൊള്ളുന്നു.’ (അല്‍ബഖറ: 247), ‘അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.” (അല്‍ബഖറ: 255), ‘ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്‍മ രേഖപ്പെടുത്തേണമേ, പരലോകത്തും! ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.’ മറുപടിയായി അരുളി: ‘ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്ക് ബാധകമാക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകല വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അനുസരണക്കേട് വെടിയുകയും സകാത്തു നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.’ (അല്‍അഅ്‌റാഫ്: 156)

Topics